Monday, May 30, 2016

അമേയക്കുട്ടീ നിനക്ക് ആയിരം വിജയാശംസകൾ

അമേയക്കുട്ടീ നിനക്ക് ആയിരം ആയിരം വിജയാശംസകൾ
-------------------------------------------------------------------
തിയ്യതി കൃത്യമായി ഓർമ്മയില്ല ,എങ്കിലും ആയിരത്തി തൊള്ളായിരത്തി എൻപത്തി നാലിലെ അധ്യയന വർഷത്തിലെ ആദ്യ ദിവസത്തിൽ ആയിരിക്കണം അമ്മയുടെ കയ്യും പിടിച്ച് പുള്ളോട് ഗവ: എൽ .പി സ്കൂൾ എന്ന ഓല മേഞ്ഞ കെട്ടിടത്തിലേക്ക് ഞാൻ ആദ്യമായി പ്രവേശിച്ചത് .
ചെമ്മണ്ണ് കൊണ്ട് മെഴുകിയ നിരപ്പല്ലാത്ത തറയിലെ ആടുന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ ഓല മേഞ്ഞ മേൽകൂരയിലെ ദ്വാരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വട്ടം വട്ടം സൂര്യ രശ്മികൾ കാണും ദേഹത്ത് അല്ലെങ്കിൽ നിലത്ത് അതുമല്ലെങ്കിൽ ബോർഡിൽ .... മഴ പെയ്ത് തോർന്ന സമയതാണെങ്കിൽ ജല കണങ്ങൾ താഴേക്ക് വീഴുന്നത് പിടിക്കാൻ ഓടി നടക്കും..
അവിടെയിരുന്നാണ് മലയാളവും കണക്കും ഒക്കെ പഠിച്ചത് . അതിനൊപ്പം പഠിച്ച കഥകൾ ഒന്നും ഒർമയില്ലെങ്കിലും ചില മുഹുർത്തങ്ങൾ നേരിയ ഓർമയായി എവിടെയൊക്കെയോ ഉണ്ട്.
കിണറ്റിൻ കരയിൽ ഒരേ ഒരു ബക്കറ്റിൽ നിന്നും വെള്ളം കോരി രണ്ട് ഗ്ലാസ്സുകൊണ്ട് നാല് ക്ലാസ്സുകാരെ വെള്ളം കുടിപ്പിക്കുന്ന കറുപ്പേട്ടൻ ..
ആകാശത്ത്‌ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ രണ്ടാം ക്ലാസിന്റെ കോണിൽ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്ന കമലാക്ഷി ടീച്ചറും കേശവൻ മാഷും. ഒടുവിൽ മഴ വരും മുൻപേ ബെൽ അടിച്ച് ക്ലാസ്സ്‌ വിടാൻ കറുപ്പേട്ടനെ വിളിക്കുന്ന മാഷ് .
കൂട്ട ബെല്ല് കേൾക്കുന്നതോടെ ചെമ്മണ്ണ് പുരണ്ട ദേഹത്തോടെ സഞ്ചിയും എടുത്ത് വീട്ടിലേക്ക് ഓടുന്ന ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾ. സ്ലേറ്റും , ചോറു പാത്രവും അതിനകത്തുള്ള കൂട്ടാൻ പ്ലേറ്റും എല്ലാം ചേർന്ന് എല്ലാവരുടെ സഞ്ചിയും ഒരേ താളത്തിൽ കിലുങ്ങുന്നുണ്ടാവും . കുറച്ച് ദൂരം കഴിയുമ്പോഴേക്കും മഴയെത്തും .. പിന്നെ മഴ നനഞ്ഞ് ടാറും ടൈൽസും ഒന്നുമില്ലാത്ത മൺ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം പരസ്പരം തെറുപ്പിച്ച് ഒരു യാത്ര.
വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ പിന്നെയും കുറെ സ്ഥപനങ്ങങ്ങളിൽ പഠിച്ചു . അന്ഗീകാരവും ,നല്ല കൂട്ടുകാരും,പ്രണയവും,യാത്രകളും വിജയത്തിന്റെ ലഹരിയും ഒക്കെ അവിടുന്നൊക്കെ കിട്ടി എങ്കിലും മനസ്സിൽ ഇപ്പോഴും ഓർമയിൽ തങ്ങി നിൽക്കുന്നത് പുള്ളോട് ഗവ :എൽ .പി .സ്കൂളിൽ പഠിച്ച നാല് ക്ലാസുകൾ തന്നെ.
അച്ചടിമഷി പുരണ്ട പത്ത് പണ്ട്രണ്ടു കഥകളിലെയോ ,അല്ലെങ്കിൽ ഞാൻ ഒർക്കൂട്ടിലൊ , ഫേസ് ബുക്കിലോ ,ബ്ലോഗിലോ,മെസ്സേജിലോ,വാട്സ്ആപ്പിലൊ, മെയിലിലോ ഞാൻ തന്ന കഥയിലെയോ നുറുങ്ങുകളിലെയോ വരികളോ വാചകങ്ങളോ നിങ്ങൾക്ക് ഇഷ്ടം ആയിട്ടുണ്ടെങ്കിൽ അത് ആ ഓല മേഞ്ഞ കെട്ടിടത്തിൽ ഇരുന്നു വക്ക് പൊട്ടിയ സ്ലേറ്റിൽ മഷി തണ്ട് കൊണ്ട് മാച്ച് മാച്ച് ഞാൻ എഴുതി പഠിച്ച 'തറ'യുടെയും 'പറ'യുടെയും മഹത്വം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട് തന്നെ ആണ് പ്രവീൺ എന്ന് എവിടെ എങ്കിലും എഴുതി പിടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ 'പുള്ളോട് ' എന്ന് കൂടി ഞാൻ കൂടെ ചേർക്കുന്നത്‌ .
നാളെ ,
എന്റെ മകൾ അമേയ വിദ്യാഭ്യാസത്തിന്റെ ആദ്യ ദിനത്തിലേക്ക് കടക്കുന്നു. ഇന്റർവ്യൂ കഴിഞ്ഞ് ഡൊണേഷൻ നൽകി തടിയൻ ഇംഗ്ലീഷ് പുസ്തങ്ങളുമായി മാർബിൾ ഇട്ട ക്ലാസ്സ്‌ മുറിയിലേക്ക് എൽ .കെ .ജി .എന്ന ഞാൻ പണ്ട് ഒരിക്കലും കേട്ടിടില്ലാത്ത ക്ലാസ്സ്‌ മുറിയിലേക്ക് .
പ്രിയ അമേയക്കുട്ടി, നാല് വർഷം നീ എന്നോടൊപ്പം ചിലവിട്ട നിമിഷങ്ങൾ ഓർത്തിരിക്കുന്ന എനിക്കറിയാം നീ പഠിച്ചു മിടുക്കി ആവുമെന്ന് ...എങ്കിലും ഞാൻ ഉറപ്പ് തരുന്നു , നിന്റെ പഠന വഴിയിൽ ഞാൻ എന്നുമുണ്ടാവും എന്ന് ....
ഞാൻ ഒരു നല്ല കൂട്ടുകാരൻ അല്ല, ഞാൻ ഒരു മകൻ നല്ല ,ഞാൻ നല്ല ഒരു കാമുകൻ അല്ല ,ഞാൻ ഒരു നല്ല ഭർത്താവ് അല്ല എന്നൊക്കെ പറഞ്ഞവരോട് നിന്റെ വിജയത്തിലൂടെ എനിക്ക് പറയണം നിന്റെ പപ്പ നല്ലൊരു അച്ഛൻ ആണ് എന്ന് ....
അമേയക്കുട്ടീ നിനക്ക് ആയിരം ആയിരം വിജയാശംസകൾ ....

No comments: