Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 3

ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള മലയാളത്തിന്‍റെ തിരക്കഥാകൃത്ത് ലോഹിതതദാസ് ആദ്യമായി സംവിധാനം ചെയ്ത 'ഭൂതക്കണ്ണാടി' എന്ന ചിത്രം ലണ്ടണിലെ ഒരു ഫിലിം ഫെസ്റ്റ് വെല്ലില്‍ പ്രദര്‍ശിച്ചപ്പോള്‍ ഒരു ജര്‍മ്മന്‍ എഴുത്തുകാരന്‍ ചോദിച്ചുവത്രെ,
'ഇതിന്‍റെ കഥയും മറ്റു ജോലികളും പൂര്‍ത്തിയായ ശേഷം ഇതുപോലുള്ള വഴികളും സ്ഥലവും തേടി ഒരുപാട് അലഞ്ഞിട്ടുണ്ടാവും അല്ലേ '
എന്ന് ..
ലോഹിതദാസ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞിതിങ്ങനെയാണ്
'' ഈ ഇടവഴികളും ഈ സ്ഥലങ്ങളും കണ്ടിട്ടാണ് ഞാനീ കഥ എഴുതിയത്. ഈ ഇടവഴികളും കൂടെ ചേര്‍ന്നതാണ് എന്‍റെ ഗ്രാമത്തിന്‍റെ സൗന്ദര്യം ''
അതെ, ലോഹി പറഞ്ഞത് സത്യമാണ്...
പുള്ളോടിന്‍റെ ഗ്രാമഭംഗിക്കും ഈ ഇടവഴികളുടെ സൗന്ദര്യമുണ്ട്.
ഇപ്പഴുമുണ്ട് ഒരുപാട് ഇടവഴികള്‍ ഇവിടെ, ചിലത് ആരുമുപയോഗിക്കാതെ കാടുപിടിച്ചവയും മറ്റു ചിലത് ആളുകളുടെ കാല്‍പാദങ്ങളെ ചുംബിക്കാന്‍ അവസരം കിട്ടുന്നവയും..
ഈ ഇടവഴികള്‍ കുറുക്കുവഴികള്‍(എളുപ്പവഴിള്‍) കൂടിയാണ്. പ്രധാന പാതയിലൂടെ അഞ്ഞൂറു മീറ്ററോളം സഞ്ചരിക്കണ്ട ദൂരം ഈ കുറുക്കുവഴികള്‍ നൂറു മീറ്റര്‍ വരെയായി കുറച്ചേക്കാം. വാഹനത്തില്‍ നിന്നിറങ്ങി നടന്ന് യാത്ര ചെയ്യാന്‍ കൂട്ടാക്കാത്ത നഗരസംസ്കാരം പിന്തുടരാന്‍ ശ്രമിക്കുന്ന ഗ്രാമവാസികള്‍ കാരണമാണ് പല ഇടവഴികളും കാടുപിടിച്ചു കിടക്കാന്‍ കാരണം.
ഇടവഴികളിലൂടെയുള്ള യാത്ര രസകരമാണ്.വീതികുറഞ്ഞ വഴിയായതിനാല്‍ ഇരുഭാഗത്തുമുള്ള വേലികളില്‍ പടര്‍ന്നു നില്‍ക്കുന്ന വള്ളികള്‍ കണ്ണിലോ മുഖത്തോ കൊള്ളാതിരിക്കാന്‍ ശ്രദ്ധയൂന്നണം. മടക്കിയുടുക്കാനായ് എടുക്കുന്ന മുണ്ട് ഏതെങ്കിലും ഒരു വശത്തുള്ള മുള്ളില്‍ കോര്‍ത്തിരിക്കുമെന്ന് ഉറപ്പ്.
ഇതിലൂടെയുള്ള തനിച്ചുള്ള യാത്ര ചെറുതായി ഭയപ്പെടുത്തുന്ന
വയാണ്.
തണുപ്പു പറ്റി വേലിയുടെ ഓരം ചേര്‍ന്ന് സുഖമായുറങ്ങുന്ന പൂച്ചയോ പട്ടിയോ കാല്‍പെരുമാറ്റം കേട്ട് ഉണര്‍ന്ന് കുതിച്ച് പായുംബോള്‍ നമ്മുടെ ഹൃദയമിടിപ്പ് കൂടും.
തീര്‍ത്തും നിശബ്ദമായ ഈ യാത്രയില്‍ നേര്‍ത്ത ശബ്ദത്തോടെ വേലിപ്പടര്‍പ്പിനിടയിലൂടെ തല മാത്രം പുറത്തേക്കിടുന്ന ഒന്തോ അണ്ണാനോ ചേരയോ നമ്മളെ രണ്ടടി പുറകോട്ട് നടത്തും.
ഇവയും ഉടനെ നശിച്ചില്ലാതാവും.
ടാറിട്ട വീതികൂടിയ റോടുകള്‍ ഒരുവശത്തുള്ളപ്പോള്‍ ഇവയെ വെട്ടിതെളിച്ച് ഗതാഗതയോഗ്യമായ വീഥികളാക്കി മാറ്റില്ല എന്നുറപ്പ്, അതിനാല്‍ തന്നെ വേഗമേറിയ ഈ ജീവിതത്തില്‍ നടന്നുള്ള യാത്രകള്‍ ഒഴുവാക്കപ്പടേണ്ടിവരുമെന്നതിനാല്‍ കാടുപിടിച്ച് നശിക്കാനാണ് കൂടുതല്‍ സാധ്യത.
ജീവിതത്തില്‍ എന്നെങ്കിലും പുള്ളോടോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇടവഴികളുള്ള ഗ്രാമങ്ങളോ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയാല്‍ ഈ ഇടവഴികളിലൂടെ ഒന്ന് യാത്ര ചെയ്യണം.
ഒരു ബ്ലൂവെയില്‍ ടാസ്ക്കിനെ ഓര്‍പ്പിക്കുന്ന തരത്തില്‍ അല്‍പം ഭയപ്പെടുത്തുന്നവയായിരിക്കും ഈ യാത്ര.എന്നാല്‍ പിന്നിടുള്ള മെട്രോയാത്രയിലും ആകാശയാത്രയിലും ഒക്കെ ഈ ഇടവഴിയാത്ര ഓര്‍മയിലെത്തും, തീര്‍ച്ച.


No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...