Wednesday, March 29, 2017

നർമം :- പ്രായിക്കുളം അപ്പച്ചന്‍ അഥവാ പരമസാധു.


നാലുവര്‍ഷത്തെ എഞ്ചിനീയറിംഗ്
പഠനത്തിന് പുളിങ്കുന്ന് എത്തിയ ഡവറ,നാണു,ഡൂഡു,കിളവന്‍,അവാര്‍ഡ്,സോമന്‍ എന്നിവരുടെ താവളം ആയിരുന്നു അപ്പച്ചന്‍റെ പ്രായിക്കുളം തറവാട്.
.
എനിക്കും തടിയനും കുടിയനും ഒക്കെ വേറെ വീടുണ്ടെന്‍കിലും അവിടത്തെ മുതലാളിമാര്‍ വാടക വാങ്ങാന്‍ പ്രായിക്കുളത്ത് എത്തുമ്പോളേ ഞങ്ങളെ കാണാറുള്ളൂ. അങ്ങനെ ഞങ്ങളും പ്രായിക്കുളം തറവാട്ടിലെ ആണ് എന്ന് പറയാം.....
.
അപ്പച്ചന്‍, സാധു ആയിരുന്നു. എന്ത് നുണ പറഞ്ഞാലും വിശ്വസിക്കും.
പക്ഷേ അതിനുമുന്‍പ് ആരോടെങ്കിലും
''ഡോ,ശരി ആണോടോ ഈ പറഞ്ഞത് '' എന്ന് ചോദിക്കും.
.
മിക്കവാറും അത് നാണുവിനോടാവും ...
വായില്‍ നിന്ന് നാല് ആശ്ചര്യചിഹ്നവും ഒന്നരമീറ്റര്‍ ദൂരത്തേക്ക് വായ്നാറ്റവും പുറത്തുവിട്ട് ''പിന്നല്ലാതെ'' എന്ന് നാണുപറഞ്ഞാല്‍ മേല്‍പറഞ്ഞ മൂന്നും പിന്നെ ആദ്യം കേട്ട നുണയും അപ്പച്ചന്‍ തൊണ്ട തൊടാതെ വിഴുങ്ങും.
.
അഞ്ചുപേർ ചേര്‍ന്ന് ഒരു ലിറ്റര്‍ മദ്യം വാങ്ങിയിട്ട് അതില്‍ അരലിറ്ററും അപ്പച്ചനാണ് കുടിച്ചത് എന്ന് പറഞ്ഞ് പാതി ഷെയര്‍ വാങ്ങുമ്പോൾ അപ്പച്ചന്‍ പറയുന്ന വാക്കുകള്‍ കേട്ടാല്‍ സങ്കടം വരും.'
.
'ഡോ, ഞാന്‍ അരലിറ്റര്‍ കുടിച്ചിട്ടും ഒന്നുമായില്ലല്ലോഡോ.... ഒന്നരയടിച്ച നിങ്ങളൊക്കെ ഫിറ്റും ആയി.. കപ്പാസിറ്റി കുറവാണ് അല്ലേഡോ''
.
വേറെ വരുമാനം ഒന്നും ഇല്ലാത്തകൊണ്ട് അപ്പച്ചന്‍റെ വാക്കുകള്‍ ഉണ്ടാക്കുന്ന സങ്കടം മനസ്സില്‍ തന്നെ കിടക്കും, അപ്പച്ചന്‍റെ ഷെയര്‍ പണം ഞങ്ങടെ കീശയിലും...
.
ആ നിഷ്കളങ്കതയെ നാണുവോ,ഡൂഡുവോ,കിളവനോ വേറെ ഏതെങ്കിലും ചീത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ മംഗളം ചാനലിനെ അന്വേഷണം ഏല്‍പിച്ചാലേ അറിയാന്‍ പറ്റൂ.....
.
അംബാനിക്ക് മാനസാന്തരം ഉണ്ടാകും മുമ്പേ ഉള്ള കാലമായിരുന്നു അത്. അതായത് ജിയോ സിം ഒന്നുമില്ലാത്ത , ഇന്‍റര്‍നെറ്റിന് ചിലവേറെയുള്ള കാലം.
.
അങ്ങനെയുള്ള ഒരു ദിവസം സോമന്‍ നാട്ടില്‍ നിന്നു വരുമ്പോൾ ഒരു മോഡവും കൂടെ കുറച്ച് ഐറ്റങ്ങളും കൊണ്ട് വന്നു. ടെലിഫോൺ പോസ്റ്റില്‍ കയറി വയര്‍കുത്തി അപ്പച്ചന്‍ അറിയാതെ ഇന്‍റര്‍നെറ്റ് എടുക്കുന്ന വിദ്യ അവന്‍ പറഞ്ഞപ്പോള്‍ ചന്ദ്രലേഖയില്‍ ബാങ്ക് മാനേജരുടെ രൂപത്തില്‍ മോഹന്‍ലാല്‍ കണ്ട പടച്ചോനെ ഞങ്ങള്‍ സോമന്‍റെ രുപത്തില്‍ കണ്ടു.
.
അന്ന് രാത്രി മുതല്‍ ഷക്കീലയും രേഷ്മയും മറിയയും ഒക്കെ യൂട്യൂബ് വഴി ഞങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്നു.
.
വെളുക്കുവോളം ഷക്കീലയേയും കണ്ടിരുന്നപ്പോള്‍ പ്രധാനമായും 'പൊങ്ങിയത് ' അപ്പച്ചന്‍റ ടെലഫോണ്‍ ബില്‍ ആയിരുന്നു. ഇങ്ങോട്ട് വരുന്ന വിളിക്ക് പോലും ചാര്‍ജ് ചെയ്യുമോ എന്ന് പേടിച്ച് ഉപയോഗിച്ചിരുന്ന ഫോണ്‍ ബില്‍ ചരിത്രത്തിലാദ്യമായി മിനിമത്തില്‍ നിന്നും മൂവായിരമായി.
.
ടെലഫോണ്‍ ഓഫീസിലെത്തിയ അപ്പച്ചനുമുന്നില്‍ അവര് കൈമലര്‍ത്തി.
.
ഇതിനിടയില്‍ കൂട്ടത്തിലെ ഒറ്റുകാരന്‍, ആരെങ്കിലും ടെലഫോണ്‍ പോസ്റ്റില്‍ വയര്‍ കുത്തി ഇന്‍റര്‍നെറ്റോ ഫോണോ ഉപയോഗിക്കുന്നതാവും ബില്‍ കൂടാന്‍ കാരണം എന്ന് അപ്പച്ചനെ ബോധ്യപ്പെടുത്തി.
.
ഇത് കേട്ട് ആലില പോലെ വിറച്ച അപ്പച്ചന്‍ നേരെ അയല്‍ പക്കത്തേക്ക് പാഞ്ഞു.
അവരുടെ വേലിയും പടിയും അപ്പച്ചന്‍ തൊട്ടടുത്ത തോട്ടിലേക്ക് പറത്തി, വിവരം അറിഞ്ഞെത്തിയ പോലീസ് അപ്പച്ചനെയും കൊണ്ട് പറക്കുകയും ചെയ്തും.
.
അപ്പച്ചനെ അടിക്കാനുള്ള ആവേശത്തില്‍ അയല്‍ക്കാരും, അണ്ടര്‍ വെയറില്‍ അപ്പച്ചനും സ്റ്റേഷനില്‍ നിന്നു.
.
ബി.എസ്.എന്‍.എല്‍. ഓഫീസറും,പോലീസും ഒക്കെ ഉപദേശിച്ചും താക്കീത് ചെയ്തും അപ്പച്ചനെ പറഞ്ഞുവിട്ടു. ഷഡ്ഡിപുറത്ത് നിന്നതിന്‍റെ അപമാനംകൊണ്ട് അന്ന് വൈകുന്നേരം അപ്പച്ചന്‍ പുറത്തിറങ്ങിയില്ല.
.
ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയം അല്ല എന്ന രീതിയില്‍ രാത്രി സോമന്‍ വീണ്ടും ടെലഫോണ്‍ പോസ്റ്റില്‍ കയറി. ഞങ്ങളും ഞങ്ങടെ പിള്ളേരും ജനഗണമന കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ റെഡിയായ കുട്ടികളെ പോലെ സിസ്റ്റത്തിന് മുന്നില്‍ ഇരുപ്പുപ്പിച്ചു.
.
എല്ലാം കണക്റ്റ് ചെയ്ത സോമന്‍റെ മുന്നിലേക്ക് അന്നാദ്യമായി പുതിയ ഒരു വിന്‍ന്‍റോ പ്രത്യക്ഷപ്പെട്ടു,
''എന്‍റര്‍ പാസ് വേര്‍ഡ് ''എന്നായിരുന്നു അത്.
.
അതെ സ്റ്റേഷനില്‍ നിന്നും കിട്ടിയ ഉപദേശത്തിന്‍റെ ഭാഗമായി അപ്പച്ചന്‍ ഫോണ്‍ നമ്പർ ലോക്കിട്ട് പൂട്ടി.
.
കറവവറ്റിയ പ്രിയ്യപ്പെട്ട പശുവിനെ അറവുകാരന് കൊടുക്കുന്ന വീട്ടമ്മയുടെ സങ്കടത്തോടെ സോമന്‍ മോഡവും അനുബന്ധ കീടങ്ങളും എടുത്ത് അട്ടത്ത് ഇട്ടു.
.
അപ്പച്ചന് സംശയം തോന്നിയാലോ എന്ന് കരുതി ആരും അതേ പറ്റി ഒന്നും ചോദിച്ചില്ല.
.
രണ്ടുമൂന്ന് ദിവസം കഴിഞ്ഞുള്ള ഒരു വെള്ളമടി പരിപാടിയില്‍ അപ്പച്ചന്‍ മനസ്സ് തുറന്നു.
.
ബി.എസ്.എന്‍.എല്‍.കാരുടെ ഉപദേശപ്രകാരം ഫോണ്‍ നമ്പർ ലോക്ക് ഇട്ട് പൂട്ടിയ കഥ.
കൂട്ടത്തില്‍ ഒരു ഡയലോഗും
.
'' എഡോ, ആളുകളോട് ഫോണ്‍ പൂട്ടാന്‍ പറഞ്ഞാ അവര് ചിലപ്പൊ 1000 അല്ലെങ്കിൽ 8888 അല്ലെങ്കിൽ അവരുടെ ജനിച്ച വര്‍ഷം അല്ലെങ്കിൽ വണ്ടി നമ്പർ ഒക്കെ ഇട്ട് ലോക്ക് ചെയ്യും... അതൊക്കെ അയല്‍ക്കാര് പൊക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ആരും കണ്ടുപിടിക്കാന്‍ ചാന്‍സ് ഇല്ലാത്ത 2573 എന്ന നമ്പർ ഇട്ട് അങ്ങ് പൂട്ടി. ഇനി ഒരുത്തനും കണ്ട്പിടിക്കില്ല."
.
"എന്തോ, ങ്ങാ അപ്പച്ചൻ ഇവിടുണ്ട്."
ഡവറ ആണ് അപ്പച്ചന് വേണ്ടി അപ്പച്ചന്റെ അച്ഛന്റെ ഇല്ലാത്ത വിളി കേട്ടത്.
.
"ദാ വരുന്നു " എന്ന് പറഞ്ഞു അപ്പച്ചൻ ഓടി വീട്ടിൽ കയറുമ്പോളേക്കും സോമൻ അട്ടത്തും ടെലിഫോൺ പോസ്റ്റിലും കയറി ഇറങ്ങി കഴിഞ്ഞിരുന്നു.
അപ്പച്ചൻ വീണ്ടും പാസ് വേർഡ് നമ്പർ മറ്റും വരെ ഞങ്ങളുടെ ചോർത്തൽ തുടർന്നു .
.
"തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല ഗോപുമോനെ " എന്ന ഷക്കീലാ ദേവിയുടെ വാക്കുകൾ ഞങ്ങളിൽ പശ്ചാത്താപം ഉണ്ടാക്കിയില്ല.
.
വൽക്കഷണം : അപ്പച്ചാ, മേൽപറഞ്ഞ സകലമാന ടീമിന്റെയും നമ്പർ എന്റെ കയ്യിൽ ഉണ്ട്. അവന്മാരെ വിളിച്ചു നഷ്ടപരിഹാരം വാങ്ങി അടുത്ത വള്ളം കളിക്ക് നമുക്ക് ഒരു പ്രായിക്കുളം ചുണ്ടൻ ഇറക്കിയാലോ ? ഞാൻ റെഡി....

Monday, March 20, 2017

ലോട്ടറി

ലോട്ടറി
---------------
'' വെറുതെ ലോട്ടറി എടുത്ത് പൈസ കളയാന്‍ നിനക്ക് വട്ടാണോ? ''

ഈ ചോദ്യം ലോട്ടറി എടുക്കുന്ന പലരും ലോട്ടറി എടുക്കാത്ത സുഹൃത്തുക്കളില്‍ നിന്നും കേട്ടിരിക്കും. ആ ചോദ്യകര്‍ത്താക്കള്‍ക്കുള്ള ഉത്തരം ആണ് ഇവിടെ നല്‍കുന്നത്.

Monday- വിന്‍ വിന്‍(30Rs)
Tuesday-സ്ത്രീശക്തി(50Rs)
Wedneday-അക്ഷയ(30Rs)
Thursday-കാരുണ്യ(50Rs)
Friday-ഭാഗ്യനിധി(30Rs)
Saturday-കാരുണ്യ + (50Rs)
Sunday-പൗര്‍ണമി(30Rs)

ഓരോ ആഴ്ചയും കേരളാ ഗവര്‍മെന്‍റിന്‍റെ ലോട്ടറി ടിക്കറ്റുകള്‍ ആണ് ഇത്. എല്ലാ ദിവസവും ടിക്കറ്റ് എടുക്കുന്ന ഒരാള്‍ക്ക്  ഒരാഴ്ച 270 രൂപ ആണ് ചിലവാകുക, വര്‍ഷത്തില്‍ 14040 രൂപ.

അങ്ങനെ വര്‍ഷത്തില്‍ എല്ലാ ദിവസവും ടിക്കറ്റ് എടുക്കുന്ന ഒരാളെ അറിയുമെന്‍കില്‍ അയാളോട് ചോദിക്കുക, കഴിഞ്ഞ വര്‍ഷം എത്ര സമ്മാനം ലഭിച്ചു എന്ന്.. അയാള്‍ പറയുന്ന ഉത്തരം  ഓ!! ഒരു മൂന്നു തവണ 5000 വച്ച് കിട്ടി എന്നോ മറ്റോ ആയിരിക്കും.അത് നഷ്ടം ആണ് എന്ന ചിന്തയിലായിരിക്കും അയാള്‍ അത് പറയുക.സത്യത്തില്‍ അയാള്‍ പോലും അറിയുന്നില്ല അയാളുടെ ചെറിയ ലാഭം.

കളിയാക്കണ്ട, ദിവസേന ഒരു ലോട്ടറി വച്ചെടുക്കുന്ന അനുഭവത്തിന്‍റെ വെളിച്ചത്തില്‍ തന്നെ ആണ് പറയുന്നത് .

ഇത് നിങ്ങള്‍ നാളെ മുതല്‍ ചെന്ന് ലോട്ടറി എടുത്ത് തുടങ്ങണം എന്ന് പറയാന്‍ അല്ല, ലോട്ടറി ബിസിനസ്സുമായി ബന്ധപ്പെട്ട ഒരുപാട് പാവപ്പെട്ട കുടുംബങ്ങള്‍ ഉണ്ട്  എന്ന് ഓര്‍മിപ്പിക്കാന്‍ കൂടിയാണ്. നിങ്ങള്‍ 30 രൂപയുടെ ടിക്കറ്റ് വാങ്ങുംബോള്‍ അവര്‍ക്ക് ലഭിക്കുന്നത്  *മിനിമം 6 രൂപ* ആണ്.

ഞാന്‍ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആള്‍ ആണ് എന്ന് പറഞ്ഞല്ലോ, അതില്‍ ഒരു ടിക്കറ്റ് പോലും കടയില്‍ നിന്നും എടുക്കാറില്ല. *അംഗവൈകല്ല്യം ഉള്ളവരില്‍ നിന്നോ അല്ലെന്‍കില്‍ സ്ത്രീകളില്‍ നിന്നോ* ആയിരിക്കും. നമുക്ക് സമ്മാനം ഒന്നും ലഭിച്ചില്ലെന്‍കിലും ഒരു ദിവസം ഒരാള്‍ക്ക് എന്‍കിലും ഒരു ചെറിയ സഹായം നല്‍കി എന്ന സമാധാനത്തോടെ ഉറങ്ങാന്‍ കഴിയും.

*പുള്ളോട് പ്രവീണ്‍*

Tuesday, March 7, 2017

ലോക വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഒരച്ഛന്റെ തുറന്ന കത്ത്

ലോക വനിതാ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഒരച്ഛന്റെ തുറന്ന കത്ത്
---------------------------------------------------------------------------
.
പ്രിയ മോദിജി ,
.
അങ്ങ് ഭരിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തന്നെ ഭാഗമായ കേരളം എന്ന കൊച്ചു സംസ്ഥാനത്തു നിന്നാണ് ഈ കത്ത് എഴുതുന്നത്. കേരളത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ അംഗം ആയ എനിക്ക് നാലര വയസ്സുള്ള ഒരു മോളുണ്ട് , ആ കുട്ടിയുടെ ഭാവിയെ കുറിച്ചുള്ള വ്യാകുലതയാണ് അങ്ങയോട് പങ്കു വക്കാൻ ആഗ്രഹിക്കുന്നത് .
.
ഇന്ന് ഞങ്ങളുടെ നാട്ടിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ കേൾക്കുമ്പോൾ ഒരു അച്ഛനും ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് . പെൺകുട്ടികൾ മുതൽ വയോവൃദ്ധകൾ വരെ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പീഢിപ്പിക്കപെടുന്നു . വീട്ടിലും , സ്കൂളിലും, കോളേജിലും, ഓഫീസിലും, നാട്ടിലും യാത്രാ വേളകളിലും ഒരു പെൺകുട്ടിയും സുരക്ഷിതം അല്ലാത്ത അവസ്ഥ.കുഞ്ഞു കുട്ടി മുതൽ സെലിബ്രിറ്റി വരെ ആക്രമിക്കപ്പെടുന്നു.
.
പോലീസുകാരുടെ അനാസ്ഥയെ കുറിച്ച് പറയാനോ, രാഷ്ട്രീയ പാർട്ടികളുടെ കാര്യക്ഷമത ഇല്ലായ്മ പറഞ്ഞു അവരെ കുറ്റപ്പെടുത്താനോ ഞാനില്ല.
.
അങ്ങയുടെ രാജ്യത്തു എന്റെ മകൾ സുരക്ഷിത ആയിരിക്കും എന്ന് ഉറപ്പുള്ള ഒരു സംസ്ഥാനം പറഞ്ഞു തരുക, ഇതു വരെ ചേർത്തു വച്ച സമ്പാദ്യങ്ങൾ എല്ലാം ഉപേക്ഷിച്ച് അവിടേക്കു മാറാൻ ഞാൻ തയ്യാറാണ്. മകളുടെ മാനത്തേക്കാൾ വലുതൊന്നുമല്ലല്ലോ ജനിച്ച വീടും, പിറന്ന മണ്ണും ഒന്നും.
അങ്ങയുടെ ഉപദേശത്തിന് കാത്തിരിക്കുന്ന
ഒരു പിതാവ്
പുള്ളോട് പ്രവീൺ
 (പരമാവധി ഷെയർ ചെയ്യുക )