Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 2



തസ്രാക്കില്‍ ഒരു ചിതലിമലയുണ്ട്. ശ്രീ.ഒ.വി.വിജയന്‍ 'ഖസാക്കിന്‍റെ ഇതിഹാസത്തില്‍' വാക്കുകള്‍ കൊണ്ട് വരച്ച് കാണിച്ചുതന്നിട്ടുമുണ്ട് ആ ചിതലിമലയെ. തസ്രാക്ക് ഉപേക്ഷിച്ച് പോവാന്‍ രവി കാത്തുനില്‍ക്കുന്ന അവസാന പേജ് വായിച്ചുതീര്‍ന്നിട്ടും ആ ചിതലിമല മാത്രം, വിജയന്‍റെ ഇതിഹാസത്തിലെ ആ ചിതലിമല മാത്രം , മനസ്സില്‍ കയറിയില്ല.
അതിനൊരു കാരണമുണ്ട്, ഞങ്ങള്‍ പുള്ളോട് കാര്‍ക്ക് സ്വന്തമായി ഒരു ചിതലിമല ഉണ്ട്. കഷ്ടിച്ച് നാന്നൂറ് മീറ്റര്‍ ഉയരമുള്ള , അതിന് മുകളില്‍ നിന്നും പുള്ളോട് മുഴുവന്‍ നോക്കികാണാന്‍ കഴിയുന്ന ഞങ്ങളുടെ സ്വന്തം ചിതലിമല.
മലമുകളിലെ കാഴ്ചകളില്‍ പ്രധാനം നീണ്ടുകിടക്കുന്ന നെല്‍പാടങ്ങളാണ്, നൂലിഴകള്‍ പോലെ അവയെ വേര്‍തിരിക്കുന്ന അതിര്‍ വരമ്പുകളും കാണാം....
കാതു കൂര്‍പ്പിച്ചാല്‍ ഒഴുകിയെത്തും മലയുടെ മറുവശത്തുള്ള എല്‍.പി.സ്കൂളിലെ കുരുന്നുകളുടെ കലപില ശബ്ദം.....
മണ്‍പാതകളെ വേരോടെ പിഴുതെറിഞ്ഞെത്തിയ ടാറിട്ട റോഡുകള്‍ രക്തയോട്ടം നിലച്ച കറുത്ത ഞരമ്പുകള്‍ പോലെ പുള്ളോടിന്‍റെ വിരിമാറിലൂടെ തലങ്ങും വിലങ്ങും പോകുന്നത് കാണാം.
വൈകിയാല്‍, ധാന്യമണികള്‍ ശേഖരിച്ച് വരിവരിയായി മടങ്ങുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെ പോലെ പണികഴിഞ്ഞ് വരമ്പിലൂടെ പോകുന്ന പാടത്ത് പണിക്കാരെ കാണാം...
അവസാനം, ലോകത്തിന്‍റെ ഒരു വശം മുഴുവന്‍ പ്രകാശം നല്‍കി ഒടുവില്‍ ഒരു ചുവന്ന അഗ്നിഗോളമായി വീഴുമലയുടെ മറവിലേക്ക് താഴുന്ന സൂര്യനും ....
ഇനിയുമുണ്ട് ഏറെ പറയാന്‍, അവയൊക്കെ കണ്ണുകളിലൂടെ കയറി ഹൃദയത്തിലെത്തുമെങ്കിലും വാക്കുകളിലൂടെ പുറത്തെടുക്കുക പ്രയാസം.
ഇതിനുമുകളില്‍ അയ്യപ്പക്ഷത്രമുണ്ട്. പൂജാരി എന്ന മീഡിയേറ്റര്‍ ഇല്ലാതെ നമുക്കുതന്നെ നടക്കല്‍ കര്‍പ്പൂരവും ചന്ദനത്തിരിയും കൊളുത്താന്‍ കഴിയുന്ന ഒരു ചെറിയ ഒറ്റമുറിയില്‍ കഴിയുന്ന അയ്യപ്പനെ കണാനും പുള്ളോടുകാര്‍ മലകയറി എത്താറുണ്ട്. മണ്ഡലമാസത്തെ കാലത്തെ അയ്യപ്പന്‍ വിളക്കുത്സവത്തിന് മലമുകളിലിരുന്ന് രാത്രി മുഴുവന്‍ അയ്യപ്പന്‍മാര്‍ ആലപിക്കുന്ന ഭക്തിഗാനങ്ങള്‍ പുള്ളോടിന്‍റെ മൊക്കും മൂലയും എത്തും....
കൂട്ടുകാര്‍ക്കൊപ്പം ആഘോഷങ്ങള്‍ പങ്കിടാറുള്ള അല്ലു അര്‍ജുന്‍ സിനിമയിലെ ലൈറ്റ് ഹൗസ് പോലെ കൂടിയാണ് ചിതലിമല.
ഒരു വലിയ ഹണീബി ബോട്ടിലിന്‍റെ കഴുത്തറുത്ത് ഞാനുമിവിടെ ആഘോഷിച്ചിട്ടുണ്ട് ഏതോ ഒരു പിറന്നാള്‍ ...
പാമ്പും പഴുതാരയും പുറത്തിറങ്ങുന്ന രാത്രിക്കുമുമ്പേ മലയിറങ്ങുമ്പോള്‍ പുള്ളോടിന്‍റെ ഒരുപാട് നല്ല ചിത്രങ്ങള്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ടാവും, ചിലത് ചലിക്കുന്നവയും മറ്റു ചിലത് ചലിക്കാത്തവയും....

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...