Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 10


പുള്ളോട് എന്ന കൊച്ചു ഗ്രാമത്തിലെ ദൈവീക ശക്തി കേന്ദ്രങ്ങളായ ശിവക്ഷേത്രത്തിനും കുറുംബഭഗവതിക്കാവിനും പുറമെ ഉത്സവവും ആഘോഷങ്ങളും നടക്കുന്ന ചെറിയ കോവിലുകളും ഇവിടുണ്ട്.
അതില്‍ പ്രധാനപ്പെട്ടതാണ് മാരിയമ്മന്‍കോവിലും മാകാളിയമ്മന്‍ കോവിലും.
പുള്ളോട്ടിലേക്കുള്ള വീഥിയിലേക്ക് നടന്നുകയറി ആദ്യ വലത്തോട്ടുള്ള വളവു കഴിയുമ്പോള്‍ തന്നെ ദൂരെ കാണാം, മാരിയമ്മന്‍ കോവിലും മുന്നിലായി പൂതംകുളവും.
മാരിയമ്മന്‍ പൂജയാണ് ഇവിടുത്തെ പ്രധാന ആഘോഷം. കുംഭക്കളിയും, ഭൂമതിയും(തീക്കുഴിച്ചാട്ടം) , മാവിളക്ക് എടുക്കലും, പൊങ്കാലയും ഒക്കെയാണ് ഉത്സവത്തിന്‍റെ ഭാഗമായിട്ടുള്ളത്‌.
ചൊവ്വ,വെള്ളി,ഞായര്‍ എന്നീ ഏതെങ്കിലും ഒരു ദിവസം ആണ് ഉത്സവം നടക്കുക.
തമിഴ്നാട്ടില്‍ നിന്നുള്ള കരകാട്ട സംഘത്തിന്‍റെ കുംഭക്കളിയോടെയാണ്‌ ഉത്സവാഘോഷം ആരംഭിക്കുക.
രാത്രി പത്തുമണിയോളം നീളുന്ന കുംഭക്കളിക്കുശേഷം , ഉത്സവനടത്തിപ്പുകാരില്‍ ഒരു സംഘം സത്യകുംഭം നിറക്കുന്നതിനായി ഗായത്രിപുഴയിലേക്ക് നീങ്ങും.
മറ്റൊരു സംഘം ഏകദേശം പത്തടി നീളവും മൂന്നടി വീതിയും ഒന്നരയടി ആഴവുമുള്ള കുഴിയെടുത്ത് അതില്‍ വലിയ വിറകുമുട്ടികള്‍ കത്തിച്ച് ഭൂമതി തയ്യാറാക്കിതുടങ്ങുന്നു.
പുലര്‍ച്ചയോടെ കുഭക്കളിയുടെ അകമമ്പടിയോടെ സത്യകുംഭവുമേന്തി ഒരു ചെറു സംഘം ഗായത്രിപുഴയില്‍ നിന്നും കോവിലേക്ക് തിരിക്കുന്നു.
അതേ സമയം വിറക് കത്തിക്കഴിഞ്ഞ് കനലുകളെ കുഴിയിൽ എല്ലായിടത്തും വിരിക്കുന്നു. കനലുകള്‍ക്ക് മുകളിലുള്ള ചാരം മുഴുവന്‍ വേപ്പിലയും മുറവും കൊണ്ട് പറത്തികളഞ്ഞാണ് തീക്കുഴിച്ചാട്ടത്തിന് സജ്ജമാക്കുന്നത്.
സത്യകുംഭം നിറച്ചുവരുന്ന ആളാണ് ആദ്യം തീക്കുഴിയില്‍ ഇറക്കുങ്ങുന്നത്. മൂന്നു ദിവസം വ്രതമെടുത്ത ഏത് വിശ്വാസിക്കും പുറകേ ഇറങ്ങാവുന്നതാണ്.
കാലമിത്ര കഴിഞ്ഞിട്ടും വര്‍ഷാവര്‍ഷങ്ങളില്‍ നടക്കുന്ന ഈ ആചാരത്തില്‍ ആര്‍ക്കും കാല് പൊള്ളിയിട്ടില്ല എന്നത് സത്യം.
വീണ്ടും വെളുക്കുവോളം കരകാട്ടക്കളിയും പിന്നീട് നേരം പുലര്‍ന്നാല്‍ മാവിളക്കേന്തി ഒരു ഘോഷയാത്രയും ഉണ്ടാവും. ഒടുവില്‍ ക്ഷത്രമുറ്റത്ത് സ്ത്രീകളിടുന്ന പൊങ്കാലയും അതിന്‍റെ പൂജയും കഴഞ്ഞാണ് ആഘോഷം അവസാനിക്കുക.
നാലഞ്ചുവര്‍ഷംമുമ്പ് ചിതലരിച്ച് വീഴാറായ കോവില്‍ പുതുക്കിപണിതതും മതിലുകെട്ടി പരിസരം മോഡിപിടിപ്പച്ചതും ഒരൊറ്റ വ്യക്തിയുടെ നേതൃത്വത്തിലും അദ്ദേഹത്തിന്‍റെ വലിയൊരു ശതമാനം സാമ്പത്തിക സഹായം കൊണ്ടുമാണ്.
വിദ്യാഭ്യാസമുള്ളവാരാണ് അന്ധവിശ്വാസികള്‍ അല്ല പുള്ളോടുകാര്‍ എന്നൊക്കെ വേണമെങ്കില്‍ പറയാമെങ്കിലും ഒരു കോവില്‍ നശിച്ച് ഇല്ലാതായാല്‍ നാട്ടില്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന പഴമക്കാര്‍ ഇന്നുമുള്ളതിനാല്‍ അതിനൊന്നും ഇടനല്‍കാതെ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അദ്ദേഹത്തോട് പുള്ളോട്ടുകാര്‍ കടപ്പെട്ടിരിക്കുന്നു.
മരിയമ്മൻകോവിലിൽ നിന്നും വളരെ അടുത്തു തന്നെ ആണ് മാകാളിയമ്മൻ കോവിലും. ആൽത്തറയും മണ്ഡപവും ഒക്കെ ആയി ഈ ചെറിയ കോവിൽ തലയുയർത്തി നിൽക്കുന്നു . ഉച്ചമാകാളിയമ്മ , മാകാളിയമ്മ, മാരിയമ്മ എന്നിവയാണ് ഈ കൊച്ചു കോവിലിലെ പ്രതിഷ്‌ഠകൾ .
മേടം ഒന്നിന് നടക്കുന്ന വിഷു വേല ആണ് പ്രധാന ഉത്സവം. കോവിലിനടുത്തുള്ള വീട്ടുകാർ ചെറിയ തുക എടുത്തും, അല്പം മുതിർന്ന കുട്ടികൾ തോൽ കുമ്മാട്ടി കെട്ടി വീടുകൾ തോറും കയറിയിറങ്ങി പിരിച്ചും ആണ് വേല നടത്തിയിരുന്നത്. പിരിക്കാനും മറ്റുമൊക്കെയായി ആളുകളെ കിട്ടാതെ വന്നതുകൊണ്ട് വേല മുടങ്ങിയിട്ട് നാലഞ്ചു വർഷം ആയി.
കോയമ്പുത്തൂർ ഉള്ള ചില കുടുംബങ്ങളുടെ അടിമ ദൈവം കൂടിയാണ് മാകാളിയമ്മ . അതിനാൽ അവിടെ നിന്നും ആളുകൾ എത്തി ഇടയ്ക്കു മൃഗബലി ചെയ്യാറും ഉണ്ട് ഇവിടെ.
ചുരുക്കത്തിൽ ചുറ്റിലും നിറഞ്ഞു നിൽക്കുന്ന ദൈവീക ശക്തി തന്നെ ആണ് പുള്ളോടിന്റെ അഭിവൃദ്ധിക്ക് കാരണം. ചുറ്റിനും ദൈവങ്ങൾ കാവൽ നിൽക്കുന്ന ഈ പുള്ളോടിന്റെ കടന്ന് അസുഖങ്ങളും അപകടങ്ങളും അധികം കടന്നു വരാത്തതും അതാവാം....

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...