Thursday, January 28, 2016

മിനിക്കഥ :- ജീവിതം ഒരു പൊസ്റ്റ്മാർട്ടം

മിനിക്കഥ :- ജീവിതം ഒരു പൊസ്റ്റ്മാർട്ടം
---------------------------------------
ബാല്യത്തിൽ പഠിക്കാൻ മിടുക്കൻ ആയിരുന്നു അവൻ . പക്ഷേ , പിന്നീട് വലിയ വാക്കുകൾ മനപ്പാഠം ആക്കാൻ കഴിയാതെ വന്നപ്പോളും , വിരലുകൾ മടക്കി ചെയ്യുന്ന കണക്കുകൾ അവസാനിച്ച് വലിയ ഗുണിതങ്ങൾ ആയപ്പോളും അവൻ ഒരു പരാജിതൻ ആയി. എങ്കിലും, ഒരു നേരം മാത്രം വയറു നിറച്ച് ലഭിക്കുന്ന ഉച്ചക്കഞ്ഞി ഓർത്തപ്പോൾ അവൻ തോൽക്കാൻ തയ്യാറായില്ല . കഷണങ്ങൾ ആയി മുറിച്ചെടുത്ത കടലാസ് തുണ്ടുകൾ ഉപയോഗിച്ച് പരീക്ഷകൾ ജയിച്ച അവൻ അങ്ങനെ ഉച്ചക്കഞ്ഞിക്ക് നന്ദി അറിയിച്ചു .

ദാരിദ്ര്യം ഉണ്ടെങ്കിലും സുന്ദരൻ ആയിരുന്നു അവൻ. അതിനാൽ തന്നെ അവൻ ഇഷ്ടപെട്ട പെണ്ണും അവനെ പ്രണയിച്ചു .അദ്വാനം കൊണ്ട് ഉറച്ച ശരീരം ആയിരുന്നു അവന്റെ, അതിൽ ആകൃഷ്ടയായ അവൾ തന്റെ ചാരിത്ര്യവും അവന് സമ്മാനിച്ചു .സർക്കാർ ജോലിക്കാരന് മാത്രമേ മകളെ വിവാഹം കഴിപ്പിക്കു എന്ന അവളുടെ അച്ഛന്റെ വാശിയും , അവളുടെ ആശയും കാരണം അവൾക്ക് ആവനെ പിരിയേണ്ടി വന്നു.വിവാഹം ഉറപ്പിച്ച ശേഷം തിളങ്ങുന്ന കണ്ണുകളും ആയി എത്തിയ അവളെ നിറഞ്ഞ കണ്ണുകളും ആയി അവൻ യാത്രയാക്കി .

എല്ലാവരെയും പോലെ അവനും വിവാഹിതൻ ആയി. വിവാഹ ജീവിതത്തിലെ പതിവ് കിടപ്പ് മുറി രംഗങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ അവരുടെ മുറ്റത്തും മൂന്ന് കുരുന്നുകൾ ഓടി നടന്നു . അവരുടെ വിദ്യാഭ്യാസം ,പാർപ്പിടം ,ഭക്ഷണം,വസ്ത്രം എന്നിവ നല്ല പോലെ നടത്താൻ ആയി അവൻ പ്രവാസ ജീവിതം ആരംഭിച്ചു .മണ്ണിന്റെ മണം അവന് അന്യം നിന്നെങ്കിലും പഴയ വീടിന്റെ സ്ഥാനത്ത് മാളിക ഉയർന്നു ,മക്കൾ എഞ്ചിനീയരും ഡോക്ടറും ഒക്കെ ആയി .മുറ്റത്ത്‌ ആഡംബരകാറുകൾ വിശ്രമിച്ചു.

പ്രായം ഏറെ ചെന്നപ്പോൾ അവൻ നാട്ടിലേക്കു മടങ്ങി .നാടിന്റെ മാറ്റം അവന് ഉൾകൊള്ളാൻ ആയില്ല .വീട്ടിൽ അവൻ ഒറ്റപ്പെട്ടു .മക്കൾ വിവാഹിതർ ആയതോടെ അവന് ശത്രുക്കളും കൂടി .ഭാര്യയും എതിർ പക്ഷത്ത് ചേർന്നതോടെ അവൻ മുകളിലെ നിലയിൽ നിന്നും താഴെ ഇറങ്ങാതെ ആയി.ഹോം നേഴ്സ് എന്ന പേരിൽ വന്ന പെൺകുട്ടി നൽകുന്ന ഭക്ഷണം കൊണ്ട് അവൻ ജീവൻ നില നിർത്തി .

ഒടുവിൽ അവനെ തേടി കാലൻ എത്തി . ആസന്നമായ അവന്റെ മരണം വേണ്ടപ്പെട്ടവരെ അറിയിക്കാൻ കാലൻ ശ്രെമിച്ചു . കടലുകൾക്ക് അപ്പുറത്തുള്ള മക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചു നോക്കി . അച്ഛന്റെ സന്ദേശം ആയതു കൊണ്ട് അത് വായിക്കാതെ തന്നെ അവരുടെ മൊബൈലിൽ വിശ്രമിച്ചു. ഉച്ചത്തിൽ ഉള്ള ടി.വി.യുടെ ശബ്ദം കാരണം അയാളുടെ ഭാര്യയും കാലൻ പറഞ്ഞത് കേട്ടില്ല . ഒടുവിൽ ആരെയും അറിയിക്കാതെ അവൻ മരണത്തിന്റെ കൈ പിടിച്ചു വീടിനു പുറത്ത് കടന്നു .ആ സമയത്ത് ടി.വി.യിൽ അലറി കരയുന്ന സീരിയൽ നായികയുടെ ശബ്ദം ആദ്യമായി അവന് ആശ്വാസം പകർന്നു
-----------------------------
# പുള്ളോടൻ