Friday, December 18, 2015

ചെറുകഥ :-ഇടവേള കഴിഞ്ഞ പ്രണയം

ഇടവേള കഴിഞ്ഞ പ്രണയം 
----------------
" അലക്സ് ......"
വാക്കുകൾ മുരിഞ്ഞെങ്കിലും ശബ്ദം ഞാൻ തിരിച്ചറിഞ്ഞു .
"ഉം ...."
"എന്നെ മറന്നോ നീ ...?"
നിന്നെ മറക്കാനോ എന്ന് ചോദിക്കണം എന്ന് തോന്നിയത് ആണ് .
വേണ്ട !! ഞാൻ ഇന്നും അവളെ ഓർക്കുന്നു എന്നറിഞ്ഞാൽ ഒരു പക്ഷേ അവൾ ...

"മറക്കാൻ ശ്രമിച്ചില്ല " അതാണ്‌ പുറത്തു വന്നത് .
"താങ്ക്സ് "
താങ്ക്സ് . ആറു വർഷം മുൻപത്തെ വിവാഹദിനത്തിൽ ഞാൻ കൊടുത്ത സമ്മാനപ്പൊതി ഏറ്റു വാങ്ങി അവൾ പറഞ്ഞെ വാക്കുകൾ അതേ ഈണത്തിൽ വീണ്ടും .

"എന്തേ ഒരുപാടു നാളുകൾക്കു ശേഷം ..?"
"നമ്മുടെ നീലിമയെ കണ്ടിരുന്നു ഇന്നലെ , അവൾ നമ്പർ തന്നപ്പോൾ വിളിച്ചു വെറുതേ .."
"വെറുതെ !!!?"
അറിയാതെ ചോദിച്ചു പോയി .
പണ്ടും അവൾ അങ്ങനെ ആയിരുന്നു.
രാത്രിയും പകലും ഇല്ലാതെ വിളിക്കും , വെറുതെ...
വെറുതെ എന്ന് ചോദിച്ചാൽ വരും കാരണങ്ങൾ .
അമ്മ ശാസിച്ചു ,
ചേച്ചി പിണങ്ങി ,
കുറിഞ്ഞി പൂച്ച പാല് കുടിച്ചില്ല ,
മുറ്റത്തെ റോസാ പൂവിന്റെ ഇതളുകൾ വാടി .
അങ്ങനെ വരും ഒരുപാട് കഥകൾ .
ഒരു വെറുതെ എന്ന ചോദ്യത്തെ അപ്രസക്തം ആക്കാൻ .

ഇന്നെന്തു കാരണം വരും, നാളുകൾക്കു ശേഷം ഉള്ള ഈ വിളിക്ക് ?
"ഇന്ന് സപ്തംബർ പത്ത് ആണ് , എന്റെ ആറാം വിവാഹ വാർഷികം "
ഈശ്വരാ !! ഇവൾ എന്നെ ഓർമിപ്പിക്കുന്നുവോ !!!
മറ്റാരെക്കാളും ഓർമ ഉണ്ട് എനിക്കീ ദിവസം .
എന്റെ പ്രിയപെട്ടവളുടെ കഴുത്തിൽ മറ്റൊരാൾ താലി ചാർത്തുന്നത് നോക്കി നിന്നതിന്റെ ആറാം വാർഷികം .
"നീ ഓർക്കുന്നുവോ ആ ദിവസം ...?"
വീണ്ടും അവൾ എന്നെ ഓർമ പെടുത്തുന്നു , പലതും .

താങ്ക്സ് .
അവസാനം ആയി വിവാഹപന്തലിൽ നിന്നും അവളിൽ നിന്നും കേട്ട വാക്കുകളും ആയി തിരിഞ്ഞു നോക്കാതെ നടന്നകന്ന് ആദ്യം കണ്ട ബാറിൽ നിന്നും അളവിൽ കവിഞ്ഞ് മദ്യം നുകർന്നത് .
പിന്നെ ഉറക്കം വരാത്ത രാത്രിയിൽ എന്തൊക്കെയോ കുത്തി കുറിച്ചത് .

"കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും , പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം "
ഒരുപാട് രാത്രികളിൽ എന്നോട് അവൾ പറഞ്ഞ ഈ വാക്കുകൾ ഇന്ന് അവനോടും പറയുമോ എന്നോർത്ത് നേരം വെളുപ്പിച്ചത് ..
ആ ദിവസത്തെ സംഭവങ്ങൾ മുഴുവൻ ഒരു ചങ്ങലയായി മനസിലേക്ക് ഓടി എത്തി .

"നീ എന്നെങ്കിലും വിളിക്കും എന്ന് കരുതി ...."  അവളുടെ വാക്കുകൾ ചിന്തകൾക്ക് വിരാമം ഇട്ടു .
"എന്തിന് ...?" അറിയാതെ ചോദിച്ചു പോയി .
"വെറുതെ .."
"ഞാൻ ഒരിക്കലും വെറുതെ വിളിക്കാറില്ലന്ന് നിനക്കറിയാമല്ലോ  "
"എങ്കിലും ഞാൻ ഒരുപാട് പ്രതീക്ഷിച്ചു , പിന്നെ പ്രതീക്ഷകൾ ആഗ്രഹങ്ങൾ മാത്രം ആയി ചുരുങ്ങി "
"എന്തിന് ...?" ഞാൻ വീണ്ടും ആവർത്തിച്ചു .
"നിനക്ക് ഓർമയില്ലേ രാത്രിയിൽ ഞാൻ നിന്നോട് പറയാറുള്ള വാക്കുകൾ... കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും , പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം"

ഓരോ രാത്രിയിലും അവൾ എന്നോട് പറയാറുണ്ടായിരുന്ന വാക്കുകൾ... .ഞാൻ ഒരിക്കലും മറക്കാത്ത വാക്കുകൾ ....
ഇന്നും ഞാൻ അത് ഓർക്കുന്നു എന്ന് എങ്ങനെ പറയും .
അവൾ ഇന്ന് എന്റേത് അല്ല .
മുൻപ് എന്റേത് ആയിരുന്നോ ?

"അലക്സ് ...."
അവൾ ശബ്ദം താഴ്ത്തി വിളിച്ചു .
അവൾക്കറിയാം ,
ആ വിളി കേട്ടാൽ ഞാൻ നിശബ്ധൻ ആവും എന്ന് .
പിന്നെ അവൾ പറയും ഞാൻ കേൾക്കും .
"ഉം .."
"അലക്സ് ഇപ്പോളും എന്നെ പ്രണയിക്കുന്നുവോ ?"
ഈശ്വരാ !!!
നീണ്ട ആറു വർഷം ഞാൻ എന്നോട് തന്നെ ചോദിച്ച അതേ ചോദ്യം .
ഇതിന് ഉത്തരം കിട്ടിയിരുന്നെങ്കിൽ നീണ്ട ആറു വർഷത്തെ ഉറക്കം ഉറങ്ങി തീർക്കാം ആയിരുന്നു ..
'പ്രണയമോ ? ഇപ്പോളോ ? നിന്നോടോ ? ഒരുപാട് ചോദിക്കണം എന്ന് തോന്നി .
"അറിയില്ല." അതാണ്‌ പുറത്തു വന്നത് 
"പക്ഷേ എനിക്കറിയാം .അലക്സ് നമ്മൾ ഇപ്പോളും പ്രണയിക്കുന്നു ."
"ഉം ..." എത്ര ശ്രമിച്ചിട്ടും മൂളൽ പുറത്തു കേൾപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല .
"നീ എന്നെ എപ്പോളൊക്കെ ഓർക്കാറുണ്ട് ?" അവൾ ചോദ്യങ്ങളും ആയി മുന്നോട്ട് തന്നെ .
എന്ത് പറയണം ...

പുലർച്ചെ ബെഡ് കോഫി ഉണ്ടാക്കാൻ അടി കൂടിയത് ,
പ്രഭാതത്തിലെ തണുത്ത വെള്ളത്തിലെ കുളി ,
പുറത്തിറങ്ങാൻ നേരം ഉള്ള ചുണ്ടിലെ മണി മുത്തം ,
എന്റെ സാമ്പാറിനെ കുറ്റം പറഞ്ഞുള്ള രാത്രി ഭക്ഷണം ,
ചാനൽ മാറ്റാൻ റിമോട്ടിന് വേണ്ടി ഉള്ള വഴക്ക് ,
പിന്നെ എല്ലാം കഴിഞ്ഞ് 
കാരിരുമ്പിന്റെ കരുത്താണ് നിനക്കെപ്പോഴും , പക്ഷേ എനിക്കത് വയ്യ. എനിക്കുറങ്ങണം
എന്ന അവളുടെ വാക്കുകളും .
നിന്നെ ഓർക്കാത്ത നിമിഷങ്ങൾ ഇല്ല .
നീ എനിക്കായ് തന്ന നിന്റെ നിമിഷങ്ങൾ എല്ലാം ഞാൻ ഓർക്കുന്നു , ഇടവേള നൽകാതെ .
പക്ഷേ ഇതൊക്ക ഇന്ന് എങ്ങനെ പറയും ..?
അവൾ ഇന്ന് എന്റേത് അല്ല .
മുൻപ് എന്റേത് ആയിരുന്നോ ?

"വല്ലപ്പോളും ഓർക്കാറുണ്ട് .." അത് മതി അത്രയും പറയുന്നതാണ് നല്ലത് .
"നീ എന്നെ ഓർത്തിരുന്നുവോ ..?'' വേണ്ടായിരുന്നു , എങ്കിലും അറിയാതെ ചോദിച്ചു പോയി .

"ഉണ്ട് , ഒരുപാട്"
"എന്തൊക്കെ ..? എപ്പോൾ ..? " എന്റെ മനസിന്റെ കടിഞ്ഞാണ്‍ എനിക്ക് നഷ്ടപെട്ടപോലെ തോന്നി .
"ശീത കാലത്തിലും തണുത്ത വെള്ളത്തിലെ കുളി , 
നിന്റെ ചപ്പാത്തിയുടെ വിവിധ രൂപങ്ങൾ ,
ഉപ്പോ മുളകോ പുളിയോ കൂടിയ നിന്റെ സാമ്പാർ ,
വാർത്ത‍ വായനക്കാരൻ നികേഷിനോടുള്ള നിന്റെ പ്രണയം ,
വളിപ്പുകൾ എന്ന് ലോകം പറയുന്ന നിന്റെ തമാശകൾ ,
അങ്ങനെ പലതും ,
പിന്നെ ....."

എന്തിനാണാവോ പിന്നെ, ചോദിക്കണോ ... ഞാൻ ചിന്തിച്ചു ...
"അലക്സ് .."
"ഉം.."
"ഞാൻ മുഴുവിക്കാത്തത് എന്തേ എന്ന് നീ ചോദിച്ചില്ലല്ലോ ..?"
"ഉം.... ചോദിച്ചിരിക്കുന്നു ..."

"നിന്നെ ഞാൻ ആദ്യം ഓർത്തത്‌ സപ്തംബർ പത്തിന്റെ രാത്രി തന്നെ ആയിരുന്നു .സതീഷിന്റെ വിയർപ്പുകണങ്ങൾ എന്റെ മേലെ വീണപ്പോൾ ...അവന് നിന്നെ പോലെ കാരിരുമ്പിന്റെ കരുത്ത് ഇല്ലാന്ന് തോന്നിയപ്പോൾ ഞാൻ നിന്നെ ഓർത്തു .."

"ഈശ്വരാ ... എന്തിനിവൾ .." അറിയാതെ മനസ്സ് പിറു  പിറുത്തു പോയി .
അവളും കേട്ടു കാണും .
എങ്കിലും  അവൾ നിർത്തിയില്ല .
"നീണ്ട ആറ് വർഷങ്ങൾ കഴിഞ്ഞു അലക്സ് നീ എന്റേത് അല്ലാതയിട്ട് .ഇനി ഒരിക്കൽ കൂടി എനിക്കങ്ങനെ അലക്സിനോട് പറയണം .. ഒരിക്കൽ മാത്രം .."

എന്ത് പറയണം എന്ന് അറിയാൻ വയ്യാത്ത അവസ്ഥ .
ഇതിനു മുൻപും ഇതുപോലെ ഒരു അവസ്ഥ ഉണ്ടായിരുന്നില്ലേ ..

എന്നായിരുന്നു അത് , ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു .
"അലക്സ് നീ സംസാരിക്കണം അമ്മയോട് ,അമ്മ സമ്മതിച്ചാൽ ഞാൻ പിന്നെ എന്നും നിന്റേതു ആണ് . നമുക്ക് വേണ്ടി നീ അമ്മയെ വിളിക്കണം ."
പണ്ട് അവൾ ഇങ്ങനെ പറഞ്ഞപ്പോൾ അല്ലേ ഞാൻ മിണ്ടാതെ നിന്നത് ?
അല്ല അതും കഴിഞ്ഞ് ....
"അമ്മ ഓർക്കുന്നുവോ ഞാൻ അലക്സ് ... സജിതയുടെ ക്ലാസ്മേറ്റ്‌ " 
"പറയു അല്സ്ക് , നീ മാത്രം ആയിരുന്നല്ലോ അവളുടെ ഒരേ ഒരു സുഹൃത്ത്‌ ."
"എനിക്ക് പറയാനുള്ളത് സജിതയുടെ വിവാഹത്തെ പറ്റി ആണ് ,ആ കാര്യത്തിൽ അവളുടെ അഭിപ്രായം കൂടെ ചോദിക്കേണ്ടേ ?"
"അലക്സ് , നീ എന്തും പറഞ്ഞോളു ... പക്ഷേ അവൾക്ക് ഒരു പ്രണയം ഉണ്ടെന്ന് മാത്രം നീ പറയരുത് . മുപ്പതാം വയസ്സിൽ വിധവ ആയവൾ ആണ് ഞാൻ .. എന്റെ ജീവിതം ഞാൻ മാറ്റി വച്ചത് എന്റെ രണ്ട് പെണ്മക്കൾക്കു വേണ്ടി ആയിരുന്നു . അതിൽ സജിതയുടെ ചേച്ചി എന്നെ ചതിച്ചു , അവൾക്ക് ഇഷ്ടപെട്ട മുസ്ലിം പയ്യന്റെ കൂടെ പോയി . പിന്നെയും തളരാതെ ഞാൻ ജീവിച്ചത് ഇവൾക്ക് വേണ്ടി മാത്രം ആണ്.അതുകൊണ്ട് അവളുടെ പ്രണയം മാത്രം എന്നോട് പറയരുത് , അത് നീ ആണെങ്കിൽ പോലും ....പിന്നെ ഞാൻ ഉണ്ടാവില്ല .."

അപ്പോൾ ആയിരുന്നില്ലേ ഇതുപോലെ ഉത്തരം കിട്ടാതെ ഞാൻ നിന്ന് പരുങ്ങിയത് .

"അലക്സ് ഞാൻ വരുന്ന മാസം യു .എസിന് തിരിച്ചു പോകും , സതീഷ്‌ ഇന്നലെ പോയി. ഈ ഒരു മാസത്തെ ചുരിങ്ങിയ ഇടവേളയിൽ ഒരു ദിവസം നീ വരുമോ  .. ഒരു ദിവസം മാത്രം ..."

എന്ത് പറയണം ....?
വീണ്ടും ഉത്തരം ഒന്നും വരുന്നില്ല .
"അല്ലെങ്കിൽ ചെന്നയിലുള്ള ചിറ്റയെ കാണാൻ ഞാൻ വരാം . ആ ടീ നഗറിലെ നമ്മുടേത്‌ ആയ കുഞ്ഞു ബംഗ്ലാവിൽ ഒരു ദിവസം കൂടി..."
"......."
"അലക്സ് .."
"ഉം.."

"നീ ഒന്നും പറയുന്നില്ല . നീ ഇപ്പോളും നമ്മുടെ 'പ്രണയ സൌധ' ത്തിൽ തന്നെ അല്ലെ താമസം ?"
"അതെ "
അല്ലെന്ന് പറയാം ആയിരുന്നു എനിക്ക് .. പക്ഷേ ....
"അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട് , നിന്നോടൊപ്പം ഉള്ള ഒരു രാത്രിക്ക് വേണ്ടി ....."
"ഉം ...."
ഒന്നും ഓർക്കാതെ അറിയാതെ മൂളിപോയി .
അവൾ കോൾ അവസാനിപ്പിച്ചു ..
ആ രാത്രിയിൽ എങ്കിലും  എനിക്കവളോട് പറയണം ഇന്ന് നീ എന്റേത് മാത്രം ആണ് എന്ന് .
ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘകീറുകൾ പുനർജെന്മം പ്രതീക്ഷിച്ച് പെയ്തിറങ്ങി ...

                       -------------------------------------------------------------------------------------
പുള്ളോട് പ്രവീണ്‍ ----www.pullodu.blogspot.in


No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...