Friday, June 10, 2016

കാഞ്ചനമാലയോടൊപ്പം

ഇന്ന് ഉച്ചക്ക് ശേഷം അല്പ സമയം കാഞ്ചനമാലയോടൊപ്പം ആയിരുന്നു .
.
കാഞ്ചനമാല....
.
ഒരേ സമയം മൊയ്ദീനേയും പ്രണയത്തെയും ഒരു പോലെ പ്രണയിച്ച കാഞ്ചനമാല..
പ്രണയത്തിന്റെ ,
ആത്മാർത്ഥതയുടെ ,
കാത്തിരിപ്പിന്റെ ,
വിരഹത്തിന്റെ
ആൾരൂപമായി പാർവതി നമ്പ്യാർ അഭ്ര പാളിയിൽ അനശ്വരമാക്കിയ
കഥാപാത്രത്തിന്റെ യഥാർത്ഥ രൂപത്തിലുള്ള കാഞ്ചനമാല..
.
"ഈ ചിത്രത്തിൽ ഞാൻ ഇല്ല , പക്ഷെ ഈ സിനിമ കണ്ടപ്പോൾ ഞാൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി "
ദേശാടനം എന്ന ചിത്രത്തിന് മമ്മുട്ടി,മോഹൻലാൽ,സുരേഷ്ഗോപി ,ശോഭന
തുടങ്ങിയ പ്രമുഖരുടെ പരസ്യ വാചകം ആയിരുന്നു മേൽപറഞ്ഞത്‌ .
അതുപോലെ 'എന്ന് നിന്റെ മൊയ്ദീൻ' കണ്ടിറങ്ങിയ പുരുഷാരവത്തെ കൊണ്ട്
'ഇങ്ങനെ ഒരു കാമുകി എനിക്ക് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി "
എന്ന് പറയിപ്പിച്ച കാഞ്ചനമാല....
പ്രണയിക്കാൻ പ്രായം ഒരു തടസ്സം അല്ലെങ്കിലും ജീവിതത്തിൽ ഇനിയൊരു പ്രണയം വഴിതെറ്റി പോലും വരില്ലെന്ന് അറിയാം എന്നുള്ളത് കൊണ്ടും,കാഞ്ചനമാലയുടെയും മൊയ്ദീന്റേയും പ്രണയം ഒരുപാട് വായിച്ചതു കൊണ്ടും പ്രണയത്തെ കുറിച്ച് ഒരു സംശയവും ചോദിച്ചില്ല ..
പാലക്കാടും വടക്കാഞ്ചേരിയിലും ഒരു ഹോട്ടൽ ഉത്ഘാടനത്തിനു വന്നിരുന്നു എന്ന് പറഞ്ഞു. ഇതിനിടയിൽ വന്ന അടുത്തു ബന്ധമുള്ള ഒരു വെക്തിയുടെ ഫോൺ കാളിനു മറുപടിയായി പാലക്കാട് നിന്ന് ഒരു കുട്ടിയും അയി സംസാരിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഒരു പരിചയവും ഇല്ലാത്ത എനിക്ക് തന്ന ആ പരിഗണന അവരോടുള്ള ബഹുമാനം ഇരട്ടിയാക്കി.
പാലക്കാട്‌ മെർസി കോളേജിലോ വിക്ടോറിയ കോളേജിലോ ഒരിക്കൽ ഞാൻ വന്നിട്ടുണ്ട് .. പക്ഷേ വ്യക്തം ആയി ആയി ഓർക്കുന്നില്ല ... വയസ്സായില്ലേ പലതും മറന്നു തുടങ്ങി എന്നും കൂടെ ചേർത്തു .
വിഷമം മറക്കാൻ മറവി നല്ലത് ആണെന്നും മൊയ്ദീന്റെ ഓർമ്മകൾ ഒരിക്കലും മറന്ന് പോവാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം എന്ന് മനസ്സിലും , ബി .പി .മൊയ്ദീന്റെ ദിലീപ് പണി കഴിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണി ഉടനെ കഴിയാൻ പ്രാർത്ഥിക്കാം എന്ന് അവരോട് നേരിട്ടും പറഞ്ഞ് യാത്രയായി .
അവിടെ നിന്നും ഇറങ്ങി കുറച്ചു ദൂരം പോയപ്പോൾ അത് കൂടി കണ്ടു ..
.
ഇരവഴിഞ്ഞി പുഴ.
ഒരു പാഠപുസ്തകത്തിലും പഠിച്ചിട്ടില്ലാത്ത ,
ഞാൻ വായിച്ച ഒരു പുസ്തകത്തിലും വായിച്ചിട്ടില്ലാത്ത ഇരവഴിഞ്ഞി പുഴ...
വർഷങ്ങളോളം ത്രിപ്പാളൂർ ശിവപാദം തഴുകി കടന്ന് പോകുന്ന ഗായത്രി പുഴയുടെ ഹൃദയം
അറിയാവുന്ന എനിക്ക് ഇരവഴിഞ്ഞി പുഴയുടെ താളവും വേഗവും മനസ്സിലാക്കാൻ കഴിഞ്ഞു .
ആ താളത്തിൽ ഞാൻ യാത്ര തുടർന്നു ..

രാഷ്ട്രപതിയും വിദേശ വാസത്തിന്

രാഷ്ട്രപതി പ്രണാബ് മുഖർജി മൂന്നു ദിവസത്തെ സന്ദർശനത്തിനായി ആഫ്രിക്കയിലേക്ക് പോകുന്നു.....
അല്ല!!! എത്ര കണ്ടാ ഒരു മനുഷ്യൻ സഹിച്ചിരിക്കുക !!!!
മനസ്സിലായിക്കാണുമല്ലോ ല്ലേ....?

ഇ.പി.ജയരാജൻ മന്ത്രി

സ്പീക്കർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൻറെ ഒരു വോട്ട് ചോർന്നത് അന്വേഷിക്കുന്ന തിരുവഞ്ചൂർ ശരിക്കും കോൺഗ്രസ്സിൻറെ രണ്ട് വോട്ട് ചോർന്നിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്.
മറു ഭാഗത്തുളള മണ്ടൻ ജയരാജൻ യു.ഡി.എഫ്. നാവും വിവരക്കേടുകൊണ്ട് വോട്ട് ചെയ്തിട്ടുണ്ടാവുക.

കെ.കെ.രെമയോടൊപ്പം

ഇന്ന് സഖാവ്:കെ.കെ.രമയെ കണ്ടു. കേരള ജനത നിറഞ്ഞ മിഴികളുമായി എന്നുമോർക്കുന്ന പേരായതിനാൽ പരിചയപ്പെടുത്തലിൻറെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല, എങ്കിലും പറയട്ടെ അകാലത്തിൽ നമ്മളെ വിട്ടുപോയ സഖാവ് ടി.പി.ചന്ദ്രശേഖരൻറെ ഭാര്യ.

രക്തസാക്ഷി....കൊടിയുടെ നിറമോ മണമോ മാറ്റി എണ്ണിയാൽ ചിലപ്പോൾ ഒരു പഞ്ചായത്തിൽ അല്ലെങ്കിൽ ഒരു വാർഡിൽ ഒന്ന് എന്ന കണക്കിൽ കാണാം രക്തസാക്ഷികൾ, ഒപ്പം കാരണം പോലും തിരക്കാതെ പാർട്ടിയുടെ ആജ്ഞാനുവർത്തിയായി എതിരാളിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയ ഒരു കൊലയാളിയേയും കാണാൻ കഴിയും.

ഒരു രക്തസാക്ഷിയുടെ പിറവിയോടെ അനാഥരാക്കപ്പെടുന്ന ഒരു കുടുംബം സൃഷ്ടിക്കപ്പെടുന്നു അല്ലാതെ ആർക്കന്ത് നേട്ടം എന്ന ചോദ്യത്തിന് ആവനാഴിയിൽ ഒരു ഉത്തരവും ഇല്ലാത്തതിനാൽ ഒരു പാർട്ടിക്കാരനും ആ ചോദ്യം ഗൗനിക്കാറുമില്ല.

ടി.പി.ചന്ദ്രശേഖരൻ. . . (സഖാവ്: ടി.പി. എന്നു വിളിക്കാനാവും ആ ആത്മാവ് ഇന്നും ഇഷ്ടപ്പെടുക) കേരളമനസാക്ഷിയെ നടുക്കിയ രക്തസാക്ഷി. ടി.പി.കൊല്ലപ്പെട്ട രീതീയും, സമയവും പോലെ തന്നെ ആരാണ് ആ പാതകം ചെയ്തത് എന്നതുമൊക്കെയാണ് നമ്മുടെ മനസ്സിൽ ഒരു തേങ്ങലായ് ആ മരണം അവശേഷിക്കുന്നത്.

വിപ്ളവ സമരങ്ങളുടെ വിജയത്തിനായി വഴിവക്കിൽ തീർത്ത മനുഷ്യചങ്ങലയുടെ കണ്ണി മുറിയാതിരിക്കാൻ ഇരുകൈ കൊണ്ടും മുറുകെ പിടിച്ച സഖാക്കളുടെ കൈകൾ തന്നെയാണ് ചെറുവിരലനക്കം പോലും അവസാനിക്കും വരെ വെട്ടി നുറുക്കാൻ വടിവാള് എടുത്ത് നൽകിയത്.

പേരും നാടും നോക്കാതെ സഖാവേ എന്ന് വിളിച്ചവർ തന്നെയാണ് മരണശേഷവും കുലംകുത്തി എന്നു വിളിച്ച് അധിക്ഷപിച്ചത്.

അതുകൊണ്ടൊക്കെ തന്നെയാണ് സഖാവ് ടി.പി. ഓർമകളിലൂടെ ഇന്നും ജീവിക്കുന്നത്.ആ ഓർമകളിലേക്ക് ഒരു യാത്ര, അതിൻറെ ഭാഗമായാണ് ഇന്ന് സഖാവ് കെ.കെ.രമയെ കണ്ടത്.

കുറച്ച് രാഷ്ട്രീയവും കുറച്ച് ടി.പി. ഓർമകളും പങ്ക് വക്കുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മകനെ കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിൻറെ ധീരവനിത രാഷ്ട്രീയമൊക്കെ മറന്ന് വെറും അമ്മയായി.

ഇറങ്ങാൻ നേരം,
"പാർട്ടിയിലെ തിന്മകൾക്കെതിരെ പോരാടിയില്ലായിരുന്നുവെങ്കിൽ, നന്മക്കു പകരം അധികാരത്തിനു പുറകേ പോയിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച ടി.പി.യും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേനേ അല്ലേ മാഡം"
എന്ന എൻറെ ചോദ്യം കേട്ടപ്പോൾ കണ്ണീരിൻറെ ഉറവ വറ്റിക്കാണും എന്ന് ഞാൻ കരുതിയിരുന്ന ആ കണ്ണുകളിൽ വരാനിരുന്ന അശ്രുകണങ്ങളെ ഒരു നേർത്ത പുഞ്ചിരിയിൽ വഴിതിരിച്ചുകൊണ്ട് എന്തോ പറഞ്ഞത് എനിക്ക് വ്യക്തമായില്ല. യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോഴും ഞാൻ ആ വാക്കുകൾക്ക് പുറകെ ആയിരുന്നു.

വാൽകഷണം: അഴിക്കൽ റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജറായ സഖാവ് കെ.കെ. രമയെ കാണാൻ ജോലിസമയത്തെ ഒരു മിനിട്ടുപോലും പാഴാക്കാതെ കൊയ്ലാണ്ടിയിൽ നിന്നും വടകരക്കുളള യാത്രക്കിടയിൽ സെക്കൻറിൻറെ നൂറിലൊരംശം സമയത്തിൻറ വ്യത്യാസത്തിന് ഒരു രാജ്യത്തെ മുഴവൻ കരയിച്ച മറ്റൊരു മഹത് വനിതയുടെ സ്ഥലം കൂടി കണ്ടു, പയ്യോളി. സാക്ഷാൽ പി.ടി.ഉഷയുടെ നാട്.

കഴിയുമെങ്കിൽ അടുത്ത തവണ അവിടെയും പോണം, ഫോട്ടോ ഫിനിഷിനായി ഒളിംപിക്സ് കമ്മിറ്റി ആയിരം തവണ ആവർത്തിച്ച് കണ്ട ആ ഓട്ടക്കാരിയോടെപ്പം എനിക്കും ഒരു ഫോട്ടോയിൽ പെടണം.