Sunday, July 10, 2016

ചെറുകഥ::ലൈഫ് ബുക്ക്ലൈഫ് ബുക്ക്
--------------------

ഏറ്റവും മുന്നിലായി എണ്ണ പലഹാരങ്ങളും ചായയും പത്രവും വില്ക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കട , അതിനു സമീപത്ത് കൂട്ടി കെട്ടിയ ഇരുമ്പ് ചെയറുകൾ കൊണ്ട് യാത്രക്കാർക്കുള്ള ഇരിപ്പിടം, അതിനടുത്തായി ഒരു കാലു മാത്രം ഉള്ള ലോട്ടറി വിൽപ്പനക്കാരൻ ,അയാളുടെ പുറകിലെ ചുമരിൽ തൂങ്ങി കിടക്കുന്ന ദേശാഭിമാനി പത്രം.

ഇതായിരുന്നു പാലക്കാട്‌ കെ.എസ് .ആർ .ടി .സി . ബസ്‌ സ്റ്റാന്റിനെ കുറിച്ചുള്ള അവളുടെ ഓർമ്മകൾ. പണ്ടെങ്ങോ ഒരു കോയമ്പുത്തൂർ- ഗുരുവായൂർ യാത്രക്കിടയിൽ ബസ്‌ മാറിക്കയറാൻ നിന്ന പത്ത് മിനിട്ടുകൊണ്ട് അവൾ  മനസ്സിൽ വരച്ച ചിത്രം .

പക്ഷേ ,  പാലക്കാട്‌ ബസ്‌ ഇറങ്ങിയപ്പോൾ അവളുടെ ഓർമകളെ തച്ചുടച്ചു കൊണ്ട് ചിന്നം വിളിച്ചു നിൽക്കുന്ന കൂറ്റൻ മണ്ണ് മാന്തി യന്ത്രങ്ങളെ ആണ് അവൾ കണ്ടത് .

നവീകരണത്തിനായി ഇടിച്ചു തകർത്ത അവളുടെ സങ്കൽപ്പത്തിലെ കെട്ടിടത്തിന്റെ അൽപ്പം ആളുകൂടിയ ഇടത്തേ കോണിലേക്ക് അവൾ മാറി നിന്നു.

നീല ജീൻസും വെളുത്ത സ്ലീവ്ലെസ്സ് കുർത്തയും ആയിരുന്നു അവളുടെ വേഷം. കഴുത്തിലൂടെ വന്ന് കക്ഷത്തിലൂടെ പുറകോട്ടു പോകുന്ന വുഡ്ലാൻഡ്സ് ബാഗിന്റെ വള്ളികൾ അവളുടെ സാമാന്യം വലിപ്പമുള്ള മാറിടത്തെ ഒന്നുകൂടെ പുറത്തോട്ടു തള്ളി വച്ചു .

ആ ചെറിയ ആൾക്കൂട്ടത്തിലെ കണ്ണുകൾ അവളുടെ ശരീരത്തെ സൂക്ഷമായി പോസ്റ്മാര്ട്ടം ചെയ്യാൻ ആരംഭിച്ചതോടെ അവൾ അവിടെ നിന്നും മാറി മുന്നിലെ പെട്രോൾ പമ്പിലേക്ക് നിന്നു .അവിടെ യാത്രക്കാരെ സംരക്ഷിക്കാൻ എന്നപോലെ പരിസരം വീക്ഷിച്ച് കൊണ്ട് നിൽക്കുന്ന പോലീസുകാരനും ചുവരിൽ ചിരിച്ചു കൊണ്ട് ടാറ്റാ സ്കൈ യുടെ പരസ്യവും പറഞ്ഞ് മോഹൻലാലും ഉണ്ടായിരുന്നു .

സമയം അഞ്ചരയോടു അടുക്കുന്നു.ആറ് മണിക്ക് ഇവിടെ  എത്താൻ ആണ് അയാൾ ആവശ്യപെട്ടിരുന്നത് .കുറച്ചു കൂടി നേരത്തെ ഉള്ള സമയം ആക്കാം ആയിരുന്നു, അതെങ്ങനെ ഒന്നും അങ്ങോട്ട്‌ പറയുന്നത് കേൾക്കുന്ന ശീലം ഇല്ലല്ലോ.

അമ്മയുടെ ഒക്കത്തിരുന്ന് കരഞ്ഞു കൊണ്ട് ബസ്‌ സ്റ്റാന്റിനു പുറത്തേക്ക് പോകുന്ന കുഞ്ഞിനെ കണ്ടപ്പോൾ അവൾക്ക് അമ്മയെ ഓർമ വന്നു. ഏറെ നേരമായിട്ടും തന്നെ കാണാത്ത കൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി കിടപ്പുമുറിയിൽ ഇരിപ്പുണ്ടാവും അമ്മ ഇപ്പോൾ . ഓഫ്‌ ചെയ്ത മൊബൈലിലേക്ക് വിളിച്ചു തളർന്ന് അമ്മയെ ആശ്വസിപ്പിക്കാൻ പോലുമാവാതെ മുന്നിലെ സോഫയിൽ തളർന്നിരിക്കുകയാവും അച്ഛൻ. മൊബൈൽ ഓൺ ചെയ്ത് വിളിച്ചു  പറയണോ എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു , പിന്നെ ആ ചിന്തയേയും അവൾ ഓഫ് ചെയ്തു.

ഫേസ് ബൂക്കിലൂടെ പരിചയ പെട്ടത് ആണ് അവനെ . ആദ്യം അവള്ക്ക്  അവൻ ആയിരുന്നു, പിന്നെ അയാൾ ആയി ഒടുവിൽ അദ്ദേഹവും.

കുറച്ചു നാളുകൾക്കു മുൻപ് വന്ന ഒരു ഫ്രെണ്ട് റിക്വസ്റ്റ് ലൂടെ ആയിരുന്നു അവനുമായി അടുത്തത്‌. സാധാരണ വരുന്ന റിക്വസ്റ്റ് കളിൽ നിന്നും വ്യത്യസ്തമായി അതിന്റെ കൂടെ ഒരു മെസേജും ഉണ്ടായിരുന്നു
"പ്രിയ നീലിമ ജോസഫ്‌ ,
കാലമെത്ര കഴിഞ്ഞാലും ലോകത്തിനു മുന്നിൽ മറ്റുള്ളവര്ക്ക് നീലിമ ജോസഫ്‌ ആണെങ്കിലും നീ എനിക്കെന്നും എന്റെ അമ്മു മാത്രമായിരിക്കും ."


പ്രഭാകരൻ നായർ എന്ന പേരിൽ വന്ന ആ റിക്വസ്റ്റ് സ്വീകരിക്കാൻ പ്രേരിപ്പിച്ചതും  വാചകം തന്നെ, റിക്വസ്റ്റ് സ്വീകരിച്ചു കഴിഞ്ഞ നിമിഷങ്ങൾക്കകം ആ നായരെന്നു വാല് മുറിഞ്ഞു പോയി പ്രഭാകരൻ എന്ന് മാത്രമായതെന്തെന്നു ഇത് വരെയും ചോദിച്ചിട്ടും ഇല്ല.

പരിചയ പെടുന്നതിന്റെ നാലാം ദിവസം നെഞ്ചളവും അടിയുടുപ്പിന്റെ നിറവും മൊബൈൽ നമ്പറും ചോദിക്കുന്ന ഫേസ് ബുക്ക്‌ കൂട്ടുകാരിൽ നിന്നും വ്യത്യസ്തൻ ആയിരുന്നു അവൻ. അത് കൊണ്ട് തന്നെ ആവണം അവനോടു കൂടുതൽ അടുക്കാൻ കാരണവും..

അവനെ കുറിച്ചും അവനുമായുള്ള പരിചയത്തെ കുറിച്ചും സഫിയയോട് പറഞ്ഞപ്പോൾ അവൾ അവനെ ഒന്നാംതരം ഫ്രോഡ് എന്ന ലിസ്റ്റിൽ ഉൾപെടുത്തി അവനുമായുള്ള ബന്ധത്തെ അവസാനിപ്പിക്കാൻ ആവശ്യപെടുകയായിരുന്നു ആദ്യം ചെയ്തത്.

സഫിയ, കോയമ്പുത്തൂരിലെ കൂറ്റൻ ഫ്ലാറ്റ് സമുച്ചയത്തിൽ ഉള്ള എന്റെ ഒരേ ഒരു സുഹൃത്ത്‌. മത നിയമങ്ങളുടെ കഥകൾ പറഞ്ഞ് വാപ്പ മൂന്ന് കെട്ടിയപ്പോൾ അതിനെതിരെ പ്രതിഷേധിക്കാൻ കാമുകന്മാരുടെ എണ്ണം ദിവസം തോറും വർദ്ധിപ്പിക്കുന്ന മഹാ നഗരത്തിലെ പെൺകുട്ടികളുടെ കൂട്ടത്തിൽ പെടുന്ന എന്റെ ഒരു നല്ല കൂട്ടുകാരി.

ന്യായീകരിക്കാൻ കഴിയാത്ത സത്യങ്ങളെ മറച്ചു വെക്കാനുള്ള അവളുടെ കഴിവ് തെറ്റുകളുടെ അവർത്തനം ആയി മാറുക ആയിരുന്നു.

"നീലിമ നിനക്ക് അറിയുമോ , ഞങ്ങളുടെ സമുധായത്തിൽ പെട്ട  പലരും   ഈ പർദ്ധ അനിഷ്ട ത്തോടെ ആണ് ധരിക്കുന്നത് . നിങ്ങൾ ഒക്കെ വരുന്ന പോലെ പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് മറ്റുള്ളവരെ കാണിക്കണം എന്ന് ഞങ്ങൾക്കും ഉണ്ട്. എതിർപ്പ് പ്രകടിപ്പിക്കാൻ പോലും ആവാതെ ഇഷ്ടം ഇല്ലാതെ അണിയുന്നവർ ആണ് ഒട്ടു മിക്ക പെൺകുട്ടികളും . എനിക്കെന്തായാലും ഇത് ഒരു ആശ്വാസം ആണ്. ഇത് അണിഞ്ഞു വാപ്പയുടെ മുന്നില് കൂടി പോയാലും തിരിച്ചറിയില്ലല്ലോ ." ഒരിക്കൽ അവൾ പറഞ്ഞത് ആണ്.


മതാചാരങ്ങളിൽ ഒന്നിന്റെ ദൂഷ്യ ഫലം അനുഭവിക്കുന്ന അവൾ അതിനെതിരെ പ്രതിഷേധിക്കാൻ മറ്റൊരു നിയമത്തെ കൂടു പിടിച്ച് സ്വയം നശിക്കുന്നു. ആരുടെ മുന്നിലും മുഖം പോലും കാണിക്കരുത് എന്ന് നികർഷിച്ചു കൊണ്ട് അണിയേണ്ട പർദ്ധക്കൊപ്പം അവളുടെ വസ്ത്രങ്ങളും കാമുകന് മുന്നിൽ അഴിച്ചുമാറ്റി സ്വയം ന്യായീകരിക്കുന്നു.

തനിക്കുള്ള ഒരേ ഒരു സുഹൃത്ത്‌ അവൾ മാത്രം ആയതിനാൽ അവളെ ഒഴിവാക്കാനും കഴിയുമായിരുന്നില്ല. എങ്കിലും അവനെ കുറിച്ച് ആദ്യനാളുകളിൽ പിന്നെ അവളോട്‌  പറഞ്ഞില്ല.

സമയം ആറാവാൻ വാച്ചിലെ സൂചികൾ ഇനിയും കറങ്ങണം.പരിസരത്തെ തിരക്കിൽ മാറ്റമില്ലെങ്കിലും മുഖങ്ങൾ മാറി വരുന്നുണ്ടായിരുന്നു .

"ഏതെങ്കിലും ഒരു നല്ല തമിഴനെ നോക്കി നിനക്ക് പ്രേമിച്ചു കൂടെ ? വേണേൽ എന്റെ ലിസ്റ്റിൽ തന്നെ ഒരുപാട് ഉണ്ട് , അതിൽ ഒരെണ്ണം നോക്കുന്നോ " 
സഫിയ ഒരിക്കൽ അല്ല പല തവണ പറഞ്ഞ വാക്കുകൾ.


പ്രണയം തന്റെ ജീവിതത്തിൽ ഒരു വിഷയ മായി വരരുത് എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധം ഉള്ളതിനാലും ഇന്നത്തെ ഫാസ്റ്റ് ലൈഫിലെ പ്രണയങ്ങളിൽ ഒരു വിശ്വാസവും ഇല്ലതിനാലും അവളുടെ ഒരു ചോദ്യത്തിനും ഉത്തരം കൊടുത്തിരുന്നില്ല , ഒരിക്കലും .

ഇന്നത്തെ പ്രണയവും, ആൺ പെൺ സൗഹൃദങ്ങളും ശീതികരിച്ച സിനിമാ ശാലകളിൽ അധരങ്ങളെ ചേർത്തു വക്കാനും , ദിവസ വാടകക്കെടുത്ത മുറികളിൽ ചെറിയ നിമിഷത്തിന്റെ ഇടവേളയിൽ പുരുഷ ലിംഗം അപ്രത്യക്ഷം ആക്കാനും വേണ്ടി മാത്രം ആണ് ഉള്ളത് എന്ന് അടുത്ത കൂട്ടുകാരിൽ നിന്നുള്ള അനുഭവം വേണ്ടുവോളം ഉള്ളതിനാൽ പ്രണയം എന്ന വാക്കിനോട് തന്നെ പുച്ഛം ആയിരുന്നു മനസ്സില്.

പിന്നെ എങ്ങനെ ആണ് ഒരിക്കലും കണ്ടിട്ടില്ലാത്ത , ശബ്ദം ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത അവനെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത് . അതൊരു പ്രണയമായിരുന്നോ അല്ലെങ്കിൽ ആണോ ? പിന്നെ എന്തിന്  ജീവിതത്തിൽ ഒരിക്കൽ പോലും തന്നോട് ദേഷ്യ പെടുക പോലും ചെയ്യാത്ത അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഈ സായാഹ്നത്തിൽ ഞാൻ ഇവിടെ എത്തിയത്.


അച്ഛനും അമ്മയ്ക്കും ഞാൻ മാത്രമായിരുന്നു എല്ലാം, എനിക്ക് അവരും. സകുന്തളദേവിയും ജോസെഫും പ്രണയ വിവാഹിതരായി  പുതിയ ബന്ധം ആരംഭിച്ചപ്പോൾ  ഇരു കുടുംബങ്ങളും തമ്മിലുള്ള ബന്ധവും അവസാനിച്ചു . കാലമിത്ര കഴിഞ്ഞിട്ടും ഞാൻ പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചിട്ടും അമ്മയുടെയോ അച്ഛന്റെയോ ഒരു ബന്ധുവും ഞങ്ങളെ തേടി വന്നില്ല. അവരുടെ മനസ്സില് പഴയ ഓർമ്മകൾ കേറി വരാതിരുന്നതും ബന്ധു ജനങ്ങളെ തേടി പോകാതിരുന്നതും എല്ലാം എന്റെ കുസൃതികൾ നിറഞ്ഞ കുട്ടിക്കാലം ആയിരുന്നു എന്ന് അവരുതന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് . അത്രയ്ക്ക് അവർക്കെന്നെ ഇഷ്ടമാണ് . ഇന്നിതാ ഞാൻ അവരെയും ഉപേക്ഷിച്ച് വന്നിരിക്കുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഏതോ ഒരു അജ്ഞാത മനുഷ്യനെ കാണാൻ.


കുറച്ചു സമയം കൊണ്ടാണ് അവൻ തനിക്ക് അയാൾ ആയത് . ഏതൊരു വിഷയത്തെ കുറിച്ചും വളരെ ഗഹനമായ അറിവും അവയൊക്കെ വ്യക്തമാക്കി തരുവാനുള്ള മനസ്സും അയാളെ കൂടുതൽ അടുപ്പിച്ചു. ഒരിക്കലും തുടങ്ങില്ലായിരുന്ന വായനാ ശീലം അയാള് കാരണം ആരംഭിച്ചു. തമിഴ് നാട്ടിലാണ് ജനിച്ചതും പഠിച്ചതും വളർന്നതും എങ്കിലും അച്ഛൻ പഠിപ്പിച്ച മലയാളം കൊണ്ട് അയാള് പറഞ്ഞ തന്ന പുസ്തകങ്ങൾ വാങ്ങി വായിച്ചു . ദൂരെ സ്ഥലങ്ങളിൽ പോയി വാങ്ങിക്കാൻ പറ്റാത്ത പുസ്തകങ്ങൾ സഫിയയുടെ കാമുകന്മാരുടെ സഹായത്തോടെ കയ്യിലെത്തി.

ഈ കാമുക സഹായങ്ങളെ പണ്ടൊക്കെ പുച്ഛത്തോടെ ആണ് നോക്കി കണ്ടിരുന്നത്‌. അപരിചിതനായ ഒരാളുമായുള്ള അന്തിക്കൂട്ട് കഴിഞ്ഞ് അല്ലഞ്ഞുലഞ്ഞു കിടക്കുന്ന ജാക്കറ്റിന്റെ ഉള്ളിലേക്ക് തിരുകി വക്കാൻ വാങ്ങുന്ന പണത്തിനും , കാമുകൻ നൽകുന്ന സഹായത്തിനും നൽകേണ്ട വില ഒന്ന് തന്നെ ആണ് , അരക്കെട്ടിലെ വേദന. അതുകൊണ്ട് തന്നെ ആ ''സഹായങ്ങളെ'' അത് വരെ പുച്ഛത്തോടെ കണ്ടതും.

അയാള് പറഞ്ഞ പുസ്തകങ്ങലൂടെ ആണ് പാലക്കാടിനെ‌ കുറിച്ചറിഞ്ഞത്. എം.ടി പറഞ്ഞ കുമാരനല്ലൂരിലെ കുളങ്ങളും ഒറ്റപ്പാലത്തെ നിളാ നദിയും ഒക്കെ കാണണം എന്ന ചിന്ത വന്നതും . തസ്രാക്കിലെ വിശേഷങ്ങൾ കാണിക്കാൻ ഒരിക്കൽ എന്നെ കൊണ്ട് പോണം എന്ന് ആവശ്യപെട്ടത് ആണ് .ഓ.വി.വിജയൻറെ ഖസാക്ക് തനിക്കു അത്രയും പ്രിയപ്പെട്ടത് ആക്കിയത് വിജയനേക്കാൾ അയാൾ നൽകിയ വിവരണങ്ങൾ കാരണമായിരുന്നു.

പാലക്കാട്‌ തങ്കം ഹോസ്പിറ്റലിനു പിൻവശത്തുള്ള ഒരു കുഞ്ഞ് ഗ്രാമത്തിൽ ആണ് അയാളുടെ വാസം.മുറിക്കുള്ളിലെ ജനാലയിലൂടെ ഉള്ള കാഴ്ചകൾ ഒരു ട്രെയിൻ യാത്രയെ ഒർമിപ്പിക്കുന്നതാണെന്ന് ഒരിക്കൽ അയാള് പറഞ്ഞിട്ടുണ്ട്.

കാലവർഷം ആരംഭിക്കുമ്പോൾ വെള്ളം നിറഞ്ഞ പടങ്ങളിൽ ഞാറു നടുവാൻ എത്തുന്ന പണിക്കാരും അവർക്കായ് വരമ്പിൽ കാവലിരിക്കുന്ന വെളുത്ത കൊറ്റികളും,പിന്നെ സാവധാനം വളരുന്ന നെൽകതിരുകൾ ... 

വേനലവധിക്ക് പന്തുകളും ആയി എത്തുന്ന റൊണാൾഡോമാരും സച്ചിൻമാരും .അവരുടെ നിലവിളികൾ ആണ് പലപ്പോളും കാതിൽ പതിക്കുന്ന ശബ്ദം ..


പിന്നെ ഉത്സവത്തിന്റെ സീസൻ ആണ്., ചെണ്ടയുടെ അകമ്പടിയോടെ പറയെടുപ്പിനു എത്തുന്ന ആനകൾ എന്നും കൗതുകം ആണ്.

തെണ്ടാൻ ഇറങ്ങുന്ന വെളിച്ചപ്പാടുകളുടെ ചിലങ്കയുടെ കിലുക്കവും ജനാലവഴി അകത്തേക്ക് എത്തും.

ചുരുക്കി പറഞ്ഞാൽ വളരെ മെല്ലെ നീങ്ങുന്ന ഒരു ട്രയിനിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന കാഴ്ചകൾ തന്നെ ആണ് അയാളുടെ മുറിയും എന്ന് പറഞ്ഞിട്ടുണ്ട്.

കോയമ്പുത്തൂർ, ഒറ്റപ്പാലം, കോഴിക്കോട് വണ്ടികൾ ആളെ കയറ്റാൻ വിളിച്ചു പറഞ്ഞു കൊണ്ട് മൂളി മൂളി മുന്നിൽ നിൽപ്പുണ്ട് . ഇനിയും സമയം ആറ് ആയിട്ടില്ല.

എന്നാണ് ആ മനുഷ്യൻ തനിക്കു അദ്ധ്യേഹം ആയതു ? അവൾ ഓർത്തെടുക്കാൻ ശ്രേമിച്ചു .

കൂറ്റൻ ഫ്ലാറ്റ് സമുച്ചയത്തിൽ അച്ഛന്റെയും അമ്മയുടെയും അമിത സ്നേഹത്തിനു മുന്നില് വീർപ്പു മുട്ടുന്നതിനിടയിലും വല്ലപ്പോഴും വരുന്ന സഫിയയുടെ കേട്ടാൽ അറക്കുന്ന പ്രണയ കഥകൾക്കിടയിയും അവൾക്കു ആശ്വാസം ആയതു അയാളുടെ ചങ്ങാത്തം ആയിരുന്നു.

ജീവിതത്തിൽ ഒരിക്കലെങ്ങിലും പ്രണയം എന്ന വികാരത്തിന്റെ മധുരം നുകരാത്തവർ ആയി ആരും  ഉണ്ടാവില്ല എന്ന സത്യം അവളിലും പ്രണയത്തെ ജനിപ്പിച്ചു.പക്ഷേ ,അയാളുടെ മറുപടി അവളെ അമ്പരപ്പിച്ചു .

"ഒരു സ്ത്രീയും പുരുഷനും പ്രണയത്തിൽ മുഴുകി സന്തോഷവതികൾ ആവുമ്പോൾ അവരുടെ നഷ്ട്ടത്തിൽ വിഷമത്തിലാവുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. സ്വന്തം സുഖത്തിനായി ആ സമയം കമിതാക്കൾ കാണാതെ പോകുന്ന ആ വിഷമങ്ങൾ ഒരു ജീവിത കാലം നില നില്ക്കുന്നത് ആയിരിക്കും .നീ  നിന്റെ കാമുകനിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രണയത്തിന്റെ ആയിരം മടങ്ങു സ്നേഹം   നിനക്ക് തരാൻ നിന്റെ അച്ഛനും അമ്മയ്ക്കും കഴിയും. അവരുടെ സ്നേഹത്തെയും പ്രണയമായി നീ കാണണം. പ്രണയം എന്ന വികാരം സ്നേഹത്തിന്റെ മറ്റൊരു രൂപം മാത്രം ആണെന്ന് നീ ഉൾകൊള്ളണം "

ഈ പ്രായത്തിൽ അയാള്ക്ക് എങ്ങനെ ഇത്രയും ആഴത്തിൽ ചിന്തിച്ച് സംസാരിക്കാൻ കഴിയുന്നു എന്നവൾ ആലോചിച്ചത്  അപ്പോൾ ആണ് . അല്ല, ഈ പ്രായം എന്ന് പറയാൻ അയാളുടെ പ്രായം തിരിച്ചറിയാൻ ഒരിക്കൽ പോലും അയാൾ രൂപത്തിലെ ശബ്ദത്തിലോ തനിക്കു മുന്നില് വന്നിട്ടില്ലല്ലോ എന്നോർത്തത് പിന്നീടും.

എങ്കിലും ആ സംസാരം കൊണ്ട് അവളൾ അവന്  അയാൾ എന്ന സ്ഥാനം മാറ്റി അദ്ദേഹം എന്ന പുതിയ പദവി സമ്മാനിച്ചു .

അദ്ദേഹത്തോട് പ്രണയം എന്ന വികാരത്തിനപ്പുറം സ്നേഹം പല രൂപങ്ങളിൽ മാറി മാറി അവതരിക്കാൻ കാരണമായതും ആ സമയം മുതലായിരുന്നു.

ആ ഫ്ലാറ്റിന്റെ ജാലകങ്ങളിലൂടെ പിന്നെയും സന്ദേശങ്ങൾ പറന്നു. കോയമ്പുത്തൂരിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും അവൾ മനസ്സു കൊണ്ട് വാളയാർ അതിർത്തി കടന്ന് പാലക്കാട് എത്തി. പലക്കാടൻ കുളങ്ങളിൽ അവൾ നീന്തി തുടിച്ചു ,നിളയുടെ തീരത്തെ മണൽ മൈതാനങ്ങളിൽ ചായക്കൂട്ടില്ലാതെചിത്രങ്ങൾ വരച്ചു.  തിരിച്ചു പോകാൻ മനസ്സ് അനുവധിക്കാത്തതിനാൽ അവൾ അവിടെ തന്നെ ചുറ്റി കറങ്ങി . എങ്കിലും അയാളെ മാത്രം മനസ്സ് കൊണ്ട് പോലും കാണാൻ അവൾക്ക് കഴിഞ്ഞില്ല .

അവളുടെ ചോദ്യങ്ങള്ക്ക് മുഴുവൻ ശരിയായ ഉത്തരം നൽകാതെ അയാൾ പിന്നെയും ഒഴിഞ്ഞു മാറി.എങ്കിലും അവളിൽ അതൊന്നും ഒരു നിരാശയും ഉണ്ടാക്കിയില്ല. ആകെ ഉള്ള സഫിയക്കും അച്ഛനും അമ്മയ്ക്കും പുറമേ ഏതോ ഒരു കോണിൽ ഇരുന്നു തന്നെ ഇഷ്ടപെടുന്ന മറ്റൊരാൾ കൂടി ഉണ്ടെന്ന ചിന്ത അവൾക്കു സന്തോഷം പകരുന്നത് ആയിരുന്നു.

കാമുകന്മാരുടെ എണ്ണം വെട്ടികുറച്ചുകൊണ്ട് സഫിയ വിവാഹിത ആയി പോയതോടെ അവൾ വീണ്ടും നാല് ചുമരുകൾക്കുള്ളിൽ മാത്രം  ആയി. അന്നാണ് അവൾ ആദ്യം ആയി കുറച്ചു ദേഷ്യത്തോടെ അയാളോട് സംസാരിച്ചത് . ഒന്നുകിൽ കാണണം അല്ലെങ്കിൽ ഫോൺ നമ്പർ തരണം എന്ന് നിർബന്ധം പിടിച്ചത് .

ആദ്യം ഒന്നും അതിനു വ്യക്തം ആയ മറുപടി അയാൾ നൽകിയില്ല. ഒടുവിൽ ഫേസ് ബുക്കിൽ നിന്നും ബ്ലോക്ക്‌ ചെയ്യുമെന്നു തറപ്പിച്ചു പറഞ്ഞപ്പോൾ രണ്ടു ദിവസം സാവകാശം ആവശ്യപെടുക ആയിരുന്നു.ആ രണ്ടു ദിവസം അയാളെ കണ്ടതേ ഇല്ല.


മൂന്നാം ദിവസം ആണ് വന്നു പറഞ്ഞത് വരുന്ന ശനിയാഴ്ച  ആറ് മണിക്ക് പാലക്കാട്‌ കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിൽ എത്താൻ . സമയം മാറ്റാനോ ദിവസം മാറ്റാനോ ഉളള അവസരം തരാതെ പിന്നെ അയാൾ ഓൺലൈനിൽ വന്നും ഇല്ല.

അങ്ങനെ ആണ് അവൾ ഇവിടെ ഏത്തപ്പെട്ടത്‌.സമയം ആറ് ആവാൻ പോകുന്നു. തിരക്കുകൾക്കിടയിൽ അവൾ അയാളെ തിരഞ്ഞു. ഒരു തിരിച്ചറിയാൻ ഒരു അടയാളവും ഇല്ലെങ്കിലും വെറുതെ ഒന്ന് തിരഞ്ഞു എന്ന് മാത്രം .


"അമ്മു അല്ലേ, പ്രഭക്ക് അൽപം സുഖമില്ല. കിടപ്പിലാണ്.കൂട്ടികൊണ്ട് ചെല്ലാൻ വിട്ടതാണ് എന്നെ. " 
തൊട്ടടുത്ത് ഐശ്വര്യം തുളുമ്പുന്ന മുഖത്ത് നനുത്ത പുഞ്ചിരിയുമായി ഒരു പ്രായം ചെന്ന സ്ത്രീ. അവരുടെ മുഖത്ത് ഒരുപാട് നേരം എന്നെ തേടിയതിൻറെ ക്ഷീണം ഒന്നും കാണാത്തത് കൊണ്ട് അവരെന്നെ ആദ്യ നോട്ടത്തിലേ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായി.


അവൾക്ക് കൂടുതൽ ചിന്തിക്കാനിടനൽകാതെ അവർ സ്റ്റാൻറിനു പുറത്തേക്കുളള യാത്ര ആരംഭിച്ചിരുന്നു.

വരിതെറ്റാതെ വശങ്ങളിലേക്ക് നോക്കാതെ പോകുന്ന ഉറുമ്പുകളുടെ വരിയിലെ ഒരംഗത്തെ പോലെ അവൾ അവരെ അനുഗമിച്ചു. അവരുവന്ന ഓട്ടോയിൽ കയറിയത് പോലും യാന്ത്രികമായിരുന്നു.

ഏകദേശം അഞ്ചു കിലോമീറ്റർ ദൂരം കാണും അയാളുടെ വീട്ടിലേക്ക് എന്നാണ് പറഞ്ഞിരുന്നത്.കയറി അല്പസമയം കഴിഞ്ഞപ്പോൾ ഓട്ടോ ഒരു ബൈപ്പാസിലേക്ക് പ്രവേശിച്ചു, വശങ്ങളിലെ കൈവരികളും ഡിവൈഡറുകളിലെ ചായങ്ങളും അദ്ദേഹം ഒരിക്കൽ പറഞ്ഞ അടുത്തകാലത്ത് ഏതോ മന്ത്രി ഉത്ഘാടനം ചെയ്ത പുതിയ റോഡ് ആണ് ഇതെന്ന് ഉറപ്പിച്ചു തന്നു.

വീട്ടിലേക്കുളള വഴിയിലെ അടയാളങ്ങളായി അയാള് പറഞ്ഞു തന്നിരുന്ന ഡിപിഒ ഓഫീസും വിദേശ മദ്യശാലയും എല്ലാം കൃത്യമായ അകലത്തിൽ തന്നെ ഉണ്ടായിരുന്നു.

ഓട്ടോ ഇടവഴി താണ്ടി പ്രധാന റോഡിൽ പ്രവേശിക്കുമ്പോൾ പുറകിൽ ചൂളം വിളിച്ചു പായുന്ന തീവണ്ടിയും അത് മൂലം മാർഗ്ഗ തടസ്സം സൃഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ കൂട്ടവും കാണാമായിരുന്നു.

വീണ്ടും ഇടവഴിയിലേക്ക്, ആ റോഡിൽ തങ്കം ഹോസ്പിറ്റൽ എന്ന കൂറ്റൻ ബോർഡും ദിശാസൂചിയും ഉണ്ടായിരുന്നു.

ഒടുവിൽ ഒരു ഇരുനില കെട്ടിടത്തിൻറെ മുന്നിൽ ഓട്ടോ നിന്നു. അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ഒരു പേര് ആ വീടിൻറെ മുന്നിൽ കൊത്തിവച്ചിരുന്നു,'ശാകുന്തളം'.

ഗേറ്റ് കടന്ന് അകത്ത് പ്രവേശിക്കുമ്പോൾ ഒരുപാട് പരിചയമുളള വീടായാണ് അവൾക്ക് തോന്നിയത്.സീരിയൽ നമ്പർ പ്രകാരം ലൈബ്രറിയിലെ ഷെൽഫിൽ അടുക്കി വച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പോലെ ആ ഉദ്യാനത്തിലെ പൂച്ചെടികളുടെ സ്ഥാനവും നിറവും അയാൾ നേരത്തെ നൽകിയത് അവൾ ഓർത്തെടുത്തു.

തുറന്നു കിടന്നിരുന്ന വാതിലിലൂടെ ആ സ്ത്രീ അകത്തേക്ക് കടന്നു.
അകത്തേക്ക് പ്രവേശിക്കാൻ നോക്കിയ അവൾ ഒരു കാഴ്ച കണ്ടു, ചുവരിൽ തൻറെ കുഞ്ഞുന്നാളിലെ രൂപത്തെ അനുസ്മരിപ്പിക്കുന്ന കുറെ ചിത്രങ്ങൾ. അതൊന്നും തൻറേതല്ലെന്ന് മനസിനെ തീർചപ്പെടുത്താൻ  പല ആവർത്തി നോക്കേണ്ടി വന്നു ആ ചിത്രത്തിൽ.

"അമ്മു അകത്തേക്ക് വരൂ" ആ സ്ത്രീയുടെ ശബ്ദത്തിൽ താൻ ജീവിതത്തിൽ ഒരിക്കൽ പോലും ആസ്വദിച്ചിട്ടില്ലാത്ത വാത്സല്യം ഉണ്ടെന്ന് തോന്നി അവൾക്ക്.
അവരുടെ കാൽപാടുകളെ ഒരിക്കൽ കൂടി അവൾ അനുഗമിച്ചു.ആ യാത്ര വരികളിലൂടെ അയാൾ അവൾക്ക് വരച്ചു നൽകിയിരുന്ന അയാളുടെ മുറിയിലെത്തിച്ചു.

അവിടെ ഒരു വീൽചെയറിൽ ട്രയിൻ യാത്രയിൽ പുറം കാഴ്ചകൾ ആസ്വദിക്കുന്ന കുട്ടിയെ പോലെ ഇരിപ്പുണ്ടായിരുന്നു അവളുടെ അവനും അയാളുംഅദ്ദേഹവും എല്ലാം.

"പ്രിയ നീലിമ ജോസഫ് കാലമെത്ര കഴിഞ്ഞാലും ലോകത്തിനു മുന്നിൽ നീ  മറ്റുളളവർക്ക് നീലിമ ജോസഫ് ആണെങ്കിലും നീ എനിക്കെന്നും എൻറെ അമ്മു മാത്രം ആയിരിക്കും" 
എന്ന സന്ദേശം അയച്ച പ്രഭാകരൻ നായർ. ശാകുന്തളത്തിലെ ശകുന്തളാദേവിയുടെ അച്ഛൻ. 


അവൾ അടുത്തേക്ക് നീങ്ങി അയാളുടെ തോളിൽ കൈ വച്ചു, അയാൾ തിരിഞ്ഞു നോക്കിയില്ല.

മുത്തച്ഛൻറെ തോളിലേറി നടന്നു നീങ്ങേണ്ടിയിരുന്ന വയൽ വരമ്പുകൾ അവരൊരുമിച്ച് ജനാലയലൂടെ നോക്കി കണ്ടു.

ആ സമയം പിന്നിൽ ഉയർന്ന ഒരു ചെറിയ തേങ്ങൽ അവർ ശ്രദ്ധിച്ചില്ല.
-------------------
പുള്ളോട് പ്രവീണ്‍ 
ആലത്തൂർ 


13 comments:

Jenit said...

വായിച്ചു .....തനി പുള്ളോടൻ ശൈലിയിൽ നിന്നും വ്യത്യസ്ഥത അനുഭവപ്പെട്ടു. കേട്ട് പഴകിയ വിഷയത്തിലും ചില പുതുമ ഉണ്ട് എന്ന് അണ്ണൻ തെളിയിക്കുന്നു

Pullode Praveen said...

Thank You Jenit

Biju Sundar said...
This comment has been removed by the author.
Biju Sundar said...

പ്രിയ പ്രവി... കഥ വായിച്ചു, ഒരു വായനക്കാരൻ എന്ന നിലയിൽ ആസ്വദിച്ചു എന്നാൽ ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരു സഹപാഠി എന്ന നിലയിൽ വളരെ സന്തോഷം തോന്നുന്നു.. ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ കഴിയട്ടെ.. ആശംസകൾ....

Pullode Praveen said...

ബിജു .... വളരെ വളരെ നന്ദി...

pramod b said...

Good one..Congrats..

Pullode Praveen said...

THANK U PRAMOD

റോസാപ്പൂക്കള്‍ said...

കഥ നന്നായി. ഒടുവിലത്തെ പ്രതീക്ഷിക്കാത്ത ആ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു. ആശംസകള്‍

Saju Ramachandran said...

പ്രവീണ്‍...
നന്നായിട്ടുണ്ട് ...
പ്രത്യേകിച്ച് കഥാവസാനം....
തുടരുക ഈ പ്രയാണം ....

Shaji Shamsudeen said...

നന്നായിട്ടുണ്ട്

Shaji Shamsudeen said...

നന്നായിട്ടുണ്ട്

Mohammed Sadik said...

Kollaam...

Praveen K said...

അവസാനത്തെ ട്വിസ്ററ് ഒട്ടും പ്രതീക്ഷിച്ചില്ല. നന്നായിരിക്കുന്നു.