Friday, June 10, 2016

കെ.കെ.രെമയോടൊപ്പം

ഇന്ന് സഖാവ്:കെ.കെ.രമയെ കണ്ടു. കേരള ജനത നിറഞ്ഞ മിഴികളുമായി എന്നുമോർക്കുന്ന പേരായതിനാൽ പരിചയപ്പെടുത്തലിൻറെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല, എങ്കിലും പറയട്ടെ അകാലത്തിൽ നമ്മളെ വിട്ടുപോയ സഖാവ് ടി.പി.ചന്ദ്രശേഖരൻറെ ഭാര്യ.

രക്തസാക്ഷി....കൊടിയുടെ നിറമോ മണമോ മാറ്റി എണ്ണിയാൽ ചിലപ്പോൾ ഒരു പഞ്ചായത്തിൽ അല്ലെങ്കിൽ ഒരു വാർഡിൽ ഒന്ന് എന്ന കണക്കിൽ കാണാം രക്തസാക്ഷികൾ, ഒപ്പം കാരണം പോലും തിരക്കാതെ പാർട്ടിയുടെ ആജ്ഞാനുവർത്തിയായി എതിരാളിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ ഒരു കൊലയാളിയേയും കാണാൻ കഴിയും.

ഒരു രക്തസാക്ഷിയുടെ പിറവിയോടെ അനാഥരാക്കപ്പെടുന്ന ഒരു കുടുംബം സൃഷ്ടിക്കപ്പെടുന്നു അല്ലാതെ ആർക്കന്ത് നേട്ടം എന്ന ചോദ്യത്തിന് ആവനാഴിയിൽ ഒരു ഉത്തരവും ഇല്ലാത്തതിനാൽ ഒരു പാർട്ടിക്കാരനും ആ ചോദ്യം ഗൗനിക്കാറുമില്ല.

ടി.പി.ചന്ദ്രശേഖരൻ. . . (സഖാവ്: ടി.പി. എന്നു വിളിക്കാനാവും ആ ആത്മാവ് ഇന്നും ഇഷ്ടപ്പെടുക) കേരളമനസാക്ഷിയെ നടുക്കിയ രക്തസാക്ഷി. ടി.പി.കൊല്ലപ്പെട്ട രീതീയും, സമയവും പോലെ തന്നെ ആരാണ് ആ പാതകം ചെയ്തത് എന്നതുമൊക്കെയാണ് നമ്മുടെ മനസ്സിൽ ഒരു തേങ്ങലായ് ആ മരണം അവശേഷിക്കുന്നത്.

വിപ്ളവ സമരങ്ങളുടെ വിജയത്തിനായി വഴിവക്കിൽ തീർത്ത മനുഷ്യചങ്ങലയുടെ കണ്ണി മുറിയാതിരിക്കാൻ ഇരുകൈ കൊണ്ടും മുറുകെ പിടിച്ച സഖാക്കളുടെ കൈകൾ തന്നെയാണ് ചെറുവിരലനക്കം പോലും അവസാനിക്കും വരെ വെട്ടി നുറുക്കാൻ വടിവാള് എടുത്ത് നൽകിയത്.

പേരും നാടും നോക്കാതെ സഖാവേ എന്ന് വിളിച്ചവർ തന്നെയാണ് മരണശേഷവും കുലംകുത്തി എന്നു വിളിച്ച് അധിക്ഷപിച്ചത്.

അതുകൊണ്ടൊക്കെ തന്നെയാണ് സഖാവ് ടി.പി. ഓർമകളിലൂടെ ഇന്നും ജീവിക്കുന്നത്.ആ ഓർമകളിലേക്ക് ഒരു യാത്ര, അതിൻറെ ഭാഗമായാണ് ഇന്ന് സഖാവ് കെ.കെ.രമയെ കണ്ടത്.

കുറച്ച് രാഷ്ട്രീയവും കുറച്ച് ടി.പി. ഓർമകളും പങ്ക് വക്കുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകനെ കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിൻറെ ധീരവനിത രാഷ്ട്രീയമൊക്കെ മറന്ന് വെറും അമ്മയായി.

ഇറങ്ങാൻ നേരം,
"പാർട്ടിയിലെ തിന്മകൾക്കെതിരെ പോരാടിയില്ലായിരുന്നുവെങ്കിൽ, നന്മക്കു പകരം അധികാരത്തിനു പുറകേ പോയിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച ടി.പി.യും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേനേ അല്ലേ മാഡം"
എന്ന എൻറെ ചോദ്യം കേട്ടപ്പോൾ കണ്ണീരിൻറെ ഉറവ വറ്റിക്കാണും എന്ന് ഞാൻ കരുതിയിരുന്ന ആ കണ്ണുകളിൽ വരാനിരുന്ന അശ്രുകണങ്ങളെ ഒരു നേർത്ത പുഞ്ചിരിയിൽ വഴിതിരിച്ചുകൊണ്ട് എന്തോ പറഞ്ഞത് എനിക്ക് വ്യക്തമായില്ല. യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോഴും ഞാൻ ആ വാക്കുകൾക്ക് പുറകെ ആയിരുന്നു.

വാൽകഷണം: അഴിക്കൽ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജറായ സഖാവ് കെ.കെ. രമയെ കാണാൻ ജോലിസമയത്തെ ഒരു മിനിട്ടുപോലും പാഴാക്കാതെ കൊയ്ലാണ്ടിയിൽ നിന്നും വടകരക്കുളള യാത്രക്കിടയിൽ സെക്കൻറിൻറെ നൂറിലൊരംശം സമയത്തിൻറ വ്യത്യാസത്തിന് ഒരു രാജ്യത്തെ മുഴവൻ കരയിച്ച മറ്റൊരു മഹത് വനിതയുടെ സ്ഥലം കൂടി കണ്ടു, പയ്യോളി. സാക്ഷാൽ പി.ടി.ഉഷയുടെ നാട്.

കഴിയുമെങ്കിൽ അടുത്ത തവണ അവിടെയും പോണം, ഫോട്ടോ ഫിനിഷിനായി ഒളിംപിക്സ് കമ്മിറ്റി ആയിരം തവണ ആവർത്തിച്ച് കണ്ട ആ ഓട്ടക്കാരിയോടെപ്പം എനിക്കും ഒരു ഫോട്ടോയിൽ പെടണം.

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...