Tuesday, August 13, 2019

അംബാനിയും ഞാനും അലാറവും


പാലക്കാട്‌ നഗരത്തിൽ താമസം തുടങ്ങിയത് മുതൽ ഉള്ളതാണ് കാലത്തുള്ള നടത്തം.
എന്നും വ്യത്യസ്തം ആയ വഴികളിലൂടെ ആണ് നടക്കാറുള്ളത്. നഗരത്തിലെ ഇടവഴികൾ പഠിക്കുക എന്ന ഒരുദ്ദേശവും അതിലുണ്ട്.
ഇന്നലത്തെ യാത്ര ചന്ദ്രനഗർ ഹൈവയിലൂടെ ആയിരുന്നു.
വഴിയരികിൽ, ഖനി ഹോണ്ട എത്തും മുന്നേ ഉള്ള പാലത്തിനു താഴെ ആയി ഒരു കാർ തലകീഴായി കിടക്കുന്നു.
എനിക്ക് എന്തും കാർ എന്നേ അറിയൂ, മാരുതി 800 ആയാലും ബെൻസ് ആയാലും. അതുകൊണ്ട് ആണ് കാർ എന്ന് പറഞ്ഞത്.
ഒന്നു കൂടെ ഇളകിയാൽ താഴ്ത്തേക്കു പോകും എന്ന വിധത്തിൽ ആണ് കാർ കിടന്നിരുന്നത്.
ഞാൻ പതിയെ അടുത്ത് ചെന്ന് നോക്കി, ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൾക്ക് ജീവൻ ഉണ്ട്. എന്നേക്കാൾ തടി ഉണ്ടെങ്കിലും ഒരു വിധത്തിൽ ഞാൻ അയാളെ വലിച്ചു പുറത്തെടുത്തു.
അയാൾക്ക് കാര്യമായ പരിക്കൊന്നും ഇല്ല. പക്ഷെ ആളെ പുറത്തെടുത്തതും കാർ താഴ്ത്തേക്കു പോയി.
ഒരു നെടുവീർപ്പോടെ അയാൾ അത് നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.
"തുമരാ നാം ക്യാ ഹേ?
"പ്രവീൺ"
ഹിന്ദി അറിയില്ല എങ്കിലും ഇത്തരം ചെറിയ ചോദ്യങ്ങൾ മനസിലാക്കാൻ ഉള്ള അറിവൊക്കെ ഉള്ള ആള് തന്നെ ആണ് ഞാൻ.
എനിക്ക് ഹിന്ദി അറിയില്ല എന്നു പറഞ്ഞു ബോധ്യ പെടുത്തിയെങ്കിലും പണ്ട് പഠിക്കുന്ന കാലത്ത് ഹിന്ദി എഴുതി മേലെ കൂടെ ഇടുന്ന വര നടുവിലൂടെ ആവുന്നതിനാൽ പലപ്പോഴും എഴുതി വെട്ടിയ പോലെ കരുതി മാർക്ക് കുറയുന്ന കഥ ഒന്നും പറഞ്ഞില്ല.
ബാക്കി ഉള്ള സംസാരം ഇംഗ്ലീഷിൽ ആയിരുന്നു.ഇവിടെ വായനക്കാർ ആയി സംഘികളും കമ്മികളും ഉള്ളതിനാൽ അതിന്റെ മലയാളം തർജമ ആണ് കൊടുക്കുന്നത്.
"ആ താഴെ പോയ കാർ അഞ്ചു കോടിയോളം വില വരുന്നത് ആണ്. അതിൽ എനിക്ക് സങ്കടം ഇല്ല. പക്ഷെ അതിൽ എന്റെ മൊബൈൽ പേഴ്‌സ് കാർഡ്‌സ് എല്ലാം ഉണ്ടായിരുന്നു. ഇനി ഇവിടുന്നു പോകാൻ എന്നെ സഹായിക്കാമോ? "
"ഞാൻ സർ നു വേണ്ടി എന്താണ് ചെയ്യേണ്ടത്? "
"കാലത്ത് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഒരു നൂറു രൂപ വേണം, പിന്നെ കോയമ്പത്തൂർ എന്റെ ഓഫീസിൽ എത്താൻ ഒരു ടാക്സി വിളിച്ചു തരണം "
ഇത്രെയും മതിയല്ലോ എന്ന സന്തോഷത്തിൽ ഞാൻ പോക്കെറ്റിൽ നിന്നും നൂറു രൂപ എടുത്തു. രാവിലെ നടക്കാൻ ഇറങ്ങാൻ നേരം ഭാര്യ ഉറക്കും ആയിരിക്കും, ആ സമയം ഒരു നൂറു രൂപ എങ്കിലും അവളുടെ പേഴ്സിൽ നിന്ന് അടിച്ചു മാറ്റി നടക്കാൻ ഒരു പ്രത്യേക സുഖം ആണ്. അന്നും അങ്ങനെ എടുത്ത നൂറു രൂപ ആണ് പുള്ളിക്ക് കൊടുത്തത്.
ശേഷം ഒരു ടാക്സി പിടിച്ചു അതിൽ കയറ്റി ഇരുത്തി.
"ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല. എന്റെ പേര് മുകേഷ്, താങ്കളുടെ നമ്പർ ഒന്നു എഴുതി തന്നാൽ ഞാൻ കോൺടാക്ട് ചെയ്യാം "
ഈ പുലർകാലത്ത് ആരാണ് പേനയും പേപ്പറും എടുത്ത് നടക്കാൻ പോകുക എന്ന് ചോദിക്കാൻ വന്നതാണ്. അന്യ നാട്ടുകാരനെ അപമാനിക്കുന്ന പാരമ്പര്യം പുള്ളോട് കാർക്ക് ഇല്ലാത്ത കൊണ്ട് ഞാൻ പറഞ്ഞു.
"എഴുതേണ്ട കാര്യം ഒന്നും ഇല്ല സർ ഫാൻസി നമ്പർ ആണ് 9447 50 9447"
മുഖത്ത് ഒരു പുഞ്ചിരി വിടർത്തി അയാൾ കൈവീശി യാത്രയായി.
നടത്തം മുടങ്ങിയ വിഷമത്തിൽ ഞാൻ വീടെത്തി ചായ കുടിയും കുളിയും കഴിഞ്ഞു മൊബൈൽ നോക്കിയിരിക്കെ കാൾ വന്നു.
"ഹായ് പ്രവീൺ, ഞാൻ മുകേഷ് അംബാനി. കാലത്ത് നിങ്ങൾ തന്ന നൂറു രൂപ എനിക്ക് അത്രേം വിലപ്പെട്ടത് ആയിരുന്നു. അതുകൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ അയക്കുക ഒരു രണ്ട് കോടി ട്രാൻസ്ഫർ ചെയ്യുന്നുണ്ട്."
കാലത്ത് ഞാൻ രക്ഷിച്ച ആൾ മുകേഷ് എന്നാണ് പേര് പറഞ്ഞത് എങ്കിലും അത് കാലത്തെ വെപ്രാളത്തിനിടയിൽ അംബാനി ആണ് എന്ന് അറിയാൻ കഴിഞ്ഞില്ല.
എന്തായാലും അക്കൗണ്ട് നമ്പർ അയച്ചു കൊടുത്ത് അക്കൗണ്ടിൽ പൈസ വീഴുന്ന മെസ്സേജ് ന്റെ ശബ്ദം കേൾക്കാൻ കാത്തിരിപ്പായി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ മെസേജ് ന്റെ സൗണ്ട് അല്ല, കാൾ ആണ് വന്നത്.
മുകേഷ് അംബാനി എന്റെ ഫോണിലേക്ക് വീണ്ടും വിളിക്കുക ആവും, ഭാര്യയും അയാളുടെ ശബ്ദം ഒന്നു കേട്ടോട്ടെ എന്ന് കരുതി ഞാൻ അവളോട് പറഞ്ഞു.
"നീ ആ ഫോൺ എടുത്ത് ആരാണ് എന്ന് ചോദിച്ചേ "
ഫോൺ ബെൽ അടി നിർത്തുന്നില്ല. അടിച്ചു കൊണ്ടേ ഇരിക്കുന്നു.
നമ്മൾ ഒക്കെ വല്യ ടീമാണ് എന്ന് ഭാര്യയെ കാണിക്കാൻ കിട്ടിയ അവസരം ആണ് അവൾ തന്നെ നശിപ്പിക്കുന്നത് എന്നോർത്തപ്പോൾ ദേഷ്യം വന്നു.
"എടീ ആ ഫോൺ എടുത്ത് ആരാന്ന് ചോദിക്ക് "
അവളുടെ മറുപടി അതിലും ദേഷ്യത്തിൽ ആയിരുന്നു.
"ഫോൺ അല്ല മനുഷ്യ, അത് അലാറം ആണ്. കാലത്ത് നടക്കാൻ പോകാൻ വേണ്ടി ഇനി മേലാൽ ഇങ്ങനെ അലാറം വച്ച് ഞങ്ങളെ കൂടെ ശല്യം ചെയ്താൽ ഫോൺ എടുത്ത് കിണറ്റിൽ ഇടും പറഞ്ഞേക്കാം"
വാൽകഷണം :- പുലർകാല സ്വപ്നം ഫലിക്കും എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതിലാണ് ഇപ്പോൾ പ്രതീക്ഷ.

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...