Friday, July 2, 2021

നിഷ്ക്കു സുനിയും ഒരു അബദ്ധവും

 

നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്.


വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സുനി.


അതുകൊണ്ട് തന്നെ സുനിയെ പല പണികളും ഏൽപ്പിക്കുന്ന സ്ത്രീകൾ ഏറെ ആയിരുന്നു നാട്ടിൽ. സുനിയെ കൊണ്ട് പുല്ലു പറിപ്പിച്ചുവരും വീട് വൃത്തിയാക്കിച്ചവരും എന്തിനേറെ കറന്റ്‌ പോയ സമയത്ത് സുനിയെ കൊണ്ട് ചമ്മന്തി അരപ്പിച്ചവർ വരെയുണ്ട്.


നിഷ്ക്കു ആയത് കൊണ്ട് ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും കയറിചെല്ലാൻ ഉള്ള അധികാരം ഉണ്ടായിരുന്നു.


അങ്ങനെ ഇരിക്കെ ഒരു ദിവസം നാട്ടിലെ മാഷുടെയും ടീച്ചറുടെയും ബി എ ഇംഗ്ലീഷ് പഠിക്കുന്ന മോൾക്ക് പനി പിടിച്ചു. മാഷും ടീച്ചറും സ്കൂളിൽ പോയത് അല്ലേ സുഖവിവരം അന്വേഷിക്കാം എന്ന് കരുതി സുനി അവൾക്ക് ഒരു മെസേജ് അയച്ചു. അന്ന് വാട്സാപ്പ് ഒന്നും ഇല്ലാത്തകൊണ്ട് ടെക്സ്റ്റ്‌ മെസേജ് ആണ് അയച്ചത് .


മംഗ്ലീഷിൽ ഉള്ള മെസേജ് ഇങ്ങനെ ആയിരുന്നു

"Engine und, njan varano?"


മെസേജിന് റിപ്ലൈ ഒന്നും വന്നില്ല. പക്ഷെ വൈകുന്നേരം സ്കൂൾ വിട്ട് വീടെത്തിയ മാഷിനോട് മകൾ സുനി വൃത്തികെട്ട മെസേജ് അയച്ച കാര്യം പറഞ്ഞു.


മാഷ് കോപം കൊണ്ട് വിറച്ച് സുനിയുടെ വീട്ടിൽ വന്നു കുറെ ചീത്തയും പറഞ്ഞ് രണ്ട് അടിയും കൊടുത്ത് ആണ് പോയത്.


ഞങ്ങൾ വന്ന് സുനിയോട് കാര്യം ചോദിച്ചു, അവൻ മെസേജ് അയച്ച കാര്യം പറയുകയും മെസേജ് കാണിച്ചു തരുകയും ചെയ്തു.


"Engine und, njan varano?"

("എങ്ങനെ ഉണ്ട്, ഞാൻ വരണോ? ")


എന്ന മെസ്സേജ് കണ്ടപ്പോൾ ഞങ്ങൾക്കും ഒരു കുഴപ്പവും തോന്നിയില്ല. ഞങ്ങൾ മാഷിനോട് പോയി ചോദിക്കാൻ തന്നെ തീരുമാനിച്ചു.


അവിടെ ചെന്നപ്പോൾ ആണ് കാര്യം മനസിലായത്.


സുനി അയച്ചത്

"Engine und, njan varano?"

("എങ്ങനെ ഉണ്ട്, ഞാൻ വരണോ? ")


എന്നായിരുന്നു എങ്കിലും ബി എ ഇംഗ്ലീഷ് പഠിക്കുന്ന അവൾ വായിച്ചത്


"Engine und, njan varano?"

("എഞ്ചിൻ ഉണ്ട്, ഞാൻ വരണോ? ")

എന്നായിരുന്നു.


ഒറ്റക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിക്ക്

"എഞ്ചിൻ ഉണ്ട്, ഞാൻ വരണോ? "

എന്ന മെസേജ് അയച്ചാൽ പിന്നെ ആ പെൺകുട്ടിയുടെ അച്ഛൻ തല്ലാതെ ഇരിക്കുമോ?

മുരളിയും മൂന്നു സ്വഭാവവും


മുരളിയെ കുറിച്ച് പറയുക എന്ന് വച്ചാൽ മൂന്നു പേരെ കുറിച്ച് പറയും പോലെയാണ്.

കാരണം മുരളി ഒരേ സമയം ബ്രില്ലിയന്റ് ആണ് ഫ്രോഡ് ആണ് അത് പോലെ തന്നെ മണ്ടനും ആണ്.


ഈ മൂന്നു മോഡും ഒരേ സമയം ഓൺ ആയ ഒരു സംഭവം പറഞ്ഞ് കൊണ്ട് തുടങ്ങാം.


മുരളി എട്ടാം ക്ലാസിലേക്ക് ജയിച്ചപ്പോൾ ഒരു പെൺകുട്ടിയുടെ വീട്ടിൽ നിന്നും പഴയ പുസ്തകം വാങ്ങി. വീട്ടിൽ വന്ന് നോക്കുമ്പോൾ ആ പുസ്തകത്തിനിടയിൽ അവരുടെ റേഷൻ കാർഡും അതിനകത്തു നൂറു രൂപയുടെ നോട്ടും.


അവന്റ ഉള്ളിലെ ഫ്രോഡ് ഉണർന്നു. അവൻ ആ നൂറു രൂപ എടുത്ത് രണ്ട് മൂന്ന് ദിവസം പൊറോട്ടയും ചിക്കനും ഒക്കെ കഴിച്ചു.


അത് കഴിഞ്ഞ ശേഷമാണ് അവന്റെ ഉള്ളിലെ ബ്രില്യന്റ് ഉണർന്നു. അവർക്ക് റേഷൻ കാർഡ് നഷ്ടപെട്ടാൽ ഉള്ള ഭാവിഷത്തുകളെ കുറിച്ച് ഓർമ വന്നത്. അത് അവരുടെ കയ്യിൽ എത്തിക്കണം എന്ന് തീരുമാനിച്ചു.


ഉടനെ അവന്റെ ഉള്ളിലെ മണ്ടൻ ഉണർന്നു. അവൻ തന്നെ അത് നേരിട്ട് അത് അവരുടെ വീട്ടിൽ കൊണ്ട് കൊടുത്തു. അപ്പൊ അവർക്ക് പൈസ മുരളി എടുത്ത കാര്യം അറിഞ്ഞു, മുരളിയുടെ വീട്ടുകാരിൽ നിന്നും ആ പൈസ വാങ്ങി.


മുരളിയുടെ അച്ഛന് വർക്ക്‌ ഷോപ്പ് ഉണ്ട്. അതുകൊണ്ട് തന്നെ പ്രീ ഡിഗ്രി ക്ക് പഠിക്കുമ്പോൾ അവനു ടീവിസ് വണ്ടി ഉണ്ടായിരുന്നു.അന്നൊന്നും ഞങ്ങളുടെ നാട്ടിൽ മെട്രോ ഇല്ല (ഇന്നും ഇല്ല, ഒരു പഞ്ചിനു പറഞ്ഞു എന്നേ ഉള്ളൂ )അവൻ വണ്ടിയിൽ ബസ്സ്റ്റോപ്പിൽ കൊണ്ട് വച്ചാണ് കോളേജിൽ പോവുക.


ഒരു ദിവസം ബസ്സ്റ്റോപ്പിൻ എത്തി നോക്കുമ്പോൾ വണ്ടിയുടെ പുറകിൽ ബാഗ് ഇല്ല. അവനിലെ ബ്രില്ലിയന്റ് ഉണർന്നു, വഴിയിൽ വീണത് ആവാം അല്ലെങ്കിൽ വീട്ടിൽ ഉണ്ടാവും. പക്ഷെ ഉടനെ തന്നെ അവനിലെ മണ്ടനും ഉണർന്നു. അവൻ വണ്ടി അവിടെ വച്ച് ഒന്നര കിലോമീറ്റർ തിരിച്ചു വീട്ടിലേക്ക് ഓടി. വീട്ടിൽ നിന്ന് ബാഗ് കിട്ടുകയും ചെയ്തു, എന്നിട്ട് വീണ്ടും ഒന്നര കിലോമീറ്റർ ഓടി. അവനു വണ്ടിയെടുത്തു വന്നാൽ മതിയായിരുന്നു.


പാലക്കാട്‌ നിന്നും പഴയന്നൂർ പോകുന്ന ബസ് ആലത്തൂർ പത്ത് മിനുട്ട് നിർത്തിയാണ് പോകുക. ആലത്തൂർ നിന്നും നിറയെ ആളുകൾ കയറി നല്ല തിരക്ക് ആവും ബസിൽ. അത് കൊണ്ട് ചായ കുടിക്കാൻ ഒക്കെ ഇറങ്ങുന്ന ആളുകൾ സീറ്റിൽ എന്തെങ്കിലും വച്ചാണ് ഇറങ്ങുക . ആലത്തൂർ എത്തിയപ്പോ മുരളിയുടെ അടുത്തിരുന്ന ആൾ സീറ്റിൽ ഒരു തോർത്ത്‌ മുണ്ട് വച്ച് ഇറങ്ങി. മുരളിയിലെ മണ്ടനും അന്ന് ആദ്യമായി മണ്ടനും ഉണർന്നു. അവൻ തോർത്ത്‌ എടുത്ത് ബസിൽ നിന്നും ഇറങ്ങി അയാൾക്ക് കൊണ്ട് കൊടുത്തു. അയാൾ നോക്കുമ്പോ സീറ്റ് പോയി. അന്ന് അയാൾ പറഞ്ഞ തെറിക്കു കയ്യും കണക്കും ഇല്ല.


സ്കൂളിൽ പഠിക്കുമ്പോൾ അവൻ സ്കൂൾ ലീഡർ ആയിരുന്നു. മലയാളത്തിൽ ആയിരുന്നു "ഇന്ത്യ എന്റെ രാജ്യമാണ് " എന്ന് തുടങ്ങുന്ന പ്രതിജ്ഞ പറഞ്ഞിരുന്നത്. അവനോട് അത് ഇംഗ്ലീഷിൽ പറയാൻ എപ്പോളും നിർബന്ധിക്കും. ഒടുവിൽ അവൻ പ്രതിജ്ഞ ഇംഗ്ലീഷിൽ പറയാൻ തീരുമാനിച്ചു. പക്ഷെ അതിനുള്ള ദിവസം തിരഞ്ഞെടുത്തത് അവനിലെ മണ്ടൻ ആയിരുന്നു, എല്ലാ അധ്യാപകരും മുണ്ട് ഉടുത്ത് വന്ന കേരള പിറവി ദിവസം ആയ നവംബർ ഒന്ന് ആയിരുന്നു അവൻ ഇംഗ്ലീഷ് പ്രതിജ്ഞ പറയാൻ തിരഞ്ഞെടുത്ത ദിവസം.


ഇന്റർ കോളേജ് ചെസ്സ് ചാമ്പ്യൻ ആയിരുന്നു അവൻ. അത് കൊണ്ട് ഗൾഫിൽ ഒരു ടൂർണമെന്റ് നു പോകാൻ ഉള്ള അവസരം വന്നു. പാസ്സ് പോർട്ട്‌ എടുക്കാൻ പോയപ്പോൾ ഉള്ള പൈസ കേട്ടപ്പോൾ അവൻ പറഞ്ഞത് ഗൾഫിൽ പോകാൻ മാത്രമാണ് ചെറിയ ഒരു പാസ്പോർട്ട്‌ മതി എന്നാണ്.


ഇടക്ക് അവനിലെ ഫ്രോഡ് ഉണരും. സ്കൂളിൽ പഠിക്കുമ്പോൾ അടുത്തിരുന്നവൻ ഉത്തരം പറയാൻ എന്നീറ്റപ്പോൾ കൊമ്പസ് സീറ്റിൽ വച്ച് മുറി പെടുത്തി എന്താണ് കൊമ്പസ് ന്റെ ഉപയോഗം എന്ന് കാണിച്ചു കൊടുത്തിരുന്നു അവൻ.


മൊബൈൽ ഫോൺ വന്നപ്പോൾ കൂട്ടുകാരുടെ മൊബൈലിൽ അവന്റെ നമ്പർ പേര് മാറ്റി നാട്ടിലെ പെൺകുട്ടികളുടെ പേരിൽ സേവ് ചെയ്ത് രാത്രി മിസ്കാൾ അടിക്കും. അവർ പിറ്റേന്ന് ആ പെൺകുട്ടിയോട് ചോദിക്കുമ്പോൾ നല്ല ചീത്തയും കേൾക്കും.


ഇവന്റെ ഏറ്റവും വലിയ ഫ്രോഡ് പരിപാടി നടന്നത് ഡിഗ്രി ഫൈനൽ ഇയർ എക്സാം സമയത്ത് ആണ്.

ഇവൻ ബ്രില്യന്റ് ആയത് കൊണ്ട് ചില വിഷയത്തിൽ തൊണ്ണൂറ് ശതമാനം മാർക്ക് ഒക്കെ കിട്ടും, അതേ സമയം മണ്ടനും ആയത് കൊണ്ട് ചില വിഷയങ്ങൾ ജയിക്കാറ് പോലും ഇല്ല. അങ്ങനെ ഇവന് പാടുള്ള വിഷയം ആയിരുന്നു അക്കൗണ്ടൻസി.


അങ്ങനെ അക്കൗണ്ടൻസി പരീക്ഷ വന്നു. തുണ്ട് വച്ച് എഴുതാൻ പോലും അവനു അറിയാത്ത എക്സാം ആയിരുന്നു അത്.

അവൻ ചെയ്തത് എക്സാമിന് കയറി അറിയാവുന്നത് എല്ലാം എഴുതി, രജിസ്റ്റർ നമ്പർ മാത്രം എഴുതിയില്ല. മുന്നിൽ ഇരുന്ന നന്നായി പഠിക്കുന്ന പയ്യൻ എക്സാം എഴുതി കഴിഞ്ഞു പേപ്പർ ഡസ്കിൽ വച്ചു എഴുന്നേറ്റു പോയപ്പോൾ അവന്റ പേപ്പർ എടുത്ത് ലാസ്റ്റ് ഡിജിറ്റ് ഏഴ് എന്നത് തിരുത്തി എട്ട് എന്നാക്കി ഇവന്റെ പേപ്പറിൽ ആ പയ്യന്റെ നമ്പർ എഴുതി വച്ചു.

റിസൾട് വന്നപ്പോൾ മുരളി ജയിച്ചു ആ പയ്യൻ തോറ്റു.

അവർ കേസ് കൊടുത്ത് അൻസർ പേപ്പർ എടുത്തപ്പോ ആണ് ഈ ഫ്രോഡ് പരിപാടി അറിഞ്ഞത്. ഇവനെ ഡീബാർ ചെയ്യുക അല്ല, ഇനി എക്സമേ എഴുതാൻ പറ്റില്ല എന്ന് യൂണിവേഴ്സിറ്റി തീരുമാനം എടുത്തു.

ഗിരീഷിന്റെ ചെയ്തികൾ

 


പാര വെക്കാൻ നടക്കുന്നവർക്ക് ആല്ലെങ്കിൽ തന്നോട് കളിപ്പുള്ളവർക്ക് പണി കൊടുക്കാൻ മിടുക്കൻ ആണ് ഗിരീഷ്.


സമ്മാന കൂപ്പൺ പൂരിപ്പിച്ചു അയച്ചിട്ടും സമ്മാനം തരാതിരുന്ന ബാലരമക്ക് ഫ്രം അഡ്രസ് വക്കാതെ കൂലിക്കത്ത് അയച്ചുകൊണ്ടായിരുന്നു തുടക്കം.


ഒരു പോസ്റ്റ്‌മാനുംആയി കലിപ്പിൽ ആയപ്പോൾ നൂറു കാർഡ് ദിവസേന അയാളുടെ പോസ്റ്റ്‌ ഓഫീസിന് കീഴിൽ വരുന്ന അഡ്രസ്സിൽ അയക്കൽ ആയിരുന്നു പണി.


പുസ്തകം പബ്ലിഷ് ചെയ്തു വേണ്ടവർക്ക് വിപിപി അയക്കാം എന്ന് പറയുന്നവർക്ക് എനിക്ക് വേണം എന്ന് പറഞ്ഞ് അഡ്രസ് കൊടുത്ത് പുസ്തകം വരുമ്പോൾ വാങ്ങാതിരിക്കൽ ഒക്കെ ആയിരുന്നു ഗിരീഷിന്റെ ഹോബി.


ക്യാഷ് ഓൺ ഡെലിവറിയായി സാധനങ്ങൾ ഓർഡർ ചെയ്യുക എന്നിട്ട് വാങ്ങാതിരിക്കുക എന്നിവയൊക്കെ അവന്റ നിസാര ഐറ്റം ആയിരുന്നു.


വെറുതെ വീട്ടിൽ ഇരിക്കുന്നവനെ രണ്ടു പെഗ് വാങ്ങിതാരം എന്ന് പറഞ്ഞ് കൊണ്ട് പോയി അവന്റ കയ്യിൽ നിന്ന് നാല് പെഗ് വാങ്ങി കുടിക്കാൻ മിടുക്കൻ ആണ് നമ്മുടെ ഗിരീഷ്.


അഞ്ചു കോടി ഡോളർ ലോട്ടറി അടിച്ചു എന്നൊക്കെ പറഞ്ഞ് നമുക്ക് മെസ്സേജ് വന്നാൽ നമ്മൾ അതിന്റ പിന്നാലെ പോവാറില്ലല്ലോ......


പക്ഷെ ഗിരീഷ് അങ്ങനെ അല്ല, ആ കഥ കേട്ടോളൂ...


ഒരിക്കൽ ഗിരീഷിന് പത്ത് ലക്ഷം ഡോളർ ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ഒരു മെസേജ് വന്നു. പൈസ വേണമെങ്കിൽ ഡീറ്റെയിൽസ് അയക്കാൻ പറഞ്ഞു.


ഗിരീഷ് ഉടനെ തന്നെ ബാങ്ക് അക്കൗണ്ട് അടക്കം ഉള്ള എല്ലാ ഡീറ്റെയിൽസും അയച്ചു കൊടുത്തു.


അതിന് മറുപടിയായി പ്രോസേസിങ് ഫീസ് 80000 അയക്കാൻ പറഞ്ഞു മെയിൽ വന്നു.


ഗിരീഷ് ബാങ്കിൽ പോയി ഡിപ്പോസിറ്റ് സ്ലിപ്പിന്റ കസ്റ്റമർ കോപ്പി അവരുടെ അക്കൗണ്ട് നമ്പർ & നെയിം വച്ച് ഫിൽ ചെയ്ത് ബാങ്കിലെ ഫ്രണ്ടനെ കൊണ്ട് ക്യാഷ് റിസീവ്ഡ് സീൽ വച്ച് ഫോട്ടോ എടുത്ത് അവർക്ക് അയച്ചു കൊടുത്തു.


ഒരു മണ്ടനെ പറ്റിച്ച സന്തോഷത്തിൽ അവർ ഉടനെ അക്കൗണ്ട് ചെക്ക് ചെയ്തു.


പക്ഷെ അക്കൗണ്ടിൽ ക്യാഷ് കേറിയിട്ടില്ല. അത് ഗിരീഷ് നെ അറിയിച്ചു.


ഞാൻ അയച്ചു എന്നും നിങ്ങൾ നുണ പറയുകയാണ് എന്നുമായി ഗിരീഷ്. അവർ ഒരു ദിവസം കൂടി വെയിറ്റ് ചെയ്തു.


പിന്നെ ഗിരീഷ് പറഞ്ഞത് ഞാൻ വീട് പണയം വച്ചാണ് അയച്ചത്, പൈസ കിട്ടിയിട്ട് പാലക്കാട്‌ കോട്ട മൈതാനം വാങ്ങാൻ അഡ്വൻസ് കൊടുത്തു എന്നും ഒക്കെ പറഞ്ഞു മെസേജ് അയച്ചു അവരെ കൺഫ്യൂസ് ആക്കി.


പൈസ കിട്ടിയില്ല എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.


പത്ത് ലക്ഷം ഡോളർ വേണ്ട ഞാൻ അയച്ചു തന്ന പൈസ തിരികെ തരണം എന്നായിരുന്നു ഗിരീഷിന്റെ മറുപടി.


138 മെയിൽ ആണ് ഇതും പറഞ്ഞ് ഗിരീഷും അവരും അങ്ങോട്ടും ഇങ്ങോട്ടും അയച്ചത്.


ഒടുവിൽ, ഇവൻ നമ്മളെക്കാൾ വലിയ ഫ്രാഡ് ആണെന്ന് മനസിലാക്കിയപ്പോൾ അവർ ഗിരീഷിനെ ബ്ലോക് ചെയ്തു പോയി

Thursday, July 1, 2021

സോമന്റെ വൈകിയുള്ള ഉത്തരങ്ങൾ


ഒരു ദിവസം ഞാനും സോമനും നാല് സുഹൃത്തുക്കളും കൂടി ഒരു മരണ വീട്ടിലേക്ക് പോകുക ആയിരുന്നു. അടുത്ത ബന്ധു ഒന്നും അല്ലാത്തത് കൊണ്ട് അല്പം തമാശയൊക്കെ പറഞ്ഞാണ് പോകുന്നത്.


മരണ വീട് എത്തുന്നതിന്റെ ഏതാണ്ട് പത്തു മിനുട്ട് മുൻപ് ഞാൻ ഒരു തമാശ പറഞ്ഞു. അത് കേട്ട് ബാക്കി മൂന്ന് പേരും ഭയങ്കര ചിരി. സോമൻ മാത്രം ചിരിക്കുന്നില്ല. അവൻ ഏതാണ്ട് സിദ്ദിഖിനു ലാലിൽ ഉണ്ടായ മോനെ പോലെ ഇതൊക്കെ എന്ത് നിലവാരമാടെ എന്നും പറഞ്ഞ് ഇരിക്കുന്ന പോലെ തോന്നി. എന്റെ തമാശക്ക് ചിരിക്കാത്ത സോമനോട് എനിക്ക് കടുത്ത ദേഷ്യം തോന്നി.


ഞങ്ങൾ മരണ വീട് എത്തി. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്തിന്റ നടുക്ക് ആയാണ് വീട്. പറമ്പ് മുഴുവൻ ആളുകൾ ഉണ്ട്. ഞങ്ങൾ ഗേറ്റ് കടന്ന് അകത്ത് പ്രവേശിച്ചു.


അവിടെ കൂടിയിരുന്ന ആളോട് എങ്ങനെ ആണ് മരിച്ചത് എന്ന് ചോദിച്ചു. രാത്രി ടിവി കണ്ട് ഉറങ്ങാൻ കിടന്നതാണ്, രാത്രിയിൽ ഉറക്കത്തിൽ ആണ് മരിച്ചത്. ഹാർട്ട് അറ്റാക്ക് ആയിരുന്നു എന്ന് തോന്നുന്നു. ഇത് കേട്ടതും സോമൻ ചിരിക്കാൻ തുടങ്ങി. ഒരു രക്ഷയും ഇല്ലാത്ത ചിരി. ഞാൻ അടുത്ത് പോയി ചിരി നിർത്താൻ നോക്കി. അളിയാ എന്നും പറഞ്ഞ് എന്റെ പുറത്തടിച്ചു പിന്നെയും ചിരി. ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസന്റെ ചിരി പോലെ തുടർന്നപ്പോൾ ദൂരെ ഉള്ള വീടിനു മുന്നിൽ നിന്നവർ വരെ നോക്കാൻ തുടങ്ങി. സംഭവം പന്തിയല്ലന്ന് മനസിലാക്കിയ ഞങ്ങൾ സോമനെ മെല്ലെ കാറിൽ കയറ്റി.


ഇനി ഞങ്ങൾക്കും അങ്ങോട്ട് കയറാൻ പറ്റില്ല എന്ന് ഉറപ്പായ കൊണ്ട് ഞങ്ങൾ കാർ തിരിച്ചു.


പോകുന്ന വഴി സോമനോട് എന്തിനാ ചിരിച്ചത് എന്ന് ഞാൻ ചോദിച്ചു. എന്റെ കോമഡി കെട്ടിട്ടാണ് അവൻ ചിരിച്ചത് എന്നായിരുന്നു അവന്റ മറുപടി.


അതായത് പത്ത് മിനുട്ട് മുൻപ് പറഞ്ഞ കോമഡിക്കാണ് അവൻ മരണവീട്ടിൽ വച്ച് ചിരിച്ചത്. അതായത് സോമൻ എല്ലാ കാര്യത്തിലും ഒരു പത്ത് മിനുട്ട് സ്ലോ ആണ്. അന്നാണ് ഞങ്ങൾക്ക് അത് മനസിലായത്. അന്ന് തന്നെ സോമൻ എന്ന അവന്റ പേര് മാറ്റി സ്ലോമൻ എന്നാക്കി.


പിന്നീട് ഒരു ദിവസം ഞങ്ങൾ റോഡിന്റെ വശത്ത് വണ്ടിയൊക്കെ നിർത്തി സംസാരിച്ചു ഇരിക്കുകയായിരുന്നു. അപ്പൊ ആ വഴി വെള്ളമടിച്ചു രണ്ടു പിള്ളേർ പാഞ്ഞു വന്ന് സ്ലോമന്റെ ബൈക്കിൽ ഇടിച്ചു. ഹെഡ് ലൈറ്റ് ഒക്കെ പൊട്ടി വണ്ടി മറിയുകയും ചെയ്തു. അവന്മാർ കൊണ്ട് വന്ന് ഇടിച്ചതു ആണെങ്കിലും അവന്മാർ വെള്ളം ആയത് കൊണ്ട് അവന്മാർ തന്നെ സ്ലോമനെ അവിടെ എന്തിന് വണ്ടി വച്ചു എന്നും പറഞ്ഞ് ചീത്ത വിളിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഒക്കെ തരിച്ചു കേറി, അവന്മാരെ അടിക്കണം എന്ന് തോന്നി. പക്ഷെ സ്ലോമൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിൽക്കുന്നു. പിന്നെ ഞങ്ങൾ എന്തിന് ഇടപെടണം എന്ന് കരുതി ഞങ്ങളും മിണ്ടിയില്ല. അവന്മാർ ചീത്തയും പറഞ്ഞു പോയി. അവർ പോയി രണ്ടു മിനിറ്റ് കഴിഞ്ഞതും സ്ലോമൻ ദേഷ്യം കൊണ്ട് കണ്ണ് ഒക്കെ ചുമന്ന് തെറി വിളിക്കാൻ തുടങ്ങി "എന്റെ നാട്ടിൽ വന്ന് എന്റെ വണ്ടിയിൽ ഇടിച്ചു എന്നെ തെറി വിളിച്ചിട്ട് പോയ കള്ള പന്നികളെ വിടില്ല" എന്നും പറഞ്ഞു വണ്ടി എടുത്ത് അവന്മാർക്ക് പുറകെ വിട്ടു.


എന്തൊക്കെ ആണെങ്കിലും പഠിക്കാൻ മിടുക്കൻ ആയിരുന്ന സ്ലോമൻ ഡിഗ്രി ഒക്കെ കഴിഞ്ഞു ബി എഡും എടുത്ത് നാട്ടിൽ ഒരു ട്യൂടോറിയൽ കോളേജ് തുടങ്ങി. സ്ലോമന് കഴിഞ്ഞ ഏഴു വർഷമായി ശരണ്യ എന്നൊരു പെൺകുട്ടിയോട് പ്രേമം ഉണ്ടായിരുന്നു. അവൾ അത് വരെ സമ്മതം മൂളിയിരുന്നില്ല. സ്ലോമൻ ട്യൂടോറിയൽ കോളേജ് ഒക്കെ തുടങ്ങിയപ്പോൾ അവൾക്കു തിരിച്ചും ഇഷ്ടമായി. അങ്ങനെ ഒരു ദിവസം സ്ലോമനെ ഒറ്റക്ക് കിട്ടിയപ്പോ അവൾ പറഞ്ഞു

 " ഇനിയും സോമേട്ടന്റെ ഇഷ്ടം കാണാതിരുന്നാൽ ദൈവം പൊറുക്കില്ല. എനിക്കും സോമേട്ടനെ ഒരുപാട് ഇഷ്ടമാണ്. ഇനിയെല്ലാം സോമേട്ടന്റ ആഗ്രഹം പോലെ നടക്കട്ടെ "

ഇത് പറഞ്ഞതും സ്ലോമൻ കണ്ണടച്ച് ദൈവത്തിനു നന്ദി പറഞ്ഞു. എന്നിട്ട്

"കാലങ്ങൾ ആയി നീ എന്റെ മനസ്സിൽ ഉണ്ട്. നീ ഇല്ലാത്ത ജീവിതം എനിക്ക് സങ്കൽപിക്കാൻ പോലും ആവില്ല. നീ വീട്ടിൽ അച്ഛനോട് പറഞ്ഞ് നമ്മുടെ കല്യാണം ഉടനെ നടത്തിക്കണം. എനിക്ക് പൂർണ സമ്മതം "


ഇത് പറഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോ മാഷുടെ മോൾ ശരണ്യ ഇല്ല, പകരം മുന്നിൽ കറവക്കാരൻ കണാരന്റ മോൾ ജാനു.(സ്ലോമൻ മറുപടി പറയാൻ പത്തു മിനുട്ട് എടുക്കുമല്ലോ... ആ സമയം ശരണ്യ പോയി ജാനു വന്നു )

അവൾ വീട്ടിൽ പോയി കാര്യം പറഞ്ഞു. പട്ടാപകൽ ഒരു പെണ്ണിന്റ മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞ സ്ലോമന് അതിൽ നിന്നും പിന്തിരിയാനും കഴിഞ്ഞില്ല. അങ്ങനെ മാഷുടെ മോൾ ശരണ്യക്ക് പകരം എട്ടാം ക്ലാസ് തോറ്റ ജാനു സോമന്റെ ഭാര്യയായി.


ഒരു ദിവസം ഞാൻ സോമന്റെ ട്യൂടോറിയൽ കോളേജിൽ പോയി. സ്ലോമൻ അടുത്തിടെ ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തിരുന്നു. ഞാൻ ട്യൂടോറിയലിൽ കയറി ചെല്ലുമ്പോൾ സോമൻ ഇരിപ്പുണ്ട്.

"എങ്ങനെ ഉണ്ട് സ്ലോമാ നിന്റ വണ്ടി?" എന്ന് ഞാൻ ചോദിച്ചു. സോമൻ ഉണ്ടോ ഉടനെ എങ്ങാനും മറുപടി പറയുന്നു. ഞാൻ മൊബൈൽ എടുത്ത് മെസേജ് നോക്കിയിരുന്നു.


ആ സമയത്ത് ആണ് ദാസപ്പൻ അങ്ങോട്ട് കേറി വന്നത്. ആള് നാട്ടിലെ ചെറിയ ഗുണ്ട കൂടി ആയിരുന്നു. പത്താം ക്ലാസ് തോറ്റ തന്റെ മകളെ സ്ലോമന്റെ ട്യൂടോറിയൽ കോളേജിൽ പഠിക്കാൻ ചേർത്തിരുന്നു ദാസൻ. അവൾ എങ്ങനെ ഉണ്ട് എന്ന് അറിയാൻ വന്നതായിരുന്നു പുള്ളി.


ദാസൻ വന്ന പാടെ ചോദിച്ചു

"എങ്ങനെ ഉണ്ട് സോമാ എന്റെ മോൾ?"


ഉടനെ വന്നു സോമന്റെ മറുപടി.


"ഫ്രണ്ട് ന്നു നോക്കിയാലും ബാക്കിൽ നിന്ന് നോക്കിയാലും നൂറു മാർക്ക്. എത്ര നേരം അതിന്റ മേലെ കേറി ഇരുന്നാലും മതി വരില്ല. ശരിക്കും ഇരിക്കുന്നതിനേക്കാൾ അതിന്റ മേലെ കിടക്കാൻ ആണ് തോന്നുക. കുറ്റം പറയാൻ ഒന്നും ഇല്ല. അടിപൊളി സാധനം"


പറഞ്ഞു തീർന്നില്ല. ദാസന്റെ അടി കൊണ്ട് സ്ലോമന്റെ രണ്ട് പല്ല് തെറിച്ചു.


പത്ത് മിനുട്ട് മുൻപ് ഞാൻ ചോദിച്ച വണ്ടിയെങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരമാണ് സ്ലോമൻ ഇപ്പൊ പറഞ്ഞത് എന്ന് ദാസൻ ഉണ്ടോ അറിയുന്നു. പാവം സ്ലോമൻ

കുഞ്ചപ്പണ്ണനും നാവും

 


ഞാൻ കാണുമ്പോൾ തന്നെ വളരെ പ്രായം ആയ ആളായിരുന്നു കുഞ്ചപ്പണ്ണൻ.


എന്തെങ്കിലും ഒരു കാര്യം കുഞ്ചപ്പണ്ണൻ സൂപ്പർ ആണ് എന്ന് പറഞ്ഞാൽ അതിന്റ കാര്യം അതോടെ പോക്കാണ്.


നിറയെ മാങ്ങയുള്ള മാവ് നോക്കി ങ്ങാ മാങ്ങ കുറെ ഉണ്ടല്ലോ എന്ന് പറഞ്ഞാൽ അതോടെ തീർന്നു. അടുത്ത വർഷം അത് പൂക്കുക കൂടി ചെയ്യില്ല.


നിറയെ പാല് തരുന്ന പശുവിനെ നോക്കി കൊള്ളാലോ പശു എന്ന് പറഞ്ഞാൽ തീർന്നു പിന്നെ അതിനെ ആറാവുകാരന് കൊടുക്കാൻ മാത്രമേ പറ്റൂ.


കുഞ്ചപ്പണ്ണൻ നാല് വർഷം മുൻപ് മരിച്ചു. കുഞ്ചപ്പണ്ണൻ മരിച്ച ശേഷം ആറു മാസത്തിന് പുള്ളോട് വേറെ ആരും മരിച്ചിട്ടില്ല.

മരിച്ചു കൊണ്ട് പോകുമ്പോ നിങ്ങൾ ഭയങ്കര സ്പീഡ് ആണല്ലോ കാലാ എന്ന് പറഞ്ഞിട്ടുണ്ടാവും എന്നും അതോടെ കാലൻ വണ്ടിയിൽ ണ് നിന്ന് വീണു ആരുമാസം കിടപ്പിലായിട്ടുണ്ടാവും എന്നുമാണ് നാട്ടിലെ കഥകൾ.


ഇനി കുഞ്ചപ്പണ്ണന്റെ പ്രധാന കഥയിലേക്ക് വരാം.


നാട്ടിൽ ദിവാകരൻ എന്നും രാമകൃഷ്ണൻ എന്നും പേരുള്ള രണ്ടു സഹോദരങ്ങൾ ഉണ്ടായിരുന്നു. പരസ്പരം കണ്ടാൽ പോലും മിണ്ടാത്തെ ശത്രുക്കൾ ആയിരുന്നു രണ്ടു പേരും രണ്ടു പേർക്കും കുടുംബത്തിന്റെ ഭാഗം ആയി അഞ്ചു ഏക്കർ വീതം കൃഷി ലഭിച്ചിരിക്കുന്നു.


രാമകൃഷ്ണൻ ന്റെ തോട്ടത്തിൽ ബോർവെൽ അടിച്ചു നല്ലോണം വെള്ളം കിട്ടിയിരുന്നു. ദിവാകരൻ പലതവണ ബോർവെൽ അടിച്ചു നോക്കിയെങ്കിലും വെള്ളം കിട്ടിയില്ല.


അവസാനം കുഞ്ചപ്പണ്ണനെ കൊണ്ട് രാമകൃഷ്ണന്റെ ബോർവെൽ അടിപൊളിയാണ് എന്ന് പറയിപ്പിക്കാം അങ്ങനെ അത് നശിച്ചു പോകുമെന്നും ദിവാകരൻ കരുതി.


അങ്ങനെ കുഞ്ചപ്പണ്ണനെയും കൂട്ടി ദിവാകരൻ രണ്ട് തോട്ടത്തിന്റെയും നടുക്കുള്ള മതിലിനു അടുത്തെത്തി. എന്നിട്ട് രാമകൃഷ്ണന്റെ തോട്ടത്തിൽ  ഉള്ള നീല കവർ കൊണ്ട് മൂടിയ ബോർവെൽ കാണിച്ചു കൊടുത്തു. എന്നിട്ട്

"നല്ല വെള്ളം കിട്ടുന്ന ബോർവെൽ ആണല്ലോ"

എന്ന് പറയാൻ പറഞ്ഞു.


പക്ഷെ കുഞ്ചപ്പണ്ണൻ എത്ര നോക്കിയിട്ടും ബോർവെൽ കണ്ടില്ല. ദിവാകരേട്ടൻ കുറെ വട്ടം ചൂണ്ടി കാണിച്ചു കൊണ്ടേയിരുന്നു.


ഒടുവിൽ ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ചപ്പണ്ണൻ ബിർവെൽ കണ്ടു. കണ്ട ഉടൻ ഒരു ഡയലോഗ്..

"ഹാവൂ, ഇപ്പൊ ആണ് ഞാൻ കാണുന്നത്. നിങ്ങളുടെ കണ്ണ് അപാരം തന്നെ ദിവാകരേട്ടോ "


ദിവാകരേട്ടന്റെ കാഴ്ച ഇപ്പോളും ശരി ആയിട്ടില്ല എന്നാണ് കെട്ടിരിക്കുന്നത്

മിഥുന്റെ വികൃതികൾ

 


പുള്ളോട് സ്കൂൾ പണ്ട് ഓലമേഞ്ഞ കെട്ടിടമായിരുന്നു. അവിടെ പഠിക്കുന്നതും പാവപ്പെവർ ആയിരുന്നു. വളരെ കുറച്ചു പേര് മാത്രമേ അന്ന് പഠിക്കാൻ പോയിരുന്നുള്ളൂ.


ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു മിഥുൻ. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു സംഭവം നടക്കുന്നത്. അന്ന് മിഥുന്റെ ട്രൗസർ ന്റെ മുൻവശം കീറിയിരുന്നു. അതിലൂടെ ഇടയ്ക്കിടെ ജൂനിയർ മിഥുൻ പുറത്തു വരും അപ്പൊ മിഥുൻ അതിൽ പിടിക്കും ടീച്ചർ അടിക്കും മിഥുൻ കരയും. ഈ സംഭവം പലതവണ ആവർത്തിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മിഥുൻ ടീച്ചർ അടിക്കാതെ തന്നെ ഇരുന്നു കരയുന്നു.

ഇത് കണ്ട് ടീച്ചർ കാര്യം ചോദിച്ചു, അപ്പൊ മിഥുൻ കരഞ്ഞു കൊണ്ട് പറയുകയാണ്

 "തല്ല് കൊള്ളിക്കാൻ വേണ്ടി വെറുതെ വെറുതെ വെളിയിൽ വരുവാണ് " എന്ന്.


മിഥുന് രണ്ട് അമ്മാവൻമാരുണ്ട്. ഒരാൾ പഠിച്ചു വലിയ ബാങ്ക് മാനേജർ ആയി ഒറ്റപ്പാലത്തു താമസിക്കുന്നു. വേറൊരു മാമൻ ഉള്ളത് സ്കൂളിന്റെ പടി പോലും കാണാതെ പെയിന്റ് പണിക്ക് പോയി ജീവിക്കുന്നു. ഒറ്റപ്പാലം ഏരിയയിൽ പെയിന്റർ മാമനെ കണ്ട് പോവരുത് എന്നാണ് ബാങ്ക് മാമന്റെ കല്പന.


നാലാം ക്ലാസ് കഴിഞ്ഞതോടെ മിഥുൻ പിന്നെ പഠിച്ചത് ഒറ്റപ്പാലത്തു ബാങ്ക് മാമന്റെ വീട്ടിൽ നിന്നാണ്. ഇന്നത്തെ കാലത്ത് അമേരിക്കയിൽ പഠിക്കാൻ പോയ പോലെ ആണ് അന്ന് മിഥുൻ ഒറ്റപ്പാലത്തു പഠിക്കാൻ പോയപ്പോൾ ലഭിച്ച സ്വീകാര്യത.


വെക്കേഷന് മിഥുൻ നാട്ടിൽ വരുമ്പോ കുട്ടികൾ മുഴുവൻ മിഥുന്റെ ചുറ്റും കൂടും. വിശേഷങ്ങൾ കേൾക്കാൻ. പുഴക്കരയിൽ ഇരുന്നാണ് മിഥുൻ ബഡായി കഥകൾ പറയുക.


ഒരിക്കൽ മിഥുൻ എട്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ പുഴക്കരയിൽ കൂട്ടുകാരും ഒത്ത് കഥ പറഞ്ഞിരിക്കുമ്പോൾ നേവിയുടെ പരീക്ഷണ പാറക്കൽ ആയി ഒരു ഹെലികോപ്റ്റർ അവിടെ വട്ടമിട്ടു പറന്നു. കുട്ടികൾ പേടിച്ചു ഓടാൻ തുടങ്ങിയപ്പോൾ മിഥുൻ കാര്യം അവരെ പറഞ്ഞു മനസിലാക്കി കൊടുത്തു. കുറച്ചു പേരെ ബോധവൽക്കരിച്ച സന്തോഷത്തിൽ മിഥുൻ വീട്ടിൽ എത്തുമ്പോൾ മുറ്റത്ത് നിറയെ അരിയും ഗോതമ്പും എല്ലാം വിതറിയിരിക്കുന്നു. കാര്യം മനസിലാവാതെ മിഥുൻ പെയിന്റർ മാമമോട് ചോദിച്ചു.


മാമൻ പറഞ്ഞു .

"എടാ കുറച്ചു മുൻപ് ഒരു വലിയ പക്ഷി ഇത് വഴി പറന്നു. അതെങ്ങാനും വന്നു തിന്നാലോ എന്ന് കരുതിയാ ഞാൻ അരി വിതറിയത്. അതിനെ കിട്ടിയിരുന്നെങ്കിൽ ഒരു മാസം വേറെ ഒന്നും കൂട്ടാൻ വെക്കാൻ വാങ്ങേണ്ടി വരില്ലായിരുന്നു."..


ചോദിച്ചാൽ അറിയില്ല എങ്കിലും എന്ത് കാര്യത്തിനും ഉത്തരം പറയുക മിഥുന്റെ ഹോബി ആയിരുന്നു. ഒരിക്കൽ അയൽവാസി വന്ന് പറഞ്ഞു പുള്ളിയുടെ റേഡിയോവിൽ ഇടുന്ന ബാറ്ററി പെട്ടന്ന് പെട്ടന്ന് ഫീസ് ആകുന്നു എന്ന്. ഉടനെ മിഥുൻ തിരിച്ചും മറിച്ചും നോക്കി ചോദിച്ചു, നിങ്ങൾ ഏത് സ്റ്റേഷൻ ആണ് വക്കുന്നത് എന്ന്. തിരുവനന്തപുരം എന്ന ഉത്തരം വന്നപ്പോൾ അണ്ണൻ പറഞ്ഞു..


"ചുമ്മാതല്ല ബാറ്ററി പെട്ടന്ന് കത്തി പോകുന്നത്. ഇത്രേം ദൂരത്തെ സ്റ്റേഷൻ ഒക്കെ വച്ചിട്ടാ. നിങ്ങൾ തൃശൂർ വക്കൂ. കുറെ കാലം ബാറ്ററി നിൽക്കും "


മിഥുൻ പത്താം ക്ലാസ്സ്‌ പാസായി വിജയം പറയാൻ വന്നപ്പോൾ പെയിന്റർ മാമൻ ഒരു ആഗ്രഹം പറഞ്ഞു, ട്രെയിൻ കാണണം എന്ന്.  ചാരായ വാറ്റ് പിടിക്കാൻ വരുന്ന പോലീസ് ജീപ്പും റേഷൻ കടയിൽ അരി കൊണ്ട് വരുന്ന ലോറിയും മാത്രമേ പെയിന്റർ മാമൻ കണ്ടിട്ടിണ്ടായിരുന്നുള്ളൂ.


പെയിന്റർ മാമനെ ഒറ്റപ്പാലം ഏരിയയിൽ കണ്ടു പോവരുത് എന്നാണ് ബാങ്ക് മാമൻ പറഞ്ഞിരിക്കുന്നത്. എന്നാലും റിസ്ക് എടുത്ത് മിഥുൻ പെയിന്റർ മാമനെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഒരു മണിക്കൂർ കാത്തിട്ടും ട്രെയിൻ ഒന്നും വന്നില്ല. ബാങ്ക് മാമൻ കാണുമോ എന്ന പേടിയിലും ട്രെയിൻ വരാത്ത നിരാശയിലും മിഥുൻ നിൽക്കുമ്പോൾ ഒരു ട്രെയിൻ വന്നു. അത് കണ്ട പെയിന്റർ മാമൻ ഉറക്കെ പറഞ്ഞു.


"വരാത്തപ്പോ ഒന്നും വരില്ല വരുമ്പോ എല്ലാം കൂടി വരും"

എന്ന്.. അത് വരെ ട്രെയിൻ കാണാത്ത മാമൻ കരുതിയത് ഓരോ ബോഗിയും ഓരോ ട്രെയിൻ ആണ് എന്നാണ്.


പഠിത്തം ഒക്കെ കഴിഞ്ഞു മിഥുൻ ഒരു കോപ്പറേറ്റീവ് ബാങ്കിൽ ജോലിക്ക് കയറി. തനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അറിയില്ല എന്ന് കരുതി സംസാരിക്കുക, അനാവശ്യ സമയത്ത് തന്റെ അറിവ് കാണിക്കാൻ ആവശ്യം ഇല്ലാത്ത പദങ്ങൾ ഉപയോടിക്കുക എന്നിവയായിരുന്നു മിഥുന്റെ കുഴപ്പം.


ഒരിക്കൽ ആലപ്പുഴയിൽ മിഥുൻ ഒരു പെണ്ണ് കാണാൻ പോയി. അവൾ ഒരു സഹകരണ സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് മൂന്നു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവൾക്ക് പാലക്കാട്ടേക്കും മിഥുന് ആലപ്പുഴക്കും ട്രാൻസ്ഫർ കിട്ടില്ല എന്ന് മനസിലാക്കിയപ്പോ അണ്ണൻ ചോദിച്ചത് വി. ആർ. എസ്. എടുക്കാൻ പറ്റുമോ എന്ന്. ചുമ്മാ റിസൈൻ ചെയ്യാമോ എന്ന് ചോദിച്ചാൽ മതി ആയിരുന്നു. അവർ പയ്യന് എന്തോ കുഴപ്പം ഉണ്ടെന്ന് കരുതി ആ ആലോചന അവിടെ ഉപേക്ഷിച്ചു.


അടുത്തത് പോയത് ഒരു അർദ്ധസർക്കാർ ജോലിയുള്ള പെൺകുട്ടിയെ കാണാൻ ആയിരുന്നു. അവിടെ അണ്ണൻ ചോദിച്ചത് പെൻഷൻ ഉണ്ടായിരുക്കുമോ എന്നാണ്. അന്പത്തി അഞ്ചു വയസ് വരെ ശമ്പളം വാങ്ങിയെടുക്കുന്നതും പോരാഞ്ഞിട്ട് പെൻഷൻ ഉണ്ടോ എന്ന് അന്വേഷിക്കുന്നു എന്നും പറഞ്ഞു അവൾ ഓടിച്ചു എന്നാണ് അവസാനം കിട്ടിയ അറിവ്.


അങ്ങനെ മിഥുൻ ഇപ്പോളും അവിവാഹിതൻ ആയി തുടരുന്നു.

മണിയേട്ടനും വീഴ്ചയും

 


പുള്ളോട് കഥകൾ പറയുമ്പോൾ മണിയേട്ടനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അമ്പലത്തിൽ പൂ കെട്ടൽ ആണ് മണിയേട്ടന്റ ജോലി.


എന്ത് കാര്യവും വലിച്ചു നീട്ടി പറയുക എന്നതാണ് മണിയേട്ടന്റ പ്രത്യേകത.


സുഖമാണോ എന്ന് ചോദിച്ചാൽ സുഖം തന്നെ എന്ന് പറഞ്ഞാൽ പെട്ടു. തന്നെ യുള്ള സുഖം എന്നും ഉണ്ടായിരിക്കില്ല കുടുംബത്തോടൊപ്പം ജീവിക്കണം എന്നൊക്ക പറഞ്ഞു വെറുപ്പിക്കും.

ഇനിയിപ്പോ സുഖമായി പോകുന്നു എന്ന് പറഞ്ഞാലോ, പോകുന്നെങ്കിൽ ഊട്ടിക്ക് പോകണം എന്ന് പറഞ്ഞു തുടങ്ങും. അതുകൊണ്ട് തന്നെ സുഖമാണോ എന്ന ചോദ്യത്തിന് സുഖം എന്ന് ഒറ്റവാക്കിൽ മണിയേട്ടനോട് ഉത്തരം നൽകിയാണ് ഞാൻ ഒക്കെ രക്ഷപെടാറുള്ളത്.


മണിയേട്ടൻ പത്താം തരം തോറ്റത് ആണ്. അതിനെ കുറിച്ചുള്ള കഥകൾ എന്താണ് എന്ന് വച്ചാൽ, ഉദാഹരണത്തിനു ശ്രീരാമന്റെയും സീതയുടെയും കുഞ്ഞുങ്ങളുടെ പേര് ചോദിച്ചാൽ ഉത്തരത്തിൽ


 (a) ലവനും കുശനും

(b) ട്വിവൽവും കുശനും

(C) തെർട്ടീനും കുശനും

(d) ഫോർട്ടീനും കുശനും

എന്നിങ്ങനെ ഉണ്ടെങ്കിൽ പോലും മണിയേട്ടന് ഒറ്റയടിക്ക് ഉത്തരം എഴുതാൻ പറ്റില്ല. പുള്ളി ദശരദന്റെ കല്യാണം മുതൽ തുടങ്ങി രാമന്റെ കല്യാണം അടക്കം പറഞ്ഞേ മക്കളുടെ പേര് പറയൂ. അപ്പോളേക്കും ബാക്കി ഉത്തരം എഴുതാൻ ഉള്ള സമയം തീർന്നിരിക്കും. അങ്ങനെ ആണ് മണിയേട്ടൻ തോറ്റത്.


ഒറ്റ വക്കിൽ ഉത്തരം എഴുതാൻ കഴിയാത്തത് കൊണ്ട് തന്നെ മണിയേട്ടന് പി എസ് സി പരീക്ഷയോട് അലർജി ആയിരുന്നു. അതുകൊണ്ടാണ് അമ്പലത്തിൽ പൂ കെട്ടുന്ന ജോലിയിൽ പ്രവേശിച്ചത്.


ഒരു ദിവസം ഞാൻ പാലക്കാട്‌ നിന്നും പുള്ളോട് വരുമ്പോൾ ആശുപത്രിക്ക് മുന്നിൽ മണിയേട്ടൻ നിൽക്കുന്നു. കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഞാൻ മണിയേട്ടനെ വണ്ടിയിൽ കയറ്റി ചോദിച്ചു, കയ്യിൽ എന്ത് പറ്റി എന്ന്.


മണിയേട്ടൻ പറഞ്ഞു തുടങ്ങി, കേൾക്കാനായി ഞാൻ വണ്ടിയുടെ വേഗം കുറച്ചു.


"ഇന്നലെ കാലത്ത് നേരത്തെ എഴുന്നേറ്റു പുഴയിൽ കുളിക്കാൻ പോയി "


പുഴ അല്ലെ വഴുക്കി വീണു കൈ ഒടിഞ്ഞതാവും എന്ന് കരുതി. പക്ഷെ മണിയേട്ടൻ വീണില്ല.


"കുളി കഴിഞ്ഞു രണ്ട് ഇഡലിയും കഴിച്ചിരിക്കുമ്പോ അമ്മ ചക്ക ഇടാൻ പറഞ്ഞു"


മരത്തിൽ കയറിയപ്പോ വീണു കൈ ഒടിഞ്ഞതാവും എന്ന് കരുതി. പക്ഷെ മണിയേട്ടൻ വീണില്ല.


''ചക്ക ഇട്ടു കഴിഞ്ഞു അമ്പലത്തിൽ പോയി. അവിടെ സുര വന്നു, രമേശ്‌ വന്നു.... "


എന്തായാലും അമ്പലത്തിൽ ഇരിക്കുമ്പോൾ വീഴില്ലല്ലോ എന്ന് ഉറപ്പിച്ചു ഞാൻ സ്പീഡ് കൂട്ടി.


"അമ്പലത്തിലെ പണി കഴിയുമ്പോ സമയം ഒരു മണി ആവാറായി. വിശന്നിട്ടു ഒരു രക്ഷയും ഇല്ല. ഞാൻ സൈക്കിൾ എടുത്ത് പാഞ്ഞു "


സൈക്കിളിൽ പോകുമ്പോ വീണു കൈ ഒടിഞ്ഞത് ആവും എന്ന് കരുതി. പക്ഷെ മണിയേട്ടൻ വീണില്ല.


"വീടെത്തി ഊണ് കഴിഞ്ഞു നോക്കുമ്പോ ടി വി യിൽ നരസിംഹം സിനിമ. എത്ര തവണ തവണ കണ്ടാലും മടുക്കില്ല "


മണിയേട്ടൻ നരസിംഹം സിനിമയുടെ കഥ പറയാൻ തുടങ്ങിയപ്പോൾ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി. ടിവിയിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോ എന്തായാലും വീഴില്ലല്ലോ.


"സിനിമ കഴിഞ്ഞു അമ്പലത്തിൽ പോയി വന്ന് രാത്രിയായപ്പോ ഞാനും സുരയും കൂടി സുരന്റ വലിയ ടോർച്ചും എടുത്ത് ഒരു അര ലിറ്റർ ബ്രാണ്ടിയും വാങ്ങി ചിതല് മലയുടെ മുകളിൽ കയറി"


ടോർച് ഉണ്ടായിട്ട് എന്ത് കാര്യം ചിലപ്പോൾ മല ഇറങ്ങുമ്പോൾ വീണതാവും എന്ന് കരുതി.


പക്ഷെ മണിയേട്ടൻ വീണില്ല.


"അടിച്ചു വന്ന് വീടെത്തിയതും ഫുഡ്‌ കഴിക്കാതെ ഒറ്റ കിടപ്പ്."


ഇത് പറഞ്ഞു തീരുമ്പോളേക്കും ഞങ്ങൾ വണ്ടിയിൽ മണിയേട്ടന്റെ വീടിന്റെ മുന്നിൽ എത്തി. കുറച്ചു ഉയരത്തിൽ ആയിരുന്നു വീട്, ഒരു പത്ത് പന്ത്രണ്ടു സ്റ്റെപ് കാണും വീട്ടിൽ കയറാൻ.


എനിക്ക് പോയിട്ട് അത്യാവശ്യം ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു


"എന്റെ മണിയേട്ട നിങ്ങൾ ഒന്ന് വീഴിൻ, എനിക്ക് പോയിട്ട് വേറെ കാര്യം ഉണ്ട്."


ഇത് കേട്ടപ്പോ മണിയേട്ടൻ പറഞ്ഞു


"ഇത് ഇന്ന് അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോ സ്റ്റെപ്പിൽ നിന്നും വീണത് ആണ് "


ഇന്ന് കാലത്ത് വീണത് പറയാൻ ആണ് മണിയേട്ടൻ ഇന്നലെ കാലത്ത് പുലർച്ചെ കുളിക്കാൻ പോയ കാര്യത്തിൽ നിന്നും തുടങ്ങിയത്

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...