Thursday, September 21, 2017

പുള്ളോട് നൊസ്റ്റാള്‍ജിയ ഭാഗം 1


വിദ്യാഭ്യാസകാലഘട്ടത്തെ കുറിച്ച് ഓര്‍ക്കുമ്പോൾ മനസ്സില്‍ ഓടിയെത്തുന്നത് കോച്ചിന്‍ യുണിവേഴ്സിറ്റി കോളേജിന്‍െ കെട്ടിടങ്ങളേക്കാള്‍ പുള്ളോട് ജി.എല്‍.പി.സ്കൂള്‍ ആണ്.
ചെമ്മണ്ണ് കൊണ്ട് മെഴുകിയ നിരപ്പല്ലാത്ത തറയിലെ ആടുന്ന ബെഞ്ചിൽ ഇരിക്കുമ്പോൾ ഓല മേഞ്ഞ മേൽകൂരയിലെ ദ്വാരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വട്ടം വട്ടം സൂര്യ രശ്മികൾ കാണും ദേഹത്ത് അല്ലെങ്കിൽ നിലത്ത് അതുമല്ലെങ്കിൽ ബോർഡിൽ ....
മഴ പെയ്ത് തോർന്ന സമയത്താണെങ്കിൽ ജല കണങ്ങൾ താഴേക്ക് വീഴുന്നത് പിടിക്കാൻ ഓടി നടക്കും..
അവിടെയിരുന്നാണ് മലയാളം എഴുതാനും വായിക്കാനും പഠിച്ചത്.
വൈകുന്നേരത്ത കൂട്ട ബെല്ല് കേൾക്കുന്നതോടെ ചെമ്മണ്ണ് പുരണ്ട ദേഹത്തോടെ സഞ്ചിയും എടുത്ത് വീട്ടിലേക്ക് ഓടുന്ന ഒന്ന് മുതൽ നാല് വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾ. സ്ലേറ്റും , ചോറു പാത്രവും അതിനകത്തുള്ള കൂട്ടാൻ പ്ലേറ്റും എല്ലാം ചേർന്ന് എല്ലാവരുടെ സഞ്ചിയും ഒരേ താളത്തിൽ കിലുങ്ങുന്നുണ്ടാവും .
കുറച്ച് ദൂരം കഴിയുമ്പോഴേക്കും മഴയെത്തും .. പിന്നെ മഴ നനഞ്ഞ് ടാറും ടൈൽസും ഒന്നുമില്ലാത്ത മൺ പാതയിലൂടെ ഒഴുകി വരുന്ന വെള്ളം പരസ്പരം തെറുപ്പിച്ച് ഒരു യാത്ര.
അതൊക്കെ പിന്നീട് പഠിച്ച കോളേജില്‍ നിന്നുള്ള ബൈക്കിലും ബസ്സിലും ഒക്കെയുള്ള മടക്കയാത്രകളേക്കാള്‍ മനംകുളിരുന്നത് ആയിരുന്നു.
അച്ചടിമഷി പുരണ്ട പത്ത് പണ്ട്രണ്ടു കഥകളിലെയോ ,അല്ലെങ്കിൽ ഒർക്കൂട്ടിലൊ , ഫേസ് ബുക്കിലോ,ബ്ലോഗിലോ,മെസ്സേജിലോ,
വാട്സ്ആപ്പിലൊ, മെയിലിലോ ഞാൻ തന്ന കഥയിലേയോ നുറുങ്ങുകളിലേയോ വരികളോ വാചകങ്ങളോ നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ അത് ആ ഓല മേഞ്ഞ കെട്ടിടത്തിൽ ഇരുന്നു വക്ക് പൊട്ടിയ സ്ലേറ്റിൽ മഷി തണ്ട് കൊണ്ട് മാച്ച് മാച്ച് ഞാൻ എഴുതി പഠിച്ച 'തറ'യുടെയും 'പറ'യുടെയും മഹത്വം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട് തന്നെ ആണ് പ്രവീൺ എന്ന് എവിടെ എങ്കിലും എഴുതി പിടിപ്പിക്കാൻ അവസരം ലഭിക്കുമ്പോൾ 'പുള്ളോട് ' എന്ന് കൂടി ഞാൻ കൂടെ ചേർക്കുന്നത്‌ .
NB:- എന്നെ കൊണ്ടുപോകാനെത്തിയ ചിത്രഗുപ്തന്‍റെ അനുയായികളില്‍ നിന്നും എനിക്ക് കുറച്ച് ദിവസത്ത അവധി ചോദിച്ചുവാങ്ങിയ കോവൈ മെഡിക്കല്‍ സെന്‍ററിലെ ഡോ.ശാന്തകുമാര്‍ നിര്‍ദ്ദേശിച്ച രണ്ടുമാസത്ത വിശ്രമത്തിനായ് ഞാന്‍ ഇപ്പോള്‍ പുള്ളോട് ഉണ്ട്.
അതിനാന്‍ നൊസ്‌റ്റാള്‍ജിയ പോസ്റ്റുകള്‍ ഇനിയും വരാം, നിങ്ങള്‍ക്ക് ഇഷ്ടമല്ലങ്കില്‍ ബ്ലോക്ക് ഓപ്ഷന്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍ നിന്നും ഏറെ അകലെ അല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്നു.




No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...