Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 9



ആര്‍ത്തലച്ച് തിരയടിക്കുന്ന കടലുകള്‍ ഞങ്ങള്‍ പാലക്കാടുകാര്‍ക്കില്ല, പകരം കുത്തിയൊലിച്ചുപായുന്ന നിളയും കുന്തിപ്പുഴയുമൊക്കെയാണ്.
അതുപോലെ തന്നെ ശാന്തമായി നോക്കത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന കായലുകളുമില്ല, അതിനുപകരം അവയുടെ ചെറുപതിപ്പായ കുളങ്ങളാണ്‌.
പുള്ളോടിന്‍റെ ജല സൗന്ദര്യം കൂട്ടാന്‍ ഇവിടെയുണ്ട് ഒട്ടേറെ കുളങ്ങള്‍..
ഈ കുളങ്ങള്‍ ഒക്കെ എങ്ങനെ ഉണ്ടായി അതിനു പുറകില്‍ എന്തെങ്കിലും കഥകള്‍ ഉണ്ടോ എന്നൊന്നും പഴമക്കാര്‍ക്കുപോലും പരിജ്ഞാനം പോര, ഇവയെ കുറിച്ച് പറയുന്ന ഗ്രന്ഥങ്ങളും ഇല്ല.
അമ്പലകുളം, പൂതംകുളം, മുണ്ടക്കോട്ട് കുളം, പുല്ലോഴികുഴം, ചെറുക്കുളം, ലക്ഷംവീട് കുളം എന്നിവയാണ് പ്രധാനപ്പെട്ട കുളങ്ങള്‍.
ശിലക്ഷേത്രത്തിനു മുന്നിലെ ഒരിക്കലും വറ്റാത്ത അമ്പലകുളം തന്നെ ഏറ്റവും വലുത്.
വേനല്‍ വളരെ കടുത്തതായാല്‍ മാത്രമേ ഇവയില്‍ പലതും വറ്റാറുള്ളൂ...
അതുകൊണ്ടുതന്നെ അതത് പ്രദേശത്തെ വീട്ടുകാര്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്നതും ഈ കുളങ്ങള്‍ തന്നെ
അലക്കും കുളിയും മാത്രമല്ല ചിലവൈകുന്നേരങ്ങളിലെ അന്തിചര്‍ച്ചയും ഇവിടെയാണ്. വീടുകളില്‍ നിന്നും വളരെ അകലെയല്ലാത്തതിനാല്‍ ഏറെ വൈകി കുളങ്ങളിലെത്തി കഴുത്തറ്റം വെള്ളത്തില്‍ നിന്നാവും ദേശീയവും അന്തര്‍ ദേശീയവുമായ വിഷയങ്ങള്‍ ആവേശത്തോടെ ചര്‍ച്ച ചെയ്യുക.
ചിലകുളങ്ങളില്‍ മീന്‍ വളര്‍ത്തലും ഉണ്ട്, മറ്റുള്ളവ നേരം പോക്കിനായി മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നവയും ആണ്.
മഴക്കാലമായതിനാല്‍ ചിലത് കലങ്ങിമറിഞ്ഞും, ചിലത് ചെടികളാല്‍ മൂടപ്പെട്ടും ആണ് ഇപ്പോഴത്തെ അവസ്ഥ.
മനുഷ്യശരീരത്തിന്‍റെ നിലനില്‍പ്പിന് ജലം അവശ്യഘടകമാണ്; അതുപോലെ തന്നെയാണ് നാടിനും.
ഏതോ ദൈവഹിതം പോലെ നിലകൊള്ളുന്ന ഈ കുളങ്ങള്‍ കൊണ്ട് അനുഗ്രഹീതയായി തീര്‍ന്ന പുള്ളോട്ടില്‍ ജലക്ഷാമം വരുക കൊടും വരള്‍ച്ചയില്‍ മാത്രമാവും, അതിനി അടുത്തകാലത്തൊന്നും ഉണ്ടാവല്ലേ എന്ന പ്രാര്‍ത്ഥനയോടെ....





No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...