Wednesday, May 17, 2017

മംഗളം വരാന്ത പതിപ്പ് ഏപ്രിൽ 9

നർമം :- മണ്ടൻ കൂട്ടുകാരൻ

'മുസ്ലീങ്ങള്‍ മൂന്നും നാലും വിവാഹം കഴിക്കുന്നതിനു കാരണം അവര്‍ക്ക് പള്ളിയില്‍ നിന്നും യഥേഷ്ടം
'മുസ്ലി(o) പവ്വര്‍ എക്സ്ട്രാ' കിട്ടുന്നത് കൊണ്ടാണന്ന് വിശ്വസിച്ചിരുന്ന കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു.
.
അവനിപ്പൊ മതം മാറി പൊന്നാനിയില്‍ എവിടെയോ ഉണ്ടെന്നാണ് അറിവ്.

നർമം :- sbi & കുന്നുമ്മൽ ശാന്ത

'കുന്നുമ്മേല്‍ ശാന്തയെ തൊട്ടാല്‍ അവള് പറയുന്ന കാശ് കൊടുത്താ മതി. SBI ATM ല്‍ തൊട്ടാല്‍ എത്ര പൈസ പോകുമെന്ന് ദൈവത്തിന് പോലും അറിയില്ല...''

നർമം :- sbi ചാർജ് പിഴിയൽ

ഭാവിയില്‍ ഞാന്‍ മോളോട് പറയും 
''നിന്‍റെ പപ്പേടെ 25 രൂപകള്‍ അടിച്ചുമാറ്റിയാണ് SBI
ഇന്ന് കാണുന്ന നിലയില്‍ എത്തിയത്''

നർമം : രണ്ടു ഊണ് മൂന്ന് പേർക്ക്

കഴിഞ്ഞ ദിവസം കുടുംബശ്രീ കാന്‍റീനില്‍ രണ്ട് ഊണ് പാര്‍സല്‍ വാങ്ങാനായി ഞാനും,സുഹൃത്തും എന്‍റെ മോളും കൂടി പോകുകയുണ്ടായി.
.
പാര്‍സല്‍ കയ്യില്‍ തരുംബോള്‍ ഭാര്യ വീട്ടിലില്ലേ എന്ന കുശലാന്വേഷണം കാന്‍റീന്‍ ഉടമ വക.
.
ഭാര്യ വീട്ടിലുണ്ടെന്നും ഞങ്ങള്‍ മൂന്ന് പേര്‍ക്കും കൂടിയാണ് ഈ രണ്ട് ഊണ് എന്നുമുള്ള സത്യം പറഞ്ഞ് കൂട്ടുകാരനെ നോക്കുംബോള്‍ അവന്‍റെ മുഖത്ത് ഒരു ലോഡ് പുച്ഛം.
.
സത്യം പറയുക എന്നത് അഭിമാനാര്‍ഹമായ കാര്യം ആണെന്‍കിലും രണ്ട് ഊണ് മൂന്ന് പേര്‍ക്കാണ് വാങ്ങിയത് എന്ന് കടക്കാരനോട് തന്നെ പറഞ്ഞത് അല്‍പം അപമാനമായില്ലേ എന്നോര്‍ത്ത് എന്‍റെ നെറ്റിയും ചുളിഞ്ഞു.
.
ആ സമയത്ത് മോളുടെ ഡയലോഗ്
.
'' എന്‍റെ പപ്പാ മൂന്ന് പേര്‍ക്കല്ല നാലു പേര്‍ക്കല്ലേ...ഓ!! കണക്കുമറീല്ല...''
(ഞാന്‍ അവളെ കൂട്ടാതെ ആണ് മൂന്ന് പേര്‍ എന്ന് പറഞ്ഞത്)

നർമം :- കെ.എം.മാണി ഇടതു പക്ഷത്തേക്ക്

BPLഎന്നൊരു മൊബൈല്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ ഉണ്ടായിരുന്നു കേരളത്തില്‍.....
.
ഒരു സുപ്രഭാതത്തില്‍ BPLഎന്ന് മാറി HUTCH ആയി.പാതയോരത്തെ ബോര്‍ഡുകള്‍ മാറ്റാന്‍ പോയ പെയിന്‍റ് പണിക്കാര്‍ക്ക് നല്ല പണിയും കൂലിയും കിട്ടി.
.
BPL എന്നെഴുതിയിരുന്നതെല്ലാം HUTCH എന്നാക്കി കഴിഞ്ഞ് വിശ്രമിക്കാന്‍ തുടങ്ങിയതേ ഉള്ളൂ , അതാ വരുന്നൂ മാറ്റം.... 
.
HUTCH പേര് മാറി VODOFONE ആവുന്നു. പെയിന്‍റ് പണിക്കാര്‍ക്ക് വീണ്ടും ചാകര..... നല്ല കൂലി കിട്ടി കെട്ടോ പഹയന്മാര്‍ക്ക്....
.
അതേ അവസ്ഥയാണ് ഇന്നത്തെ ന്യായീകരണതൊഴിലാളികള്‍ക്കും......
.
അഴിമതി വീരന്‍,ബാര്‍കോഴ,ബഡ്ജറ്റ് വില്‍പന, നോട്ട് എണ്ണല്‍ മെഷീന്‍.....അങ്ങനെ എത്ര എത്ര കാര്യങ്ങളാ മാണി സാറിനെ കുറിച്ച് വാളിലും,ഗ്രൂപ്പിലും,കമന്‍റിലും ഒക്കെ ആയി എഴുതിയത്!!!!
ഇനി അതൊക്കെ തേടിപിടിച്ച് ഡിലീറ്റ് ചെയ്യണ്ടേ, കഷ്ടം തന്നെ...
ആരെന്‍കിലും പൈസ തരുമോ, അതുമില്ല....
.
ഇനി അതൊക്കെ കഴിഞ്ഞു വന്നു വിശ്രമിക്കുംബോളാവും കാനത്തേയും കൂട്ടരേയും പുകഴ്ത്തിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വരുക....
.
പാവങ്ങള്‍!!!
പണികള്‍ ഏറ്റുവാങ്ങാന്‍ ന്യായീകരണതൊഴിലാളിയുടെ ജീവിതം പിന്നെയും ബാക്കി!!!!😥😥😥

നർമം :- ആത്മഹത്യാ കുറിപ്പ്

ആരോടും പറയാത്ത തമാശകൾ ചേർത്തുവച്ച് ഒരു ആത്മഹത്യാ കുറിപ്പ് എഴുതണം..
.
അന്വേഷണത്തിന് വരുന്ന പോലീസുകാരിൽ ഒരാളെങ്കിലും അത് വായിച്ച് ചിരിച്ച് ചിരിച്ചു എനിക്കൊപ്പം ചാവണം...

നർമം : - ഒരു ചോദ്യം ഉത്തരം

ചോദ്യം :-"ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ??"
.
ഉത്തരം :- "സീരിയൽ കാണുന്ന സ്ത്രീകൾ !!"

നർമം :- മണി ആശാന്റെ പ്രസംഗം

മൂന്നു ദിവസമായി ശരിയായ വിധത്തില്‍ പ്രഭാതകൃത്യം നിര്‍വഹിക്കാന്‍ പറ്റാത്തതിനാലാണ് ഡോക്ടറെ കാണാന്‍ ചെന്നത്.
ഡോ :- '' എന്താണ് പ്രശ്നം ?? ''
ഞാന്‍ :- '' മൂന്നു ദിവസമായി മോഷന്‍ പോകുന്നില്ല. ''
ഡോ :- " എന്നത്തേയും പോലെ ശ്രമിക്കാറുണ്ടോ?"
ഞാന്‍:-" ശ്രമിക്കാത്തതല്ല ഡോക്ടര്‍, മൂന്നു ദിവസവും 'ദാ വന്നൂ'എന്ന അവസ്ഥ ഒാഫീസിലും വീട്ടിലും വച്ച് പലതവണ ഉണ്ടായിട്ടുണ്ട്. പക്ഷേ ടോയ്ലെറ്റിന് അകത്ത് കയറിയാ ആ അവസ്ഥ മാറും, ഒന്നും വരുകയും ഇല്ല"
ഡോ :- " ഏത് തരം പരിപാടികള്‍ ആണ് സാധാരണയായി ടി.വി.യില്‍ കാണാറുള്ളത്?"
ഞാന്‍ :- " അത് സ്ഥിരം ആയി
ന്യൂസ് ചാനലുകള്‍ തന്നെ.അതൊക്കെ ഇതുമായി എന്ത് ബന്ധം? എനിക്ക് ഈ ,'സ്റ്റോക്ക് 'ഒന്ന് ക്ളിയര്‍ ചെയ്ത് കിട്ടിയാ മതി.അതിനു വല്ല മരുന്നും താ ഡോക്ടറേ!!"
ഡോ:- " ഇന്ന് ഞാന്‍ തല്‍കാലം മരുന്നൊന്നും നല്‍കുന്നില്ല.നാളെ വീട്ടിലെ ടോയ്ലെറ്റില്‍ ശ്രമിക്കുന്നതിനു പകരം അടുത്തുള്ള പുഴയോരത്തോ, പറംബിലോ,തോടുവക്കത്തോ
പോയിരുന്ന് ഒന്ന് ശ്രമിക്കുക. സംഗതി ഓക്കെ ആയാല്‍ വിളിച്ചു പറയുക. ഇല്ലേല്‍ ഇങ്ങോടു വന്നാല്‍ അപ്പൊ മരുന്നു തരാം"
കാര്യം ഒന്നും മനസിലായില്ലെന്‍കിലും ഡോക്ടര്‍ പറഞ്ഞത് അനുസരിക്കാന്‍ തീരുമാനമെടുത്തു.
ഇന്ന് കാലത്ത് എഴുന്നേറ്റ് ഡോക്ടര്‍ പറഞ്ഞപോലെ പുഴയോരത്ത് പോയി ഇരുന്നതേ ഉള്ളൂ പിന്നെ പഴഞ്ചൊല്ലില്‍ പറയും പോലെ 'ആറാട്ട് തന്നെ ആയിരുന്നു.
കാര്യം സാധിച്ചത് പറയാനും സംഗതിയുടെ ഗുട്ടന്‍സ് അറിയാനും ഡോക്ടറെ വിളിച്ചു.
അപ്പൊ ഡോക്ടര്‍ പറഞ്ഞു തന്ന വിവരം ആണ്, അസുഖം എന്‍റെ വയറിന്‍റെ ആയിരുന്നില്ല മനസ്സിന്‍റെ ആയിരുന്നു എന്ന്.
ബാത്ത്റൂമിനകത്ത് കയറി കതകടച്ചു കഴിഞ്ഞാല്‍ ആളുകള്‍ 'മറ്റേ പണി'' ആണോ ചിന്തിച്ചാലോ എന്ന പേടിച്ച് ഉണ്ടാകുന്ന
"മൈന്‍റലര്‍മ മണിവേര്‍ഡോ അദര്‍ വര്‍ക്കോ ഫോബിയ'' എന്ന പുതിയ രോഗം ആണ് എന്ന്.
ആശ്വാസമായി
----------------

നർമം :- സംഘി അദ്ധ്യാപകൻ

സംഘിയായ ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്നു.
.
ഇന്‍സ്പെക്ടര്‍ ഇന്‍സ്പെക്ഷനു വരുന്ന സമയത്തെല്ലാം പശുവിന്‍റെ ഗുണങ്ങളെ പറ്റിയാണ് കുട്ടികളെ പഠിപ്പിക്കുക.
.
പശു ഒരു പുണ്യമൃഗം ആണ്.
പശു നമുക്ക് പാല്‍ തരുന്നു.
പാല്‍ മികച്ച പോഷകാഹാരമാണ്.
ചാണകം വളമായി ഉപയോഗിക്കാം.
എന്നിങ്ങനെ..........
.
ഇത്തവണയും അദ്ധ്യാപന്‍ പശുവിനെ കുറിച്ച് പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്‍സ്പെക്ടര്‍ തടഞ്ഞു. ഇത്തവണ പശു വേണ്ട തെങ്ങ് മതി വിഷയം എന്ന് ഇന്‍സ്പെക്ടര്‍ തറപ്പിച്ചു പറഞ്ഞു.
.
യാതൊരു ഭാവഭേതവുമില്ലാതെ അദ്ധ്യാപന്‍ തുടങ്ങി.
.
തെങ്ങ് ഒരു ഒറ്റ തടി വൃക്ഷമാണ്.
ധാരാളം ആളുകള്‍ പുല്ലു മേയാനായി പശൂനെ ഇതിന്‍റെ തടിയില്‍ കെട്ടിയിടാറുണ്ട്.
.
പശു ഒരു പുണ്യമൃഗം ആണ്.
പശു നമുക്ക് പാല്‍ തരുന്നു.
പാല്‍ മികച്ച പോഷകാഹാരമാണ്.
ചാണകം വളമായി ഉപയോഗിക്കാം.
.
സംഘി ഡാ.....

നർമം :- ബീവറേജ് ക്യു

ഇപ്പഴെങ്ങാനും ഒരു മനുഷ്യചങ്ങല നടത്തിയാ ചങ്ങല ഏത്, ബീവറേജിന്‍റെ ക്യൂ ഏത് എന്ന് തിരിച്ചറിയാനാവാതെ മാധ്യമപട വലഞ്ഞേനെ!!!

നർമം :-ഉത്തര കൊറിയ പ്രസിഡന്റും വിജയനും

നോര്‍ത്ത് കൊറിയയുടെ ഏകാധിപതിയായി കിം ജോങ് ഉന്‍ അധികാരമേറ്റ ഉടന്‍ പുറപ്പിടി വച്ച ഉത്തരവ് ഇനി രാജ്യത്ത് ജനിക്കുന്ന ഒരു കുട്ടിക്കും കിം ജോങ് ഉന്‍ എന്ന് പേരിടരുത് എന്നായിരുന്നു.
കേരളത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി പത്ത് മാസം കഴിഞ്ഞപ്പൊ ജനങ്ങള്‍ എടുത്ത തീരുമാനം ഇനി ജനിക്കുന്ന ഒരു കുഞ്ഞിനും വിജയന്‍ എന്ന് പേരിടില്ല എന്നാണ്...
വെറുതെ എന്തിനാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നേ 😜😜😜

'അമ്മ ദിൻ - മഹിജ കേസ്

'' രണ്ടര വര്‍ഷമായി മോഡി ശ്രമിക്കുന്നു അച്ഛാ ദിന്‍ കൊണ്ടു വരാന്‍,
വെറും പത്ത് മാസംകൊണ്ട് പിണറായി കൊണ്ടു വന്നു, ഒരു അമ്മാ ദിന്‍ ''

Wednesday, March 29, 2017

നർമം :- പ്രായിക്കുളം അപ്പച്ചന്‍ അഥവാ പരമസാധു.


നാലുവര്‍ഷത്തെ എഞ്ചിനീയറിംഗ്
പഠനത്തിന് പുളിങ്കുന്ന് എത്തിയ ഡവറ,നാണു,ഡൂഡു,കിളവന്‍,അവാര്‍ഡ്,സോമന്‍ എന്നിവരുടെ താവളം ആയിരുന്നു അപ്പച്ചന്‍റെ പ്രായിക്കുളം തറവാട്.
.
എനിക്കും തടിയനും കുടിയനും ഒക്കെ വേറെ വീടുണ്ടെന്‍കിലും അവിടത്തെ മുതലാളിമാര്‍ വാടക വാങ്ങാന്‍ പ്രായിക്കുളത്ത് എത്തുമ്പോളേ ഞങ്ങളെ കാണാറുള്ളൂ. അങ്ങനെ ഞങ്ങളും പ്രായിക്കുളം തറവാട്ടിലെ ആണ് എന്ന് പറയാം.....
.
അപ്പച്ചന്‍, സാധു ആയിരുന്നു. എന്ത് നുണ പറഞ്ഞാലും വിശ്വസിക്കും.
പക്ഷേ അതിനുമുന്‍പ് ആരോടെങ്കിലും
''ഡോ,ശരി ആണോടോ ഈ പറഞ്ഞത് '' എന്ന് ചോദിക്കും.
.
മിക്കവാറും അത് നാണുവിനോടാവും ...
വായില്‍ നിന്ന് നാല് ആശ്ചര്യചിഹ്നവും ഒന്നരമീറ്റര്‍ ദൂരത്തേക്ക് വായ്നാറ്റവും പുറത്തുവിട്ട് ''പിന്നല്ലാതെ'' എന്ന് നാണുപറഞ്ഞാല്‍ മേല്‍പറഞ്ഞ മൂന്നും പിന്നെ ആദ്യം കേട്ട നുണയും അപ്പച്ചന്‍ തൊണ്ട തൊടാതെ വിഴുങ്ങും.
.
അഞ്ചുപേർ ചേര്‍ന്ന് ഒരു ലിറ്റര്‍ മദ്യം വാങ്ങിയിട്ട് അതില്‍ അരലിറ്ററും അപ്പച്ചനാണ് കുടിച്ചത് എന്ന് പറഞ്ഞ് പാതി ഷെയര്‍ വാങ്ങുമ്പോൾ അപ്പച്ചന്‍ പറയുന്ന വാക്കുകള്‍ കേട്ടാല്‍ സങ്കടം വരും.'
.
'ഡോ, ഞാന്‍ അരലിറ്റര്‍ കുടിച്ചിട്ടും ഒന്നുമായില്ലല്ലോഡോ.... ഒന്നരയടിച്ച നിങ്ങളൊക്കെ ഫിറ്റും ആയി.. കപ്പാസിറ്റി കുറവാണ് അല്ലേഡോ''
.
വേറെ വരുമാനം ഒന്നും ഇല്ലാത്തകൊണ്ട് അപ്പച്ചന്‍റെ വാക്കുകള്‍ ഉണ്ടാക്കുന്ന സങ്കടം മനസ്സില്‍ തന്നെ കിടക്കും, അപ്പച്ചന്‍റെ ഷെയര്‍ പണം ഞങ്ങടെ കീശയിലും...
.
ആ നിഷ്കളങ്കതയെ നാണുവോ,ഡൂഡുവോ,കിളവനോ വേറെ ഏതെങ്കിലും ചീത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ മംഗളം ചാനലിനെ അന്വേഷണം ഏല്‍പിച്ചാലേ അറിയാന്‍ പറ്റൂ.....
.
അംബാനിക്ക് മാനസാന്തരം ഉണ്ടാകും മുമ്പേ ഉള്ള കാലമായിരുന്നു അത്. അതായത് ജിയോ സിം ഒന്നുമില്ലാത്ത , ഇന്‍റര്‍നെറ്റിന് ചിലവേറെയുള്ള കാലം.
.
അങ്ങനെയുള്ള ഒരു ദിവസം സോമന്‍ നാട്ടില്‍ നിന്നു വരുമ്പോൾ ഒരു മോഡവും കൂടെ കുറച്ച് ഐറ്റങ്ങളും കൊണ്ട് വന്നു. ടെലിഫോൺ പോസ്റ്റില്‍ കയറി വയര്‍കുത്തി അപ്പച്ചന്‍ അറിയാതെ ഇന്‍റര്‍നെറ്റ് എടുക്കുന്ന വിദ്യ അവന്‍ പറഞ്ഞപ്പോള്‍ ചന്ദ്രലേഖയില്‍ ബാങ്ക് മാനേജരുടെ രൂപത്തില്‍ മോഹന്‍ലാല്‍ കണ്ട പടച്ചോനെ ഞങ്ങള്‍ സോമന്‍റെ രുപത്തില്‍ കണ്ടു.
.
അന്ന് രാത്രി മുതല്‍ ഷക്കീലയും രേഷ്മയും മറിയയും ഒക്കെ യൂട്യൂബ് വഴി ഞങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്നു.
.
വെളുക്കുവോളം ഷക്കീലയേയും കണ്ടിരുന്നപ്പോള്‍ പ്രധാനമായും 'പൊങ്ങിയത് ' അപ്പച്ചന്‍റ ടെലഫോണ്‍ ബില്‍ ആയിരുന്നു. ഇങ്ങോട്ട് വരുന്ന വിളിക്ക് പോലും ചാര്‍ജ് ചെയ്യുമോ എന്ന് പേടിച്ച് ഉപയോഗിച്ചിരുന്ന ഫോണ്‍ ബില്‍ ചരിത്രത്തിലാദ്യമായി മിനിമത്തില്‍ നിന്നും മൂവായിരമായി.
.
ടെലഫോണ്‍ ഓഫീസിലെത്തിയ അപ്പച്ചനുമുന്നില്‍ അവര് കൈമലര്‍ത്തി.
.
ഇതിനിടയില്‍ കൂട്ടത്തിലെ ഒറ്റുകാരന്‍, ആരെങ്കിലും ടെലഫോണ്‍ പോസ്റ്റില്‍ വയര്‍ കുത്തി ഇന്‍റര്‍നെറ്റോ ഫോണോ ഉപയോഗിക്കുന്നതാവും ബില്‍ കൂടാന്‍ കാരണം എന്ന് അപ്പച്ചനെ ബോധ്യപ്പെടുത്തി.
.
ഇത് കേട്ട് ആലില പോലെ വിറച്ച അപ്പച്ചന്‍ നേരെ അയല്‍ പക്കത്തേക്ക് പാഞ്ഞു.
അവരുടെ വേലിയും പടിയും അപ്പച്ചന്‍ തൊട്ടടുത്ത തോട്ടിലേക്ക് പറത്തി, വിവരം അറിഞ്ഞെത്തിയ പോലീസ് അപ്പച്ചനെയും കൊണ്ട് പറക്കുകയും ചെയ്തും.
.
അപ്പച്ചനെ അടിക്കാനുള്ള ആവേശത്തില്‍ അയല്‍ക്കാരും, അണ്ടര്‍ വെയറില്‍ അപ്പച്ചനും സ്റ്റേഷനില്‍ നിന്നു.
.
ബി.എസ്.എന്‍.എല്‍. ഓഫീസറും,പോലീസും ഒക്കെ ഉപദേശിച്ചും താക്കീത് ചെയ്തും അപ്പച്ചനെ പറഞ്ഞുവിട്ടു. ഷഡ്ഡിപുറത്ത് നിന്നതിന്‍റെ അപമാനംകൊണ്ട് അന്ന് വൈകുന്നേരം അപ്പച്ചന്‍ പുറത്തിറങ്ങിയില്ല.
.
ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയം അല്ല എന്ന രീതിയില്‍ രാത്രി സോമന്‍ വീണ്ടും ടെലഫോണ്‍ പോസ്റ്റില്‍ കയറി. ഞങ്ങളും ഞങ്ങടെ പിള്ളേരും ജനഗണമന കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ റെഡിയായ കുട്ടികളെ പോലെ സിസ്റ്റത്തിന് മുന്നില്‍ ഇരുപ്പുപ്പിച്ചു.
.
എല്ലാം കണക്റ്റ് ചെയ്ത സോമന്‍റെ മുന്നിലേക്ക് അന്നാദ്യമായി പുതിയ ഒരു വിന്‍ന്‍റോ പ്രത്യക്ഷപ്പെട്ടു,
''എന്‍റര്‍ പാസ് വേര്‍ഡ് ''എന്നായിരുന്നു അത്.
.
അതെ സ്റ്റേഷനില്‍ നിന്നും കിട്ടിയ ഉപദേശത്തിന്‍റെ ഭാഗമായി അപ്പച്ചന്‍ ഫോണ്‍ നമ്പർ ലോക്കിട്ട് പൂട്ടി.
.
കറവവറ്റിയ പ്രിയ്യപ്പെട്ട പശുവിനെ അറവുകാരന് കൊടുക്കുന്ന വീട്ടമ്മയുടെ സങ്കടത്തോടെ സോമന്‍ മോഡവും അനുബന്ധ കീടങ്ങളും എടുത്ത് അട്ടത്ത് ഇട്ടു.
.
അപ്പച്ചന് സംശയം തോന്നിയാലോ എന്ന് കരുതി ആരും അതേ പറ്റി ഒന്നും ചോദിച്ചില്ല.
.
രണ്ടുമൂന്ന് ദിവസം കഴിഞ്ഞുള്ള ഒരു വെള്ളമടി പരിപാടിയില്‍ അപ്പച്ചന്‍ മനസ്സ് തുറന്നു.
.
ബി.എസ്.എന്‍.എല്‍.കാരുടെ ഉപദേശപ്രകാരം ഫോണ്‍ നമ്പർ ലോക്ക് ഇട്ട് പൂട്ടിയ കഥ.
കൂട്ടത്തില്‍ ഒരു ഡയലോഗും
.
'' എഡോ, ആളുകളോട് ഫോണ്‍ പൂട്ടാന്‍ പറഞ്ഞാ അവര് ചിലപ്പൊ 1000 അല്ലെങ്കിൽ 8888 അല്ലെങ്കിൽ അവരുടെ ജനിച്ച വര്‍ഷം അല്ലെങ്കിൽ വണ്ടി നമ്പർ ഒക്കെ ഇട്ട് ലോക്ക് ചെയ്യും... അതൊക്കെ അയല്‍ക്കാര് പൊക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ആരും കണ്ടുപിടിക്കാന്‍ ചാന്‍സ് ഇല്ലാത്ത 2573 എന്ന നമ്പർ ഇട്ട് അങ്ങ് പൂട്ടി. ഇനി ഒരുത്തനും കണ്ട്പിടിക്കില്ല."
.
"എന്തോ, ങ്ങാ അപ്പച്ചൻ ഇവിടുണ്ട്."
ഡവറ ആണ് അപ്പച്ചന് വേണ്ടി അപ്പച്ചന്റെ അച്ഛന്റെ ഇല്ലാത്ത വിളി കേട്ടത്.
.
"ദാ വരുന്നു " എന്ന് പറഞ്ഞു അപ്പച്ചൻ ഓടി വീട്ടിൽ കയറുമ്പോളേക്കും സോമൻ അട്ടത്തും ടെലിഫോൺ പോസ്റ്റിലും കയറി ഇറങ്ങി കഴിഞ്ഞിരുന്നു.
അപ്പച്ചൻ വീണ്ടും പാസ് വേർഡ് നമ്പർ മറ്റും വരെ ഞങ്ങളുടെ ചോർത്തൽ തുടർന്നു .
.
"തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല ഗോപുമോനെ " എന്ന ഷക്കീലാ ദേവിയുടെ വാക്കുകൾ ഞങ്ങളിൽ പശ്ചാത്താപം ഉണ്ടാക്കിയില്ല.
.
വൽക്കഷണം : അപ്പച്ചാ, മേൽപറഞ്ഞ സകലമാന ടീമിന്റെയും നമ്പർ എന്റെ കയ്യിൽ ഉണ്ട്. അവന്മാരെ വിളിച്ചു നഷ്ടപരിഹാരം വാങ്ങി അടുത്ത വള്ളം കളിക്ക് നമുക്ക് ഒരു പ്രായിക്കുളം ചുണ്ടൻ ഇറക്കിയാലോ ? ഞാൻ റെഡി....

Monday, March 20, 2017

ലോട്ടറി

ലോട്ടറി
---------------
'' വെറുതെ ലോട്ടറി എടുത്ത് പൈസ കളയാന്‍ നിനക്ക് വട്ടാണോ? ''

ഈ ചോദ്യം ലോട്ടറി എടുക്കുന്ന പലരും ലോട്ടറി എടുക്കാത്ത സുഹൃത്തുക്കളില്‍ നിന്നും കേട്ടിരിക്കും. ആ ചോദ്യകര്‍ത്താക്കള്‍ക്കുള്ള ഉത്തരം ആണ് ഇവിടെ നല്‍കുന്നത്.

Monday- വിന്‍ വിന്‍(30Rs)
Tuesday-സ്ത്രീശക്തി(50Rs)
Wedneday-അക്ഷയ(30Rs)
Thursday-കാരുണ്യ(50Rs)
Friday-ഭാഗ്യനിധി(30Rs)
Saturday-കാരുണ്യ + (50Rs)
Sunday-പൗര്‍ണമി(30Rs)

ഓരോ ആഴ്ചയും കേരളാ ഗവര്‍മെന്‍റിന്‍റെ ലോട്ടറി ടിക്കറ്റുകള്‍ ആണ് ഇത്. എല്ലാ ദിവസവും ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക്  ഒരാഴ്ച 270 രൂപ ആണ് ചിലവാകുക, വര്‍ഷത്തില്‍ 14040 രൂപ.

അങ്ങനെ വര്‍ഷത്തില്‍ എല്ലാ ദിവസവും ടിക്കറ്റ് എടുക്കുന്ന ഒരാളെ അറിയുമെന്‍കില്‍ അയാളോട് ചോദിക്കുക, കഴിഞ്ഞ വര്‍ഷം എത്ര സമ്മാനം ലഭിച്ചു എന്ന്.. അയാള്‍ പറയുന്ന ഉത്തരം  ഓ!! ഒരു മൂന്നു തവണ 5000 വച്ച് കിട്ടി എന്നോ മറ്റോ ആയിരിക്കും.അത് നഷ്ടം ആണ് എന്ന ചിന്തയിലായിരിക്കും അയാള്‍ അത് പറയുക.സത്യത്തില്‍ അയാള്‍ പോലും അറിയുന്നില്ല അയാളുടെ ചെറിയ ലാഭം.

കളിയാക്കണ്ട, ദിവസേന ഒരു ലോട്ടറി വച്ചെടുക്കുന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ തന്നെ ആണ് പറയുന്നത് .

ഇത് നിങ്ങള്‍ നാളെ മുതല്‍ ചെന്ന് ലോട്ടറി എടുത്ത് തുടങ്ങണം എന്ന് പറയാന്‍ അല്ല, ലോട്ടറി ബിസിനസ്സുമായി ബന്ധപ്പെട്ട ഒരുപാട് പാവപ്പെട്ട കുടുംബങ്ങള്‍ ഉണ്ട്  എന്ന് ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. നിങ്ങള്‍ 30 രൂപയുടെ ടിക്കറ്റ് വാങ്ങുംബോള്‍ അവര്‍ക്ക് ലഭിക്കുന്നത്  *മിനിമം 6 രൂപ* ആണ്.

ഞാന്‍ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആള്‍ ആണ് എന്ന് പറഞ്ഞല്ലോ, അതില്‍ ഒരു ടിക്കറ്റ് പോലും കടയില്‍ നിന്നും എടുക്കാറില്ല. *അംഗവൈകല്ല്യം ഉള്ളവരില്‍ നിന്നോ അല്ലെന്‍കില്‍ സ്ത്രീകളില്‍ നിന്നോ* ആയിരിക്കും. നമുക്ക് സമ്മാനം ഒന്നും ലഭിച്ചില്ലെന്‍കിലും ഒരു ദിവസം ഒരാള്‍ക്ക് എന്‍കിലും ഒരു ചെറിയ സഹായം നല്‍കി എന്ന സമാധാനത്തോടെ ഉറങ്ങാന്‍ കഴിയും.

*പുള്ളോട് പ്രവീണ്‍*

Tuesday, March 7, 2017

ലോക വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഒരച്ഛന്റെ തുറന്ന കത്ത്

ലോക വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഒരച്ഛന്റെ തുറന്ന കത്ത്
---------------------------------------------------------------------------
.
പ്രിയ മോദിജി ,
.
അങ്ങ് ഭരിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തന്നെ ഭാഗമായ കേരളം എന്ന കൊച്ചു സംസ്ഥാനത്തു നിന്നാണ് ഈ കത്ത് എഴുതുന്നത്. കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ അംഗം ആയ എനിക്ക് നാലര വയസ്സുള്ള ഒരു മോളുണ്ട് , ആ കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള വ്യാകുലതയാണ് അങ്ങയോട് പങ്കു വക്കാൻ ആഗ്രഹിക്കുന്നത് .
.
ഇന്ന് ഞങ്ങളുടെ നാട്ടിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ കേൾക്കുമ്പോൾ ഒരു അച്ഛനും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് . പെൺകുട്ടികൾ മുതൽ വയോവൃദ്ധകൾ വരെ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പീഢിപ്പിക്കപെടുന്നു . വീട്ടിലും , സ്കൂളിലും, കോളേജിലും, ഓഫീസിലും, നാട്ടിലും യാത്രാ വേളകളിലും ഒരു പെൺകുട്ടിയും സുരക്ഷിതം അല്ലാത്ത അവസ്ഥ.കുഞ്ഞു കുട്ടി മുതൽ സെലിബ്രിറ്റി വരെ ആക്രമിക്കപ്പെടുന്നു.
.
പോലീസുകാരുടെ അനാസ്ഥയെ കുറിച്ച് പറയാനോ, രാഷ്ട്രീയ പാർട്ടികളുടെ കാര്യക്ഷമത ഇല്ലായ്മ പറഞ്ഞു അവരെ കുറ്റപ്പെടുത്താനോ ഞാനില്ല.
.
അങ്ങയുടെ രാജ്യത്തു എന്റെ മകൾ സുരക്ഷിത ആയിരിക്കും എന്ന് ഉറപ്പുള്ള ഒരു സംസ്ഥാനം പറഞ്ഞു തരുക, ഇതു വരെ ചേർത്തു വച്ച സമ്പാദ്യങ്ങൾ എല്ലാം ഉപേക്ഷിച്ച് അവിടേക്കു മാറാൻ ഞാൻ തയ്യാറാണ്. മകളുടെ മാനത്തേക്കാൾ വലുതൊന്നുമല്ലല്ലോ ജനിച്ച വീടും, പിറന്ന മണ്ണും ഒന്നും.
അങ്ങയുടെ ഉപദേശത്തിന് കാത്തിരിക്കുന്ന
ഒരു പിതാവ്
പുള്ളോട് പ്രവീൺ
 (പരമാവധി ഷെയർ ചെയ്യുക )

Saturday, February 25, 2017

ഗതികോർജം

ഉയരത്തിൽ  വീഴുന്ന ഒരു വസ്തുവിന് ഗതികോർജം കൂടി അത് ശക്തിയായി പതിക്കും എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണ്.

ഉദാ :-

ഒരു മതിലിൽ  ചാടിയാൽ നമുക്ക്  സംഭവിക്കില്ല .

ഒന്നാം നിലയിൽ നിന്നും ചാടിയാൽ കാല് ഓടിയും.

പത്താം നിലയിൽ നിന്നും ചാടിയാൽ കാലൻ കൊണ്ട് പോകും .

അങ്ങനെ എങ്കിൽ വിമാനത്തിൽ നിന്നും വീഴുന്ന ഒരു രൂപ നാണയം നമ്മുടെ തലയിൽ ആണ് വീഴുന്നത് എങ്കിൽ തല തുരന്ന് താഴേക്കു പോകില്ലേ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.

അവലംബം

ഏതൊരു കാര്യത്തിനായാലും ആരെങ്കിലും നമ്മളെ ഒരു അളവ് കോൽ ആക്കുക എന്നത് അഭിമാനിക്കാവുന്നതോ അപമാനകാരമോ ആയിരിക്കും .

ഞാൻ പറയാൻ പോകുന്നത് അഭിമാനം ആണോ അപമാനം ആണോ എന്ന് എനിക്ക് അറിയില്ല, തീരുമാനം നിങ്ങൾക്ക് വിടുന്നു.

2013 ഡിസംബർ വരെ ബ്രാൻഡും, അളവും,സമയവും, സന്നർഭവും , സ്ഥലവും നോക്കാതെ മദ്യപിക്കുന്ന ഒരാൾ ആയിരുന്നു ഞാൻ.

ഇനി കാര്യത്തിലേക്കു വരാം , നാട്ടിൽ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. എന്തെങ്കിലും ഒരു കാര്യം ചോദിച്ചാൽ  എങ്കിലും അവലംബം ആക്കിയേ അവൻ  പറയൂ ...

ഉദാ :

1 .
-"ഡാ കയ്യിൽ പൈസ ഉണ്ടോ ?"
-"പൈസ ഒക്കെ ഉണ്ട്, പക്ഷെ അംബാനിയുടെ അത്രേം ഇല്ല.

2 .
-"ഡാ നിനക്ക് ഇംഗ്ലീഷ് അറിയുമോ?"
-"ഇംഗ്ലീഷ് ഒക്കെ അറിയും, പക്ഷെ പൃഥ്വിരാജ് ഇന്റെ അത്രേം അറിയില്ല .

3 .
-"ഡാ നീ ഓടുമോ ?"
-"ഒടുവൊക്കെ ചെയ്യും പക്ഷെ ബോൾട്ടിന്റെ അത്രേം ഓടില്ല "

ആ സമയത്ത് ആരെങ്കിലും 
-"ഡാ നീ കുടിക്കുമോ?"
എന്ന് ചോദിച്ചാൽ അവൻ  അത്രേ,

-"കുടിക്കുവൊക്കെ ചെയ്യും, പക്ഷെ പുള്ളോടന്റെ അത്രേം കുടിക്കില്ല എന്ന്"

അന്ന് അവൻ അറിയുന്ന ഏറ്റവും വലിയ  ആയിരുന്നു, എന്താലേ?

Wednesday, February 22, 2017

സർകാസം എബൌട്ട് ലാൽ

നായരാണ് അയാൾ , മോഹൻലാൽ നായർ.
നായരിൽ കുറഞ്ഞ ഒരു കഥാപാത്രം അയാള് ചെയ്യില്ല,
ദളിതൻ ആയി അഭിനയിച്ച അയാളുടെ ഒരു സിനിമ പറയാമോ?
കഴിയില്ലാ , സവർണ്ണ വർഗ്ഗത്തിന്റെ അഭ്രപാളിയിലെ പ്രതിനിധി ആണയാൾ !!!
മോഹൻലാൽ കമ്മ്യുണിസ്റ് ആയി അഭിനയിച്ച ഒരു സിനിമ പറയാമോ?
ലാൽസലാം എന്ന് പറയാൻ വരട്ടെ, സിനിമയുടെ തിരക്കഥ തിരുത്തി ഇടവേളയ്ക്കു ശേഷം നെട്ടൂരാൻ മുതലാളി ആയി കുതികാൽ വെട്ടുകാരനാണ് അയാൾ. സിനിമയിൽ പോലും ഒരു രണ്ടര മണിക്കൂർ കമ്മ്യുണിസ്റ് ആയി അഭിനയിക്കാൻ കഴിയാത്ത വർഗ വഞ്ചകനാണ് അയാൾ !!
ലോകത്തുള്ള എന്തും തരാം എന്ന് സായികുമാർ പറഞ്ഞപ്പോൾ, കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങി കുറച്ചു തൊഴിലാളികൾക്ക് ജോലി കൊടുത്ത് അവരുടെ കുടുംബം പോറ്റണം എന്നല്ല മോഹൻലാൽനായർ പറഞ്ഞത് കോവിലകം വാങ്ങി ആറാം തമ്പുരാൻ ആയി ജീവിക്കണം എന്നാണ്, അധികാര മോഹിയാണ് അയാൾ .
ഒരുപാടു സമരങ്ങൾക്കിടയിൽ പോലീസിന്റെ തല്ലു കൊണ്ടിട്ടും തിരിച്ചു നൽകാതെ എല്ലാം സഹിച്ച നമ്മുടെ പിള്ളേരെ പോലെ അല്ല അയാൾ , എത്രെ എത്രെ പൊലീസുകാരെ ആണ് അയാൾ തല്ലിയിട്ടുള്ളത് . സിദ്ധിക്കും, ഭീമൻ രഘുവും ഒക്കെ എന്ന് പോലീസ് യൂണിഫോം ഇട്ടാലും ഇയാള് തല്ലും. അധികാര വർഗത്തെ പേടി ഇല്ലാത്ത റിബൽ ആണ് അയാൾ.
ചെയ്യാത്ത കുറ്റത്തിന് ആറു വര്ഷം ജയിലിൽ കിടന്നവനാണ് ഇന്ദുചൂഡൻ എന്ന് പറഞ്ഞു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തന്നെ അധിക്ഷേപിച്ച കോടതി വിരോധിയാണ് അയാൾ.
തൊഴിലാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും മടി ഇല്ലാത്ത മുതലാളി പ്രമാണിയാണ് അയാൾ. ആന്റണി പെരുമ്പാവൂർ എന്ന സ്വന്തം ഡ്രൈവർ തൊഴിലാളിയെ മുതലാളി ആക്കി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തിയ തൊഴിലാളി വിരുദ്ധൻ ആണ് അയാൾ.
മുപ്പതു ദിവസവും ബീവറേജിന്റെ ക്വീവിൽ നിന്ന് സാധനം വാങ്ങിക്കൊടുത്ത ആളെ മറന്ന് ഏതോ ഒന്നാം തിയതി ഫ്രീ ആയി സാധനം കൊടുത്ത പട്ടാളക്കാരനെ കുറിച്ച് ബ്ലോഗ് എഴുതി മണിയടിച്ച നന്ദിയില്ലാത്ത ആളാണ് മോഹൻലാൽ നായർ .
മിസ്റ്റർ മോഹൻലാൽ നായർ, ഞങ്ങൾക്കാണ് തെറ്റ് പറ്റിയത്. പത്തനാപുരത്ത് നിങ്ങൾ പ്രചാരണത്തിന് വന്നപ്പോൾ ഞങളുടെ ആള് ആണ് എന്ന് തെറ്റിദ്ധരിച്ചു . പിണങ്ങിപോയെ ഭാര്യയെയും , വീട്ടിൽ പണിക്ക് വന്ന ബംഗാളിയെയും വരെ ഞങ്ങൾ സഖാക്കള് കൊണ്ട് പോയി പുലിമുരുഗൻ കാണിച്ചു കൊടുത്തത് അതുകൊണ്ടാണ്.
താങ്കൾ എന്ത് വിചാരിച്ചു മി. ഞങൾ അന്തം കമ്മികളും ഇടയ്ക്കു ഇടയ്ക്കു മണ്ടന്മാർ ആക്കാൻ പറ്റുന്നവരും ആണെന്നോ? തന്റെ ഒക്കെ അടുത്ത പടം ഇറങ്ങട്ടെ. ടിക്കറ്റും വാങ്ങി തന്റെ മോന്ത കാണണ്ട എന്ന് പറഞ്ഞു തീയേറ്ററിന് അകത്തു പോലും കയറാതെ തിരിച്ചു നടക്കും ഞങ്ങൾ , നോക്കിക്കോ!!
വൽക്കഷണം : ഏയ് ഒന്നും പട്ടീട്ടില്ല. മൊബൈലിന്റെ ചാർജ് തീർന്നപ്പോ ഒരു കമ്മ്യുണിസ്റ് കാരൻ കൂട്ടുകാരന്റെ മൊബൈലിൽ സിം ഇട്ടതാ ... എന്റെ മൊബൈല് ശരി ആയ പഴയ പോലെ സഖാക്കള് പറയും പോലെ ഖദർ ഷർട്ടും, കാക്കി പാന്റും ഇട്ടു തിരിച്ചു വരാം ... ലാൽസലാം .

27 കിലോ ശർക്കരയും ഞാനും -------------------------------

27 കിലോ ശർക്കരയും ഞാനും
-------------------------------
ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞു ഞാൻ പുളേളാട് വിട്ട് പാലക്കാട് താമസം ആക്കിയിട്ട്. അന്നു മുതൽ സ്ഥിരം കടകളിൽ നിന്നാണ് സാധങ്ങൾ വാങ്ങാറ്.
പച്ചക്കറി,പലചരക്ക്,ലോട്ടറി,പാല്,പുസ്തകം,മുറുക്കാൻ എന്നിവക്കെല്ലാം അതിൻറേതായ ഒരു സ്ഥിരംട കണ്ടു പിടിക്കാൻ പെട്ടന്ന് തന്നെ കഴിഞ്ഞു.
മിക്കവാറും എട്ട് മണിക്ക് ശേഷമാകും കടയിൽ പോകുക എന്നത് കൊണ്ട് അധികം തിരക്ക് ഇല്ലാത്ത സമയം ആവും. അതുകൊണ്ട് തന്നെ കടക്കാരനും ആയി പെട്ടന്ന് കമ്പിനി ആവാനും കഴിഞ്ഞു.
അങ്ങനെയുളള കമ്പനി ആയതുകൊണ്ടുളള ഒരു ശീലം ആയിരുന്നു എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ കുറച്ച് അധികം കിലോയുടെ വില ചോദിക്കൽ. പെട്ടന്ന് കണക്കുകൂട്ടാൻ കഷ്ടമുളള സംഖ്യ ആവും ചോദിക്കുക. ഉദ: ഒരു കിലോ തക്കാളി വാങ്ങാൻ പോയാൽ 19 കിലൊ തക്കാളിയുടെ വില ചോദിക്കുക. അരക്കിലോ പരിപ്പ് വാങ്ങാൻ പോയാൽ നാലേമുക്കാൽ കിലോ പരിപ്പിൻറ വില ചോദിക്കുക എന്നിങ്ങനെ. സ്ഥിരം കടയിലെ പതിവു ചോദ്യം ആയതിനാൽ കടക്കാരൻ മൈൻറ് ചെയ്യാറില്ലെങ്കിലും മറ്റ് കസ്റ്റമേഴ്സ് ആശ്ചര്യത്തോടെ നോക്കുന്നത് കാണാറുണ്ട്.
ഇന്നലെ പാലക്കാട് നിന്നും പുളേളാട് ഉളള യാത്രക്കിടയില് ഇഞ്ചിക്കറി ഉണ്ടാക്കാൻ ശകലം ശർക്കര വാങ്ങി വരാൻ പറഞ്ഞുകൊണ്ട് അമ്മയുടെ ഫോൺ വന്നു.
കഴൽമന്ദത്തു നിന്നും വാങ്ങി പോകാം എന്ന് തീരുമാനിച്ച് ഹൈവേയിൽ നിന്നും കോട്ടായി റൂട്ടിലേക്ക് വണ്ടിയിറക്കി ആദ്യം കണ്ട കടയിൽ കയറി.
പതിവില്ലാത്ത കടയാണന്ന കാര്യം മറന്ന് പതിവ് ശീലം ആവർത്തിച്ചു.
"ചേട്ടാ 27 കിലോ ശർക്കരക്കെന്താ വില ?"
എന്നെ ഒന്ന് നോക്കിയശേഷം കടക്കാരൻ ചെവിയിൽ വച്ചിരുന്ന പേനയെടുത്ത് കണക്ക് കൂട്ടലാരംഭിച്ചു.
ഒരു പഴം എടുത്തോട്ടെ എന്ന ചോദ്യത്തിന് അയാള് ആംഗ്യഭാഷയിൽ മറപടി പറയുമ്പോഴും അയാളുടെ ചുണ്ടുകൾ ശബ്ദമില്ലാതെ ഉത്തരം തേടുന്ന തിരക്കിലായിരുന്നു.
പഴം കഴിച്ചുകഴിഞ്ഞ് തിരിഞ്ഞപ്പോൾ അയാൾ ഒരു കടലാസ് എനിക്കുനേരെ നീട്ടീട്ട് പറഞ്ഞു, 1593 രൂപ.
ഞാൻ കടലാസ് വാങ്ങി നോക്കി 27 നെ 60 കൊണ്ട് ഗുണിച്ച് 27 കുറച്ച് ഉത്തരം 1593 എന്നെഴുതി അടിയില് രണ്ട് വര ഇട്ടിരിക്കുന്നു. ഞാനതി നോക്കുന്നതിനിടയില് അയാള് പറഞ്ഞു.
"കിലോ 59 ആയിട്ടാണ് ഇട്ടിരിക്കുന്നത്. ന്നാ എടുക്കട്ടെ ? "
" അത്രേം വേണ്ട ചേട്ടാ ഒരു 20 രൂപക്ക് എടുത്താൽ മതി "
ഞാൻ പറഞ്ഞത് കൃത്യമായി കേട്ടെങ്കിലും അയാൾ ഒരു സംശയത്തോടെ ചോദിച്ചു,
" 20 കിലോയോ ? "
" അല്ല ചേട്ടാ 20 രൂപക്ക് "
പിന്നെ എന്താണ് അവിടെ സംഭവിച്ചത് എന്ന് ഒരു ഓർമയും ഇല്ല. മലക്ക് പോവാൻ മാലയിട്ട സ്വാമിയാണ് എന്ന് പറഞ്ഞിട്ടുപോലും തെറിയുടെ തീവ്രത ഒട്ടും കുറച്ചില്ല അയാള്.
ഇത്രകാലം പാലക്കാട് തന്നെ ജീവിച്ചിട്ടും ഇത്തരം പുതിയ തെറികളൊക്കെ ഇറങ്ങിയത് ഇന്നലെ ആയിരുന്നു. മലക്ക് പോയി വരട്ടെ.
ചിലരോടൊക്കെ അത് ഉപയോഗിക്കാനുണ്ട് , കരുതിയിരുന്നോ.!!!!!

നർമം : ശബരിമല യാത്രക്കിടയിൽ നിന്നും

ചിരിച്ച് ചിരിച്ച് മണ്ണ് കപ്പുക എന്ന പ്രയോഗം നമ്മൾ കേൾക്കാറുണ്ടങ്കിലും അത്തരം ഒരവസ്ഥയിൽ നമ്മൾ എത്താറുളളത് ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ്. എൻറെ അത്തരം ഒരു അനുഭവം ഇതാ,
ഞാനും ഒരു കൂട്ടുകാരനും അപരിചിതരായ അമ്പത്പേരുമായി രണ്ടു ദിവസത്തെ ശബരിമലയാത്രയിലായിരുന്നു. യാത്രക്കിടയിലെ ചെറിയ ഇടവേളകളിൽ മറ്റുളളവരെ പരിചയപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ വിനോദം.
നമ്മളെല്ലാവരും തന്നെ ഇത്തരത്തിൽ പരിചയപ്പെടുമ്പോൾ ആ വ്യക്തി നമ്മുടെ വീടിൻറ ഏകദേശം അടുത്തുളളത് ആണ് എങ്കിൽ ഒരു നീലച്ചായമടിച്ച വീടല്ലേ , രണ്ടാഴ്ച മുമ്പ് അവിടെ ഒരു പൈപ്പ് പൊട്ടിയിരുന്നില്ലേ , കഴിഞ്ഞവർഷം ഓട്ടോയും ബൈക്കും ഇടിച്ചത് അതിനടുത്തല്ലേ എന്നൊക്കെ ചോദിച്ച് അയാളുടെ വീട് നമുക്കറിയാം എന്ന് അയാളെ കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിക്കാറുണ്ടല്ലോ. അതിനുവേണ്ടി അയാളുടെ ഡാറ്റ മാക്സിമം ചോദിക്കുകയും ചെയ്യും.
അത്തരത്തിലുളള ഒരു എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധനുമായി എൻറെ കൂട്ടുകാരൻറെ പരിചയപ്പെടൽ ആണ് എന്നെ ആദ്യം പറഞ്ഞ അവസ്ഥയിൽ എത്തിച്ചത്.
തൻറേതല്ലാത്ത കാരണത്താൽ പുളേളാടനുമായുളള സൗഹൃദബന്ധം വേർപെടുത്തിയ യുവാവ് പുതിയ കൂട്ടുകാരനെ തേടുന്നു എന്ന് അവൻ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇടാതിരിക്കാൻ അവൻറെ പേര് വെളിപ്പെടുത്തുന്നില്ല.
കൂട്ടുകാരൻ : " അച്ഛാച്ഛൻറെ സ്ഥലം എവിടാ ? "
വൃദ്ധൻ : " കാട്ടുശ്ശേരി. "
കൂട്ടുകാരൻ : "ഞങ്ങള് അതിനടുത്താ, പുളേളാട് . കാട്ടുശ്ശേരിയില് എവിടെ ? "
വൃദ്ധൻ : " ആ വേല കഴിക്കുന്ന അമ്പലം ഇല്ലേ, അതിൻറ പടിഞ്ഞാറായിട്ട് വരും "
കൂട്ടുകാരൻ : " സ്കൂളിൻറെ സൈഡില് കൂടി പോണ ആ കോളനി ആണോ ? "
വൃദ്ധൻ : " അതെ അതെ അതുതന്നെ "
കൂട്ടകാരൻ : " അവിടെ ആരുടെ മകനാ ?!!!! "
ആ വൃദ്ധൻറ മുഖത്തുണ്ടായ ആശ്ചര്യവും(എന്നെയേ അറിയാല്ലാ പിന്നെയല്ലേ എൻറ അച്ഛനെ) അവൻറെ മുഖത്ത് കണ്ട ആകാംഷയും കൂടിയായപ്പൊ എനിക്ക് ചിരി അടക്കാനായില്ല. ജനാർധനൻ കണ്ടിരുന്നേൽ എന്നെ കരിവീപ്പയിലിട്ട് ഉരുട്ടി എടുത്തേനേ, അമ്മാതിരി ചിരി.

ബഡായി ബംഗ്ലാവ്

ഏകദേശം നൂറ് എപ്പിസോഡുകൾ കഴിഞ്ഞു 'ബഡായി ബംഗ്ലാവ് ' എന്ന പ്രോഗ്രാം തുടങ്ങിയിട്ട്.
പരിപാടിക്ക് ഇട്ടിരിക്കുന്ന പേരിനോട് എന്തെങ്കിലും ആത്മാർതഥ ഉണ്ടെങ്കിൽ ഇനിയെങ്കിലും നരേന്ദ്ര മോദിജിയെ അതിഥി ആയി കൊണ്ടുവരണം.

നെരോലാക് പരസ്യം

വൃത്തിയായിരിക്കുന്ന വീടിന്‍റെ ചുവരുകള്‍ വീണ്ടും വൈറ്റ് പെയിന്‍റടിക്കാന്‍ ശ്രീമതി നിര്‍ബന്ധിക്കാന്‍തുടങ്ങീട്ട് മൂന്ന് മാസമായി.
ദേഷ്യപ്പെട്ട് കാര്യം തിരക്കിയപ്പോഴാണ് കാരണം മനസ്സിലായത്.
വീടിനു പെയിന്‍റ് അടിച്ച ശേഷം ഏതോ ജ്വല്ലറിയില്‍ പോയി വീടിനടിച്ചിരിക്കുന്ന പെയിന്‍റ് ഏതാണന്ന് പറഞ്ഞു കൊടുത്താ 20% വരെ ഡിസ്കൗണ്ട് കിട്ടുമത്രെ.....
എന്താല്ലേ!!!

ഹാപ്പി വാലന്റൈൻസ് ഡേ

ആമുഖം : - "പുഴയിൽ പോയ ഇരുമ്പു മഴുവിന് പകരം സ്വർണ്ണ മഴുവുമായി വന്ന വനദേവത വീണ്ടും വരും എന്ന പ്രതീക്ഷയിൽ അപ്പന്റെ മഴു എടുത്തു പുഴയിൽ ഇട്ട ഫ്രീക്കൻ ചെക്കന്റെ കഥ പോലെ കണ്ടാൽ മതി "
------------------------------------------------------------------
""എന്റെ പ്രിയ പെൺ സുഹൃത്തുക്കളെ ,
നമുക്ക് അതിരാവിലെ എണീറ്റ് പാലക്കാട് കോട്ടക്കുള്ളിലെ ഉദ്യാനത്തിന് ചുറ്റുമുള്ള ടൈൽസിട്ട നടപ്പാതയിലൂടെ നാല് റൌണ്ട് നടക്കാം.....
നടക്കുമ്പോൾ,
.
നമുക്ക് തലേന്നത്തെ ടി.വി.ചാനലുകളിലെ അന്തി ചർച്ചയിലെ വേട്ടക്കാരനും ഇരയും ആവാം.....
.
ബാർബർ ഷോപ്പിൽ കയറിയ വൃദ്ധന്റെ അമളി പറഞ്ഞു ചിരിക്കാം ...
.
ജാലിയൻ വാലാ ബാഗ് സമരത്തിൽ പങ്കെടുക്കാൻ പറ്റാത്തതിന് അഡിഡാസിന്റെ ബാഗിൽ കയറി തല വെളിയിൽ ഇട്ടു ഫോട്ടോ എടുത്തു കലണ്ടറിൽ ഇട്ട മോദിയെ പ്രശംസിക്കാം....
.
സൂര്യ സിങ്കം 4 ഇറക്കാതിരിക്കാൻ പുലിമുരുകനെ വിട്ട് സൂര്യയുടെ സിങ്കത്തെ കൊല്ലാൻ ഉള്ള പ്ലാൻ തയ്യാറാക്കാം.....
.
താത്പര്യം ഉള്ളവർ ഇൻബോക്സിൽ വരുക... പിന്നെ ഇവിടെ മുൻഗണനാ ക്രമം ഒന്നും ഇല്ല..
ആര് , എത്രെ വന്നാലും സ്വീകരിക്കും..... പിന്നെ സമയം അളക്കാൻ ഒരു മണിക്കുട്ടിയും ഓടാനും
ഇല്ലാത്ത കൊണ്ട് ഇന്നോ ,നാളെയോ, മറ്റന്നാളോ എപ്പോ വന്നാലും പ്രശ്നവും ഇല്ല.""
.
പിൻ കുറിപ്പ് :- കട്ട ചളി, സ്ഥിരം വളിപ്പ് , അലമ്പ് കോമഡി എന്നിങ്ങനെ ഉള്ള എന്റെ സ്ഥിരം പോസ്റ്റായി കണക്കാക്കി ചാക്കോ മാഷിന്റെ 51 പവൻ പോലെ മുക്കി കളയരുത്. ഇത് ആത്മാവിന്റെ അന്തർ.... അന്തർ.... ങ്ങാ , അവിടുന്ന് നിർഗളിക്കുന്ന ഒരു സത്യം ആണ് .
.
വാൽക്കഷണം :- "ഞാൻ മതിയോ ", "ചേട്ടാ ഞാൻ പോരട്ടെ " , "അയ്യോ എനിക്ക് വരണം " എന്നിങ്ങനെ പോസ്റ്റ് ഇടാൻ ടൈപ്പ് ചെയ്യുന്ന പുരുഷ കേസരികൾക്കുള്ള മറുപടി ഇവിടെ തരുന്നു...
" ചേട്ടാ , ഇത് മിക്സഡ് ഡബിൾസിന്റെ ടീം സെലെക്ഷൻ ആണ്.. പുരുഷ ഡബിൾസിന്റെ അല്ല "
.
************ ഹാപ്പി വാലന്റൈൻസ് ഡേ **********************

ഒരു ദുരന്ത കഥ

ഒരു ദുരന്ത കഥ :- (ധൈര്യം ഉള്ളവർ മാത്രം വായിക്കുക )
----------------------------
നീണ്ട പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു ബസ് യാത്രക്കിടയിൽ ആണ് ഞാൻ അവനെ പരിചയപ്പെടുന്നത്.പിന്നെ ആ ബന്ധം പെട്ടന്ന് വളർന്നു, അവന്റെ കൂട്ടുകാർ എന്റെയും കൂട്ടുകാർ ആയി, എന്റെ കൂട്ടുകാർ അവന്റെയും... അവന്റെയും എന്റെയും വീട് ഞങ്ങളുടെ വീടായി...
ഈ കാലത്ത് ഒരിക്കലും ഞങ്ങൾ വഴക്കടിച്ചിട്ടില്ല . അതിനുള്ള കാരണം ആയി ഞങ്ങളുടെ അമ്മമാരും കൂട്ടുകാരും ഒരേ സ്വരത്തിൽ പറയും,
"അവര് രണ്ടു പേർക്കും ഒരേ സ്വഭാവം ആണ്.. പിന്നെ എങ്ങനെ അവര് തമ്മിൽ പിണങ്ങും ?"
നാട്ടിലും വീട്ടിലും ഒക്കെ ഞങ്ങൾ രണ്ടു ശരീരം എങ്കിലും ഒരു മനസ്സുമായി ജീവിച്ചു ,
കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു ടെസ്റ്റ് എഴുതാൻ അവൻ ബാംഗ്ലൂർ പോയി, ഞാൻ ആണ് ട്രെയിൻ കയറ്റി വിട്ടതും. തിരിച്ചു വന്നു വിളിക്കാം എന്ന് പറഞ്ഞ അവൻ ഞായറാഴ്ച തിരികെ വന്നെങ്കിലും എന്നെ വിളിച്ചില്ല, അവന്റെ വീട്ടിൽ എല്ലാവരും ഉറങ്ങിയ ആ രാത്രി അവൻ ഫാനിൽ തൂങ്ങി മരിച്ചു.
രാത്രി തന്നെ അവന്റെ വീട്ടിൽ എത്തി തിരച്ചിൽ നടത്തിയ എനിക്കും അവന്റെ വീട്ടുകാർക്കും മരണത്തിനുള്ള കാരണമായി അവൻ എഴുതിയ കത്ത് ലഭിച്ചു.
കഴിഞ്ഞ ഒരു മാസം ആയി അവൻ ഫേസ് ബുക്കിൽ ഇടുന്ന പോസ്റ്റുകൾക്ക് ലൈക്ക് കുറവാണത്രേ, മൂവായിരത്തോളം ഫ്രണ്ട്‌സ് ഉള്ള അവനു ലഭിക്കുന്നത് വെറും മുപ്പതും നാപ്പതും ലൈക്കുകൾ മാത്രം. ഇത് കണ്ട ഞങ്ങളുടെ അമ്മമാർ തകർന്നു.
പോസ്റ്റുമാർട്ടം കഴിഞ്ഞു ബോഡി എടുക്കുന്ന സമയത്തും ആ അമ്മമാരുടെ വേദന ഒന്ന് മാത്രം ആയിരുന്നു, എനിക്കും അവനും ഒരേ സ്വഭാവം ആയതിനാൽ ഇനി എനിക്ക് ലൈക്ക് കുറഞ്ഞാൽ ഞാനും ആത്മഹത്യ ചെയ്യുമോ എന്ന്.
മകനെ ഓർത്തു അവന്റെ പഴയ കഥകൾ പറഞ്ഞല്ല അവര് കരഞ്ഞത്, എന്റെ ഫേസ് ബുക്ക് പോസ്റ്റുകൾക്ക് എങ്കിലും ലൈക്ക് കൊടുക്കണേ എന്ന് പറഞ്ഞാണ്..
അവരെ വിഷമിപ്പിക്കരുത്, ആ കണ്ണീരു കാണാതിരിക്കരുത് .. വേഗം ലൈക് അടിച്ചോളൂ,,,,,

മരണം

ഒന്നുമറിയാതെ ഉറങ്ങുന്ന സമയത്ത് ആരെയും അറിയിക്കാതെ മരണത്തിന്റെ കൂടെ പോവണം എന്നാണ് എന്റെ ആഗ്രഹം...
.
മരണത്തെ കണ്ടു ഭയക്കാതെ, വേദന അറിയാതെ ഒരു രാത്രിയിൽ ഉറക്കത്തിൽ വന്നു എന്നെ കൊണ്ട് പോകണം എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട് , 
.
പക്ഷെ അതൊക്കെ ഇനിയും ഒരു അൻപത് കൊല്ലം കൂടി കഴിഞ്ഞു മതി എന്നും പ്രാർത്ഥനയിൽ കൂട്ടിച്ചേർക്കാറുണ്ട്.

Saturday, February 18, 2017

ഒരു 'പനി' കവര്‍ന്നെടുത്ത ഒന്നര മാസം.

 ഒരു 'പനി' കവര്‍ന്നെടുത്ത ഒന്നര മാസം.
-----------------------------------------------------------------
ഒരു നേരത്തെ ആഹാരത്തിനു  ബുദ്ധിമുട്ടുന്നവനും ആര്‍ഭാട ജീവിതം നയിക്കുന്നവനും ഒരുപോലെ പ്രിയപ്പെട്ടതാണ് സ്വന്തം ജീവന്‍.അതുകൊണ്ടുതന്നെ മിക്ക ആളുകളും പല മഹാരോഗങ്ങളുടെ പേരും ലക്ഷണങ്ങളും അറിഞ്ഞു വക്കുകയും അത് വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠിച്ചു വക്കാറും ഉണ്ട്.

എന്നാലും എല്ലാവരും തന്നെ നിസ്സാരമായി കാണുന്ന ഒരു രോഗമാണ് പനി.

കഴിഞ്ഞ വര്‍ഷത്തിലെ അവസാന ദിനത്തിലെ കോഴിക്കോട് നിന്നും പാലക്കാട്ടേക്കുള്ള ട്രയിന്‍ യാത്ര കഴിഞ്ഞ ശേഷമാണ് എനിക്ക് പനി വരുന്നത്.ഏവരേയും പോലെ  ഞാനും പനിയെ നിസ്സാമായി കണ്ട് 'സ്വയം ചികിത്സ' ആരംഭിച്ചു.അപ്പോഴേക്കും പനിക്ക് കൂട്ടായി ചുമയും, തൊണ്ടവദനയും, ശരീരവേദനയും എത്തി.ശര്‍ദ്ദില്‍ കൂടി തുടങ്ങിയപ്പോള്‍ ആണ് പാലക്കാട് ഉള്ള സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. അവിടുത്തെ രണ്ടു ദിവസത്തെ ചികിത്സകൊണ്ട് യാതൊരു മാറ്റവും കാണാതെ വന്നതിനെ തുടര്‍ന്നാണ് കൊയമ്പുത്തൂർ  ഉള്ള കെ.ജി. ഹോസ്പിറ്റലിലേക്ക് പോയത്.

അവിടെ എത്തുംപോള്‍ ശരീരം വല്ലാതെ തളര്‍ന്നു പോയതിനാല്‍ നാല് ദിവസം ഐ.സി.യു. വില്‍ കിടത്തുകയുണ്ടായി.അവിടെ വച്ച് നടത്തിയ പരിശോദനയില്‍ ആണ് H1N1 ആണ് എന്ന് സ്ഥിരീകരിക്കുന്നത്.

അവിടത്തെ പത്ത് ദിവസത്തെ ചികിത്സയും ഒരു മാസത്തെ വിശ്രമവും കഴിഞ്ഞിട്ടും പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടി എന്ന് പറയാറായിട്ടില്ല.

അതുകൊണ്ട് തന്നെ പറയട്ടെ പ്രാരംഭ ഘട്ടത്തില്‍ ചികിത്സ ചെയ്താല്‍ പൂര്‍ണ്ണമായും മാറുന്ന ഒന്നാണ് H1N1. പനി, ചുമ,തൊണ്ടവേദന,ശരീരവേദന എന്നിവ ഉണ്ടെങ്കിൽ  സ്വയം ചികിത്സക്ക് നിക്കാതെ എത്രയും പെട്ടന്ന് ഡോക്ടറെ കാണുകയും ആവശ്യമായ പരിശോദനകള്‍ നടത്തേണ്ടതും ആണ്.

നിസ്സാരമെന്നോ ഭീകരമെന്നോ നമുക്ക് അറിയാത്ത ഈ പനി ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ജീവൻ എടുക്കും എന്ന് അറിയാവുന്നവരും കുറവാണ്. മതിയായ ചികിത്സയും വിശ്രമവും കിട്ടിയിട്ടും ഇപ്പോളും ക്ഷീണം മാറാത്ത ഒരു H1N1 പനി പിടിച്ച വ്യെക്തിയുടെ ഉപദേശം ആയി കാണുക.

ആരോഗ്യ വകുപ്പ് വ്യക്തമായ പദ്ധതികൾ H1N1 പനി നിർണ്ണയത്തിനും  ചികിത്സക്കും ഒരുക്കിയിട്ടുണ്ട്, അത് പൂർണമായി വിനിയോഗിക്കുക. പുതിയ വർഷത്തിലെ ആദ്യത്തെ ഒന്നര മാസം ആണ് H1N1 പനി എന്നിൽ നിന്നും തട്ടി എടുത്തത്.