Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 7


ശക്തി സ്വരൂപിണിയാണ് പുള്ളോട് കുറുംബഭഗവതീക്ഷേത്രത്തിലെ ദേവി. പുള്ളോടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഭഗവതി.

'കതിര്‍ ഉത്സവം' എന്നും അറിയപ്പെടുന്ന കൂട്ടക്കളം ആണ് പ്രധാന ഉത്സവം.
നാട്ടാചാരപ്രകാരം ഉത്സവത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത പല പല സമുദായക്കാര്‍ ഒരുമിച്ച് ഒരു കൂട്ടമായി ചേര്‍ന്ന് ആഘോഷിക്കുന്നത് കൊണ്ടാവാം കൂട്ടക്കളം എന്ന് പേര് വന്നത് എന്ന് കരുതുന്നു.

സമൃദ്ധിയുടെ ഉത്സവമാണ് കൂട്ടക്കളം.
'കുട്ടാഴി' എന്ന പേരില്‍ ദേശത്തെ കുടുംബങ്ങളില്‍ നിന്നും ഒരു ചെറിയ സംഖ്യ പിരിച്ചെടുത്താണ് ഉത്സവം നടത്തുന്നത്.
 തട്ടകത്തെ(കൂട്ടക്കളം സമയത്ത് പുള്ളോട് അറിയപ്പെടുന്നത് അങ്ങനെയാണ്‌)
കര്‍ഷകര്‍ വിളവെടുപ്പില്‍ ലഭിച്ച ധാന്യത്തിന്‍റെ ഒരുഭാഗം ദേവിക്ക് സമര്‍പ്പിക്കുന്നതാണ് കൂട്ടക്കളം.

''ഓലയെടുക്കുക'' ''തറപ്പാട്ട് പാടുക'' ''താണക്കാല്‍ നാട്ടല്‍'' എന്നീ ചടങ്ങുകള്‍ക്കു ശേഷമാണ് പ്രധാന ഉത്സവനാളുകളിലേക്ക് പ്രവേശിക്കുക.

തട്ടകത്തെ പ്രധാന ''പണിക്കര്‍'' ആണ് കൂട്ടക്കളത്തിന്‍റെ തിയ്യതി തീരുമാനിക്കുന്നത്.

''വാഴ്ക വാഴ്ക വാഴ്ക പൊലിയോടെ 
ഇന്ത തൈ തൈ താ''

എന്നീ ഈരടികളും വട്ടക്കളിയും ആയി വീടുകളിലെത്തുന്ന 'ചേറുമന്‍ '(ഒരു സമുദായം) ആണ് കൂട്ട ക്കളത്തിന്‍റെ വരവറിയിക്കുന്നത്.

താണക്കാല്‍ നാട്ടലും പാല്‍കിണ്ടി നിര്‍മ്മാണവും തട്ടകത്തെ പ്രധാന ''ആശാരി''യുടെ അവകാശമാണ്.

പുലര്‍ച്ചയുള്ള കതിര്‍വീഴ്ചക്കും കളമെഴുത്തിനും ശേഷമാണ് ഭഗവതിപ്പാട്ട് അഥവാ തോറ്റംപാട്ട് ആരംഭിക്കുക... 

മണ്ണാന്‍ സമുദായമാണ് തോറ്റം പാട്ട് അവതരിപ്പിക്കുന്നത്.
മൂന്ന് രാവും മൂന്ന് പകലും ഇടവേളകളില്ലാതെ നീളുന്ന ഭഗവതിപാട്ടില്‍ പൊന്‍മകന്‍റേയും ദേവിയുടേയും വിവാഹ ദിവസം ആയിരക്കണക്കിന് ഭക്തക്കര്‍ക്ക് സമൃദ്ധമായ സദ്യയും ഉണ്ടാവും...

തോറ്റം പാട്ടിന്‍റെ ആചാര്യനായ പുള്ളോട് രക്കപ്പനാശാന് 2002 ല്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

മേടമാസം നാലിന് നടത്തുന്ന വിഷുവേല എന്നറിയപ്പെടുന്ന പുള്ളോട് വേലക്ക് സമീപപ്രദേശങ്ങളിലെ ഉത്സവങ്ങളുമായി താരത്യമ്യം ചെയ്യുംബോള്‍ വെടിക്കെട്ട് കുറവായതിനാല്‍ അന്യനാട്ടുകാരുടെ തിരക്ക് ഉണ്ടാവാറില്ല. അതിനാല്‍ തന്നെ പരിചയമുള്ളവരുടെ തോളില്‍ കയ്യിട്ടും മുഖത്തോട് മുഖം നോക്കി തലകുലുക്കിയും പഞ്ചവാദ്യം ആസ്വദിക്കാന്‍ ഇവിടുത്തുകാര്‍ക്ക് കഴിയും.

കര്‍ക്കിടക മാസത്തിലെ രാമായണ പാരായണവും പ്രദേശവാസികളെ ഭക്തിയുടെ പരകോടിയിലെത്തിക്കും.

ഉത്സവവും ഒാര്‍മ്മകളും പഴമയിലേക്കുള്ള തിരിച്ചുപോക്കല്ല, പഴയകാലത്ത് നിലനിന്നിരുന്ന ആചാരങ്ങളേയും മറ്റുള്ളവയേയും ഒക്കെയുള്ള കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.

ഡിസംബര്‍ 16,17,18 തിയ്യതികളിലാണ് ഈ വര്‍ഷത്തെ കൂട്ടക്കളം. 
വരിക വരിക വരിക...


''വാഴ്ക വാഴ്ക വാഴ്ക പൊലിയോടെ 
ഇന്ത തൈ തൈ താ''


NB:-പുള്ളോട്, പെരുവമ്പ്,വട്ടേക്കാട്,കൂടല്ലൂര്‍,വിത്തനശ്ശേരി,വല്ലങ്ങി,കൊടുവായൂര്‍,കാവശ്ശേരി, വാനൂര്‍,വിളയം ചാത്തന്നൂര്‍ എന്നിവിടങ്ങളിലും കൂട്ടക്കളം എന്ന  ഇതേ ഉത്സവം നടക്കാറുണ്ട്. ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്‍റെ പരിമിതമായ അറിവില്‍ പെടുന്നതാണെങ്കില്‍ പറയാം....

 *ഒാലയെടുക്കുക :-* വൃശ്ചികം പതിനഞ്ചിന് എല്ലാ സമുദായക്കാരും ഒത്തുചേര്‍ന്ന് കൂട്ടക്കളത്തിന്‍റെ തിയ്യതി നിശ്ചയിക്കുന്നതും ഒാരോ കുടുംബത്തില്‍ നിന്നും പിരിച്ചെടുക്കേണ്ട കൂട്ടാഴി തീരുമാനിക്കുന്നതും ഈ ചടങ്ങിലാണ്.

*തറപ്പാട്ട് പാടുക :-* ഭഗവതിപ്പാട്ട് അഥവാ തോറ്റംപാട്ട് പാടുന്ന മണ്ണാന്‍ സമുദായത്തിലെ അംഗങ്ങള്‍ ചെറുസംഘങ്ങളായി പിരിഞ്ഞ് വീടുകളില്‍ കയറിയിറങ്ങി അല്പസമയം പാട്ട് ആലപിച്ചശേഷം പണം,നെല്ല്,തേങ്ങ എന്നിവ ശേഖരിക്കുന്ന ചടങ്ങാണ് ഇത്‌.

*താണക്കാല്‍ നാട്ടല്‍ :-* പാട്ടിനിരിക്കുന്ന മണിത്തറയുടെ മുന്നിലെ നാലുമൂലക്കലും പൂളമരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സ്ഥാനക്കാല്‍ നാട്ടുന്ന ചടങ്ങ്. തട്ടകത്തെ പ്രധാന ആശാരി അന്നു രാവിലെ കുളിച്ചു തൊഴുത്  കാട്ടില്‍ പോയി മരം വെട്ടിയുഴിഞ്ഞ്  ഉണ്ടാക്കുന്നതാണ് താണക്കാല്‍.

*കതിര്‍ എഴുന്നെള്ളപ്പ് :-* മുളന്തണ്ടില്‍ കെട്ടിയ കതിര്‍ക്കൂടുകള്‍ കാവിന് മൂന്ന് പ്രദക്ഷിണം വച്ചശേഷം കാവിന്‍റെ തിരുനടയില്‍ സമര്‍പ്പിക്കുന്നു. പഞ്ചവാദ്യവും ചെണ്ടമേളവും ഇതിന് അകമ്പടിയായി ഉണ്ടാവും.  ഈ കതിരുകള്‍ ശേഖരിച്ച് വീടിനുള്ളില്‍ കെട്ടിത്തൂക്കിയാല്‍ നെല്ലിന് പഞ്ഞമുണ്ടാവില്ല എന്ന വിശ്വസിക്കുന്നതിനാല്‍ പരിമിതമായ ഇതിനായി ഒരു മത്സരം തന്നെയുണ്ടാവും.

 *കളമെഴുത്ത് :-*കതിര്‍ വീണശേഷം പാട്ടിനിരിക്കും മുമ്പായാണ് കളമെഴുത്ത് നടത്തുന്നത്. അരിപ്പൊടി,കരിപ്പൊടി,മഞ്ഞള്‍പൊടി,പച്ചപ്പൊടി, സിന്ദൂരപ്പൊടി എന്നിവയാണ് മനോഹരമായ കളമെഴുത്തിന് ഉപയോഗിക്കുന്ന പൊടികള്‍.

*പാല്‍കിണ്ടി സ്ഥാപിക്കല്‍:-* തട്ടകത്തെ മൂത്താശാരി സാമാന്യം വലിയ ഒരു കിണ്ടി വച്ച് അതില്‍ നാവുരി പാല്‍ ഒഴിക്കുന്നു. അതിനുശേഷം വാഴപ്പോളകള്‍കൊണ്ട് പൊതിഞ്ഞ് പൂക്കുലവിടര്‍ത്തി പാല്‍കിണ്ടി സ്ഥാപിക്കുന്നു. കൂട്ടക്കളത്തിനെത്തുന്ന ഭക്തജനങ്ങള്‍ പാല്‍ക്കിണ്ടിയില്‍ പണമിട്ട് അനുഗ്രഹം തേടുന്നു്

 *പാല്‍കിണ്ടി സ്ഥാപിക്കല്‍:-* തട്ടകത്തെ മൂത്താശാരി സാമാന്യം വലിയ ഒരു കിണ്ടി വച്ച് അതില്‍ നാവുരി പാല്‍ ഒഴിക്കുന്നു. അതിനുശേഷം വാഴപ്പോളകള്‍കൊണ്ട് പൊതിഞ്ഞ് പൂക്കുലവിടര്‍ത്തി പാല്‍കിണ്ടി സ്ഥാപിക്കുന്നു. കൂട്ടക്കളത്തിനെത്തുന്ന ഭക്തജനങ്ങള്‍ പാല്‍ക്കിണ്ടിയില്‍ പണമിട്ട് അനുഗ്രഹം തേടുന്നു.

*തോറ്റംപാട്ട്:-* ഒരാള്‍ മുന്നില്‍ പാടുകയും മറ്റുള്ളവര്‍ ഏറ്റുപാടുകയും ചെയ്യുന്ന ആലാപന രീതിയിലാണ് തോറ്റംപാട്ട്. മൂന്ന് രാവപകലുകള്‍ അവതരിപ്പിക്കുന്ന പാട്ടില്‍ ഏഴ് ഭാഗങ്ങള്‍ ഉണ്ട്. പൊന്‍മകന്‍ പിറവി, മാലവക്കല്‍ കപ്പല്‍ വാണിഭം, വിരുന്നുണ്ണല്‍, ചിലമ്പ്വാണിഭം, കൊന്നു തോറ്റല്‍, മറുപിറവിയും ശത്രുസംഹാരവും എന്നിവയാണ് അവ.


1 comment:

RK said...

ആലപ്പുഴ കണിച്ചുകുളങ്ങര ഭദ്രകാളീക്ഷേത്രത്തില്‍ വ്യത്യസ്തമായ ഒരു കൂട്ടക്കളം ചടങ്ങുണ്ട്.

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...