Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 4


ചരിത്ര പ്രസിദ്ധമായ നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ശിവക്ഷേത്രം. അതില്‍ തന്നെ ശിവപാദം തഴുകി കടന്ന് പോകുന്ന പുഴകളുള്ളവ പിന്നെയും കുറച്ച് മാത്രം. ഇവിടെ പൂജാമന്ത്രങ്ങള്‍ക്കൊപ്പം കളകളം പറഞ്ഞൊഴുകുന്ന ഗായത്രിപുഴ ശിവക്ഷേത്രത്തിന്‍റെ മാറ്റ് കൂട്ടുന്നു.
കിലോമീറ്ററുകള്‍ യാത്രചെയ്ത് മണീക്കൂറുകള്‍ വരിനിന്ന് ഒരു നിമിഷം മാത്രം ഭഗവാന്‍റെ മുന്നില്‍ നിന്നു പ്രാര്‍ത്ഥിക്കാന്‍ അവസരം കിട്ടുന്ന ലോകത്തെവിടെയുള്ള അമ്പലങ്ങളേക്കാളും പുള്ളോടുകാര്‍ക്ക് പ്രിയം ഈ ശിവക്ഷേത്രം തന്നെ.
സംഹാരമൂര്‍ത്തിയായ ശിവനാണ് പ്രതിഷ്ഠ. വലതു വശത്തായി ഗണപതിയും ഇടതുവശത്തായി നരസിംഹമൂര്‍ത്തിയും കൃഷ്ണനും, പിന്നെ പുറത്തായി അയ്യപ്പനും കുടികൊള്ളുന്നു.
ക്ഷേത്രത്തിന്‍റെ മുന്നിലായി സമീപത്ത് ഒന്നും ഇല്ലാത്ത അത്ര വലിയ അമ്പലകുളം കാണാം. വേനല്‍ കാലത്തും വറ്റാത്ത ഈ കുളം തന്നെയാണ് അമ്പലത്തിലേക്ക് വരുന്ന കൂടുതല്‍ ഭക്തന്‍മാരും കുളിക്കാനായി ഉപയോഗിക്കുന്നത്.
ദീപാവലിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം .
ആനയും, പഞ്ചവാദ്യവും, കരിമ്പും കച്ചവടക്കാരും ഒക്കെയായി ദീപവലി ആഘോഷിക്കുന്ന മറ്റൊരു ശിവക്ഷേത്രം എന്‍റെ അറിവില്‍ പാലക്കാട് ഇല്ല. അതുകൊണ്ട് തന്നെ രണ്ടു ദിവസം-ദീപാവലി & വാവുത്സവം- ആളൊഴിഞ്ഞ അമ്പലമുറ്റം കാണുക പ്രയാസം.
പുള്ളോടുകാരുടെ വിവാഹസ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന കല്യാണമണ്ഡപവും ഈ ക്ഷത്രത്തില്‍ തന്നെ..
'' എന്നോടെന്തിനീ പിണക്കം.....
എന്നുമെന്തിനാണെന്നോടു പരിഭവം......''
എന്ന് താമരപാടിയതും,
ഒടുവില്‍ താമരയെ സംശയിച്ച് പെരുമലയന്‍ അവളെ കൊന്നതും ഞങ്ങളുടെ ഈ ഊട്ടുപുരയില്‍ വച്ചായിരുന്നു...
അതെ, സുരേഷ് ഗോപിക്ക് ദേശീയ അവാര്‍ഡ് നേടികൊടുത്ത ജയരാജിന്‍റെ 'കളിയാട്ടം' ഫിലിമിലേക്ക് പകര്‍ത്തിയത് ഈ അമ്പലപരിസരത്ത് നിന്നായിരുന്നു...
ഗള്‍ഫില്‍ എല്ലുമുറിയെ പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് മുരളി എന്ന ചെറുപ്പക്കാരന്‍(മോഹന്‍ ലാല്‍) ഉപജീവനത്തിനായി വാങ്ങിയ ഗള്‍ഫ് മോട്ടേര്‍സ് എന്ന ബസ്സ് തോഴിലാളി സംഘടനക്കാര്‍ തല്ലിതകര്‍ത്തത് ഞങ്ങളുടെ കണ്‍മുന്നിലായിരുന്നു. കേരളത്തില്‍ ബിസിനസ് വളരില്ല എന്ന് പറയാന്‍ ശ്രി.വാജ്പേയ് ഉദാഹരണമായി പറഞ്ഞ ആ മുരളിയുടെ കഥ മോഹന്‍ലാലിനെ വച്ച് സിനിമയാക്കി 'വരവേല്‍പ്' എന്ന പേരില്‍ നമുക്ക് നല്‍കിയത് സത്യന്‍ അന്തിക്കാട് ആയിരുന്നു, പുള്ളോടിനെ ക്യാമറകണ്ണിലൂടെ ഒപ്പിയെടുത്തത് വിപിന്‍ മോഹനും..
ശരത്തും ശ്രീജയും അഭിനയിച്ച ''ആഭരണച്ചാര്‍ത്ത്'' എന്ന ഐ.വി.ശശി ചിത്രത്തിലും ഞങ്ങളുടെ ഈ ശിവക്ഷേത്രവും അമ്പലകുളവും തന്നെയാണ് തിരശീലയില്‍ മിന്നിമറഞ്ഞത്..
സിനിമാ ക്യാമറകള്‍ ഒപ്പിയെടുക്കാത്ത ഒരുപാട് സൗന്ദര്യം ഇനിയും ബാക്കിയുണ്ട് ഈ അമ്പല പരിസരത്തുതന്നെ .... സുധീര്‍കുമാര്‍ മിശ്രയെ കാത്തിരുന്ന വിമലയെ പോലെ,
മരണം കാത്തിരിക്കുന്ന അമര്‍ സിംഗിനെ പോലെ,
സഞ്ചാരികളെ കാത്തിരിക്കുന്ന നൈനിറ്റാളിനെ പോലെ ഞങ്ങളും കാത്തിരിക്കുകയാണ്....
പുള്ളോടിന്‍റെ മുഴുവന്‍ സൗന്ദര്യവും അഭ്രപാളികളില്‍ പകര്‍ത്താനെത്തുന്ന സംവിധായകനേയും ക്യാമറാമാനേയും......



No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...