Tuesday, August 13, 2019

റോഡ് അളക്കൽ @രാത്രി


-------------
ഇന്നലെ എറണാകുളം ഹോട്ടൽ പ്രസിഡൻസിയിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
അതിനു പോയപ്പോൾ ആണ് പണ്ട് ഇതേ ഹോട്ടലിൽ ഒരു മീറ്റിംഗിന് വന്ന കഥ ഓർമ വന്നത്.
കേരളത്തിലെ നാല് ഭാഗത്തു നിന്നുള്ള മാനേജർമാർക്കുള്ള മീറ്റിംഗ് ആയിരുന്നു. പാലക്കാട്‌ നിന്നും ഞാൻ, കോട്ടയത്ത് നിന്നും അരുൺ, കോഴിക്കോട് നിന്നും ദീപക്ക്, തിരുവനന്തപുരത്ത് നിന്നും ശ്രീകുമാർ....
കാലത്ത് 9.30 ന് ആണ് മീറ്റിംഗ്. അതുകൊണ്ട് തലേന്ന് എത്തണം. എല്ലാരും ഫോണിൽ കൂടി ദിവസവും മണിക്കൂറുകൾ സംസാരിക്കാറുണ്ട് എങ്കിലും ആദ്യമായി ആണ് കാണാൻ പോകുന്നത്.
ഞാൻ മദ്യപാനം നിർത്തുന്നതിന് ഡി അഡിക്ഷൻ സെന്ററിൽ പോകും മുന്നേ ആയിരുന്നു സംഭവം.
അതുകൊണ്ടു തന്നെ അന്ന് പാലക്കാട്‌ സ്റ്റാൻഡിൽ കൊണ്ട് വന്നു എറണാകുളം ടിക്കറ്റും എടുത്ത്, ഇയാൾ ഇടക്ക് ഇറങ്ങിയാൽ വിളിക്കാൻ പുള്ളിക്കാരിയുടെ നമ്പറും കൊടുത്താണ് ഭാര്യ പോയത്. അത് കൊണ്ട് തന്നെ രാത്രി പതിനൊന്നു മണിക്ക് എത്തുമ്പോൾ അവന്മാർ വാങ്ങിയതിൽ ഒരു പെഗ് പോലും കിട്ടില്ലേ എന്ന സങ്കടത്തിൽ ഉറങ്ങി.
ബസ് ഇറങ്ങി, പിന്നെ ഓട്ടോ ഇറങ്ങി, ഹോട്ടലിന്റെ ലിഫ്റ്റ് കയറി റൂം എത്തി ആരൊക്കെയാ എന്ന് ചോദിക്കും മുൻപ് തന്നെ ബാഗ് ഊരും മുന്നേ രണ്ടെണ്ണം അടിച്ചു. ആശ്വാസമായി....
പിന്നെ ചർച്ചകൾ... വിഷയത്തിൽ നിന്നും വിഷയത്തിലേക്ക് ചാടി കളിച്ചു ചർച്ചകൾ.
മിച്ചർ തിന്നാനും ചിരിക്കാനും മാത്രം ദീപക്. ഞാൻ അവന്മാരുടെ പെഗിന്റ ഒപ്പം എത്താൻ ഉള്ള ആവേശത്തിൽ ഒന്നും മിണ്ടുന്നില്ല.
ഒടുവിൽ ഒന്ന് തല ഉയർത്തിയപ്പോ ഞാൻ പറഞ്ഞു,
"സാധനം ഉണ്ടാവുമോ എന്ന പേടിയിൽ ആയിരുന്നു ഞാൻ... നന്ദി ഉണ്ടെടാ... "
"അളിയാ, വാങ്ങിയ സാധനം ഒക്കെ എട്ടു മണിക്ക് തന്നെ തീർന്നു. ഇത് പിന്നേം പോയി വാങ്ങിയത് അല്ലെ.... ഇവിടുന്ന് 637 മീറ്റർ മാത്രമേ ഉള്ളൂ ബീവറേജിലേക്ക്... "
പറഞ്ഞത് അരുൺ..
"മിസ്റ്റർ അരുൺ അങ്ങനെ അറിയാത്ത കാര്യങ്ങൾ പറയരുത്.. 637 അല്ല 675 മീറ്റർ ഉണ്ട് ഇവിടെ നിന്നും ബീവറേജിലേക്ക്.. "
ശ്രീകുമാർ കലിപ്പിൽ ആയി.
അവരുടെ തർക്കം രൂക്ഷമായി തുടങ്ങി. ഞാൻ ഓരോന്ന് അടിച്ചു കൊണ്ടിരുന്നതിനാൽ ആ ചർച്ചയിൽ പങ്കെടുക്കാൻ പോയില്ല.
ദീപക് അവർക്കിടയിൽ കയറി പറഞ്ഞു.
"അളിയന്മാരെ, വെറും 28 മീറ്ററിന്റെ പ്രെശ്നം അല്ലെ വിട്ടൂടെ?? "
അത് എനിക്കും ഇഷ്ടപ്പെട്ടില്ല, അവിടെ എന്റെ മാസ് എൻട്രി..
"മീറ്ററിന്റെ നൂറുകണക്കിന് ഒരു ഭാഗത്തിന് ആണ് ഉഷച്ചേച്ചിക്ക് മെഡൽ പോയത്. അളക്കണം... ഇപ്പൊ അളക്കണം.. "
ഞാൻ ഇത്‌ പറഞ്ഞതും ദീപക് പുതപ്പിന്റെ ഉള്ളിലോട്ടു വലിഞ്ഞു.
ശ്രീയും അരുണും സമ്മതിച്ചു. പക്ഷെ എങ്ങനെ അളക്കും..ഒരു അളവുകോലും ഇല്ല. പരിഷ്കാരികൾ ആണ് എന്ന് പരസ്പരം കാണിക്കാൻ (ഞാൻ അടക്കം ) എല്ലാവനും ബർമുഡ ആയിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഒരു ലുങ്കി പോലും ഇല്ല. ഒടുവിൽ, നാളെ ഷേവ് ചെയ്യാൻ വച്ച ബ്ലേഡ് കൊണ്ട് ഹോട്ടലിലെ ഒരു പുതപ്പ് നാല് ആക്കി കീറി കൂട്ടി കെട്ടിയപ്പോ 20 മീറ്റർ കിട്ടി(ശ്രീയുടെ ഒരു കൈപ്പത്തി 15 സെന്റി മീറ്റർ ആണത്രേ. അങ്ങനെ ആണ് 20 മീറ്റർ എന്ന് മനസിലാക്കിയത് )
"ഇത് വച്ച് നമ്മൾ എങ്ങനെ അളക്കും? "
അരുണിന് അപ്പോളും സംശയം.
"എടാ, നമ്മൾ നാല് പേരില്ലേ, രണ്ടു തലക്കലും രണ്ടാൾ വച്ച് പിടിച്ചു അളക്കാം "
ഐഡിയ ശ്രീ വക.
"നാലാളോ, നിങ്ങൾ മൂന്ന് പേര് പോയാൽ മതി. എനിക്ക് നിങ്ങളെ പോലെ പ്രാന്തില്ല"
ടച്ചിങ്‌സ് തിന്ന് 'ഗർഭം' പോലുള്ള വയറുമായി പുതപ്പിനുള്ളിൽ കിടക്കുന്ന ദീപക്കിന്റെ വാക്കുകൾ പുതപ്പിനുള്ളിൽ നിന്നും പുറത്തേക്കു വന്നു.
അങ്ങനെ ഞങ്ങൾ മൂന്ന് പേരും പുതപ്പുമായി പുറത്തിറങ്ങി റോഡിൽ എത്തി അവിടെ നിന്നും അളക്കാൻ തുടങ്ങി.
മുന്നിലെ അറ്റത്ത് അരുണും ശ്രീയും,ബാക്കിൽ ഞാൻ. നിലത്തു വച്ച് ആണ് അളക്കൽ. കൃത്യം 120 മീറ്റർ അളന്നു കാണും, എന്റെ പുറകിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു.
സൈഡ് സീറ്റിൽ നിന്നും എസ്.ഐ ഇറങ്ങി വന്നു ചോദിച്ചു..
"നീ ഒക്കെ ഏതാടാ, എന്താടാ ഈ പാതിരാത്രിക്ക്? "
"സർ, ഹോട്ടൽ പ്രെസിഡെൻസിയിൽ നിന്നും ബീവറേജ് വരെ ഉള്ള കൃത്യമായ ദൂരം അളക്കുക ആണ് സർ "
ഞാൻ സത്യം പറഞ്ഞു.
"അളന്നു കഷ്ടപെടണ്ടടാ, നമുക്ക് ജീപ്പിലെ മീറ്റർ നോക്കി കണ്ടു പിടിക്കാം, വാ വന്നു ജീപ്പിൽ കയറിക്കോ.. "
എസ്. ഐ യുടെ ശബ്ദം മാറി.
"സാറേ, അതിൽ പോയാൽ സെന്റിമീറ്റർ കണക്ക് കിട്ടൂല്ല. അതുകൊണ്ട് സർ പോയാട്ടെ ഞങ്ങൾ അളന്നോളം "
മറുതലക്കൽ നിന്നും ശ്രീ.
പിന്നെത്തെ രംഗം പോലീസ് സ്റ്റേഷന്റെ അകവശം ആയിരുന്നു.
കഥ എല്ലാം എസ്. ഐ.ക്ക് വിശദീകരിച്ചു കൊടുത്തു മൂന്ന് പേരും കൂടി.
അദ്ദേഹത്തിന് കാര്യം മനസിലായി. എന്റെ അടുത്ത് വന്നു പറഞ്ഞു,
"നീ ആ റോഡിൽ വച്ച് കാര്യം പറഞ്ഞതിൽ ഉള്ള നിന്റെ ആ ഇന്നസൺസ് ഉണ്ടല്ലോ അത് എനിക്കിഷ്ട്ടപ്പെട്ടു"
"സർ അത് സത്യസന്ധത അല്ലെ, ഇന്നസെൻസ് അല്ലല്ലോ "
ചോദ്യം അരുൺ വക.
(ഇല്ലടാ അരുണേ എസ്. ഐ നിന്നെ തല്ലിയത് ഞാൻ ഒരിക്കലും എഴുതില്ല )
ഒടുവിൽ, റൂമിൽ ഉറങ്ങുന്ന ദീപക്കിനെ കാലത്ത് വിളിച്ചു വരുത്തി ഒരു എട്ട് മണിക്ക് പോലീസ് ജീപ്പിൽ തന്നെ ഹോട്ടലിലേക്ക് തിരിച്ചു.
ഞാൻ പുറകിലെ സീറ്റിൽ ഏറ്റവും പിന്നിലായി സൈഡിലേക്ക് നോക്കി ആണ് ഇരുന്നിരുന്നത്. ഒരു ചെറിയ ബ്ലോക്കിൽ പെട്ടപ്പോൾ സൈഡിൽ ഒരു പയ്യൻ യൂണിഫോം ഒക്കെ ഇട്ട് മൂന്ന് കാലുള്ള ഒരു സാധനത്തിന്റെ മുകളിൽ ഒരു യന്ത്രം ഒക്കെ പിടിച്ച് അളവെടുക്കുന്നു (യൂണിഫോം ആയ കൊണ്ട് അറിയാം പോളി അല്ലെങ്കിൽ ഐടിഐ പഠിക്കുന്ന പയ്യൻ ആണ് എന്ന് )
ഇത് കണ്ട ഞാൻ അവനെ നോക്കി പറഞ്ഞു
"ഡാ മോനെ ജാമ്യത്തിൽ ഇറക്കാൻ ആളുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ റോഡ് അളക്കുന്ന പരിപാടിക്ക് ഇറങ്ങാവൂ.. "
അത് കേട്ട് എസ്. ഐ അടക്കമുള്ളവരുടെ ചിരി ഇപ്പോളും മനസ്സിൽ ഉണ്ട്.
_പുള്ളോടൻ_

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...