Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 8


കേരളത്തിന്‍റെ നെല്ലറയാണ് പാലക്കാട്. നോക്കെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്ന നെല്‍പാടങ്ങളും അതിനിടക്ക് ആകാശത്തിന്‍റെ തുണുകള്‍ പോലെ കാണപ്പെടുന്ന കരിമ്പനകളുമാണ് പാലക്കാടിന്‍റെ സൗന്ദര്യം; പുള്ളോടിന്‍റെയും.
ആകെ വിസ്തീര്‍ണ്ണത്തിന്‍റെ കണക്കെടുത്തു നോക്കിയാല്‍ പുള്ളോടിന്‍റെ പകുതിയിലധികവും നെല്‍പാടങ്ങള്‍ തന്നെ.
കച്ചവടക്കണ്ണുകളുമായി നെല്‍പ്പാടങ്ങള്‍ നികത്തി ഇഞ്ചിയും മഞ്ഞളും വാഴയും വക്കുന്ന ആധുനിക സമ്പ്രധായം ഇവിടെ എത്തുന്നേ ഉള്ളൂ എന്നതിനാല്‍ നികത്തപ്പെടാതെ അവയെല്ലാം ഇപ്പോഴുമിവിടെ നെല്‍പാടങ്ങളായി അവശേഷിക്കുന്നു...
പുള്ളോട്ട് പാടം, അന്തലോട് പാടം, ആലേ പാടം എന്നിങ്ങനെ പുള്ളോടിന്‍റെ പാടങ്ങളെ പലതായി തിരിച്ചിട്ടുണ്ട്.
രണ്ടുതവണയായിട്ടാണ് കൃഷിചെയ്യുന്നത്.
കര്‍ഷകന്‍റെ ഉത്സവമായ വിഷുവിനുശേഷം എപ്രില്‍ മെയ് മാസങ്ങളില്‍ ഒന്നാം വിളയിറക്കും.
വേനലവധിക്ക് വിണ്ടുകീറിയ പാടങ്ങളില്‍ കുട്ടികള്‍ സമയെടുത്ത് തയ്യാറാക്കിയ ക്രിക്കറ്റ് പിച്ചുകളെ ട്രാക്ടറിന്‍റെ ഇരുമ്പുനഖങ്ങള്‍കൊണ്ട് ഉഴുതുമറിച്ചാണ് ആദ്യവിളയിറക്കാന്‍ പാടങ്ങളെയൊരുക്കുന്നത്. വെള്ളക്കെട്ടില്ലാത്ത പാടങ്ങളായതിനാല്‍ ആദ്യവിളക്ക് വിതക്കാറാണ് പതിവ്.
ഓണകൊയ്‌ത്തിനുശേഷം വെള്ളം നിറഞ്ഞു നില്‍ക്കുന്ന പാടങ്ങളില്‍ ഞാറു പാകിയാണ് രണ്ടാം വിളയിറക്കുന്നത്.
രണ്ടാം വിളക്ക് ഞാറുപാകാനും നടുന്നതിനുമൊക്കെയായി കാളകളും പോത്തുകളും ഉപയോഗിച്ചുള്ള നിലം ഉഴുതുമറിക്കലും ട്രാക്ടറിനുമുന്നില്‍ വഴിമാറി കൊടുത്തിട്ട് കാലങ്ങളായി.
കാളയും പോത്തും കൊണ്ട് പൂട്ടുമ്പോള്‍ നിറകാഴ്ച പകരാനെത്തുന്ന കൊറ്റികള്‍ പോലുള്ളവ ട്രാക്ടറിനടുത്തേക്ക് തിരിഞ്ഞ് നോക്കാറേയില്ല.
പണ്ടൊക്കെ കൊയ്ത്ത് ഒരു ഉത്സവം തന്നെ ആയിരുന്നു.
അരിഞ്ഞ് കറ്റകളാക്കി വച്ച് പിന്നീട് അവ തലച്ചുമടായി പറമ്പില്‍ കൊണ്ടുവന്ന് മെതിക്കാറായിരുന്നു പതിവ്. നെല്ലെടുത്ത കറ്റകളെ പിന്നീട് റോഡിലോ പറമ്പില്‍ തന്നെയോ ഇട്ട് ഒരു വളഞ്ഞ വടികൊണ്ട് തല്ലി വയ്ക്കോല്‍ ആക്കി അവയെ കൂനയിട്ടു വയ്ക്കുമ്പോഴായിരുന്നു കൊയ്ത്തു മുഴുവനായും തീര്‍ന്നു എന്ന് പറയുക.
കൃഷിപണിക്കാരുടെ അപര്യാപ്തതയും മണിക്കൂറിന് ആയിരത്തി അറുന്നൂറ് രൂപകൊടുത്താല്‍ നെല്ല് പത്തായത്തിലെത്തിക്കുന്ന യന്ത്രങ്ങളുടെ വരവും കൊയ്ത്ത് ഒരു ഉത്സവമേ അല്ലാതാക്കി.
അതുപോലെ തന്നെ കാലങ്ങളോളം പാലക്കാടന്‍ പാടങ്ങളെ അടക്കി ഭരിച്ചിരുന്ന ഐ.ആര്‍.എട്ട്, ജയ, മസൂരി എന്നീ വിത്തിനങ്ങളും ക്രിത്രിമമായി വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയുള്ള ശ്രേയസ്, എ.എസ്.ടി, ഉമ തുടങ്ങിയ വിത്തിനങ്ങള്‍ക്ക് വഴിമാറി കൊടുത്തു.
ചേരാമംഗലം ഡാമില്‍ നിന്നാണ് പുള്ളോട് കൃഷിക്കുള്ള വെള്ളമെത്തുന്നത്. ചേരാമംഗലം ഡാം പോലും വറ്റിയ ഏതോ ഒന്നോ രണ്ടോ വര്‍ഷം കൃഷി നശിക്കാതിരിക്കാന്‍ മലമ്പുഴ വെള്ളമെത്തിച്ചതും ഇന്നും ജീവിക്കുന്ന പഴയ കര്‍ഷകര്‍ ഓര്‍മ്മയായി സൂക്ഷിക്കുന്നു.
ഈ വയലുകള്‍ക്കിടയിലുള്ള വരമ്പുകളില്‍ ആകാശംമുട്ടേ ഉയര്‍ന്നു നില്‍ക്കുന്ന കരിമ്പനകളുണ്ട്. അതിലെ നൊങ്ങും പനമ്പഴവും എത്ര തിന്നാലും മതിവരാത്ത പ്രകൃതിയുടെ രുചിമധുരങ്ങള്‍ തന്നെ.
കള്ള് ചെത്തുന്നതിനായി ഒരു കുഞ്ഞ് തളപ്പിന്‍റെ ഉറപ്പില്‍ ഈ കരിമ്പനയിലൂടെ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങുന്ന ചെത്തുകാരനും ഇവിടുത്തെ അത്ഭുതകാഴ്ചയാണ്.
കാലചക്രം ഇനിയുമുരുളുമ്പോള്‍ ഈ നെല്‍വയലുകളിലും കൃഷിയകന്ന് കൂറ്റന്‍ കെട്ടിടങ്ങള്‍ വന്നേക്കാം.
ആദിമമനുഷ്യന്‍ കല്ലുകൊണ്ട് തീയുണ്ടാക്കി മൃഗങ്ങളെ ചുട്ടുതിന്നിരുന്നു എന്ന് നമ്മള്‍ പഠിച്ചപോലെ , കൃഷിചെയ്ത് ഉപജീവനം നടത്തിയ ഒരു സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന് വരും തലമുറയ്ക്ക് പഠിക്കാന്‍ ഉണ്ടായെന്നും വരാം.
എന്തായാലും, കാലം വരുത്തുന്ന മാറ്റം എത്ര വേഗത്തിലായാലും ആ മാറ്റം ഓടികിതച്ച് പുള്ളോടെത്തി ഈ നെല്‍പാടങ്ങളെയെല്ലാം ഓര്‍മ്മകളാക്കുന്ന കാഴ്ച ഈ തലമുറക്ക് കാണേണ്ടി വരില്ല എന്ന് പ്രത്യാശിക്കാം.




No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...