Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 5


ഈങ്ക്വിലാബിന്‍റെ അകമ്പടിയില്ലിതെ എന്ത് പുള്ളോട്!!
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയാഹ്ളാദങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പും ഇതുവഴി കടന്നു പോയിട്ടില്ല.
എന്‍റെ ഓര്‍മയിലെ കണക്കല്ല, ചരിത്രം തന്നെ പരിശോദിച്ചാല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്ത പുള്ളോടുകാര്‍ തോറ്റുപോയത് പണ്ട് ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നപ്പോള്‍ കെ.ആര്‍.നാരായണന്‍റെ മുന്നിലും, പിന്നീടൊരിക്കല്‍ വാര്‍ഡ് വിഭജനത്തിന്‍റെ പ്രാരംഭത്തില്‍ മീനാക്ഷികുട്ടി ടീച്ചറോടും മാത്രം...
പാലക്കാട് അല്ല, മറിച്ച് കണ്ണൂര്‍ ആയിരുന്നെങ്കില്‍ ഒരു പാര്‍ട്ടിഗ്രാമമായിരുന്നേനെ പുള്ളോട്....
ബോളീവിയന്‍ കാടുകളില്‍ ഒളിയുദ്ധം നടത്തിയ ചെഗുവേരയും, ഭൂപരിഷ്കരണം നടപ്പിലാക്കിയ
സഖാവ്: ഇ.എം.എസ്സുമൊക്കെ ഇവിടുള്ളവര്‍ക്ക് ആരാധനാമൂര്‍ത്തികള്‍ തന്നെ.
തിരഞ്ഞെടുപ്പ് സമയത്ത് പോസ്റ്ററൊട്ടാനും സ്ലിപ് വിതരണത്തിനു മാത്രമാണ് കോണ്‍ഗ്രസ്സുകാരെ ഇവിടെ കാണുക.
പുള്ളോടിനു പുറത്തുനിന്ന് ഏതെങ്കിലും ഒരു വലിയ നേതാവിനെ ഇറക്കി വോട്ട് പിടിക്കുന്ന ബി.ജെ.പി.ക്കാരും കുറവുതന്നെ.
കമ്മ്യൂണിസ്സ്റ്റ് പാര്‍ട്ടി ജനമനസ്സുകളിലുണ്ട്, ജനങ്ങള്‍ക്കിടയിലും...
എന്തെങ്കിലും ഒരു അതിര്‍ത്തി തര്‍ക്കമോ കേസോ ഉണ്ടായാല്‍ അതു പരിഹരിക്കാനും പോലീസ് സ്റ്റേഷനില്‍ പോവാനും ഏതെങ്കിലും ഒരു സഖാവ് കൂടെയുണ്ടാവും. അതുകൊണ്ടു തന്നെയാണ് പാര്‍ടി ജില്ലാസമ്മേളനങ്ങള്‍ക്കോ മനുഷ്യചങ്ങലക്കോ ആളെ കൊണ്ടുപോകൊന്‍ ഒരു വണ്ടി മതിയാവാതേ വരുന്നതും....
കാലം നരവിതച്ച പഴയ സഖാക്കളില്‍ നിന്നും നേതൃത്വം ഏറ്റുവാങ്ങാന്‍ യുവനേതാക്കള്‍ ബാക്കിയുള്ളകൊണ്ട് പാര്‍ട്ടി ഇവിടെ ഇനിയും ജയിക്കും,തീര്‍ച്ച.
ഞങ്ങള്‍ക്ക് സ്വന്തമായി ഒരു കോട്ടമൈതാനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന പ്രമുഖനേതാക്കള്‍ വാഗ്ദാനങ്ങള്‍ വാരിവിതറുന്നത് ഇവിടെയാണ്. ഇവിടെ എത്തിയ ഏറ്റവും വലിയ നേതാവ് മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തന്നെ.
ഇവിടെയുള്ള ഒരേ ഒരു പാര്‍ട്ടി ഓഫീസ് സി.പി.എം.ന്‍റേതാണ്. സഖാവ് രാമകൃഷ്ണന്‍ സ്മാരക മന്ദിരത്തിലാണ് പാര്‍ട്ടി ഓഫീസ് സ്ഥിതിചെയ്യുന്നത്.
പുള്ളോടിന്‍റെ ഹൃദയം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന പോസ്റ്റ് ഓഫീസ് ജംങ്ഷനില്‍ ഇപ്പഴും തുടുത്തു നില്‍ക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രങ്ങളും സഖാവ് രാമകൃഷ്ണന്‍റെ ഓര്‍മ്മക്കായുള്ള സ്മൃതി മണ്ഡപവും കാണാം.....
''ഇന്നാണ് നമ്മുടെ നാട്ടിലെ പൂരോം മേളോം മാളോരേ.....''
''നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....''
എന്നിങ്ങനെയുള്ള ഗാനങ്ങളും നാടകങ്ങളുമൊക്കെയായി മെയ് ഒന്നിന് (തൊഴിലാളി ദിനത്തില്‍)അരങ്ങിലെത്തുന്ന 'യുവജനകലാസമിതി' എന്ന ക്ലബും പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍നോട്ടത്തില്‍ തന്നെ... കണ്ണാമണിടീച്ചര്‍ സ്മാരക ഭവനിലാണ് യുവജന കലാസമിതി ഓഫീസ്.
ചെങ്കൊടിയേന്താന്‍ പുള്ളോടില്‍ ഇത്രയൊക്കെ ചുറ്റുപാടുണ്ടായിട്ടും ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഈങ്ക്വിലാബ് വിളിക്കാതിരുന്നത് പത്രം വായിച്ചുതുടങ്ങിയ കാലം മുതല്‍ ശ്രീ.കെ.കരുണാകരനോട് തോന്നിയ ആരാധനയാണ്, അതിപ്പോഴും തുടരുന്നൂ...


No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...