Tuesday, August 13, 2019

പബ്ലിക് ടോയ്ലറ്റും കോട്ടമൈതാനവും


---------------------------

രണ്ടു ദിവസം മുൻപ് ഒരു തൃശൂർ യാത്ര ഉണ്ടായിരുന്നു. യാത്ര ബസ്സിൽ ആയതിനാൽ ഇടയ്ക്കിടെ വരുന്ന മൂത്ര ശങ്കയെ ഭയന്ന്, ചുറ്റിക കൊണ്ട് അടിച്ചു പരത്തിയാൽ പോലും ഒരു തുള്ളി വരാത്ത രീതിയിൽ ടാങ്ക് കാലി ആക്കിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കുതിരാനിൽ ഉണ്ടാവാനിടയുള്ള ബ്ലോക്ക് ആലോചിച്ചപ്പോൾ പബ്ലിക് ടോയ്ലറ്റ് ൽ കയറി ഒന്നൂടെ മുള്ളിയ ശേഷം പോകാൻ എന്ന് ഉറപ്പിച്ചു.

അവിടെ കൊടുക്കാൻ വേണ്ടിയുള്ള രണ്ടു രൂപയ്ക്കു ചില്ലറ തേടിയപ്പോൾ കിട്ടിയത് അഞ്ചിന്റെ കോയിൻ.

എത്രെ ശ്രെമിച്ചു നോക്കിയാലും ഒരു അൻപത്തി അഞ്ച് അറുപതു പൈസയുടെ മൂത്രമേ കാണൂ, അപ്പൊ ഈ കൊടുക്കുന്ന രണ്ടു രൂപ തന്നെ നഷ്ട്ടം ആണ് അപ്പൊ പിന്നെ അഞ്ചു രൂപ കൊടുത്ത് മൂന്നു രൂപ ബാക്കി വാങ്ങാൻ മറന്നു പോയാൽ ഉള്ള ഭീമമായ നഷ്ട്ടം ഓർത്ത് ബാക്കി തന്ന ശേഷം അകത്തോട്ട് കയറാം എന്ന് കരുതി അവന്റെ മുന്നിൽ തന്നെ നിന്നു.

ചെറിയ സെക്കന്റ് സമയമാണ് മൂത്രം ഒഴിക്കാറുള്ളൂ എങ്കിലും ആ സമയത്ത് ആണ് നാനാ വിധ ചിന്തകൾ തലയിൽ വരുക. ലോക കപ്പ് ഫൈനലിൽ രണ്ടു ഗോൾ പിന്നിട്ട് നിൽക്കുന്ന ഇന്ത്യയെ ഇഞ്ചുറി ടൈമിൽ മൂന്ന് ഗോൾ അടിപ്പിച്ചു കപ്പു വാങ്ങി കൊടുക്കുന്നത് അടക്കം പലതും ചിന്തയിൽ വരും. അങ്ങനെ വരുന്ന പേരും പ്രശസ്തിയും പണവും ഒക്കെ ഓർക്കുമ്പോൾ മുന്നിൽ നിന്നും കിട്ടാനുള്ള മറ്റേ മൂന്ന് രൂപ മറക്കും. ഇതിനു മുൻപ് രണ്ടു തവണ ഇങ്ങനെ ചിന്തിച്ചു കേരളത്തെ ഐ.എസ്.എൽ ചാമ്പ്യൻ മാരാക്കിയപ്പോഴും ഒരിക്കൽ മമ്മുട്ടിക്ക് ഓസ്കർ വാങ്ങിക്കൊടുത്ത സിനിമയുടെ സംവിധായകൻ ആയപ്പോഴും ഒക്കെ മൂന്ന് രൂപ മറന്നു പോയിട്ടുണ്ട് എന്നത് കൊണ്ട് ബാക്കി വാങ്ങി അകത്തു കയറാം എന്ന് കരുതി അവന്റെ മുന്നിൽ തന്നെ നിന്നു.


ഫോൺ ചെയ്തുകൊണ്ട് എന്തോ വല്യ കാര്യം പറയുകയായിരുന്ന അവനു എന്റെ നിൽപ് അത്ര പിടിച്ചില്ല. മൂന്ന് രൂപയ്ക്കു വേണ്ടിയുള്ള എന്റെ നിൽപ്പ് തുടന്നപ്പോൾ ഫോൺ അല്പം മാറ്റി പിടിച്ചുകൊണ്ട് എന്നെ നോക്കി ദേഷ്യത്തോടെ തന്നെ അവൻ പറഞ്ഞു.. "നിന്റെ ബാക്കി പൈസ പൈസ കൊണ്ട് ഞാൻ കോട്ടമൈതാനമൊന്നും വാങ്ങാൻ പോണില്ല, പോയി മുള്ളീട്ടു വാ അപ്പൊ ബാക്കി തരാം "

കൂടുതൽ നാണം കെടേണ്ട എന്ന് കരുതി ഞാൻ അകത്തു കയറി കാര്യം സാധിച്ചു പൊന്നു. അപ്പോളും അവൻ ഫോണിൽ തന്നെ. അവന്റെ അടുത്തേക്ക് നീങ്ങുമ്പോൾ എനിക്കും ഫോൺ വന്നു.


രണ്ടാളും ഫോണിൽ ആയതിനാൽ ബാക്കി സംഭാഷണം പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന ഊമ വാർത്ത പോലെ ആയി.

അടുത്ത് ചെന്നപ്പോൾ എന്താ എന്ന് ആംഗ്യം.. വലതു കയ്യിലെ ചൂണ്ടി വിരലും തള്ളവിരലും ഉരച്ചു പൈസ എന്ന് കാണിച്ചു മറുപടി കൊടുത്തു ഞാൻ.

ഉടനെ വന്നു എത്രെ എന്നതിനും ആദ്യത്തെ അതെ ആംഗ്യം. വലതു കൈ ഫുൾ ആയി നിവർത്തി അഞ്ച് എന്ന് ഞാൻ പറഞ്ഞു.

മുഴുവൻ ചിന്തയും ഫോണിൽ ആയിരുന്നതിനാൽ അഞ്ച് എന്നത് അവൻ അൻപത് എന്ന് കരുതി ഉടനെ നാല്പത്തി എട്ട് രൂപ എടുത്ത് മേശപ്പുറത്തു വച്ചു . അവനോട് ദേഷ്യം ഉണ്ടായിരുന്നത് കൊണ്ടും പിന്നെ അവൻ ഇത് കോട്ട മൈതാനം വാങ്ങാൻ വച്ച പൈസ അല്ല എന്ന് ഉറപ്പുള്ളത് കൊണ്ടും ഞാൻ ഒന്നും മിണ്ടാതെ അതും വാങ്ങി ബസിൽ കേറി ഇരുന്നു.

വൽകഷണം:- കെ. എസ്. ആർ. ടി. സി. പബ്ലിക് ടോയ്ലറ്റ് ൽ ഇരിക്കുന്ന ചേട്ടനോ പുള്ളിയുടെ ബന്ധുവോ ആരേലും എന്റെ ലിസ്റ്റിൽ ഉണ്ടേൽ ബാക്കി പൈസയും ചോദിച്ചു വരണ്ട... ആ പൈസ കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ തോമസ് ഐസക്കിന്റെ കയ്യിൽ എത്തിയിട്ടുണ്ട്, ഇനിയും നിർബന്ധം ആണേൽ പുള്ളിക്കാരന്റെ അടുത്ത് പോയി ചോദിച്ചോളൂ...  


 

റോഡ് അളക്കൽ @രാത്രി


-------------
ഇന്നലെ എറണാകുളം ഹോട്ടൽ പ്രസിഡൻസിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
അതിനു പോയപ്പോൾ ആണ് പണ്ട് ഇതേ ഹോട്ടലിൽ ഒരു മീറ്റിംഗിന് വന്ന കഥ ഓർമ വന്നത്.
കേരളത്തിലെ നാല് ഭാഗത്തു നിന്നുള്ള മാനേജർമാർക്കുള്ള മീറ്റിംഗ് ആയിരുന്നു. പാലക്കാട്‌ നിന്നും ഞാൻ, കോട്ടയത്ത് നിന്നും അരുൺ, കോഴിക്കോട് നിന്നും ദീപക്ക്, തിരുവനന്തപുരത്ത് നിന്നും ശ്രീകുമാർ....
കാലത്ത് 9.30 ന് ആണ് മീറ്റിംഗ്. അതുകൊണ്ട് തലേന്ന് എത്തണം. എല്ലാരും ഫോണിൽ കൂടി ദിവസവും മണിക്കൂറുകൾ സംസാരിക്കാറുണ്ട് എങ്കിലും ആദ്യമായി ആണ് കാണാൻ പോകുന്നത്.
ഞാൻ മദ്യപാനം നിർത്തുന്നതിന് ഡി അഡിക്ഷൻ സെന്ററിൽ പോകും മുന്നേ ആയിരുന്നു സംഭവം.
അതുകൊണ്ടു തന്നെ അന്ന് പാലക്കാട്‌ സ്റ്റാൻഡിൽ കൊണ്ട് വന്നു എറണാകുളം ടിക്കറ്റും എടുത്ത്, ഇയാൾ ഇടക്ക് ഇറങ്ങിയാൽ വിളിക്കാൻ പുള്ളിക്കാരിയുടെ നമ്പറും കൊടുത്താണ് ഭാര്യ പോയത്. അത് കൊണ്ട് തന്നെ രാത്രി പതിനൊന്നു മണിക്ക് എത്തുമ്പോൾ അവന്മാർ വാങ്ങിയതിൽ ഒരു പെഗ് പോലും കിട്ടില്ലേ എന്ന സങ്കടത്തിൽ ഉറങ്ങി.
ബസ് ഇറങ്ങി, പിന്നെ ഓട്ടോ ഇറങ്ങി, ഹോട്ടലിന്റെ ലിഫ്റ്റ് കയറി റൂം എത്തി ആരൊക്കെയാ എന്ന് ചോദിക്കും മുൻപ് തന്നെ ബാഗ് ഊരും മുന്നേ രണ്ടെണ്ണം അടിച്ചു. ആശ്വാസമായി....
പിന്നെ ചർച്ചകൾ... വിഷയത്തിൽ നിന്നും വിഷയത്തിലേക്ക് ചാടി കളിച്ചു ചർച്ചകൾ.
മിച്ചർ തിന്നാനും ചിരിക്കാനും മാത്രം ദീപക്. ഞാൻ അവന്മാരുടെ പെഗിന്റ ഒപ്പം എത്താൻ ഉള്ള ആവേശത്തിൽ ഒന്നും മിണ്ടുന്നില്ല.
ഒടുവിൽ ഒന്ന് തല ഉയർത്തിയപ്പോ ഞാൻ പറഞ്ഞു,
"സാധനം ഉണ്ടാവുമോ എന്ന പേടിയിൽ ആയിരുന്നു ഞാൻ... നന്ദി ഉണ്ടെടാ... "
"അളിയാ, വാങ്ങിയ സാധനം ഒക്കെ എട്ടു മണിക്ക് തന്നെ തീർന്നു. ഇത് പിന്നേം പോയി വാങ്ങിയത് അല്ലെ.... ഇവിടുന്ന് 637 മീറ്റർ മാത്രമേ ഉള്ളൂ ബീവറേജിലേക്ക്... "
പറഞ്ഞത് അരുൺ..
"മിസ്റ്റർ അരുൺ അങ്ങനെ അറിയാത്ത കാര്യങ്ങൾ പറയരുത്.. 637 അല്ല 675 മീറ്റർ ഉണ്ട് ഇവിടെ നിന്നും ബീവറേജിലേക്ക്.. "
ശ്രീകുമാർ കലിപ്പിൽ ആയി.
അവരുടെ തർക്കം രൂക്ഷമായി തുടങ്ങി. ഞാൻ ഓരോന്ന് അടിച്ചു കൊണ്ടിരുന്നതിനാൽ ആ ചർച്ചയിൽ പങ്കെടുക്കാൻ പോയില്ല.
ദീപക് അവർക്കിടയിൽ കയറി പറഞ്ഞു.
"അളിയന്മാരെ, വെറും 28 മീറ്ററിന്റെ പ്രെശ്നം അല്ലെ വിട്ടൂടെ?? "
അത് എനിക്കും ഇഷ്ടപ്പെട്ടില്ല, അവിടെ എന്റെ മാസ് എൻട്രി..
"മീറ്ററിന്റെ നൂറുകണക്കിന് ഒരു ഭാഗത്തിന് ആണ് ഉഷച്ചേച്ചിക്ക് മെഡൽ പോയത്. അളക്കണം... ഇപ്പൊ അളക്കണം.. "
ഞാൻ ഇത്‌ പറഞ്ഞതും ദീപക് പുതപ്പിന്റെ ഉള്ളിലോട്ടു വലിഞ്ഞു.
ശ്രീയും അരുണും സമ്മതിച്ചു. പക്ഷെ എങ്ങനെ അളക്കും..ഒരു അളവുകോലും ഇല്ല. പരിഷ്കാരികൾ ആണ് എന്ന് പരസ്പരം കാണിക്കാൻ (ഞാൻ അടക്കം ) എല്ലാവനും ബർമുഡ ആയിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഒരു ലുങ്കി പോലും ഇല്ല. ഒടുവിൽ, നാളെ ഷേവ് ചെയ്യാൻ വച്ച ബ്ലേഡ് കൊണ്ട് ഹോട്ടലിലെ ഒരു പുതപ്പ് നാല് ആക്കി കീറി കൂട്ടി കെട്ടിയപ്പോ 20 മീറ്റർ കിട്ടി(ശ്രീയുടെ ഒരു കൈപ്പത്തി 15 സെന്റി മീറ്റർ ആണത്രേ. അങ്ങനെ ആണ് 20 മീറ്റർ എന്ന് മനസിലാക്കിയത് )
"ഇത് വച്ച് നമ്മൾ എങ്ങനെ അളക്കും? "
അരുണിന് അപ്പോളും സംശയം.
"എടാ, നമ്മൾ നാല് പേരില്ലേ, രണ്ടു തലക്കലും രണ്ടാൾ വച്ച് പിടിച്ചു അളക്കാം "
ഐഡിയ ശ്രീ വക.
"നാലാളോ, നിങ്ങൾ മൂന്ന് പേര് പോയാൽ മതി. എനിക്ക് നിങ്ങളെ പോലെ പ്രാന്തില്ല"
ടച്ചിങ്‌സ് തിന്ന് 'ഗർഭം' പോലുള്ള വയറുമായി പുതപ്പിനുള്ളിൽ കിടക്കുന്ന ദീപക്കിന്റെ വാക്കുകൾ പുതപ്പിനുള്ളിൽ നിന്നും പുറത്തേക്കു വന്നു.
അങ്ങനെ ഞങ്ങൾ മൂന്ന് പേരും പുതപ്പുമായി പുറത്തിറങ്ങി റോഡിൽ എത്തി അവിടെ നിന്നും അളക്കാൻ തുടങ്ങി.
മുന്നിലെ അറ്റത്ത് അരുണും ശ്രീയും,ബാക്കിൽ ഞാൻ. നിലത്തു വച്ച് ആണ് അളക്കൽ. കൃത്യം 120 മീറ്റർ അളന്നു കാണും, എന്റെ പുറകിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.
സൈഡ് സീറ്റിൽ നിന്നും എസ്.ഐ ഇറങ്ങി വന്നു ചോദിച്ചു..
"നീ ഒക്കെ ഏതാടാ, എന്താടാ ഈ പാതിരാത്രിക്ക്? "
"സർ, ഹോട്ടൽ പ്രെസിഡെൻസിയിൽ നിന്നും ബീവറേജ് വരെ ഉള്ള കൃത്യമായ ദൂരം അളക്കുക ആണ് സർ "
ഞാൻ സത്യം പറഞ്ഞു.
"അളന്നു കഷ്ടപെടണ്ടടാ, നമുക്ക് ജീപ്പിലെ മീറ്റർ നോക്കി കണ്ടു പിടിക്കാം, വാ വന്നു ജീപ്പിൽ കയറിക്കോ.. "
എസ്. ഐ യുടെ ശബ്ദം മാറി.
"സാറേ, അതിൽ പോയാൽ സെന്റിമീറ്റർ കണക്ക് കിട്ടൂല്ല. അതുകൊണ്ട് സർ പോയാട്ടെ ഞങ്ങൾ അളന്നോളം "
മറുതലക്കൽ നിന്നും ശ്രീ.
പിന്നെത്തെ രംഗം പോലീസ് സ്റ്റേഷന്റെ അകവശം ആയിരുന്നു.
കഥ എല്ലാം എസ്. ഐ.ക്ക് വിശദീകരിച്ചു കൊടുത്തു മൂന്ന് പേരും കൂടി.
അദ്ദേഹത്തിന് കാര്യം മനസിലായി. എന്റെ അടുത്ത് വന്നു പറഞ്ഞു,
"നീ ആ റോഡിൽ വച്ച് കാര്യം പറഞ്ഞതിൽ ഉള്ള നിന്റെ ആ ഇന്നസൺസ് ഉണ്ടല്ലോ അത് എനിക്കിഷ്ട്ടപ്പെട്ടു"
"സർ അത് സത്യസന്ധത അല്ലെ, ഇന്നസെൻസ് അല്ലല്ലോ "
ചോദ്യം അരുൺ വക.
(ഇല്ലടാ അരുണേ എസ്. ഐ നിന്നെ തല്ലിയത് ഞാൻ ഒരിക്കലും എഴുതില്ല )
ഒടുവിൽ, റൂമിൽ ഉറങ്ങുന്ന ദീപക്കിനെ കാലത്ത് വിളിച്ചു വരുത്തി ഒരു എട്ട് മണിക്ക് പോലീസ് ജീപ്പിൽ തന്നെ ഹോട്ടലിലേക്ക് തിരിച്ചു.
ഞാൻ പുറകിലെ സീറ്റിൽ ഏറ്റവും പിന്നിലായി സൈഡിലേക്ക് നോക്കി ആണ് ഇരുന്നിരുന്നത്. ഒരു ചെറിയ ബ്ലോക്കിൽ പെട്ടപ്പോൾ സൈഡിൽ ഒരു പയ്യൻ യൂണിഫോം ഒക്കെ ഇട്ട് മൂന്ന് കാലുള്ള ഒരു സാധനത്തിന്റെ മുകളിൽ ഒരു യന്ത്രം ഒക്കെ പിടിച്ച് അളവെടുക്കുന്നു (യൂണിഫോം ആയ കൊണ്ട് അറിയാം പോളി അല്ലെങ്കിൽ ഐടിഐ പഠിക്കുന്ന പയ്യൻ ആണ് എന്ന് )
ഇത് കണ്ട ഞാൻ അവനെ നോക്കി പറഞ്ഞു
"ഡാ മോനെ ജാമ്യത്തിൽ ഇറക്കാൻ ആളുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ റോഡ് അളക്കുന്ന പരിപാടിക്ക് ഇറങ്ങാവൂ.. "
അത് കേട്ട് എസ്. ഐ അടക്കമുള്ളവരുടെ ചിരി ഇപ്പോളും മനസ്സിൽ ഉണ്ട്.
_പുള്ളോടൻ_

നാല്പതാം പിറന്നാൾ



വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസത്തിൽ ആയിരുന്നു ഞാൻ #പിറന്നു വീണത്...
#പുള്ളോട് എൽപി സ്കൂളിലെ ചെമ്മണ്ണ് മെഴുകിയ ക്ലാസ് മുറികളും, #കുട്ടനാട് എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള കള്ള് ഷാപ്പിലെ തറയിലെ തണുപ്പും ഒരുപോലെ ആസ്വദിച്ചു കടന്നു പോയ #വിദ്യാഭ്യാസം.....
കോയമ്പത്തൂരും, ബാംഗ്ലൂരും, തിരുവനന്തപുരവും, അട്ടപ്പാടിയും, എറണാകുളവും, മലപ്പുറവും, പാലക്കാടും ഒക്കെ ആയി ചെയ്തു തീർത്ത #ജോലികൾ....
#എംടി യെയും #വികെഎൻ നെയും #ഒവി യെയും #വായിച്ച്‌....
#കോൺഗ്രസിലും കരുണാകരനിലും മുരളിയേട്ടനിലും #വിശ്വസിച്ച്‌....
#സച്ചിനെ ഹൃദയത്തിൽ #സൂക്ഷിച്ച്.....
#ബ്രസീലിന് വേണ്ടി ഉറക്കമിളച്ച്‌....
കടന്ന് പോയ #ദിവസങ്ങൾ
പ്രണയത്തിൽ മുങ്ങിപോയ #വർഷങ്ങൾ...
മുഴുവൻ മദ്യവും കുടിച്ച് തീർത്ത് ലോകത്തെ മദ്യ വിമുക്തമാക്കാൻ നോക്കി ഒടുവിൽ #ഡിഅഡിക്ഷൻ സെന്ററിൽ കിടന്ന #നാളുകൾ..
ആനുകാലികങ്ങളിൽ #കഥകൾ അച്ചടിച്ച് വന്ന മനസ് നിറഞ്ഞ #നിമിഷങ്ങൾ.....
ചെറിയ #നർമങ്ങൾ കൊണ്ട് നിങ്ങളെ ചിരിപ്പിച്ച #ഇടവേളകൾ...
#പുള്ളോടൻ കഥകൾ പറഞ്ഞു വെറുപ്പിച്ച #രാത്രികൾ
#അമേയക്കുട്ടിയെ കയ്യിൽ ഏറ്റുവാങ്ങിയ #മുഹുർത്ഥം
#അമേയം എന്ന പുതിയ വീട്ടിലേക്ക് താമസം മാറിയ #ദിവസം...
എല്ലാത്തിനുമപ്പുറം #കോവൈമെഡിക്കൽ സെന്ററിൽ മരണത്തിനു വിട്ടുകൊടുക്കാതെ ഭാര്യ കൂട്ടിരുന്ന #മാസങ്ങൾ
എല്ലാം ഓർത്തെടുത്ത് ശേഷിക്കുന്ന ബാക്കി ഭാഗത്തിനായി....
#പിക്ച്ചർ_അഭി_ബി_ബാക്കി_ഹേ

അംബാനിയും ഞാനും അലാറവും


പാലക്കാട്‌ നഗരത്തിൽ താമസം തുടങ്ങിയത് മുതൽ ഉള്ളതാണ് കാലത്തുള്ള നടത്തം.
എന്നും വ്യത്യസ്തം ആയ വഴികളിലൂടെ ആണ് നടക്കാറുള്ളത്. നഗരത്തിലെ ഇടവഴികൾ പഠിക്കുക എന്ന ഒരുദ്ദേശവും അതിലുണ്ട്.
ഇന്നലത്തെ യാത്ര ചന്ദ്രനഗർ ഹൈവയിലൂടെ ആയിരുന്നു.
വഴിയരികിൽ, ഖനി ഹോണ്ട എത്തും മുന്നേ ഉള്ള പാലത്തിനു താഴെ ആയി ഒരു കാർ തലകീഴായി കിടക്കുന്നു.
എനിക്ക് എന്തും കാർ എന്നേ അറിയൂ, മാരുതി 800 ആയാലും ബെൻസ് ആയാലും. അതുകൊണ്ട് ആണ് കാർ എന്ന് പറഞ്ഞത്.
ഒന്നു കൂടെ ഇളകിയാൽ താഴ്ത്തേക്കു പോകും എന്ന വിധത്തിൽ ആണ് കാർ കിടന്നിരുന്നത്.
ഞാൻ പതിയെ അടുത്ത് ചെന്ന് നോക്കി, ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൾക്ക് ജീവൻ ഉണ്ട്. എന്നേക്കാൾ തടി ഉണ്ടെങ്കിലും ഒരു വിധത്തിൽ ഞാൻ അയാളെ വലിച്ചു പുറത്തെടുത്തു.
അയാൾക്ക് കാര്യമായ പരിക്കൊന്നും ഇല്ല. പക്ഷെ ആളെ പുറത്തെടുത്തതും കാർ താഴ്ത്തേക്കു പോയി.
ഒരു നെടുവീർപ്പോടെ അയാൾ അത് നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.
"തുമരാ നാം ക്യാ ഹേ?
"പ്രവീൺ"
ഹിന്ദി അറിയില്ല എങ്കിലും ഇത്തരം ചെറിയ ചോദ്യങ്ങൾ മനസിലാക്കാൻ ഉള്ള അറിവൊക്കെ ഉള്ള ആള് തന്നെ ആണ് ഞാൻ.
എനിക്ക് ഹിന്ദി അറിയില്ല എന്നു പറഞ്ഞു ബോധ്യ പെടുത്തിയെങ്കിലും പണ്ട് പഠിക്കുന്ന കാലത്ത് ഹിന്ദി എഴുതി മേലെ കൂടെ ഇടുന്ന വര നടുവിലൂടെ ആവുന്നതിനാൽ പലപ്പോഴും എഴുതി വെട്ടിയ പോലെ കരുതി മാർക്ക് കുറയുന്ന കഥ ഒന്നും പറഞ്ഞില്ല.
ബാക്കി ഉള്ള സംസാരം ഇംഗ്ലീഷിൽ ആയിരുന്നു.ഇവിടെ വായനക്കാർ ആയി സംഘികളും കമ്മികളും ഉള്ളതിനാൽ അതിന്റെ മലയാളം തർജമ ആണ് കൊടുക്കുന്നത്.
"ആ താഴെ പോയ കാർ അഞ്ചു കോടിയോളം വില വരുന്നത് ആണ്. അതിൽ എനിക്ക് സങ്കടം ഇല്ല. പക്ഷെ അതിൽ എന്റെ മൊബൈൽ പേഴ്‌സ് കാർഡ്‌സ് എല്ലാം ഉണ്ടായിരുന്നു. ഇനി ഇവിടുന്നു പോകാൻ എന്നെ സഹായിക്കാമോ? "
"ഞാൻ സർ നു വേണ്ടി എന്താണ് ചെയ്യേണ്ടത്? "
"കാലത്ത് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഒരു നൂറു രൂപ വേണം, പിന്നെ കോയമ്പത്തൂർ എന്റെ ഓഫീസിൽ എത്താൻ ഒരു ടാക്സി വിളിച്ചു തരണം "
ഇത്രെയും മതിയല്ലോ എന്ന സന്തോഷത്തിൽ ഞാൻ പോക്കെറ്റിൽ നിന്നും നൂറു രൂപ എടുത്തു. രാവിലെ നടക്കാൻ ഇറങ്ങാൻ നേരം ഭാര്യ ഉറക്കും ആയിരിക്കും, ആ സമയം ഒരു നൂറു രൂപ എങ്കിലും അവളുടെ പേഴ്സിൽ നിന്ന് അടിച്ചു മാറ്റി നടക്കാൻ ഒരു പ്രത്യേക സുഖം ആണ്. അന്നും അങ്ങനെ എടുത്ത നൂറു രൂപ ആണ് പുള്ളിക്ക് കൊടുത്തത്.
ശേഷം ഒരു ടാക്സി പിടിച്ചു അതിൽ കയറ്റി ഇരുത്തി.
"ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല. എന്റെ പേര് മുകേഷ്, താങ്കളുടെ നമ്പർ ഒന്നു എഴുതി തന്നാൽ ഞാൻ കോൺടാക്ട് ചെയ്യാം "
ഈ പുലർകാലത്ത് ആരാണ് പേനയും പേപ്പറും എടുത്ത് നടക്കാൻ പോകുക എന്ന് ചോദിക്കാൻ വന്നതാണ്. അന്യ നാട്ടുകാരനെ അപമാനിക്കുന്ന പാരമ്പര്യം പുള്ളോട് കാർക്ക് ഇല്ലാത്ത കൊണ്ട് ഞാൻ പറഞ്ഞു.
"എഴുതേണ്ട കാര്യം ഒന്നും ഇല്ല സർ ഫാൻസി നമ്പർ ആണ് 9447 50 9447"
മുഖത്ത് ഒരു പുഞ്ചിരി വിടർത്തി അയാൾ കൈവീശി യാത്രയായി.
നടത്തം മുടങ്ങിയ വിഷമത്തിൽ ഞാൻ വീടെത്തി ചായ കുടിയും കുളിയും കഴിഞ്ഞു മൊബൈൽ നോക്കിയിരിക്കെ കാൾ വന്നു.
"ഹായ് പ്രവീൺ, ഞാൻ മുകേഷ് അംബാനി. കാലത്ത് നിങ്ങൾ തന്ന നൂറു രൂപ എനിക്ക് അത്രേം വിലപ്പെട്ടത് ആയിരുന്നു. അതുകൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ അയക്കുക ഒരു രണ്ട് കോടി ട്രാൻസ്ഫർ ചെയ്യുന്നുണ്ട്."
കാലത്ത് ഞാൻ രക്ഷിച്ച ആൾ മുകേഷ് എന്നാണ് പേര് പറഞ്ഞത് എങ്കിലും അത് കാലത്തെ വെപ്രാളത്തിനിടയിൽ അംബാനി ആണ് എന്ന് അറിയാൻ കഴിഞ്ഞില്ല.
എന്തായാലും അക്കൗണ്ട് നമ്പർ അയച്ചു കൊടുത്ത് അക്കൗണ്ടിൽ പൈസ വീഴുന്ന മെസ്സേജ് ന്റെ ശബ്ദം കേൾക്കാൻ കാത്തിരിപ്പായി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ മെസേജ് ന്റെ സൗണ്ട് അല്ല, കാൾ ആണ് വന്നത്.
മുകേഷ് അംബാനി എന്റെ ഫോണിലേക്ക് വീണ്ടും വിളിക്കുക ആവും, ഭാര്യയും അയാളുടെ ശബ്ദം ഒന്നു കേട്ടോട്ടെ എന്ന് കരുതി ഞാൻ അവളോട് പറഞ്ഞു.
"നീ ആ ഫോൺ എടുത്ത് ആരാണ് എന്ന് ചോദിച്ചേ "
ഫോൺ ബെൽ അടി നിർത്തുന്നില്ല. അടിച്ചു കൊണ്ടേ ഇരിക്കുന്നു.
നമ്മൾ ഒക്കെ വല്യ ടീമാണ് എന്ന് ഭാര്യയെ കാണിക്കാൻ കിട്ടിയ അവസരം ആണ് അവൾ തന്നെ നശിപ്പിക്കുന്നത് എന്നോർത്തപ്പോൾ ദേഷ്യം വന്നു.
"എടീ ആ ഫോൺ എടുത്ത് ആരാന്ന് ചോദിക്ക് "
അവളുടെ മറുപടി അതിലും ദേഷ്യത്തിൽ ആയിരുന്നു.
"ഫോൺ അല്ല മനുഷ്യ, അത് അലാറം ആണ്. കാലത്ത് നടക്കാൻ പോകാൻ വേണ്ടി ഇനി മേലാൽ ഇങ്ങനെ അലാറം വച്ച് ഞങ്ങളെ കൂടെ ശല്യം ചെയ്താൽ ഫോൺ എടുത്ത് കിണറ്റിൽ ഇടും പറഞ്ഞേക്കാം"
വാൽകഷണം :- പുലർകാല സ്വപ്നം ഫലിക്കും എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലാണ് ഇപ്പോൾ പ്രതീക്ഷ.

പട്ടി കടിച്ച നവജാത_ഷൂ വിന്റെ ആത്മാവിന്


----------------------------------------------------------------------
പണ്ട് കാലത്ത് പോസ്റ്റ് കാർഡിലും ഇപ്പൊ വാട്സാപ്പിലും വരുന്ന ഒരു സാധനം ഉണ്ട്, ഈ മെസേജ് പത്ത് പേർക്ക് അയച്ചില്ല എങ്കിൽ നിങ്ങൾക്ക് കുഷ്ടരോഗം വരുമെന്നും പത്ത് പേർക്ക് അയച്ചാൽ ഒരു കൊട്ട സ്വർണ്ണം കിട്ടുമെന്നും ഒക്കെ പറഞ്ഞ്..
ഇതിലൊന്നും ഒട്ടും വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ, എന്നാലും പണ്ട് പരീക്ഷ റിസൾട്ട്‌ ന്റെ തലേന്നും കാർഡിൽ എഴുതി അയച്ചിട്ടുണ്ട് എന്നതും ഇപ്പോൾ ബ്രസീൽ ന്റെ കളിയുടെ തലേന്ന് വാട്സാപ്പിൽ പത്തല്ല ഇരുപത് പേർക്ക് അയച്ചിട്ടുണ്ട് എന്നതും ഒന്നും വിശ്വാസം കൊണ്ടല്ല പേടി കൊണ്ടാണ്.
അത് പോലെ ഒരു കാര്യം ആണ് ഈ അടുത്ത കാലത്ത് പിണറായി വിജയൻ സർ നെ മാൻഡ്രേക്ക് എന്ന് പറഞ്ഞ് കളിയാക്കി ഒരു കൂട്ടർ ഇറങ്ങിയിട്ടുള്ളത്.
പിണറായി ആരുടെ എങ്കിലും മുഖത്തു നോക്കി ചിരിച്ചാൽ അയാൾ പടമായി ഭിത്തിയിൽ ഇരിക്കുന്നത് നോക്കി വീട്ടുകാർ കരയും എന്നും, പിണറായി ഏതെങ്കിലും നാട്ടിൽ പോയാൽ അവിടെ പ്രളയം ഉണ്ടാവും എന്നും, ആരെങ്കിലും പിണറായിയെ കളിയാക്കിയാൽ അവനു ഉണ്ടനെ വേണ്ടത് കിട്ടും എന്നും ഒക്കെ ധാരാളം കഥകൾ ഉണ്ട്.
ഞാൻ ഇതൊന്നും വിശ്വസിച്ചിട്ടില്ല. അത് മറ്റൊന്നും കൊണ്ടല്ല, അന്തമായ കമ്മ്യുണിസ്റ്റ് വിരോധം കൊണ്ട് കമ്മ്യുണിസ്റ്റ്കാർ നല്ലത് ചെയ്‌താൽ മാത്രം അല്ല അവർ ചീത്തകാര്യം ചെയ്താലും വിശ്വസിക്കാൻ ഒരു പ്രയാസം.
ഈ ആഴ്ച പിണറായി യൂറോപ്പിൽ പോകുന്നു എന്ന വാർത്തക്കൊപ്പം പുള്ളിക്കാരൻ വെള്ള ഷൂ ഇട്ട് നിൽക്കുന്ന ഒരു പഴയ ഫോട്ടോയും കിട്ടി.
ഉടനെ തന്നെ നല്ല സുഹൃത്തായ ഒരു കമ്മിക്ക് അതയച്ചുകൊടുത്ത് ഒന്നു ചൊറിഞ്ഞു. നീ ഇതിന് അനുഭവിക്കും, നീ ട്രോളിയത് ഞങ്ങളുടെ മാൻഡ്രേക്കിനെ ആണ് എന്നായി അവൻ. മാൻഡ്രേക്ക് വിശ്വാസി അല്ലാത്ത ഞാൻ അത് ചിരിച്ചു തള്ളി.
ഇന്നലെ കാലത്ത് കുളിയും ഡ്രെസ്സിങ്ങും ഒക്കെ കഴിഞ്ഞ് സോക്സ് വരെ ഇട്ട് പുറത്തിറങ്ങുമ്പോൾ ഷൂ ഒരെണ്ണം കാണാനില്ല. വെറും രണ്ട് മാസം പ്രായമായ നവജാത ഷൂ.
വീട്ടിൽ വീടിന്റെ പരിസരം മുഴുവൻ നോക്കിയെങ്കിലും പൊടിപോലും കണ്ട് പിടിക്കാൻ ആയില്ല. മതിൽ ചാടി വന്ന ഏതോ പാർട്ടി അനുഭാവി ആയ പട്ടി കൊണ്ട് പോയത് തന്നെ. ചുമ്മാ കടിച്ചു രസിക്കാൻ ആണെങ്കിൽ ഞാൻ പഴയ രണ്ടോ മൂന്നോ ഷൂ കൊടുത്തേനെ ഈ പന്ന പട്ടികൾക്ക്.
പണ്ട് എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു പട്ടിയും ആയി ഞാൻ ഒന്നു യുദ്ധം ചെയ്തത് ആണ്, അന്ന് കാലിൽ പതിനാറു സ്റ്റിച്ച് എനിക്കും പട്ടിക്കു സീറോ സ്റ്റിച്ചും എന്ന നിലയിൽ ഞാൻ പരാജയപെട്ടു. പക്ഷെ പില്കാലത്ത് പുള്ളോട് കാരുടെ വിശേഷങ്ങൾ ലോകത്തെ അറിയിക്കേണ്ട ആളെ കടിച്ചു കൊല്ലാൻ നോക്കിയതിനു നാട്ടുകാർ ആ പട്ടിയെ അന്ന് തന്നെ വകവരുത്തി.
ആ പട്ടി തന്നെ പുതിയ ജന്മം എടുത്ത് വന്നതാണോ എന്നൊന്നും ഉറപ്പില്ല. എന്തായാലും ഇന്ന് കാലത്തും കൈ പുറകിൽ കെട്ടി സേതുരാമയ്യരെ പോലെ അടുത്ത പറമ്പിലും പാടത്തും ഒക്കെ ഷൂ നോക്കി, പക്ഷെ ബോഡി പോലും കിട്ടിയിട്ടില്ല.
നാട്ടുകാർക്ക്‌ മുന്നിൽ 'ഷമ്മി ഹീറോ ആടാ ' എന്ന് തെളിയിച്ച ഫഹദിനെ പോലെ 'പുള്ളോടൻ ഹീറോ ആടാ ' എന്ന് പട്ടികൾക്ക് മുന്നിൽ എങ്കിലും എനിക്കും തെളിയിക്കണം.
പുഴുങ്ങിയ മുട്ടയിൽ തലങ്ങും വിലങ്ങും മൊട്ടു സൂചി കുത്തി മൂപ്പൻ പറഞ്ഞത് പോലെ പട്ടി യുടെ സങ്കേതത്തിൽ കൊണ്ട് പോയി നൽകും. പറ്റാവുന്ന മുഴുവൻ പട്ടികളെയും വക വരുത്തുക എന്നാണ് ലക്ഷ്യം.
അതിനിടയിൽ മേനകാ ഗാന്ധി വന്നാലും ഫിറോസ് ഗാന്ധി വന്നാലും (ഇതിനിടയിൽ ഇങ്ങേരുടെ പേര് എന്തിനു എന്നല്ലേ, മേനക യുടെ ഭർത്താവിന്റെ പിതാവ് ആണ് ഫിറോസ് പക്ഷെ ഞാൻ ഉദ്ദേശിച്ചത് മേനകയുടെ കെട്ടിയോന്റെ തന്ത ).
മരുതറോഡ് പഞ്ചായത്തിലേ പത്താം വാർഡ് നിവാസികളെ ഇന്ത്യയിലെ ആദ്യ പട്ടി രഹിത പഞ്ചായത്ത് വാർഡ് ആവാൻ നിങ്ങൾ ഒരുങ്ങിക്കൊള്ളൂ
വൽകഷ്ണം :- പട്ടി സ്വമേധയാ ഷൂ തിരികെ തരികയോ എന്റെ അന്വേഷണത്തിൽ പരിക്ക് പറ്റാതെ ഷൂ കിട്ടുകയോ ചെയ്‌താൽ ഈ പോസ്റ്റ് പിൻവലിക്കും എന്റെ പ്രതികാരം അവസാനിപ്പിക്കും.

മംഗളം വരിക


മംഗളം വരിക


മംഗളം വരിക


മലയാള മനോരമ ആഴ്ചപ്പതിപ്പ്

മലയാള മനോരമ ആഴ്ചപ്പതിപ്പ് 

മലയാള മനോരമ ആഴ്ചപ്പതിപ്പ്


മംഗളം വാരിക


മംഗളം വാരിക


നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...