Thursday, October 27, 2016

നർമം: ലൈഫ് ബോയ്

"ലൈഫ് ബോയ് എവിടെ ഉണ്ടോ അവിടേയാണാരോഗ്യം"
എന്ന റേഡിയോവിൽ മുഴങ്ങുന്ന പരസ്യവാചകത്തിൽ മയങ്ങിയല്ല
മറ്റ് സോപ്പുകളെ അപേക്ഷിച്ച് എളുപ്പത്തിൽ തേയില്ല എന്ന
കാരണത്തിലായിരുന്നു വീട്ടിലെ ധനകാര്യം കൈകാര്യം ചെയ്യുന്ന
അമ്മ എൻറെ ചെറുപ്പത്തിൽ എനിക്ക് കുളിക്കാൻ
ലൈഫ്ബോയ് സോപ്പ് വാങ്ങി തന്നിരുന്നത്
വാൽകഷണം:- പകരം സന്തൂർ ആയിരുന്നെങ്കില് എനിക്കിപ്പൊ
25 വയസായത് ആരും അറിയില്ലായിരുന്നു

നർമം: അമേയയുടെ സംശയം

മോളെ നൂറ് വരെ എണ്ണാൻ പഠിപ്പിച്ച ശേഷം , സമയം നോക്കാൻ പഠിപ്പിക്കാൻ തുടങ്ങിയപ്പൊ അവള് ക്ലോക്കില് നോക്കി ചോദിക്കുവാ
"അൺഡ്രഡ്(ഹൺഡ്രഡ്)വരെ എഴുതാൻ സലം(സ്ഥലം)ഇല്ലാത്തകൊണ്ടാണോ ടുവൽവ് വരെ മാത്രം എഴുതി വച്ചിരിക്കുന്നത് എന്ന്."
പകച്ചുപോയി എന്റെ അച്ഛത്വവും കണക്കിത്വവും

നർമം: വിവാഹാലോചന (ചിറ്റപ്പൻ ജയരാജൻ )

ഒരു വിവാഹാലോചന
------------------------
ബ്രോക്കർ:- "നല്ല സൗന്ദര്യമുളള പയ്യനാ "
പെണ്ണിൻറെ അച്ഛൻ :- "ഇക്കാലത്ത് സൗന്ദര്യമുണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല."
ബ്രോക്കർ :- "പയ്യന് ഗൾഫില് ഉയർന്ന ശമ്പളം ഉളള ജോലിയുണ്ട്".
പെണ്ണിൻറെ അച്ഛൻ:- "ഗൾഫ് ജോലിയല്ലേ എപ്പൊ പോകുമെന്ന് ആർക്കറിയാം"
ബ്രോക്കർ:- "പത്തിരുപത് ഏക്കറ് റബ്ബറുണ്ട് പയ്യൻറെ പേരിലുമാത്രം"
പെണ്ണിൻറെ അച്ഛൻ:- "റബ്ബർ കർഷകര് ആത്മഹത്യ ചെയ്യുന്ന കാലമാഡോ"
ബ്രോക്കർ:- " പേരു കേട്ട തറവാടികളാ, അജയൻ നമ്പ്യാരെന്ന് പറഞ്ഞാ നാട്ടില് മുഴുവൻ അറിയാം."
പെണ്ണിൻറെ അച്ഛൻ :- " തറവാട്ടു കാര്യത്തില് ഞങ്ങളും ഒട്ടുംമോശക്കാരല്ല. ഇത് ശരിയാവില്ലഡോ, താൻ വേറെ ഉണ്ടേല് നോക്ക് "
ബ്രോക്കർ:- "ചെക്കൻറ ചിറ്റപ്പൻ ജയരാജൻ നമ്പ്യാരെന്നാ പേര്. കുടുംബസ്നേഹിയാ പൊതുപ്രവർത്തകനും"
പെണ്ണിൻറെ അച്ഛൻ :- " എടീയേ ഞാനിതങ്ങ് ഉറപ്പിക്കുവാ... ഡോ, താൻ തിയതിയും മുഹുർത്ഥവും കുറിച്ചിങ്ങ് പോന്നോ... എത്രേം പെട്ടന്ന് നമുക്കിതങ്ങ് നടത്താം"

നർമം: ഹർത്താൽ

ഡിയർ സുക്കറണ്ണാ ,
സി.പി.എമ്മിന്റെ നരാധമന്മാർ കണ്ണൂരിൽ ഒരു യുവ ബി.ജെ .പി പ്രവർത്തകനെ നിഷ്കരുണം വെട്ടി കൊലപ്പെടുത്തിയതിൽ പ്രേതിഷേധിച്ച് നാളെ കേരളം മുഴുവൻ ( അതിർത്തിക്കപ്പുറത്തെ മറ്റ് സംസ്ഥാന ജില്ലകളിൽ ഇല്ല എന്ന് തോന്നുന്നു ) ഹർത്താൽ നടത്താൻ കേരളാ ഭാവി മുഖ്യൻ ആഹ്വാനം ചെയ്ത കാര്യം മനോരമയോ ജന്മഭൂമിയോ കിട്ടാത്തത് കൊണ്ട് അണ്ണൻ അറിഞ്ഞിരിക്കാൻ വഴി ഇല്ല.
പുള്ളോട് എന്ന വികസിത ഗ്രാമം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഹർത്താൽ നടത്തുന്ന അവികസിത കേരളത്തിൽ ആണ് അന്ന് ഫേസ് ബുക്ക് അകൗണ്ട് റെജിസ്ട്രർ ചെയ്യുമ്പോൾ അണ്ണന് തന്ന ഡാറ്റയിൽ നിന്നും അറിയാമല്ലോ...
അതിനാൽ നാളെ ഹർത്താൽ ആയതിനാൽ എനിക്ക് പോസ്റ്റ് ഇടാൻ കഴിയില്ല. പാൽ ,പത്രം, ആശുപത്രി എന്നിവ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. അതുകൊണ്ട് തന്നെ ഫേസ് ബുക്കും ഹർത്താലിൽ പെടും എന്നതിനാലാണ് എനിക്ക് പോസ്റ്റ് ഇടാൻ കഴിയാത്തത്.
അണ്ണൻ പിണങ്ങരുത് ക്ഷമിക്കുകയും വേണം. നാളെ കഴിഞ്ഞ് പറ്റുമെങ്കിൽ ഹർത്താൽ ഒന്നും ഇല്ലെങ്കിൽ രണ്ടു പോസ്റ്റ് ഇട്ട് എല്ലാം ശരിയാക്കി തരാം .(അയ്യോ മറ്റുളളവര് പറയും പോലുളള ആ ശരിയാക്കല്ലാട്ടോ)
സസ്നേഹം ,
പുള്ളോട് പ്രവീൺ

നർമം: യാത്ര

മിക്ക ദിവസങ്ങളിലും ബൈക്കിലാണ് യാത്ര.... ഇടക്ക് ലിഫ്ട് ചോദിച്ച് കൈകാണിക്കുന്ന 90% ആളുകളേംവണ്ടിയിൽ കയറ്റാറും ഉണ്ട് (അയ്യോ തെറ്റിദ്ധരിക്കണ്ട ബാക്കി 10% കമ്മ്യൂണിസ്റ്റ് കാരല്ല, കാഴിചയിൽ തന്നെ ഊരാകുടുക്ക് ആവും എന്ന് തോന്നുന്നവർ ആണ്.) ഒരു ദിവസം ഇങ്ങനെ പത്തിലധികം ആളുകളെ ബൈക്കില് കേറ്റിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.
ചില ദിവസം വണ്ടി എടുക്കൂല്ല... ഓട്ടോക്കാരന് പൈസ കൊടുക്കാൻ താത്പര്യം ഇല്ലാത്ത കൊണ്ട് ഏതെങ്കിലും ബൈക്ക് കാരനോട് ലിഫ്ട് ഇരന്ന് പോകും... അങ്ങനെ അഞ്ച് വണ്ടിയിലധികം കേറിയ ദിവസം വരെ ഉണ്ടായിട്ടുണ്ട്.
വാൽകഷണം : ഈ കാര്യം എഴുതിയതിന് തളള് ആണെന്നും പറഞ്ഞ് പിടിച്ച് RSS or BJP ആക്കണ്ട..ഒരു മാതിരി തളളൽ ഒക്കെ അവരാണല്ലോ.. മേൽ പറഞ്ഞത് തളള് അല്ല കാര്യം തന്നെ ആണ്.

നർമം: ഗിന്നസ് ജയരാജൻ

ലോക കലാ-കയിക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക-വാണിജ്യ-
സാങ്കേതിക-ശാസ്ത്രീയ മേഖലകളിലൊക്കെ തന്നെ കാലങ്ങൾ പഴക്കമുളള
റെക്കോഡുകൾ തകർത്ത് ഗിന്നസ് ബുക്കിൽ കയറിയ ഒരുപാട് പേരുണ്ട്.
എന്നാലിതാ ചരിത്രത്തിൽ ആദ്യമായി കാലപ്പഴക്കം പോലും
നിർണ്ണയിച്ചിട്ടില്ലാത്ത ഒരു പഴഞ്ചൊല്ല് തിരുത്തി സഖാവ്:ഇ.പി.ജയരാൻ
ഗിന്നസ് ബുക്കിലേക്ക്.
സഖാവ് തിരുത്തിയ പഴയ പഴഞ്ചൊല്ല്:- "വീട് നന്നാക്കിയിട്ട് മതി നാട് നന്നാക്കൽ"
സഖാവ് തിരുത്തിയത് ഇങ്ങനെ :- "നാട് നന്നാക്കിയിട്ട് മതി വീട് നന്നാക്കൽ"
സഖാവിന് അഭിനന്ദനങ്ങൾ

നർമം: ജയരാജൻ ചിറ്റപ്പൻ

ചിറാപുഞ്ചിയില് കുട കച്ചവടം നടത്താൻ പോയ ചിറ്റപ്പൻ തിരിച്ചുവന്നു.
നാളെ മുതൽ കണ്ണൂരില് ശവപ്പെട്ടി കച്ചവടം നടത്താൻ പോവുകയാത്രെ...
ലാഭം മാത്രമാണ് ചിറ്റപ്പൻറെ ലക്ഷ്യം, അനുഗ്രഹിക്കണം.
വാൽകഷണം : ഇത് എൻറെ ചിറ്റപ്പൻറെ കാര്യം ആണ്. വെറുതേ ആവശ്യമില്ലാത്ത മറ്റ് ചിറ്റപ്പൻമാരെ ഇവിടേക്ക് വലിച്ചിഴക്കരുത്

നർമം: അവസാന പോസ്റ്റ്

ഇത് ലാസ്റ്റ് പോസ്റ്റാണ്, എന്തായാലും വായിക്കണം
----------------------------------------------------
ജീവിതത്തിൽ ഒരു രൂപ എടുക്കാനില്ലാത്ത അവസരത്തിലും,
അടുത്ത ബന്ധുവിൻറെ വിയോഗത്തിലും,
ഒരുപാട് മാനസിക പിരിമുറുക്കം ഉണ്ടാവുന്ന സമയത്ത് ആയാലും
ഒക്കെ ഈ പുളേളാടൻ എന്ന ഞാൻ എപ്പഴും ഒരു പോലെ ആണ്... അല്പം ചിരിച്ച് കുറേ വളിപ്പൊക്കെ പറഞ്ഞ് വെറുപ്പിച്ച് അങ്ങനെ അങ്ങനെ.....
വളിപ്പ്(എൻറെ ഭാഷയിൽ പരിപാവനമായ നമ്പറുകൾ) ഒക്കെ പറയാനുളള കഴിവ് ഉണ്ടേലും കളളം പറയാനുളള കഴിവ് ദൈവം തന്നില്ല. എന്നാലും നാല് വയസ്സുളള എൻറെ മോള് മുതൽ എഴുപത് വയസ്സുളള അമ്മ വരെ പറയുന്നതിലെ കളവ് മനസ്സിലാക്കാനുളള ശേഷി ഈശ്വരൻ തന്നിട്ടുണ്ട്.
ഹൊ!! ആമുഖം ഒരുപാട് കൂടി പോയി ല്ലേ.... ഇനി വിഷയത്തിലേക്ക് വരാം... ഈയിടെ ആയി ആരൊക്കെയൊ എന്നെ പറ്റിക്കുന്നുണ്ടോ എന്നൊരു തോന്നൽ.., തോന്നലല്ല സത്യം.... അത് മറ്റാരുമല്ല നിങ്ങള് തന്നെ.... എൻറെ പോസ്റ്റുകൾക്ക് ലൈക്കും കമൻറും തരാതെ പറ്റിക്കുന്ന കൂട്ടത്തില് നിങ്ങളുമില്ലേ.... അതോർത്താ സങ്കടം മുഴുവൻ..
വാൽകഷണം :-എത്ര സങ്കടത്തോടെ എഴുതിയാലും പുളേളാടൻറെ ഭാഷയില് എന്തേലും എഴുതണ്ടേ.... അതുകൊണ്ട് പറയുവാ, അവസാനത്തെ പോസ്റ്റ് എന്നൊക്കെ പറഞ്ഞത് ചുമ്മാതാ.... ലൈക്ക് കിട്ടാനുളള സൈക്കോളജിക്കൽ മൂവ്... ഞാനിനിയും പോസ്റ്റ് ഇട്ടു വെറുപ്പിക്കും... എന്നാലാവും വിധം.... ഈ പോസ്റ്റിനുളള ലൈക്കിന് നന്ദിയായി താങ്കളുടെ രണ്ട് പോസ്റ്റിനു ലൈക്കാംട്ടോ

നർമം: സ്വപ്നം

പാക് അധിനിവേശ കാശ്മീർ.....
അതുപോലെ അമേരിക്ക അധിനിവേശ പുളേളാട് .
അതാണ് ഞാൻ കണ്ട സ്വപ്നം

നർമം: കുടിയന്മാരുടെ അഭിനയം

അഹങ്കാരമല്ല പാൽ പോലെ സത്യം..
അയ്യപ്പബൈജു, നെൽസൺ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറംമൂട് തുടങ്ങിയവര് വളരെ കൃത്യമായി മദ്യപാനിയുടെ വേഷം അവതരിപ്പിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞ് കയ്യടിക്കുന്നവരോട് ഒരു കാര്യം.
ഇതൊക്കെ എന്ത്...?
പണ്ട് വെളളമടിച്ചോണ്ടിരുന്നകാലത്ത് മൂക്കറ്റം വലിച്ചു കേറ്റീട്ട്
ഉറക്കാത്ത കാൽപാദങ്ങളെ അതീവശ്രദ്ധയോടെ എടുത്ത് വച്ച് ,
നാവിനു വഴങ്ങാത്ത പദങ്ങളെ ഒഴിവാക്കി
അക്ഷരസ്ഫുടതയോടെ സംസാരിച്ച്
കുടിച്ചിട്ടില്ല എന്ന് തെളിയിക്കാൻ വീട്ടുകാരോട് വൈകിയെത്തിയതിനു കാരണമായി കഥ ഉണ്ടാക്കി പറയുന്ന രംഗം ഒളിക്യാമറ വച്ച് പിടിച്ചിരുന്നേൽ ഓസ്കാറ് രണ്ടെണ്ണമെങ്കീലും വീട്ടിലിരുന്നേനെ...
അല്ലേലും കുടിക്കാതെ കുടിയനെ പോലെ അഭിനയിക്കാൻ എളുപ്പം തന്നെയാ.... കുടിച്ചിട്ട് കുടിക്കാത്തവനെ പോലെ അഭിനയിക്കാൻ
ബുദ്ധിമുട്ടും.
അല്ലേ ഡിയർ കുടിയൻസ്.....?

നർമം: അനുഭവം

വർഷങ്ങൾക്ക് മുൻപുളള ഒരു അനുഭവമാണ്.
കുറച്ചുകാലം പ്രണയിച്ച കാമുകിയുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞുകാണും അവളുടെ വിളി വന്നു, ഒന്ന് കാണണം എന്ന ആവശ്യവുമായി. കാമുകനായാലും എക്സ് കാമുകനായാലും തിരിച്ച് എന്തെങ്കിലും പറയാനുളള അവസരം കൊടുക്കാതാരിക്കുക എന്ന ജീവിച്ചിരിക്കുന്ന എല്ലാ കാമുകിമാരുടേയും പതിവു രീതി അവളും പിൻതുടർന്നു. വൈകുന്നേരം മറൈൻ ഡ്രൈവ് എന്ന സ്ഥലം പറഞ്ഞ് അവള് ഫോൺ വച്ചു.
അവളെ ഒരു വർഷം കഴിഞ്ഞ് കാണുകയാണല്ലോ എന്നോർത്തപ്പൊ പതിവിന് വിപരീതം ആയി മൂന്നെണ്ണം അടിച്ചിട്ട് (അന്നത്തെ പതിവ് ആറെണ്ണം ആണ്) ആണ് മറൈൻ ഡ്രൈവിൽ എത്തിയത്.
എനിക്കു മുന്നേ എത്തിയ അവൾ എന്നെ കണ്ട നിമിഷം മുതൽ അവളുടെ ഭർത്താവിൻറെ വീട്ടിലെ വിഷമം പിടിച്ച സങ്കടകഥ പറഞ്ഞ് തുടങ്ങി.
പൂർവ്വകാമുകിയുടെ അവസ്ഥയറിഞ്ഞ് വയറ്റിലെ ഹണീബി കണ്ണുനീരായി എൻറെ ഉളളിൽ നിന്നും പുറത്ത് വന്നു.
ഇത് കണ്ട അവളു പറഞ്ഞത്,
"നിൻറെ കരച്ചില് കാണാനോ നിൻറെ ഉപദേശത്തനോ അല്ല ഞാൻ വന്നത്. ഇത്തിരി നേരത്തേക്കെങ്കിലും വിഷമം മാറ്റാൻ നിൻറെ എന്തെങ്കിലും വളിപ്പുകൾക്ക് കഴിയുമല്ലോ എന്നോർത്തിട്ടാണ്.. നിനക്കിതെന്തു പറ്റീ.?ഇങ്ങനെയല്ലല്ലോ പുളേളാടേ നീ.."
എന്റെ വിഷമം കണ്ട് അത് ഇല്ലാതാക്കാനാണ് അവളങ്ങനെ പറഞ്ഞതെങ്കിലും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല അപ്പഴും.
കുറച്ചുസമയം അവിടിരുന്ന് സമയം വൈകി, തിരിച്ചു സ്റ്റോപ്പിലെത്തി ആദ്യം കണ്ട ബസ്സില് കേറാൻ പോയ അവളെ തടഞ്ഞു. അടുത്ത രണ്ട് ബസ്സിലും അവളെ വിട്ടില്ല.
- "നീ എന്താ എന്നെ വിടാത്തത് ? അടുത്ത ബസ്സില് എന്ത് വന്നാലും ഞാൻ പോവുംട്ടാ "
- " പൊക്കോ, പക്ഷേ അടുത്ത വരുന്ന ബസ്സിലും വൃത്തികേട് എഴുതീട്ടുണ്ടെങ്കി ഞാൻ വിടൂല്ല.."
-" വൃത്തികേടോ... നീ എന്തൊക്കെയാ പറയുന്നേ..."
- " അപ്പോ നീ ശ്രദ്ധിച്ചില്ലേ, ആ ബസ്സിലൊക്കെ ജെട്ടി മേനക , മേനക ജെട്ടി എന്നിങ്ങനെ വൃത്തികേട് എഴുതി വച്ചിരുന്നു"
അവളുടെ ഭാഷയിലും വളിപ്പാണേലും അത് കേൾക്കാനായിരുന്നു അവൾ എൻറെ അടുത്തേക്ക് വന്നത് എന്നതിന് തെളിവായിരുന്നു എല്ലാ വിഷമവും ഒരു നിമിഷം മറന്നുളള അവളുടെ ചിരി.

നർമം: വാർത്ത

രാമചന്ദ്രൻ, പ്രതാപൻ,വെണ്മണി വിഷ്ണു,അലക്സ് ബൊള്ളക്കാടിൻ , സുഷമ മോഹൻ .
പുതിയ തലമുറയ്ക്ക് പരിചയം ഇല്ലാത്ത പേരുകൾ ആയിരിക്കാം.
എന്റെ ഹൈസ്കൂൾ വരെ ഉള്ള വിദ്യാഭ്യാസ കാലഘട്ടത്തിൽ വീട്ടുകാരേയും അദ്ധ്യാപകരെയും കാളും ഞാൻ ഇഷ്ടപ്പെട്ടിരുന്നത് ഇവരെ ആയിരുന്നു.
കാരണം, വെള്ളപൊക്കം ഉണ്ടായാലോ, ആരെങ്കിലും മരിച്ചാലോ , സന്തോഷ് ട്രോഫി കേരളം ജയിച്ചാലോ ഒക്കെ സ്കൂളുകൾക്ക് അവധി ആണ് എന്ന് റേഡിയോവിലെ പ്രാദേശിക വാർത്തകളിലൂടെ എന്നെ അറിയിച്ചിരുന്നത് ഇവരായിരുന്നു

നർമം: ഓണം ബമ്പർ

പ്രിയപ്പെട്ട മാണി സർ,
ഭരണമാറ്റം വന്നതോടെ ഉപയോഗശ്യൂന്യമായി താങ്കളുടെ വീടിൻറെ
മൂലക്കിരിക്കുന്ന ആ പണമെണ്ണൽ യന്ത്രം ഈ വരുന്ന 23 ആം
തിയ്യതിക്കുശേഷം കുറച്ചു ദിവസത്തേക്ക് വാടകക്ക് തരണം.
ഓണം ബംബർ എട്ട് കോടിയാണന്ന് അങ്ങേക്ക് ഞാൻ പറയാതെ തന്നെ അറിയാല്ലോ..
എന്ന്
ഭാവി കോടീശ്വരർ

'ഹിന്ദു' അറിയാൻ.

'ഹിന്ദു' അറിയാൻ.
--------------------
'ഹിന്ദു' എന്നാൽ ഒരു മതമല്ല ഒരു സംസ്കാരമാണ് എന്ന് എന്നെ പഠിപ്പിച്ചത് പത്താം ക്ലാസിലെ ചരാത്രാധ്യാപകനാണ്. ഹിന്ദു എന്റെ മതമാണ് എന്നറിയുന്നത് എസ്.എസ്.എൽ.സി. ബുക്ക് കയ്യിൽ കിട്ടിയപ്പോഴും.
ജിഹാദ് എന്ന വാക്ക് മതമായാലും സംസ്കാരമായാലും ഹിന്ദുവിന് പരിചയമില്ല, അതിനാൽ ഞാൻ പറയുന്നത് ഒരു 'ഹിന്ദു ജിഹാദ്' ആയി കാണരുത്.
വർഗീയ കലാപങ്ങൾ അധികമൊന്നും നടക്കാത്ത ദൈവത്തിൻറ സ്വന്തം നാടായ കേരളത്തിൽ ഹിന്ദു ഏറ്റവും കൂടുതൽ അവഹേളനം നേരിടുന്ന് ക്രിസ്ത്യാനിയുടേയോ മുസ്ലീമിൻറെയോ ഭാഗത്ത് നിന്നല്ല മറിച്ച് സ്വന്തം മതത്തിൽ നിന്നുതന്നയാണ് എന്നത് കൗതുക കരമല്ല ഭയാനകമാണ്.
ദൈവനാമം ഉപയോഗിക്കാതെ ദൃഢപ്രതിജ്ഞയെടുത്ത ഒരു മന്ത്രിയേയും മാധ്യമങ്ങളോ ജനങ്ങളോ ചോദ്യം ചെയ്യാതിരുന്നത് ഒരാളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല എന്ന സാമാന്യ ന്യായത്തിൻറെ പേരിലാണ്. അതേ മന്ത്രിമാർ തന്നെ ഒരു സമൂഹത്തിൻറെ വിശ്വസങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്താൻ ശ്രമിക്കുന്നത് അഹങ്കാരമല്ല ചെറ്റത്തരമാണ്.
പുതിയ മന്ത്രിസഭ അധികാരത്തിൽ വന്ന ശേഷം ഹിന്ദുവിൻറെ ആചാരങ്ങൾക്കുമേൽ കുതിരകയറുന്ന മന്ത്രിമാരേയും അത് കേട്ട് അതിന് തീരാ പിന്തുണയുമായെത്തുന്ന കുറേ ഹിന്ദു സഖാക്കളേയും കാണാൻ കഴിഞ്ഞു.
ആദ്യം ശബരിമല, ഈ ഉളളവനും ശബരിമലക്ക് പോകാറുണ്ട്. 42 ദിവസവും ഭാര്യയെ മറ്റൊരു മുറിയിൽ കിടത്തി വൃതം പിടിച്ചാണ് മലക്ക് പോകുന്നത്. സ്വാമിമാരുടെ കൺട്രോൾ പോകുമെന്ന് പേടിച്ചാണോ സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് എന്ന് ചോദിക്കുന്നത് തൻറെ ആർത്തവ സമയത്ത് വേലക്കാരിയുടെ വാതിലിൽ മുട്ടുന്ന ഭർത്താക്കാൻമാരുള്ള ഭാര്യാമാരുടെ വിടുവായത്തമായി കരുതിയാൽ മതി. പക്ഷേ അതിനു കയ്യടിക്കാനും ജയ് വിളിക്കാനും കുറച്ച് ഹിന്ദു കൂടെ കാണുമെന്ന അഹങ്കാരമാണ് അത്തരക്കാരെ കൊണ്ട് അങ്ങനെയൊക്കെ പറയിക്കുന്നത്.
എൻറെ അമ്മയും, സഹോദരിയും, സുഹൃത്തുക്കളുമൊക്കെയടങ്ങുന്ന പെൺ കൂട്ടായ്മയിലെ എനിക്ക് പരിചയമുളള ഒരു സ്ത്രീയും ശബരിമലക്ക് പോകണം എന്ന അഭിപ്രായം പറഞ്ഞിട്ടില്ല. ഈശ്വരനെ പോയിട്ട് സ്വന്തം പിതാവിനെ പോലും വിശ്വാസമില്ലാത്ത പെണ്ണുങ്ങൾ മല കേറണം എന്ന് പറയുമ്പോൾ കുരവയിടുന്നവനെയൊക്കെ കാണേണ്ടി വരുന്നത് കഷ്ടം തന്നെ.
മതഭേതമന്യേ മലയാളനാട്ടിലെ ഒട്ടുമിക്ക പരിപാടികൾക്കുംനിലവിളക്ക് കൊളുത്താറുണ്ട്. നിലവിളക്ക് ഐശ്വര്യത്തിൻറെ പ്രതീകമാണ്. ഭാഗ്യമോ നിർഭാഗ്യമോ ഹിന്ദുവിൻറെ വീട്ടിൽ മാത്രമാണ് നിലവിളക്ക് വച്ച് ദീപം തെളിയിക്കാളളത്. മാമൂദീസയും, സുന്നത്തും ഒക്കെ പോലെ നിലവിളക്ക് കൊണ്ട് ആരതി ഉഴിഞ്ഞല്ല ഒരാളെ ഹിന്ദുവാക്കുന്നത്, എന്നാലും നിലവിളക്ക് ഒഴിവാക്കണം എന്ന് പറഞ്ഞാൽ അത് ഉൾക്കൊളളാൻ ഉളള സഖാക്കളുടെ വിവരമില്ലായ്മയെ വിശേഷിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.
പൊതു പരിപാടികളിലും, സ്കൂളിലുമൊക്കെ ചൊല്ലുന്നത് ഈശ്വര പ്രാർത്ഥനയാണ്. അത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട ദൈവ വിശ്വാസി അല്ലാത്ത മന്ത്രി നാളെ ,അമ്പലത്തിൽ പോകുന്നവരെ അറസ്റ്റ് ചെയ്യണം എന്ന് പറഞ്ഞാലും അത്ഭുതപെടേണ്ടതില്ല.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പഴയ തന്ത്രം ഹിന്ദുവിനുമേൽ പ്രയോഗിക്കാൻ കേരളത്തിലെ മുന്നണികൾക്ക് എളുപ്പത്തിൽ കഴിയുന്നു എന്നതിന് തെളിവാണ് തുല്ല്യ ജനസംഖ്യയുളള മുസ്ലീം പാർട്ടിയുടെ എം.എൽ.എ.മാരുടെ എണ്ണവും ഈഴവ പാർട്ടിയുടെ എം.എൽ.എ.മാരുടെ എണ്ണവും.
മുസ്ലീം ലീഗും, ക്രിസ്ത്യാനി കോൺഗ്രസ്സും ചെറിയ ശതമാനം വോട്ട് കൊണ്ട് അധികാര കേന്ദ്രങ്ങളിൽ കസേരയുടേ എണ്ണം വരെ പറഞ്ഞ് വിലപേശുമ്പോൾ അതിനെതിരെ പ്രതികരികുന്നവനേ പോലും കൊഞ്ഞനം കുത്തുന്നത് ഹിന്ദു തന്നെ ആണ് എന്നറിയുന്നതിൽ വിഷമമുണ്ട്.
നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്ന ഒരു ഹോട്ടൽ മുതലാളിയും മണ്ഡലകാലത്ത് മാംസം വിളമ്പാതിരിക്കുന്നില്ല. ഇത്തരം വിഷയങ്ങളിൽ ഹിന്ദുവിനു വേണ്ടി സംസാരിച്ചാൽ അവനെ സംഘിയായി ചിത്രീകരിക്കാനും ഹിന്ദു വർഗ്ഗീയവാദി എന്ന് വിശേഷിപ്പിക്കാനും കാണിക്കുന്ന വ്യഗ്രത ആർക്ക് വേണ്ടി എന്ന് ചിന്തിച്ചാൽ നന്ന്.
ഈഴവനും, നായരും, നമ്പൂതിരിയും, ദളിതനും തമ്മിൽ തല്ലുമ്പോൾ നേട്ടം കൊയ്യുന്നവരെപ്പറ്റി സഖാക്കള് ചിന്തിക്കുക. കേരളത്തിലെ മുന്നണികൾ ന്യൂനപക്ഷ പ്രീണനം അവസാനിപ്പിച്ചുകൊണ്ട് ഹിന്ദുവിനുമാത്രമായി എന്തെങ്കിലുമൊക്കെ കൊണ്ടുതരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല, എങ്കിലും കുറഞ്ഞപക്ഷം ഉളളത് നഷ്ടപ്പെടാതിരിക്കാനെങ്കിലും ഉണർന്നിരിക്കുക.
അല്ലെങ്കിൽ ഭരണഭാഷ അറബിയാകുന്ന കേരളവും വിദൂരമല്ല.
എന്ന്,
അമ്പലത്തിൽ പോകുന്ന
വിളക്ക് വച്ച് പ്രാർത്ഥിക്കുന്ന
ഒരു ഹിന്ദു മത/രാഷ്ട്രീയ
സംഘടനയിലും അംഗമല്ലാത്ത
പുളേളാട് പ്രവീൺ

Saturday, October 15, 2016

നർമം :- ഒളിമ്പിക്സ് മെഡൽ 2

ബോക്സിംഗിലോ ഗുസ്തിയിലോ ഏതെങ്കിലുംഒരു ഇന്ത്യക്കാരി മെഡൽ
വാങ്ങുമെന്ന് വിവാഹിതൻ ആയ എനിക്ക് ഉറപ്പുണ്ടായിരുന്നു.

നർമം :- ഒളിമ്പിക്സ് മെഡൽ

നാലു വർഷം കൂടുമ്പോൾ വരുന്ന ഒളിംപിക്സ് കാണാൻ
ടി.വി.വയ്ക്കുമ്പോൾ ഒളിംപിക്സിനേക്കാൾ വലുതാണ്
നാലു വർഷത്തിൽ കൂടുതൽ ഓടുന്ന സീരിയലുകൾ എന്ന് ചിന്തിക്കുന്ന
മലയാളി സ്ത്രീകളുടെ പ്രാക്ക് കാരണം ആണോ ഇന്ത്യക്ക് മെഡൽ
കിട്ടാത്തത്?

Sunday, July 10, 2016

ചെറുകഥ::ലൈഫ് ബുക്ക്



ലൈഫ് ബുക്ക്
--------------------

ഏറ്റവും മുന്നിലായി എണ്ണ പലഹാരങ്ങളും ചായയും പത്രവും വില്ക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കട , അതിനു സമീപത്ത് കൂട്ടി കെട്ടിയ ഇരുമ്പ് ചെയറുകൾ കൊണ്ട് യാത്രക്കാർക്കുള്ള ഇരിപ്പിടം, അതിനടുത്തായി ഒരു കാലു മാത്രം ഉള്ള ലോട്ടറി വിൽപ്പനക്കാരൻ ,അയാളുടെ പുറകിലെ ചുമരിൽ തൂങ്ങി കിടക്കുന്ന ദേശാഭിമാനി പത്രം.

ഇതായിരുന്നു പാലക്കാട്‌ കെ.എസ് .ആർ .ടി .സി . ബസ്‌ സ്റ്റാന്റിനെ കുറിച്ചുള്ള അവളുടെ ഓർമ്മകൾ. പണ്ടെങ്ങോ ഒരു കോയമ്പുത്തൂർ- ഗുരുവായൂർ യാത്രക്കിടയിൽ ബസ്‌ മാറിക്കയറാൻ നിന്ന പത്ത് മിനിട്ടുകൊണ്ട് അവൾ  മനസ്സിൽ വരച്ച ചിത്രം .

പക്ഷേ ,  പാലക്കാട്‌ ബസ്‌ ഇറങ്ങിയപ്പോൾ അവളുടെ ഓർമകളെ തച്ചുടച്ചു കൊണ്ട് ചിന്നം വിളിച്ചു നിൽക്കുന്ന കൂറ്റൻ മണ്ണ് മാന്തി യന്ത്രങ്ങളെ ആണ് അവൾ കണ്ടത് .

നവീകരണത്തിനായി ഇടിച്ചു തകർത്ത അവളുടെ സങ്കൽപ്പത്തിലെ കെട്ടിടത്തിന്റെ അൽപ്പം ആളുകൂടിയ ഇടത്തേ കോണിലേക്ക് അവൾ മാറി നിന്നു.

നീല ജീൻസും വെളുത്ത സ്ലീവ്ലെസ്സ് കുർത്തയും ആയിരുന്നു അവളുടെ വേഷം. കഴുത്തിലൂടെ വന്ന് കക്ഷത്തിലൂടെ പുറകോട്ടു പോകുന്ന വുഡ്ലാൻഡ്സ് ബാഗിന്റെ വള്ളികൾ അവളുടെ സാമാന്യം വലിപ്പമുള്ള മാറിടത്തെ ഒന്നുകൂടെ പുറത്തോട്ടു തള്ളി വച്ചു .

ആ ചെറിയ ആൾക്കൂട്ടത്തിലെ കണ്ണുകൾ അവളുടെ ശരീരത്തെ സൂക്ഷമായി പോസ്റ്മാര്ട്ടം ചെയ്യാൻ ആരംഭിച്ചതോടെ അവൾ അവിടെ നിന്നും മാറി മുന്നിലെ പെട്രോൾ പമ്പിലേക്ക് നിന്നു .അവിടെ യാത്രക്കാരെ സംരക്ഷിക്കാൻ എന്നപോലെ പരിസരം വീക്ഷിച്ച് കൊണ്ട് നിൽക്കുന്ന പോലീസുകാരനും ചുവരിൽ ചിരിച്ചു കൊണ്ട് ടാറ്റാ സ്കൈ യുടെ പരസ്യവും പറഞ്ഞ് മോഹൻലാലും ഉണ്ടായിരുന്നു .

സമയം അഞ്ചരയോടു അടുക്കുന്നു.ആറ് മണിക്ക് ഇവിടെ  എത്താൻ ആണ് അയാൾ ആവശ്യപെട്ടിരുന്നത് .കുറച്ചു കൂടി നേരത്തെ ഉള്ള സമയം ആക്കാം ആയിരുന്നു, അതെങ്ങനെ ഒന്നും അങ്ങോട്ട്‌ പറയുന്നത് കേൾക്കുന്ന ശീലം ഇല്ലല്ലോ.

അമ്മയുടെ ഒക്കത്തിരുന്ന് കരഞ്ഞു കൊണ്ട് ബസ്‌ സ്റ്റാന്റിനു പുറത്തേക്ക് പോകുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൾക്ക് അമ്മയെ ഓർമ വന്നു. ഏറെ നേരമായിട്ടും തന്നെ കാണാത്ത കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി കിടപ്പുമുറിയിൽ ഇരിപ്പുണ്ടാവും അമ്മ ഇപ്പോൾ . ഓഫ്‌ ചെയ്ത മൊബൈലിലേക്ക് വിളിച്ചു തളർന്ന് അമ്മയെ ആശ്വസിപ്പിക്കാൻ പോലുമാവാതെ മുന്നിലെ സോഫയിൽ തളർന്നിരിക്കുകയാവും അച്ഛൻ. മൊബൈൽ ഓൺ ചെയ്ത് വിളിച്ചു  പറയണോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു , പിന്നെ ആ ചിന്തയേയും അവൾ ഓഫ് ചെയ്തു.

ഫേസ് ബൂക്കിലൂടെ പരിചയ പെട്ടത് ആണ് അവനെ . ആദ്യം അവള്ക്ക്  അവൻ ആയിരുന്നു, പിന്നെ അയാൾ ആയി ഒടുവിൽ അദ്ദേഹവും.

കുറച്ചു നാളുകൾക്കു മുൻപ് വന്ന ഒരു ഫ്രെണ്ട് റിക്വസ്റ്റ് ലൂടെ ആയിരുന്നു അവനുമായി അടുത്തത്‌. സാധാരണ വരുന്ന റിക്വസ്റ്റ് കളിൽ നിന്നും വ്യത്യസ്തമായി അതിന്റെ കൂടെ ഒരു മെസേജും ഉണ്ടായിരുന്നു
"പ്രിയ നീലിമ ജോസഫ്‌ ,
കാലമെത്ര കഴിഞ്ഞാലും ലോകത്തിനു മുന്നിൽ മറ്റുള്ളവര്ക്ക് നീലിമ ജോസഫ്‌ ആണെങ്കിലും നീ എനിക്കെന്നും എന്റെ അമ്മു മാത്രമായിരിക്കും ."


പ്രഭാകരൻ നായർ എന്ന പേരിൽ വന്ന ആ റിക്വസ്റ്റ് സ്വീകരിക്കാൻ പ്രേരിപ്പിച്ചതും  വാചകം തന്നെ, റിക്വസ്റ്റ് സ്വീകരിച്ചു കഴിഞ്ഞ നിമിഷങ്ങൾക്കകം ആ നായരെന്നു വാല് മുറിഞ്ഞു പോയി പ്രഭാകരൻ എന്ന് മാത്രമായതെന്തെന്നു ഇത് വരെയും ചോദിച്ചിട്ടും ഇല്ല.

പരിചയ പെടുന്നതിന്റെ നാലാം ദിവസം നെഞ്ചളവും അടിയുടുപ്പിന്റെ നിറവും മൊബൈൽ നമ്പറും ചോദിക്കുന്ന ഫേസ് ബുക്ക്‌ കൂട്ടുകാരിൽ നിന്നും വ്യത്യസ്തൻ ആയിരുന്നു അവൻ. അത് കൊണ്ട് തന്നെ ആവണം അവനോടു കൂടുതൽ അടുക്കാൻ കാരണവും..

അവനെ കുറിച്ചും അവനുമായുള്ള പരിചയത്തെ കുറിച്ചും സഫിയയോട് പറഞ്ഞപ്പോൾ അവൾ അവനെ ഒന്നാംതരം ഫ്രോഡ് എന്ന ലിസ്റ്റിൽ ഉൾപെടുത്തി അവനുമായുള്ള ബന്ധത്തെ അവസാനിപ്പിക്കാൻ ആവശ്യപെടുകയായിരുന്നു ആദ്യം ചെയ്തത്.

സഫിയ, കോയമ്പുത്തൂരിലെ കൂറ്റൻ ഫ്ലാറ്റ് സമുച്ചയത്തിൽ ഉള്ള എന്റെ ഒരേ ഒരു സുഹൃത്ത്‌. മത നിയമങ്ങളുടെ കഥകൾ പറഞ്ഞ് വാപ്പ മൂന്ന് കെട്ടിയപ്പോൾ അതിനെതിരെ പ്രതിഷേധിക്കാൻ കാമുകന്മാരുടെ എണ്ണം ദിവസം തോറും വർദ്ധിപ്പിക്കുന്ന മഹാ നഗരത്തിലെ പെൺകുട്ടികളുടെ കൂട്ടത്തിൽ പെടുന്ന എന്റെ ഒരു നല്ല കൂട്ടുകാരി.

ന്യായീകരിക്കാൻ കഴിയാത്ത സത്യങ്ങളെ മറച്ചു വെക്കാനുള്ള അവളുടെ കഴിവ് തെറ്റുകളുടെ അവർത്തനം ആയി മാറുക ആയിരുന്നു.

"നീലിമ നിനക്ക് അറിയുമോ , ഞങ്ങളുടെ സമുധായത്തിൽ പെട്ട  പലരും   ഈ പർദ്ധ അനിഷ്ട ത്തോടെ ആണ് ധരിക്കുന്നത് . നിങ്ങൾ ഒക്കെ വരുന്ന പോലെ പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് മറ്റുള്ളവരെ കാണിക്കണം എന്ന് ഞങ്ങൾക്കും ഉണ്ട്. എതിർപ്പ് പ്രകടിപ്പിക്കാൻ പോലും ആവാതെ ഇഷ്ടം ഇല്ലാതെ അണിയുന്നവർ ആണ് ഒട്ടു മിക്ക പെൺകുട്ടികളും . എനിക്കെന്തായാലും ഇത് ഒരു ആശ്വാസം ആണ്. ഇത് അണിഞ്ഞു വാപ്പയുടെ മുന്നില് കൂടി പോയാലും തിരിച്ചറിയില്ലല്ലോ ." ഒരിക്കൽ അവൾ പറഞ്ഞത് ആണ്.


മതാചാരങ്ങളിൽ ഒന്നിന്റെ ദൂഷ്യ ഫലം അനുഭവിക്കുന്ന അവൾ അതിനെതിരെ പ്രതിഷേധിക്കാൻ മറ്റൊരു നിയമത്തെ കൂടു പിടിച്ച് സ്വയം നശിക്കുന്നു. ആരുടെ മുന്നിലും മുഖം പോലും കാണിക്കരുത് എന്ന് നികർഷിച്ചു കൊണ്ട് അണിയേണ്ട പർദ്ധക്കൊപ്പം അവളുടെ വസ്ത്രങ്ങളും കാമുകന് മുന്നിൽ അഴിച്ചുമാറ്റി സ്വയം ന്യായീകരിക്കുന്നു.

തനിക്കുള്ള ഒരേ ഒരു സുഹൃത്ത്‌ അവൾ മാത്രം ആയതിനാൽ അവളെ ഒഴിവാക്കാനും കഴിയുമായിരുന്നില്ല. എങ്കിലും അവനെ കുറിച്ച് ആദ്യനാളുകളിൽ പിന്നെ അവളോട്‌  പറഞ്ഞില്ല.

സമയം ആറാവാൻ വാച്ചിലെ സൂചികൾ ഇനിയും കറങ്ങണം.പരിസരത്തെ തിരക്കിൽ മാറ്റമില്ലെങ്കിലും മുഖങ്ങൾ മാറി വരുന്നുണ്ടായിരുന്നു .

"ഏതെങ്കിലും ഒരു നല്ല തമിഴനെ നോക്കി നിനക്ക് പ്രേമിച്ചു കൂടെ ? വേണേൽ എന്റെ ലിസ്റ്റിൽ തന്നെ ഒരുപാട് ഉണ്ട് , അതിൽ ഒരെണ്ണം നോക്കുന്നോ " 
സഫിയ ഒരിക്കൽ അല്ല പല തവണ പറഞ്ഞ വാക്കുകൾ.


പ്രണയം തന്റെ ജീവിതത്തിൽ ഒരു വിഷയ മായി വരരുത് എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധം ഉള്ളതിനാലും ഇന്നത്തെ ഫാസ്റ്റ് ലൈഫിലെ പ്രണയങ്ങളിൽ ഒരു വിശ്വാസവും ഇല്ലതിനാലും അവളുടെ ഒരു ചോദ്യത്തിനും ഉത്തരം കൊടുത്തിരുന്നില്ല , ഒരിക്കലും .

ഇന്നത്തെ പ്രണയവും, ആൺ പെൺ സൗഹൃദങ്ങളും ശീതികരിച്ച സിനിമാ ശാലകളിൽ അധരങ്ങളെ ചേർത്തു വക്കാനും , ദിവസ വാടകക്കെടുത്ത മുറികളിൽ ചെറിയ നിമിഷത്തിന്റെ ഇടവേളയിൽ പുരുഷ ലിംഗം അപ്രത്യക്ഷം ആക്കാനും വേണ്ടി മാത്രം ആണ് ഉള്ളത് എന്ന് അടുത്ത കൂട്ടുകാരിൽ നിന്നുള്ള അനുഭവം വേണ്ടുവോളം ഉള്ളതിനാൽ പ്രണയം എന്ന വാക്കിനോട് തന്നെ പുച്ഛം ആയിരുന്നു മനസ്സില്.

പിന്നെ എങ്ങനെ ആണ് ഒരിക്കലും കണ്ടിട്ടില്ലാത്ത , ശബ്ദം ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത അവനെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് . അതൊരു പ്രണയമായിരുന്നോ അല്ലെങ്കിൽ ആണോ ? പിന്നെ എന്തിന്  ജീവിതത്തിൽ ഒരിക്കൽ പോലും തന്നോട് ദേഷ്യ പെടുക പോലും ചെയ്യാത്ത അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഈ സായാഹ്നത്തിൽ ഞാൻ ഇവിടെ എത്തിയത്.


അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമായിരുന്നു എല്ലാം, എനിക്ക് അവരും. സകുന്തളദേവിയും ജോസെഫും പ്രണയ വിവാഹിതരായി  പുതിയ ബന്ധം ആരംഭിച്ചപ്പോൾ  ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധവും അവസാനിച്ചു . കാലമിത്ര കഴിഞ്ഞിട്ടും ഞാൻ പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചിട്ടും അമ്മയുടെയോ അച്ഛന്റെയോ ഒരു ബന്ധുവും ഞങ്ങളെ തേടി വന്നില്ല. അവരുടെ മനസ്സില് പഴയ ഓർമ്മകൾ കേറി വരാതിരുന്നതും ബന്ധു ജനങ്ങളെ തേടി പോകാതിരുന്നതും എല്ലാം എന്റെ കുസൃതികൾ നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു എന്ന് അവരുതന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് . അത്രയ്ക്ക് അവർക്കെന്നെ ഇഷ്ടമാണ് . ഇന്നിതാ ഞാൻ അവരെയും ഉപേക്ഷിച്ച് വന്നിരിക്കുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരു അജ്ഞാത മനുഷ്യനെ കാണാൻ.


കുറച്ചു സമയം കൊണ്ടാണ് അവൻ തനിക്ക് അയാൾ ആയത് . ഏതൊരു വിഷയത്തെ കുറിച്ചും വളരെ ഗഹനമായ അറിവും അവയൊക്കെ വ്യക്തമാക്കി തരുവാനുള്ള മനസ്സും അയാളെ കൂടുതൽ അടുപ്പിച്ചു. ഒരിക്കലും തുടങ്ങില്ലായിരുന്ന വായനാ ശീലം അയാള് കാരണം ആരംഭിച്ചു. തമിഴ് നാട്ടിലാണ് ജനിച്ചതും പഠിച്ചതും വളർന്നതും എങ്കിലും അച്ഛൻ പഠിപ്പിച്ച മലയാളം കൊണ്ട് അയാള് പറഞ്ഞ തന്ന പുസ്തകങ്ങൾ വാങ്ങി വായിച്ചു . ദൂരെ സ്ഥലങ്ങളിൽ പോയി വാങ്ങിക്കാൻ പറ്റാത്ത പുസ്തകങ്ങൾ സഫിയയുടെ കാമുകന്മാരുടെ സഹായത്തോടെ കയ്യിലെത്തി.

ഈ കാമുക സഹായങ്ങളെ പണ്ടൊക്കെ പുച്ഛത്തോടെ ആണ് നോക്കി കണ്ടിരുന്നത്‌. അപരിചിതനായ ഒരാളുമായുള്ള അന്തിക്കൂട്ട് കഴിഞ്ഞ് അല്ലഞ്ഞുലഞ്ഞു കിടക്കുന്ന ജാക്കറ്റിന്റെ ഉള്ളിലേക്ക് തിരുകി വക്കാൻ വാങ്ങുന്ന പണത്തിനും , കാമുകൻ നൽകുന്ന സഹായത്തിനും നൽകേണ്ട വില ഒന്ന് തന്നെ ആണ് , അരക്കെട്ടിലെ വേദന. അതുകൊണ്ട് തന്നെ ആ ''സഹായങ്ങളെ'' അത് വരെ പുച്ഛത്തോടെ കണ്ടതും.

അയാള് പറഞ്ഞ പുസ്തകങ്ങലൂടെ ആണ് പാലക്കാടിനെ‌ കുറിച്ചറിഞ്ഞത്. എം.ടി പറഞ്ഞ കുമാരനല്ലൂരിലെ കുളങ്ങളും ഒറ്റപ്പാലത്തെ നിളാ നദിയും ഒക്കെ കാണണം എന്ന ചിന്ത വന്നതും . തസ്രാക്കിലെ വിശേഷങ്ങൾ കാണിക്കാൻ ഒരിക്കൽ എന്നെ കൊണ്ട് പോണം എന്ന് ആവശ്യപെട്ടത് ആണ് .ഓ.വി.വിജയൻറെ ഖസാക്ക് തനിക്കു അത്രയും പ്രിയപ്പെട്ടത് ആക്കിയത് വിജയനേക്കാൾ അയാൾ നൽകിയ വിവരണങ്ങൾ കാരണമായിരുന്നു.

പാലക്കാട്‌ തങ്കം ഹോസ്പിറ്റലിനു പിൻവശത്തുള്ള ഒരു കുഞ്ഞ് ഗ്രാമത്തിൽ ആണ് അയാളുടെ വാസം.മുറിക്കുള്ളിലെ ജനാലയിലൂടെ ഉള്ള കാഴ്ചകൾ ഒരു ട്രെയിൻ യാത്രയെ ഒർമിപ്പിക്കുന്നതാണെന്ന് ഒരിക്കൽ അയാള് പറഞ്ഞിട്ടുണ്ട്.

കാലവർഷം ആരംഭിക്കുമ്പോൾ വെള്ളം നിറഞ്ഞ പടങ്ങളിൽ ഞാറു നടുവാൻ എത്തുന്ന പണിക്കാരും അവർക്കായ് വരമ്പിൽ കാവലിരിക്കുന്ന വെളുത്ത കൊറ്റികളും,പിന്നെ സാവധാനം വളരുന്ന നെൽകതിരുകൾ ... 

വേനലവധിക്ക് പന്തുകളും ആയി എത്തുന്ന റൊണാൾഡോമാരും സച്ചിൻമാരും .അവരുടെ നിലവിളികൾ ആണ് പലപ്പോളും കാതിൽ പതിക്കുന്ന ശബ്ദം ..


പിന്നെ ഉത്സവത്തിന്റെ സീസൻ ആണ്., ചെണ്ടയുടെ അകമ്പടിയോടെ പറയെടുപ്പിനു എത്തുന്ന ആനകൾ എന്നും കൗതുകം ആണ്.

തെണ്ടാൻ ഇറങ്ങുന്ന വെളിച്ചപ്പാടുകളുടെ ചിലങ്കയുടെ കിലുക്കവും ജനാലവഴി അകത്തേക്ക് എത്തും.

ചുരുക്കി പറഞ്ഞാൽ വളരെ മെല്ലെ നീങ്ങുന്ന ഒരു ട്രയിനിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ തന്നെ ആണ് അയാളുടെ മുറിയും എന്ന് പറഞ്ഞിട്ടുണ്ട്.

കോയമ്പുത്തൂർ, ഒറ്റപ്പാലം, കോഴിക്കോട് വണ്ടികൾ ആളെ കയറ്റാൻ വിളിച്ചു പറഞ്ഞു കൊണ്ട് മൂളി മൂളി മുന്നിൽ നിൽപ്പുണ്ട് . ഇനിയും സമയം ആറ് ആയിട്ടില്ല.

എന്നാണ് ആ മനുഷ്യൻ തനിക്കു അദ്ധ്യേഹം ആയതു ? അവൾ ഓർത്തെടുക്കാൻ ശ്രേമിച്ചു .

കൂറ്റൻ ഫ്ലാറ്റ് സമുച്ചയത്തിൽ അച്ഛന്റെയും അമ്മയുടെയും അമിത സ്നേഹത്തിനു മുന്നില് വീർപ്പു മുട്ടുന്നതിനിടയിലും വല്ലപ്പോഴും വരുന്ന സഫിയയുടെ കേട്ടാൽ അറക്കുന്ന പ്രണയ കഥകൾക്കിടയിയും അവൾക്കു ആശ്വാസം ആയതു അയാളുടെ ചങ്ങാത്തം ആയിരുന്നു.

ജീവിതത്തിൽ ഒരിക്കലെങ്ങിലും പ്രണയം എന്ന വികാരത്തിന്റെ മധുരം നുകരാത്തവർ ആയി ആരും  ഉണ്ടാവില്ല എന്ന സത്യം അവളിലും പ്രണയത്തെ ജനിപ്പിച്ചു.പക്ഷേ ,അയാളുടെ മറുപടി അവളെ അമ്പരപ്പിച്ചു .

"ഒരു സ്ത്രീയും പുരുഷനും പ്രണയത്തിൽ മുഴുകി സന്തോഷവതികൾ ആവുമ്പോൾ അവരുടെ നഷ്ട്ടത്തിൽ വിഷമത്തിലാവുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. സ്വന്തം സുഖത്തിനായി ആ സമയം കമിതാക്കൾ കാണാതെ പോകുന്ന ആ വിഷമങ്ങൾ ഒരു ജീവിത കാലം നില നില്ക്കുന്നത് ആയിരിക്കും .നീ  നിന്റെ കാമുകനിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രണയത്തിന്റെ ആയിരം മടങ്ങു സ്നേഹം   നിനക്ക് തരാൻ നിന്റെ അച്ഛനും അമ്മയ്ക്കും കഴിയും. അവരുടെ സ്നേഹത്തെയും പ്രണയമായി നീ കാണണം. പ്രണയം എന്ന വികാരം സ്നേഹത്തിന്റെ മറ്റൊരു രൂപം മാത്രം ആണെന്ന് നീ ഉൾകൊള്ളണം "

ഈ പ്രായത്തിൽ അയാള്ക്ക് എങ്ങനെ ഇത്രയും ആഴത്തിൽ ചിന്തിച്ച് സംസാരിക്കാൻ കഴിയുന്നു എന്നവൾ ആലോചിച്ചത്  അപ്പോൾ ആണ് . അല്ല, ഈ പ്രായം എന്ന് പറയാൻ അയാളുടെ പ്രായം തിരിച്ചറിയാൻ ഒരിക്കൽ പോലും അയാൾ രൂപത്തിലെ ശബ്ദത്തിലോ തനിക്കു മുന്നില് വന്നിട്ടില്ലല്ലോ എന്നോർത്തത് പിന്നീടും.

എങ്കിലും ആ സംസാരം കൊണ്ട് അവളൾ അവന്  അയാൾ എന്ന സ്ഥാനം മാറ്റി അദ്ദേഹം എന്ന പുതിയ പദവി സമ്മാനിച്ചു .

അദ്ദേഹത്തോട് പ്രണയം എന്ന വികാരത്തിനപ്പുറം സ്നേഹം പല രൂപങ്ങളിൽ മാറി മാറി അവതരിക്കാൻ കാരണമായതും ആ സമയം മുതലായിരുന്നു.

ആ ഫ്ലാറ്റിന്റെ ജാലകങ്ങളിലൂടെ പിന്നെയും സന്ദേശങ്ങൾ പറന്നു. കോയമ്പുത്തൂരിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും അവൾ മനസ്സു കൊണ്ട് വാളയാർ അതിർത്തി കടന്ന് പാലക്കാട് എത്തി. പലക്കാടൻ കുളങ്ങളിൽ അവൾ നീന്തി തുടിച്ചു ,നിളയുടെ തീരത്തെ മണൽ മൈതാനങ്ങളിൽ ചായക്കൂട്ടില്ലാതെചിത്രങ്ങൾ വരച്ചു.  തിരിച്ചു പോകാൻ മനസ്സ് അനുവധിക്കാത്തതിനാൽ അവൾ അവിടെ തന്നെ ചുറ്റി കറങ്ങി . എങ്കിലും അയാളെ മാത്രം മനസ്സ് കൊണ്ട് പോലും കാണാൻ അവൾക്ക് കഴിഞ്ഞില്ല .

അവളുടെ ചോദ്യങ്ങള്ക്ക് മുഴുവൻ ശരിയായ ഉത്തരം നൽകാതെ അയാൾ പിന്നെയും ഒഴിഞ്ഞു മാറി.എങ്കിലും അവളിൽ അതൊന്നും ഒരു നിരാശയും ഉണ്ടാക്കിയില്ല. ആകെ ഉള്ള സഫിയക്കും അച്ഛനും അമ്മയ്ക്കും പുറമേ ഏതോ ഒരു കോണിൽ ഇരുന്നു തന്നെ ഇഷ്ടപെടുന്ന മറ്റൊരാൾ കൂടി ഉണ്ടെന്ന ചിന്ത അവൾക്കു സന്തോഷം പകരുന്നത് ആയിരുന്നു.

കാമുകന്മാരുടെ എണ്ണം വെട്ടികുറച്ചുകൊണ്ട് സഫിയ വിവാഹിത ആയി പോയതോടെ അവൾ വീണ്ടും നാല് ചുമരുകൾക്കുള്ളിൽ മാത്രം  ആയി. അന്നാണ് അവൾ ആദ്യം ആയി കുറച്ചു ദേഷ്യത്തോടെ അയാളോട് സംസാരിച്ചത് . ഒന്നുകിൽ കാണണം അല്ലെങ്കിൽ ഫോൺ നമ്പർ തരണം എന്ന് നിർബന്ധം പിടിച്ചത് .

ആദ്യം ഒന്നും അതിനു വ്യക്തം ആയ മറുപടി അയാൾ നൽകിയില്ല. ഒടുവിൽ ഫേസ് ബുക്കിൽ നിന്നും ബ്ലോക്ക്‌ ചെയ്യുമെന്നു തറപ്പിച്ചു പറഞ്ഞപ്പോൾ രണ്ടു ദിവസം സാവകാശം ആവശ്യപെടുക ആയിരുന്നു.ആ രണ്ടു ദിവസം അയാളെ കണ്ടതേ ഇല്ല.


മൂന്നാം ദിവസം ആണ് വന്നു പറഞ്ഞത് വരുന്ന ശനിയാഴ്ച  ആറ് മണിക്ക് പാലക്കാട്‌ കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിൽ എത്താൻ . സമയം മാറ്റാനോ ദിവസം മാറ്റാനോ ഉളള അവസരം തരാതെ പിന്നെ അയാൾ ഓൺലൈനിൽ വന്നും ഇല്ല.

അങ്ങനെ ആണ് അവൾ ഇവിടെ ഏത്തപ്പെട്ടത്‌.സമയം ആറ് ആവാൻ പോകുന്നു. തിരക്കുകൾക്കിടയിൽ അവൾ അയാളെ തിരഞ്ഞു. ഒരു തിരിച്ചറിയാൻ ഒരു അടയാളവും ഇല്ലെങ്കിലും വെറുതെ ഒന്ന് തിരഞ്ഞു എന്ന് മാത്രം .


"അമ്മു അല്ലേ, പ്രഭക്ക് അൽപം സുഖമില്ല. കിടപ്പിലാണ്.കൂട്ടികൊണ്ട് ചെല്ലാൻ വിട്ടതാണ് എന്നെ. " 
തൊട്ടടുത്ത് ഐശ്വര്യം തുളുമ്പുന്ന മുഖത്ത് നനുത്ത പുഞ്ചിരിയുമായി ഒരു പ്രായം ചെന്ന സ്ത്രീ. അവരുടെ മുഖത്ത് ഒരുപാട് നേരം എന്നെ തേടിയതിൻറെ ക്ഷീണം ഒന്നും കാണാത്തത് കൊണ്ട് അവരെന്നെ ആദ്യ നോട്ടത്തിലേ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായി.


അവൾക്ക് കൂടുതൽ ചിന്തിക്കാനിടനൽകാതെ അവർ സ്റ്റാൻറിനു പുറത്തേക്കുളള യാത്ര ആരംഭിച്ചിരുന്നു.

വരിതെറ്റാതെ വശങ്ങളിലേക്ക് നോക്കാതെ പോകുന്ന ഉറുമ്പുകളുടെ വരിയിലെ ഒരംഗത്തെ പോലെ അവൾ അവരെ അനുഗമിച്ചു. അവരുവന്ന ഓട്ടോയിൽ കയറിയത് പോലും യാന്ത്രികമായിരുന്നു.

ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം കാണും അയാളുടെ വീട്ടിലേക്ക് എന്നാണ് പറഞ്ഞിരുന്നത്.കയറി അല്പസമയം കഴിഞ്ഞപ്പോൾ ഓട്ടോ ഒരു ബൈപ്പാസിലേക്ക് പ്രവേശിച്ചു, വശങ്ങളിലെ കൈവരികളും ഡിവൈഡറുകളിലെ ചായങ്ങളും അദ്ദേഹം ഒരിക്കൽ പറഞ്ഞ അടുത്തകാലത്ത് ഏതോ മന്ത്രി ഉത്ഘാടനം ചെയ്ത പുതിയ റോഡ് ആണ് ഇതെന്ന് ഉറപ്പിച്ചു തന്നു.

വീട്ടിലേക്കുളള വഴിയിലെ അടയാളങ്ങളായി അയാള് പറഞ്ഞു തന്നിരുന്ന ഡിപിഒ ഓഫീസും വിദേശ മദ്യശാലയും എല്ലാം കൃത്യമായ അകലത്തിൽ തന്നെ ഉണ്ടായിരുന്നു.

ഓട്ടോ ഇടവഴി താണ്ടി പ്രധാന റോഡിൽ പ്രവേശിക്കുമ്പോൾ പുറകിൽ ചൂളം വിളിച്ചു പായുന്ന തീവണ്ടിയും അത് മൂലം മാർഗ്ഗ തടസ്സം സൃഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ കൂട്ടവും കാണാമായിരുന്നു.

വീണ്ടും ഇടവഴിയിലേക്ക്, ആ റോഡിൽ തങ്കം ഹോസ്പിറ്റൽ എന്ന കൂറ്റൻ ബോർഡും ദിശാസൂചിയും ഉണ്ടായിരുന്നു.

ഒടുവിൽ ഒരു ഇരുനില കെട്ടിടത്തിൻറെ മുന്നിൽ ഓട്ടോ നിന്നു. അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ഒരു പേര് ആ വീടിൻറെ മുന്നിൽ കൊത്തിവച്ചിരുന്നു,'ശാകുന്തളം'.

ഗേറ്റ് കടന്ന് അകത്ത് പ്രവേശിക്കുമ്പോൾ ഒരുപാട് പരിചയമുളള വീടായാണ് അവൾക്ക് തോന്നിയത്.സീരിയൽ നമ്പർ പ്രകാരം ലൈബ്രറിയിലെ ഷെൽഫിൽ അടുക്കി വച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പോലെ ആ ഉദ്യാനത്തിലെ പൂച്ചെടികളുടെ സ്ഥാനവും നിറവും അയാൾ നേരത്തെ നൽകിയത് അവൾ ഓർത്തെടുത്തു.

തുറന്നു കിടന്നിരുന്ന വാതിലിലൂടെ ആ സ്ത്രീ അകത്തേക്ക് കടന്നു.
അകത്തേക്ക് പ്രവേശിക്കാൻ നോക്കിയ അവൾ ഒരു കാഴ്ച കണ്ടു, ചുവരിൽ തൻറെ കുഞ്ഞുന്നാളിലെ രൂപത്തെ അനുസ്മരിപ്പിക്കുന്ന കുറെ ചിത്രങ്ങൾ. അതൊന്നും തൻറേതല്ലെന്ന് മനസിനെ തീർചപ്പെടുത്താൻ  പല ആവർത്തി നോക്കേണ്ടി വന്നു ആ ചിത്രത്തിൽ.

"അമ്മു അകത്തേക്ക് വരൂ" ആ സ്ത്രീയുടെ ശബ്ദത്തിൽ താൻ ജീവിതത്തിൽ ഒരിക്കൽ പോലും ആസ്വദിച്ചിട്ടില്ലാത്ത വാത്സല്യം ഉണ്ടെന്ന് തോന്നി അവൾക്ക്.
അവരുടെ കാൽപാടുകളെ ഒരിക്കൽ കൂടി അവൾ അനുഗമിച്ചു.ആ യാത്ര വരികളിലൂടെ അയാൾ അവൾക്ക് വരച്ചു നൽകിയിരുന്ന അയാളുടെ മുറിയിലെത്തിച്ചു.

അവിടെ ഒരു വീൽചെയറിൽ ട്രയിൻ യാത്രയിൽ പുറം കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടിയെ പോലെ ഇരിപ്പുണ്ടായിരുന്നു അവളുടെ അവനും അയാളുംഅദ്ദേഹവും എല്ലാം.

"പ്രിയ നീലിമ ജോസഫ് കാലമെത്ര കഴിഞ്ഞാലും ലോകത്തിനു മുന്നിൽ നീ  മറ്റുളളവർക്ക് നീലിമ ജോസഫ് ആണെങ്കിലും നീ എനിക്കെന്നും എൻറെ അമ്മു മാത്രം ആയിരിക്കും" 
എന്ന സന്ദേശം അയച്ച പ്രഭാകരൻ നായർ. ശാകുന്തളത്തിലെ ശകുന്തളാദേവിയുടെ അച്ഛൻ. 


അവൾ അടുത്തേക്ക് നീങ്ങി അയാളുടെ തോളിൽ കൈ വച്ചു, അയാൾ തിരിഞ്ഞു നോക്കിയില്ല.

മുത്തച്ഛൻറെ തോളിലേറി നടന്നു നീങ്ങേണ്ടിയിരുന്ന വയൽ വരമ്പുകൾ അവരൊരുമിച്ച് ജനാലയലൂടെ നോക്കി കണ്ടു.

ആ സമയം പിന്നിൽ ഉയർന്ന ഒരു ചെറിയ തേങ്ങൽ അവർ ശ്രദ്ധിച്ചില്ല.
-------------------
പുള്ളോട് പ്രവീണ്‍ 
ആലത്തൂർ 


നർമം :-പാലക്കാട് SBI ബാങ്ക് മാനേജർക്ക്


പ്രിയപ്പെട്ട പാലക്കാട് SBI ബാങ്ക് മാനേജർക്ക്,
സർ ,
താങ്കളുടെ പാലക്കാട് ശാഖയിൽ തരക്കേടില്ലാത്ത ഒരു അക്കൗണ്ട് എനിക്കുണ്ട് എന്നതിനാൽ എൻറ അപേക്ഷ സ്വീകരിക്കും എന്നു തന്നെയാണ് എൻറ വിശ്വാസം.
അടുത്ത ബുധനാഴ്ച എൻറെ മോളുടെ നാലാം പിറന്നാൾ ആണ്. അവളുടെ ഇഷ്ട പ്രകാരം തന്നെ അല്പം വിലകൂടിയ രണ്ട് ജോടി ഡ്രസ്സ് എടുത്തു.
ഇനി എന്താണ് പിറന്നാളിന് വേണ്ടത് എന്ന എൻറെ ചോദ്യത്തിന് അവൾ പറഞ്ഞ മറുപടിയാണ് എന്നെ ഈ അപേക്ഷ എഴുതാൻ പ്രേരിപ്പിച്ചത്. നല്ല സ്ട്രോബറി കേക്കും, പപ്പടവും , പായസവും വേണം എന്ന് പറയുംകരുതിയ എന്നെ അമ്പരപ്പിച്ചുകൊണ്ട് അവൾ പറഞ്ഞത് ചെറയുളളിയും തക്കാളിയും ചേർത്ത സാമ്പാറും ,ബീൻസോ/പയറോ ഉപ്പേരിയും ആണ്( രണ്ടായാലും പച്ചമുളക് നിൻബന്ധം ആണല്ലോ).
ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നെ കൊണ്ട് അവളുടെ ആഗ്രഹം നടത്തികൊടുക്കാൻ അത്രയും വലിയ തുക സംഘടിപ്പിക സാധ്യമല്ല.
അതിനാൽ മേൽ പറഞ്ഞ സാധനങ്ങളായ തക്കാളി,ചെറിയ ഉളളി,പയർ,ബീൻസ്, പച്ചമുളക് എന്നിവ വാങ്ങുവാനുളള തുക (അൽപം കൂടിപ്പോയി എന്നറിയാം) വായ്പ ആയി അനുവധിക്കണം എന്ന് അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ
പുളേളാട് പ്രവൺ 

നർമം :- ചൈന


ചൈന സാധനങ്ങളുടെ ബഹിഷ്കരണത്തെ പറ്റി ഭാര്യയെ ബോധ്യപ്പെടുത്തി.
നാളെ ഒരു ദിവസം പല്ല് തേപ്പ് ഒഴിവായി കിട്ടി...

നർമം :-കോപ്പാ അമേരിക്കാ


ഒരുപാട് വേൾഡ് കപ്പും കുറേ കോപ്പാ അമേരിക്കാ കപ്പും കിട്ടുമ്പോൾ എടുത്ത വക്കാൻ വേണ്ടി സ്പടികവും വജ്രവും ചേർത്ത് കോടികൾ മുടക്കി നിർമ്മിച്ച ഒരു അലമാറയുണ്ട് അങ്ങ് ചെഗുവേര യുടെ നാടായ അർജൻറീനയിൽ.
ഇനി അതിൻറെ ആവശ്യം ഇല്ല എന്ന് അവർക്ക് തന്നെ തോന്നിയതിനാൽ അത് കേരളത്തിലെ ഒരു മെസ്സി ആരാധകന് ഫ്രീയായി നൽകുന്നു.
ആവശ്യമുളളവർ അപേക്ഷിക്കുക. വേണ്ട യോഗ്യതകൾ...
1. രാത്രി അർജൻറീന എന്ന് അലറി വിളിച്ച് ഉറക്കം കിടത്തുന്നു എന്ന് പറഞ്ഞ് അയൽക്കാരൻ പോലീസിൽ നൽകിയ പരാതി...
2. കോപ്പ കണ്ട് കരൻറ് ബിൽ കൂടിയതായുളള ഇലക്ട്രിസിറ്റി ഓഫിസിൽ നിന്നുളള രസീത്.
3.നീലയും വെളളയും ജേഴ്സി കാണുമ്പോൾ ഉളള വിഭ്രാന്തി തെളിയിക്കുന്ന മനോരോഗ വിദഗ്ദൻറെ സർട്ടിഫിക്കറ്റ്.
ട്രാൻസ്പോർട്ടേഷഷൻ ചാർജ് മെസ്സിക്ക് ഫൈനലിൽ കിട്ടിയ നോക്ക് കൂലിയിൽ നിന്നും നൽകുന്നത് ആയിരിക്കും.
വാൽകഷണം:- """""മഴക്കാലമാണ്..🐓🐐
കോഴി,ആട് കൂടുകൾ എന്നിവ മൂടാൻ ഏത് വലിപ്പത്തിലും ഉളള ഫ്ലക്സുകൾ വമ്പിച്ച വിലക്കുറവിൽ ബന്ധപ്പെടുക :
ബ്രസീൽ ഫാൻസ് കേരള 🐸..... """"
ബ്രസീൽ കോപ്പാ അമേരിക്കാ ടുർണമെൻറിൽ നിന്നും പുറത്തായപ്പോ ഈ മെസ്സേജ് എനിക്കയച്ചവരൊക്കെ ജീവനോടെ ഉണ്ടോ ആവോ..?

നർമം :-റെയിവേ ഒളിച്ചുകളി


കുഞ്ഞുന്നാളിലെ കളികളിൽ എനിക്കേറ്റവും ഹരമായിരുന്നത് ഒളിച്ചുകളി ആയിരുന്നു.
വളർന്നപ്പഴും ആ കളിയോടുളള ഹരം കുറഞ്ഞില്ല, പക്ഷേ കളിക്കാൻ കൂട്ടുകാരെ കിട്ടാതായി.
അടുത്ത കാലത്തായി തുടങ്ങിയ കോഴിക്കോട്ടേക്കും തിരിച്ചും ഉളള യാത്രകൾ കൊണ്ട് ഞാൻ ഒരു കളിക്കൂട്ടുകാരനെ ഒപ്പിച്ചു, റെയിവേ ടി.ടി.ആറിനെ.
ലോക്കൽ കമ്പാർട്ട്മെൻറ് ടിക്കറ്റ് എടുത്ത് റിസർവേഷൻ കമ്പാർട്ട്മെൻറിൽ കയറി പുളളി കാണാതെ ഇറങ്ങേണ്ട സ്ഥലം വരെ എത്തുക എന്ന കളി, പിടിച്ചാൽ ഫൈൻ അടിക്കും എന്ന് ഉറപ്പുളളതാനാൽ ഈ കളിക്ക് ഹരവും കൂടുതലാണ്.
വാൽകഷണം:-ഈ ഗ്രൂപ്പിൽ/എൻറേ ഫ്രണ്ട്സ് ലിസ്റ്റിൽ വല്ല ടി.ടി.ആർ. ഉണ്ടെങ്കിൽ , ഇത് ഞാൻ ചെയ്യുന്നതല്ല , എന്റെ ഒരു കൂട്ടുകാരൻ തെ** ചെയ്യുന്നതാ.....അവനെ പിടിക്കാൻ ഞാൻ സഹായിക്കാം

നർമം :-ഫേസ്ബുക്കിലെ ടാഗ്


ഇന്നലെ പഴയ ഹൗസ് ഓണറുടെ എട്ടാം ക്ലാസുകാരനായ മോനെ കണ്ടപ്പൊ അവൻ ചോദിക്കവാ അണ്ണനെന്താ ഫേസ്ബുക്കിലെ പോസ്റ്റിലൊന്നും എന്നെ ടാഗ് ചെയ്യാത്തേ , ടാഗ് ചെയ്യാൻ അറിയാഞ്ഞിട്ടാണോ എന്ന്..
പകച്ചുപോയി എൻറെ ഫേസ്ബുക്കിത്വം...
മലായാളത്തിൽ പോസ്റ്റിട്ട് സുക്കറണ്ണനെ വരെ ടാഗുന്ന വിശാലമനസ്കരായ എല്ല മലയാളികൾക്കുമായി സമർപ്പിക്കുന്നു.

നർമം :- മണ്ടൻ കൂട്ടുകാരൻ


ട്രയിനിനും പ്ലാറ്റ് ഫോമിനുമിടയിൽ ആളുകൾ വീണ് അപകടം ഉണ്ടാവുന്നത് ഒഴിവാക്കാൻ ട്രയിൻ പ്ലാറ്റ് ഫോമിൽ നിന്നും മൂന്ന് മീറ്റർ അകലത്തിൽ നിർത്തണം എന്നു പറഞ്ഞ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക് പുളേളാട് എൽ.പി.സ്കൂളിൽ.
സ്കൂൾ പിളേളരെ കേറ്റാതിരിക്കാൾ നൂറു മീറ്റർ അകലെ കൊണ്ടു നിർത്തുന്ന ബസ്സിലെ കിളിയാണ് ഇപ്പോഴവൻ.

നർമം :-ബജറ്റ്.


ബർഗർനും, പിസക്കും വില കൂടുമെന്ന് ബജറ്റ്.....
അല്ല ധനമന്ത്രീ, എൻറെ അച്ഛനും അമ്മക്കും
ഒന്നും ഇവിടെ ജീവിക്കണ്ടേ ...?

Friday, June 10, 2016

കാഞ്ചനമാലയോടൊപ്പം

ഇന്ന് ഉച്ചക്ക് ശേഷം അല്പ സമയം കാഞ്ചനമാലയോടൊപ്പം ആയിരുന്നു .
.
കാഞ്ചനമാല....
.
ഒരേ സമയം മൊയ്ദീനേയും പ്രണയത്തെയും ഒരു പോലെ പ്രണയിച്ച കാഞ്ചനമാല..
പ്രണയത്തിന്റെ ,
ആത്മാർത്ഥതയുടെ ,
കാത്തിരിപ്പിന്റെ ,
വിരഹത്തിന്റെ
ആൾരൂപമായി പാർവതി നമ്പ്യാർ അഭ്ര പാളിയിൽ അനശ്വരമാക്കിയ
കഥാപാത്രത്തിന്റെ യഥാർത്ഥ രൂപത്തിലുള്ള കാഞ്ചനമാല..
.
"ഈ ചിത്രത്തിൽ ഞാൻ ഇല്ല , പക്ഷെ ഈ സിനിമ കണ്ടപ്പോൾ ഞാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി "
ദേശാടനം എന്ന ചിത്രത്തിന് മമ്മുട്ടി,മോഹൻലാൽ,സുരേഷ്ഗോപി ,ശോഭന
തുടങ്ങിയ പ്രമുഖരുടെ പരസ്യ വാചകം ആയിരുന്നു മേൽപറഞ്ഞത്‌ .
അതുപോലെ 'എന്ന് നിന്റെ മൊയ്ദീൻ' കണ്ടിറങ്ങിയ പുരുഷാരവത്തെ കൊണ്ട്
'ഇങ്ങനെ ഒരു കാമുകി എനിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി "
എന്ന് പറയിപ്പിച്ച കാഞ്ചനമാല....
പ്രണയിക്കാൻ പ്രായം ഒരു തടസ്സം അല്ലെങ്കിലും ജീവിതത്തിൽ ഇനിയൊരു പ്രണയം വഴിതെറ്റി പോലും വരില്ലെന്ന് അറിയാം എന്നുള്ളത് കൊണ്ടും,കാഞ്ചനമാലയുടെയും മൊയ്ദീന്റേയും പ്രണയം ഒരുപാട് വായിച്ചതു കൊണ്ടും പ്രണയത്തെ കുറിച്ച് ഒരു സംശയവും ചോദിച്ചില്ല ..
പാലക്കാടും വടക്കാഞ്ചേരിയിലും ഒരു ഹോട്ടൽ ഉത്ഘാടനത്തിനു വന്നിരുന്നു എന്ന് പറഞ്ഞു. ഇതിനിടയിൽ വന്ന അടുത്തു ബന്ധമുള്ള ഒരു വെക്തിയുടെ ഫോൺ കാളിനു മറുപടിയായി പാലക്കാട് നിന്ന് ഒരു കുട്ടിയും അയി സംസാരിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു പരിചയവും ഇല്ലാത്ത എനിക്ക് തന്ന ആ പരിഗണന അവരോടുള്ള ബഹുമാനം ഇരട്ടിയാക്കി.
പാലക്കാട്‌ മെർസി കോളേജിലോ വിക്ടോറിയ കോളേജിലോ ഒരിക്കൽ ഞാൻ വന്നിട്ടുണ്ട് .. പക്ഷേ വ്യക്തം ആയി ആയി ഓർക്കുന്നില്ല ... വയസ്സായില്ലേ പലതും മറന്നു തുടങ്ങി എന്നും കൂടെ ചേർത്തു .
വിഷമം മറക്കാൻ മറവി നല്ലത് ആണെന്നും മൊയ്ദീന്റെ ഓർമ്മകൾ ഒരിക്കലും മറന്ന് പോവാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം എന്ന് മനസ്സിലും , ബി .പി .മൊയ്ദീന്റെ ദിലീപ് പണി കഴിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി ഉടനെ കഴിയാൻ പ്രാർത്ഥിക്കാം എന്ന് അവരോട് നേരിട്ടും പറഞ്ഞ് യാത്രയായി .
അവിടെ നിന്നും ഇറങ്ങി കുറച്ചു ദൂരം പോയപ്പോൾ അത് കൂടി കണ്ടു ..
.
ഇരവഴിഞ്ഞി പുഴ.
ഒരു പാഠപുസ്തകത്തിലും പഠിച്ചിട്ടില്ലാത്ത ,
ഞാൻ വായിച്ച ഒരു പുസ്തകത്തിലും വായിച്ചിട്ടില്ലാത്ത ഇരവഴിഞ്ഞി പുഴ...
വർഷങ്ങളോളം ത്രിപ്പാളൂർ ശിവപാദം തഴുകി കടന്ന് പോകുന്ന ഗായത്രി പുഴയുടെ ഹൃദയം
അറിയാവുന്ന എനിക്ക് ഇരവഴിഞ്ഞി പുഴയുടെ താളവും വേഗവും മനസ്സിലാക്കാൻ കഴിഞ്ഞു .
ആ താളത്തിൽ ഞാൻ യാത്ര തുടർന്നു ..

രാഷ്ട്രപതിയും വിദേശ വാസത്തിന്

രാഷ്ട്രപതി പ്രണാബ് മുഖർജി മൂന്നു ദിവസത്തെ സന്ദർശനത്തിനായി ആഫ്രിക്കയിലേക്ക് പോകുന്നു.....
അല്ല!!! എത്ര കണ്ടാ ഒരു മനുഷ്യൻ സഹിച്ചിരിക്കുക !!!!
മനസ്സിലായിക്കാണുമല്ലോ ല്ലേ....?

ഇ.പി.ജയരാജൻ മന്ത്രി

സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻറെ ഒരു വോട്ട് ചോർന്നത് അന്വേഷിക്കുന്ന തിരുവഞ്ചൂർ ശരിക്കും കോൺഗ്രസ്സിൻറെ രണ്ട് വോട്ട് ചോർന്നിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്.
മറു ഭാഗത്തുളള മണ്ടൻ ജയരാജൻ യു.ഡി.എഫ്. നാവും വിവരക്കേടുകൊണ്ട് വോട്ട് ചെയ്തിട്ടുണ്ടാവുക.

കെ.കെ.രെമയോടൊപ്പം

ഇന്ന് സഖാവ്:കെ.കെ.രമയെ കണ്ടു. കേരള ജനത നിറഞ്ഞ മിഴികളുമായി എന്നുമോർക്കുന്ന പേരായതിനാൽ പരിചയപ്പെടുത്തലിൻറെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല, എങ്കിലും പറയട്ടെ അകാലത്തിൽ നമ്മളെ വിട്ടുപോയ സഖാവ് ടി.പി.ചന്ദ്രശേഖരൻറെ ഭാര്യ.

രക്തസാക്ഷി....കൊടിയുടെ നിറമോ മണമോ മാറ്റി എണ്ണിയാൽ ചിലപ്പോൾ ഒരു പഞ്ചായത്തിൽ അല്ലെങ്കിൽ ഒരു വാർഡിൽ ഒന്ന് എന്ന കണക്കിൽ കാണാം രക്തസാക്ഷികൾ, ഒപ്പം കാരണം പോലും തിരക്കാതെ പാർട്ടിയുടെ ആജ്ഞാനുവർത്തിയായി എതിരാളിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ ഒരു കൊലയാളിയേയും കാണാൻ കഴിയും.

ഒരു രക്തസാക്ഷിയുടെ പിറവിയോടെ അനാഥരാക്കപ്പെടുന്ന ഒരു കുടുംബം സൃഷ്ടിക്കപ്പെടുന്നു അല്ലാതെ ആർക്കന്ത് നേട്ടം എന്ന ചോദ്യത്തിന് ആവനാഴിയിൽ ഒരു ഉത്തരവും ഇല്ലാത്തതിനാൽ ഒരു പാർട്ടിക്കാരനും ആ ചോദ്യം ഗൗനിക്കാറുമില്ല.

ടി.പി.ചന്ദ്രശേഖരൻ. . . (സഖാവ്: ടി.പി. എന്നു വിളിക്കാനാവും ആ ആത്മാവ് ഇന്നും ഇഷ്ടപ്പെടുക) കേരളമനസാക്ഷിയെ നടുക്കിയ രക്തസാക്ഷി. ടി.പി.കൊല്ലപ്പെട്ട രീതീയും, സമയവും പോലെ തന്നെ ആരാണ് ആ പാതകം ചെയ്തത് എന്നതുമൊക്കെയാണ് നമ്മുടെ മനസ്സിൽ ഒരു തേങ്ങലായ് ആ മരണം അവശേഷിക്കുന്നത്.

വിപ്ളവ സമരങ്ങളുടെ വിജയത്തിനായി വഴിവക്കിൽ തീർത്ത മനുഷ്യചങ്ങലയുടെ കണ്ണി മുറിയാതിരിക്കാൻ ഇരുകൈ കൊണ്ടും മുറുകെ പിടിച്ച സഖാക്കളുടെ കൈകൾ തന്നെയാണ് ചെറുവിരലനക്കം പോലും അവസാനിക്കും വരെ വെട്ടി നുറുക്കാൻ വടിവാള് എടുത്ത് നൽകിയത്.

പേരും നാടും നോക്കാതെ സഖാവേ എന്ന് വിളിച്ചവർ തന്നെയാണ് മരണശേഷവും കുലംകുത്തി എന്നു വിളിച്ച് അധിക്ഷപിച്ചത്.

അതുകൊണ്ടൊക്കെ തന്നെയാണ് സഖാവ് ടി.പി. ഓർമകളിലൂടെ ഇന്നും ജീവിക്കുന്നത്.ആ ഓർമകളിലേക്ക് ഒരു യാത്ര, അതിൻറെ ഭാഗമായാണ് ഇന്ന് സഖാവ് കെ.കെ.രമയെ കണ്ടത്.

കുറച്ച് രാഷ്ട്രീയവും കുറച്ച് ടി.പി. ഓർമകളും പങ്ക് വക്കുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകനെ കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിൻറെ ധീരവനിത രാഷ്ട്രീയമൊക്കെ മറന്ന് വെറും അമ്മയായി.

ഇറങ്ങാൻ നേരം,
"പാർട്ടിയിലെ തിന്മകൾക്കെതിരെ പോരാടിയില്ലായിരുന്നുവെങ്കിൽ, നന്മക്കു പകരം അധികാരത്തിനു പുറകേ പോയിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച ടി.പി.യും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേനേ അല്ലേ മാഡം"
എന്ന എൻറെ ചോദ്യം കേട്ടപ്പോൾ കണ്ണീരിൻറെ ഉറവ വറ്റിക്കാണും എന്ന് ഞാൻ കരുതിയിരുന്ന ആ കണ്ണുകളിൽ വരാനിരുന്ന അശ്രുകണങ്ങളെ ഒരു നേർത്ത പുഞ്ചിരിയിൽ വഴിതിരിച്ചുകൊണ്ട് എന്തോ പറഞ്ഞത് എനിക്ക് വ്യക്തമായില്ല. യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോഴും ഞാൻ ആ വാക്കുകൾക്ക് പുറകെ ആയിരുന്നു.

വാൽകഷണം: അഴിക്കൽ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജറായ സഖാവ് കെ.കെ. രമയെ കാണാൻ ജോലിസമയത്തെ ഒരു മിനിട്ടുപോലും പാഴാക്കാതെ കൊയ്ലാണ്ടിയിൽ നിന്നും വടകരക്കുളള യാത്രക്കിടയിൽ സെക്കൻറിൻറെ നൂറിലൊരംശം സമയത്തിൻറ വ്യത്യാസത്തിന് ഒരു രാജ്യത്തെ മുഴവൻ കരയിച്ച മറ്റൊരു മഹത് വനിതയുടെ സ്ഥലം കൂടി കണ്ടു, പയ്യോളി. സാക്ഷാൽ പി.ടി.ഉഷയുടെ നാട്.

കഴിയുമെങ്കിൽ അടുത്ത തവണ അവിടെയും പോണം, ഫോട്ടോ ഫിനിഷിനായി ഒളിംപിക്സ് കമ്മിറ്റി ആയിരം തവണ ആവർത്തിച്ച് കണ്ട ആ ഓട്ടക്കാരിയോടെപ്പം എനിക്കും ഒരു ഫോട്ടോയിൽ പെടണം.

Monday, May 30, 2016

അമേയക്കുട്ടീ നിനക്ക് ആയിരം വിജയാശംസകൾ

അമേയക്കുട്ടീ നിനക്ക് ആയിരം ആയിരം വിജയാശംസകൾ
-------------------------------------------------------------------
തിയ്യതി കൃത്യമായി ഓർമ്മയില്ല ,എങ്കിലും ആയിരത്തി തൊള്ളായിരത്തി എൻപത്തി നാലിലെ അധ്യയന വർഷത്തിലെ ആദ്യ ദിവസത്തിൽ ആയിരിക്കണം അമ്മയുടെ കയ്യും പിടിച്ച് പുള്ളോട് ഗവ: എൽ .പി സ്കൂൾ എന്ന ഓല മേഞ്ഞ കെട്ടിടത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിച്ചത് .
ചെമ്മണ്ണ് കൊണ്ട് മെഴുകിയ നിരപ്പല്ലാത്ത തറയിലെ ആടുന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ ഓല മേഞ്ഞ മേൽകൂരയിലെ ദ്വാരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വട്ടം വട്ടം സൂര്യ രശ്മികൾ കാണും ദേഹത്ത് അല്ലെങ്കിൽ നിലത്ത് അതുമല്ലെങ്കിൽ ബോർഡിൽ .... മഴ പെയ്ത് തോർന്ന സമയതാണെങ്കിൽ ജല കണങ്ങൾ താഴേക്ക് വീഴുന്നത് പിടിക്കാൻ ഓടി നടക്കും..
അവിടെയിരുന്നാണ് മലയാളവും കണക്കും ഒക്കെ പഠിച്ചത് . അതിനൊപ്പം പഠിച്ച കഥകൾ ഒന്നും ഒർമയില്ലെങ്കിലും ചില മുഹുർത്തങ്ങൾ നേരിയ ഓർമയായി എവിടെയൊക്കെയോ ഉണ്ട്.
കിണറ്റിൻ കരയിൽ ഒരേ ഒരു ബക്കറ്റിൽ നിന്നും വെള്ളം കോരി രണ്ട് ഗ്ലാസ്സുകൊണ്ട് നാല് ക്ലാസ്സുകാരെ വെള്ളം കുടിപ്പിക്കുന്ന കറുപ്പേട്ടൻ ..
ആകാശത്ത്‌ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ രണ്ടാം ക്ലാസിന്റെ കോണിൽ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന കമലാക്ഷി ടീച്ചറും കേശവൻ മാഷും. ഒടുവിൽ മഴ വരും മുൻപേ ബെൽ അടിച്ച് ക്ലാസ്സ്‌ വിടാൻ കറുപ്പേട്ടനെ വിളിക്കുന്ന മാഷ് .
കൂട്ട ബെല്ല് കേൾക്കുന്നതോടെ ചെമ്മണ്ണ് പുരണ്ട ദേഹത്തോടെ സഞ്ചിയും എടുത്ത് വീട്ടിലേക്ക് ഓടുന്ന ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾ. സ്ലേറ്റും , ചോറു പാത്രവും അതിനകത്തുള്ള കൂട്ടാൻ പ്ലേറ്റും എല്ലാം ചേർന്ന് എല്ലാവരുടെ സഞ്ചിയും ഒരേ താളത്തിൽ കിലുങ്ങുന്നുണ്ടാവും . കുറച്ച് ദൂരം കഴിയുമ്പോഴേക്കും മഴയെത്തും .. പിന്നെ മഴ നനഞ്ഞ് ടാറും ടൈൽസും ഒന്നുമില്ലാത്ത മൺ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം പരസ്പരം തെറുപ്പിച്ച് ഒരു യാത്ര.
വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിന്നെയും കുറെ സ്ഥപനങ്ങങ്ങളിൽ പഠിച്ചു . അന്ഗീകാരവും ,നല്ല കൂട്ടുകാരും,പ്രണയവും,യാത്രകളും വിജയത്തിന്റെ ലഹരിയും ഒക്കെ അവിടുന്നൊക്കെ കിട്ടി എങ്കിലും മനസ്സിൽ ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നത് പുള്ളോട് ഗവ :എൽ .പി .സ്കൂളിൽ പഠിച്ച നാല് ക്ലാസുകൾ തന്നെ.
അച്ചടിമഷി പുരണ്ട പത്ത് പണ്ട്രണ്ടു കഥകളിലെയോ ,അല്ലെങ്കിൽ ഞാൻ ഒർക്കൂട്ടിലൊ , ഫേസ് ബുക്കിലോ ,ബ്ലോഗിലോ,മെസ്സേജിലോ,വാട്സ്ആപ്പിലൊ, മെയിലിലോ ഞാൻ തന്ന കഥയിലെയോ നുറുങ്ങുകളിലെയോ വരികളോ വാചകങ്ങളോ നിങ്ങൾക്ക് ഇഷ്ടം ആയിട്ടുണ്ടെങ്കിൽ അത് ആ ഓല മേഞ്ഞ കെട്ടിടത്തിൽ ഇരുന്നു വക്ക് പൊട്ടിയ സ്ലേറ്റിൽ മഷി തണ്ട് കൊണ്ട് മാച്ച് മാച്ച് ഞാൻ എഴുതി പഠിച്ച 'തറ'യുടെയും 'പറ'യുടെയും മഹത്വം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട് തന്നെ ആണ് പ്രവീൺ എന്ന് എവിടെ എങ്കിലും എഴുതി പിടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ 'പുള്ളോട് ' എന്ന് കൂടി ഞാൻ കൂടെ ചേർക്കുന്നത്‌ .
നാളെ ,
എന്റെ മകൾ അമേയ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിനത്തിലേക്ക് കടക്കുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ഡൊണേഷൻ നൽകി തടിയൻ ഇംഗ്ലീഷ് പുസ്തങ്ങളുമായി മാർബിൾ ഇട്ട ക്ലാസ്സ്‌ മുറിയിലേക്ക് എൽ .കെ .ജി .എന്ന ഞാൻ പണ്ട് ഒരിക്കലും കേട്ടിടില്ലാത്ത ക്ലാസ്സ്‌ മുറിയിലേക്ക് .
പ്രിയ അമേയക്കുട്ടി, നാല് വർഷം നീ എന്നോടൊപ്പം ചിലവിട്ട നിമിഷങ്ങൾ ഓർത്തിരിക്കുന്ന എനിക്കറിയാം നീ പഠിച്ചു മിടുക്കി ആവുമെന്ന് ...എങ്കിലും ഞാൻ ഉറപ്പ് തരുന്നു , നിന്റെ പഠന വഴിയിൽ ഞാൻ എന്നുമുണ്ടാവും എന്ന് ....
ഞാൻ ഒരു നല്ല കൂട്ടുകാരൻ അല്ല, ഞാൻ ഒരു മകൻ നല്ല ,ഞാൻ നല്ല ഒരു കാമുകൻ അല്ല ,ഞാൻ ഒരു നല്ല ഭർത്താവ് അല്ല എന്നൊക്കെ പറഞ്ഞവരോട് നിന്റെ വിജയത്തിലൂടെ എനിക്ക് പറയണം നിന്റെ പപ്പ നല്ലൊരു അച്ഛൻ ആണ് എന്ന് ....
അമേയക്കുട്ടീ നിനക്ക് ആയിരം ആയിരം വിജയാശംസകൾ ....

Friday, May 27, 2016

വീക്ഷണം വരന്തപതിപ്പ് നവമ്പർ


അമേയക്കുട്ടി ഏപ്രിൽ മാസത്തെ ബാലഭുമിയിൽ


നർമം :എക്സിറ്റ് പോൾ ആവേശം

ലോകത്തിലാദ്യമായ് ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - EMS നമ്പൂതിരിപ്പാട്.
ലോകത്തിലാദ്യമായ് എക്സിറ്റ് പോളിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സഖാവ് പിണറായ് വിജയൻ

നർമം :ഉമ്മചന്റെ ഒരു കാര്യം

മെത്രാൻ കായലും , നെല്ലിയാമ്പതിയിലെ എസ്റ്റേറ്റും ഒക്കെ വല്ലവനും കൊടുക്കാൻ പോയ സമയത്ത് ആ കൊല്ലവും, ആലപ്പുഴയും, ത്രിശ്ശുരും തമിഴ്നാടിനു വിറ്റിരുന്നെങ്കിൽ നമുക്കീ ഗതി വരില്ലായിരുന്നു എന്റെ ഉമ്മച്ചാ ......

നർമം :അച്ചുമാമ അഥവാ ശശി മാമ

വി.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് പറഞ്ഞ് വോട്ട് പിടിച്ച ഷൊർണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ശശി എ.എൽ.എ. ആയി.
വി.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത പത്ത് ലക്ഷത്തോളം പേര് ശശിയും ആയി...

നർമം :ഒരു ഓൺലൈൻ കാര്യം

ഒരേ സമയം സന്തോഷവും വിഷമവും ഉണ്ടാക്കുന്ന കാര്യം നിങ്ങളുടെ ഓൺലൈൻ ജീവിതത്തിൽ സംബവിച്ചിട്ടുണ്ടോ?
ഇന്നലെ എനിക്കുണ്ടായ അത്തരം ഒരു അനുഭവമാണ് ഞാൻ പറയുന്നത്.
May 20 ന് 22.30 ന് ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത താഴെ പറയുന്ന കമൻറ്
#‪#‎വി‬.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് പറഞ്ഞ് വോട്ട് പിടിച്ച ഷൊർണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി ശശി എ.എൽ.എ. ആയി.
വി.എസ്.അച്യുദാനന്ദൻ മുഖ്യമന്ത്രിയാവും എന്ന് കരുതി വോട്ട് ചെയ്ത പത്ത് ലക്ഷത്തോളം പേര് ശശിയും ആയി..##
ഇന്നലെ ഒരു Watsapp ഗ്രൂപ്പിൽ നിന്നും ലഭിക്കുകയുണ്ടായി.
ആ മെസ്സേജിനെ കുറിച്ച് ചോദിച്ചപ്പോൾ ടി വ്യക്തി പറഞ്ഞത് ഇത് നേരത്തെ കിട്ടിയത് ആണ് എന്നും പുളേളാട് പ്രവീണിൻറ അല്ല എന്നുമാണ്. ആ സമയം എനിക്ക് ഓർമ്മ വന്നത് ന്യൂഡെൽഹി സിനിമയിൽ സംഭവും നടക്കും മുമ്പേ വാർത്ത സൃഷ്ടിക്കുന്ന വിശ്വനാഥ് എന്ന ലേഖകനേയും, അരമണിക്കൂർ മുമ്പ് പുറപ്പിട്ട മാന്നാർ മത്തായിയെ ഒരു മണിക്കൂർ മുമ്പ് പുറപ്പിടിക്കുന്ന കമ്മിറ്റിക്കാരനേയും ഒക്കെ ആണ്.
നമ്മുടെ ഒരു കമൻറ് മറ്റേതെങ്കിലും വഴി നമ്മളെ തേടി എത്തുന്നത് സന്തോഷകരമാണ്. പക്ഷേ അതിൻറെ പിതൃത്വം സ്ഥാപിച്ചെടുക്കാൻ DNA ടെസ്സറ്റ് നടത്തേണ്ടി വരുന്നത് വേദനാജനകവും ആണ്. ടി വ്യക്തിക്ക് അയച്ചുകൊടുത്ത ആൾ ഒരു കടപ്പാട് വച്ചിരുന്നങ്കിൽ സംഭവത്തിൽ വേദന എന്ന രണ്ടാം ഭാഗം ഉണ്ടാവില്ലായിരുന്നു.
വാൽകഷണം:- നല്ലതോ മോശമായതോ ആയ പോസ്റ്റുകൾ കോപ്പി അടിക്കുമ്പോൾ കടപ്പാട് വച്ചില്ലങ്കിലും അതിൽ വല്ല സംഖ്യകളും ഉണ്ടെങ്കിൽ അതെങ്കിലും മാറ്റാൻ ശ്രമിക്കുക, അപ്പോൾ നിങ്ങളായിട്ട് എന്തേലും ചെയ്തിട്ടുണ്ടെന്ന് എഴുതിയവന് ആശ്വസിക്കാം. ഉദ:മേൽപറഞ്ഞ പോസ്റ്റിലെ പത്ത് ലക്ഷം പേര് ശശിയും ആയി എന്നത് ഇരുപത് ലക്ഷം എന്നോ മുപ്പത് ലക്ഷം എന്നോ മറ്റോ എഡിറ്റ് ചെയ്യുക.

നർമം :പിണറായിക്ക് കത്ത്

പ്രിയപ്പെട്ട പിണറായി സർ ,
ഇടതു പക്ഷത്തിന്റെ പരസ്യപ്രചരണം കൊണ്ടും, വലതു പക്ഷത്തിന്റെ അഴിമതി കണ്ട് മടുത്തിട്ടും നിങ്ങൾക്ക് വോട്ട് ചെയ്‌തവരെ പോലെ തന്നെ സുധീരൻ അടപ്പിച്ച 718 ബാറുകൾ നിങ്ങൾ തുറക്കും എന്ന പ്രതീക്ഷയോടെ മദ്യഷാപ്പിന്റെ വരികളിൽ നിന്ന് സമയവും ആരോഗ്യവും നഷ്ട്ടപെടുത്തുന്ന അമ്പതു ലക്ഷത്തോളം വരുന്ന അസൻഘടിത മദ്യപാനികളും ഉണ്ട്.
അവരിൽ തന്നെ അമ്പതു ശതമാനത്തോളം പേർ ഇടതുപക്ഷം അധികാരത്തിൽ വരുന്നത് ഉറപ്പിക്കാനായി വോട്ടിംഗ് മെഷീനിലെ നിങ്ങളുടെ ചിഹ്നത്തിൽ മൂന്ന് തവണ എങ്കിലും ഞെക്കിയവർ ഉണ്ട് (ഒരാള് തന്നെ മൂന്ന് പോളിംഗ് ബൂത്തിൽ പോയി ഓരോ തവണ ഞെക്കുന്ന ധർമ്മടം ശൈലി അല്ല, ഇത് ബാറ്ററി തീർന്ന റിമോർട്ടിൽ ചാനൽ മാറ്റാൻ ഞെക്കുന്ന പോലെ).
അതുകൊണ്ട്, ഈ പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം. ജയലളിത ചെയ്ത പോലെ സത്യപ്രതിജ്ഞ കഴിഞ്ഞ് മിനുട്ടുകൾക്കുള്ളിലൊന്നും വേണ്ട. സാവധാനം മതി , അല്ലെങ്കിൽ ''നടി വെള്ളത്തിലേക്ക് ചാടുകയാണല്ലോ അപ്പൊ ക്യാമറയും വെള്ളത്തിലേക്ക് ചാടട്ടെ"എന്ന് പറഞ്ഞ പോലെ ജൂൺ ഒന്നിന് പുതിയ 'അധ്യയന വർഷം ' ആരംഭിക്കുമ്പോൾ തന്നെ നമുക്ക് 'മദ്യയന വർഷവും ' ആരംഭിക്കാം . നവ കേരളത്തിലെ നവകുടിയന്മാരെയും പഴയ കുടിയന്മാരെയും ഒക്കെ ചേർത്ത് ഒരു 'പ്രവേശനോൽസവവും' നടത്താം.
പിന്നെ ഇതൊന്നും നടന്നില്ലേൽ.....
''ഇവിടെ ഒരു ലോഡ് ശവം വീഴും......രണ്ട് ലോഴു് സവം വീളും ......മൂന്ന് ളോള് സ്ലവം ബ്ലീളും ....
# പാലക്കാട് മുണ്ടൂർ കള്ളുഷാപ്പിൽ നിന്നും വാള് വച്ച് മറിഞ്ഞ കുടികാരൻ കണാനോടൊപ്പം ക്യാമറാമാൻ ഇല്ലാതെ പുള്ളോട് പ്രവീൺ

നർമം :‎പിണറായി_സർ_എല്ലാം_ശരിയാക്കി_തരണേ‬.

1987 നു ശേഷം നടന്ന എല്ലാ ലോകകപ്പ് ഫുട്ബാളിനു മുൻപും ഫിഫ പ്രസിഡൻറ് മാതൃഭൂമി പത്രം വായിച്ചിരുന്നെങ്കിൽ ടൂർണമെൻറ് നടത്താതെ കപ്പ് എടുത്ത് അർജൻറീനയിൽ കൊണ്ട് കൊടുത്തേനേ....അത്രമേൽ വിവരണം ആണ് അർജൻറീന ടീമിനെ കുറിച്ച് മാതൃഭൂമി എഴുതുക. ഒടുവിൽ കളി കഴിയുമ്പോൾ അർജൻറീന സ്വാഹ!!!!!
അതുപോലുളള വിവരണങ്ങളാണ് നിയുക്ത മന്ത്രിസഭയെ കുറിച്ച് മാതൃഭൂമി വച്ച് കാച്ചുന്നത്. അത് മുന്നിലും പിന്നിലും MP ഉളള വീരന് മുന്നിൽ ഒരു സഖാ: കൂട്ടിച്ചേർക്കാനുളള ശ്രമത്തിൻറെ ഭാഗമായാണോ എന്നൊന്നും അറിയില്ല, എന്തായാലും വായിക്കുമ്പൊ ഒരു കുളിരും പ്രതീക്ഷയും ഒക്കെ തോന്നുന്നുണ്ട്...ഇനി എല്ലാം പിണറായ് സാറിൻറെ കൈകളിൽ......

Friday, April 15, 2016

നർമം : മലയാള മനോരമ LUCKEY 3


സുപ്രഭാതം...

മലയാള മനോരമ ദിനപത്രത്തിലെ LUCKEY 3 ഗെയിം കളിക്കാന്‍ തുടങ്ങിയതു മുതല്‍ എന്നും 

കാലത്ത് ''ശശി'' ആയിട്ടാണ് എഴുന്നേല്‍കുന്നത്.

നർമം :ചില എ.ടി.എം. തമാശകള്‍


1. 

ഒരിക്കല്‍ ഒരു അത്യാവശ്യ കാര്യത്തിന് കൂട്ടുകാരന് ATM കാര്‍ഡ് കൊടുക്കേണ്ടി വന്നു . PIN NUMBER 9447 എന്നു പറഞ്ഞപ്പോള്‍ '' അളിയാ കറക്റ്റ് ആയി നിനക്ക് ഇതെങ്ങനെ 9447 തന്നെ കിട്ടി !!?'' എന്നായിരുന്നു ആശാന്റെ ചേദ്യം. വിവരവും വിദ്യാഭ്യാസവും ഒക്ക ഉണ്ടെന്കിലും ATM ലെ PIN NUMBER മാറ്റാന്‍ പറ്റുമെന്ന് ആശാന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് എന്റെ വണ്ടി നന്‍ബറും മൊബൈല്‍ നന്ബറിന്റ ആദ്യവും അവസാനവും ഒക്ക ഉള്ള 9447 എന്നു കേട്ടപ്പോള്‍ ആശാന്‍ ഞെട്ടിയത്.

2.

ആദ്യം ആയി ATM എടുത്ത കൂട്ടുകാരനോടൊപ്പം ATM center ല്‍ പോയി. ആശാന്‍ പണം വലിക്കാന്‍ നോക്കീട്ട് നടക്കുന്നില്ല. ATM കാര്‍ഡും PIN NUMBER ഉം പറഞ്ഞു തന്നു, ഞാന്‍ പണം, എടുത്തു പോരുകയും ചെയ്തു. സംശയം തീര്‍ക്കാന്‍ ഞങ്ങള്‍ രണ്ടു പേ പേരും കൂടി ആകത്തു കയറിയപ്പോള്‍ ആണ് ആശാന്റെ അബദ്ധം മനസ്സിലാവുന്നത്. Account Type ചോദിക്കുന്ബോള്‍ ആശാന്‍ CURRENT Account എന്നു കൊടുക്കും, ചോദിച്ചപ്പോള്‍ പറയുവാ CURRENT Account എന്നു വച്ചാല്‍ 'ഇപ്പേളത്ത Account 'എന്നല്ലേ അര്‍ത്ഥം എന്ന് .
PSC പഠിക്കാന്‍ പോയതിന്റ ഗുണം.


3.

ഒരിക്കല്‍ ഒരു കൂട്ടുകാരന് 750 രൂപ ഇടാന്‍ അവന്റ Friend നു എന്റ Account Number കൊടുത്തു. പൈസ എടുത്തോളാന്‍ പറഞ്ഞ് ഞാന്‍ കാര്‍ഡ് കൊടുത്തു. ATM center ഇല്‍ നിന്നും ആശാന്‍ വിളിക്കുന്നു. ൈപസ വരുന്നില്ലാത്ര, ഞാന്‍ ചെന്നു ഒരു കുഴപ്പവും ഇല്ലാതെ ൈപസ കിട്ടി. സംഗതി വെപ്രാളം കൊണ്ട് ആശാന്‍ 750 Rs ആയിരുന്നു എടുക്കാന്‍ നോക്കിയത്.

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...