Tuesday, August 13, 2019

പബ്ലിക് ടോയ്ലറ്റും കോട്ടമൈതാനവും


---------------------------

രണ്ടു ദിവസം മുൻപ് ഒരു തൃശൂർ യാത്ര ഉണ്ടായിരുന്നു. യാത്ര ബസ്സിൽ ആയതിനാൽ ഇടയ്ക്കിടെ വരുന്ന മൂത്ര ശങ്കയെ ഭയന്ന്, ചുറ്റിക കൊണ്ട് അടിച്ചു പരത്തിയാൽ പോലും ഒരു തുള്ളി വരാത്ത രീതിയിൽ ടാങ്ക് കാലി ആക്കിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ കുതിരാനിൽ ഉണ്ടാവാനിടയുള്ള ബ്ലോക്ക് ആലോചിച്ചപ്പോൾ പബ്ലിക് ടോയ്ലറ്റ് ൽ കയറി ഒന്നൂടെ മുള്ളിയ ശേഷം പോകാൻ എന്ന് ഉറപ്പിച്ചു.

അവിടെ കൊടുക്കാൻ വേണ്ടിയുള്ള രണ്ടു രൂപയ്ക്കു ചില്ലറ തേടിയപ്പോൾ കിട്ടിയത് അഞ്ചിന്റെ കോയിൻ.

എത്രെ ശ്രെമിച്ചു നോക്കിയാലും ഒരു അൻപത്തി അഞ്ച് അറുപതു പൈസയുടെ മൂത്രമേ കാണൂ, അപ്പൊ ഈ കൊടുക്കുന്ന രണ്ടു രൂപ തന്നെ നഷ്ട്ടം ആണ് അപ്പൊ പിന്നെ അഞ്ചു രൂപ കൊടുത്ത് മൂന്നു രൂപ ബാക്കി വാങ്ങാൻ മറന്നു പോയാൽ ഉള്ള ഭീമമായ നഷ്ട്ടം ഓർത്ത് ബാക്കി തന്ന ശേഷം അകത്തോട്ട് കയറാം എന്ന് കരുതി അവന്റെ മുന്നിൽ തന്നെ നിന്നു.

ചെറിയ സെക്കന്റ് സമയമാണ് മൂത്രം ഒഴിക്കാറുള്ളൂ എങ്കിലും ആ സമയത്ത് ആണ് നാനാ വിധ ചിന്തകൾ തലയിൽ വരുക. ലോക കപ്പ് ഫൈനലിൽ രണ്ടു ഗോൾ പിന്നിട്ട് നിൽക്കുന്ന ഇന്ത്യയെ ഇഞ്ചുറി ടൈമിൽ മൂന്ന് ഗോൾ അടിപ്പിച്ചു കപ്പു വാങ്ങി കൊടുക്കുന്നത് അടക്കം പലതും ചിന്തയിൽ വരും. അങ്ങനെ വരുന്ന പേരും പ്രശസ്തിയും പണവും ഒക്കെ ഓർക്കുമ്പോൾ മുന്നിൽ നിന്നും കിട്ടാനുള്ള മറ്റേ മൂന്ന് രൂപ മറക്കും. ഇതിനു മുൻപ് രണ്ടു തവണ ഇങ്ങനെ ചിന്തിച്ചു കേരളത്തെ ഐ.എസ്.എൽ ചാമ്പ്യൻ മാരാക്കിയപ്പോഴും ഒരിക്കൽ മമ്മുട്ടിക്ക് ഓസ്കർ വാങ്ങിക്കൊടുത്ത സിനിമയുടെ സംവിധായകൻ ആയപ്പോഴും ഒക്കെ മൂന്ന് രൂപ മറന്നു പോയിട്ടുണ്ട് എന്നത് കൊണ്ട് ബാക്കി വാങ്ങി അകത്തു കയറാം എന്ന് കരുതി അവന്റെ മുന്നിൽ തന്നെ നിന്നു.


ഫോൺ ചെയ്തുകൊണ്ട് എന്തോ വല്യ കാര്യം പറയുകയായിരുന്ന അവനു എന്റെ നിൽപ് അത്ര പിടിച്ചില്ല. മൂന്ന് രൂപയ്ക്കു വേണ്ടിയുള്ള എന്റെ നിൽപ്പ് തുടന്നപ്പോൾ ഫോൺ അല്പം മാറ്റി പിടിച്ചുകൊണ്ട് എന്നെ നോക്കി ദേഷ്യത്തോടെ തന്നെ അവൻ പറഞ്ഞു.. "നിന്റെ ബാക്കി പൈസ പൈസ കൊണ്ട് ഞാൻ കോട്ടമൈതാനമൊന്നും വാങ്ങാൻ പോണില്ല, പോയി മുള്ളീട്ടു വാ അപ്പൊ ബാക്കി തരാം "

കൂടുതൽ നാണം കെടേണ്ട എന്ന് കരുതി ഞാൻ അകത്തു കയറി കാര്യം സാധിച്ചു പൊന്നു. അപ്പോളും അവൻ ഫോണിൽ തന്നെ. അവന്റെ അടുത്തേക്ക് നീങ്ങുമ്പോൾ എനിക്കും ഫോൺ വന്നു.


രണ്ടാളും ഫോണിൽ ആയതിനാൽ ബാക്കി സംഭാഷണം പണ്ട് ദൂരദർശനിൽ ഉണ്ടായിരുന്ന ഊമ വാർത്ത പോലെ ആയി.

അടുത്ത് ചെന്നപ്പോൾ എന്താ എന്ന് ആംഗ്യം.. വലതു കയ്യിലെ ചൂണ്ടി വിരലും തള്ളവിരലും ഉരച്ചു പൈസ എന്ന് കാണിച്ചു മറുപടി കൊടുത്തു ഞാൻ.

ഉടനെ വന്നു എത്രെ എന്നതിനും ആദ്യത്തെ അതെ ആംഗ്യം. വലതു കൈ ഫുൾ ആയി നിവർത്തി അഞ്ച് എന്ന് ഞാൻ പറഞ്ഞു.

മുഴുവൻ ചിന്തയും ഫോണിൽ ആയിരുന്നതിനാൽ അഞ്ച് എന്നത് അവൻ അൻപത് എന്ന് കരുതി ഉടനെ നാല്പത്തി എട്ട് രൂപ എടുത്ത് മേശപ്പുറത്തു വച്ചു . അവനോട് ദേഷ്യം ഉണ്ടായിരുന്നത് കൊണ്ടും പിന്നെ അവൻ ഇത് കോട്ട മൈതാനം വാങ്ങാൻ വച്ച പൈസ അല്ല എന്ന് ഉറപ്പുള്ളത് കൊണ്ടും ഞാൻ ഒന്നും മിണ്ടാതെ അതും വാങ്ങി ബസിൽ കേറി ഇരുന്നു.

വൽകഷണം:- കെ. എസ്. ആർ. ടി. സി. പബ്ലിക് ടോയ്ലറ്റ് ൽ ഇരിക്കുന്ന ചേട്ടനോ പുള്ളിയുടെ ബന്ധുവോ ആരേലും എന്റെ ലിസ്റ്റിൽ ഉണ്ടേൽ ബാക്കി പൈസയും ചോദിച്ചു വരണ്ട... ആ പൈസ കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ തോമസ് ഐസക്കിന്റെ കയ്യിൽ എത്തിയിട്ടുണ്ട്, ഇനിയും നിർബന്ധം ആണേൽ പുള്ളിക്കാരന്റെ അടുത്ത് പോയി ചോദിച്ചോളൂ...  


 

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...