Saturday, October 3, 2015

ചെറുകഥ ::സ്വപ്നങ്ങളുടെ മരണം

ബോംബെയിലെ മംസകച്ചവടക്കാരന്റെ പുറകെ ,മുഷിഞ്ഞ കുറെ നോട്ടുകളും പോക്കറ്റില്‍ തിരുകി
നടക്കുമ്പോളും എന്റെ മനസ്സില്‍ അവള്‍ മാത്രമായിരുന്നു  ..
സോന !!!
പതിനൊന്നു വര്‍ഷത്തെ മൂകമായ പ്രണയത്തിനോടുവില്‍ സ്വന്തമാക്കാനുള്ള
സമയത്ത്  ഉത്തരേന്ത്യയിലേക്ക്
ഒരു ഹിന്ദിക്കാരനോടൊപ്പം  പറന്നകന്ന എന്‍റെ സോന ..
അവള്‍ പോയിട്ട് ആറ് വർഷം കഴിഞ്ഞെങ്കിലും  ആ മുഖവും ഓര്‍മ്മകളും ഇപ്പഴും മനസ്സില്‍ മായാതെ 
കിടക്കുന്നത് പതിനൊന്നു വര്‍ഷത്തെ മൂകമായ പ്രണയത്തിന്റെ ചില ഓര്‍മകള്‍ മനസ്സില്‍ ഇപ്പോഴും
അവശേഷിക്കുന്നത് കൊണ്ടാവും ..
"ആയിയെ സാബ് ,ഇതെര്‍ ബൈട്ടിയെ .."
കക്ഷത്തിരുന്ന ഡയറി എടുത്ത് അയാള്‍ ഇരിപ്പിടം ചൂണ്ടിക്കാട്ടിയശേഷം അകത്തേക്ക് പോയി .
അധികം വൈകാതെ മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി ഒരു തടിച്ച സ്ത്രീ പുറത്തേക്ക് വന്നു .
മാറിടത്തിന് മുകളില്‍ ഇട്ടിരുന്ന തുണിക്ക് വലിപ്പം പോരെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു .
വയര്‍ഭാഗം ഏറെയും പുറത്തു കാണാം  .
"ആപ്കോ മലയാളി ചായിയെ ?"
പുരുഷന്റെത് പോലുള്ള പരുക്കന്‍ ശബ്ദത്തില്‍ അവള്‍ ചോദിച്ചു .
ഒരു രാത്രി ആസ്വദിക്കാൻ  ഒരു പെണ്ണ് .
ലൈന്ഗീകതയില്‍ ഭാഷയുടെ പങ്കെന്ത് ?
എന്ന് ചോദിക്കണം എന്ന് കരുതിയതാണ് .
എങ്കിലും ...
" ജി ഹാ മലയാളി "
എന്ന് മനസ്സു പറയിപ്പിച്ചു ..
തളര്‍ന്നുറങ്ങുമ്പോള്‍ എന്തെങ്കിലും മിണ്ടാന്‍ മലയാളമാവും ഏറ്റവും അനുയോജ്യം .
പിന്നീട് എപ്പോളെങ്കിലും ഒരു തെരുവ് വേശ്യയുടെ കഥ എഴുതേണ്ടി  വന്നാല്‍ അതില്‍ ചേര്‍ക്കാന്‍
എന്തെങ്കിലും ഇവളില്‍ നിന്നും ഇപ്പോഴേ ചോര്‍ത്തിയെടുക്കുകയുമാവാം , ഞാന്‍ കരുതി .
"പൈസ ദേനേ കെ ഭാദ് തും 3rd നമ്പര്‍ കമരേ മി വെയിറ്റ് കരോ "
ആ തടിച്ച സ്ത്രീയുടെ ഹിന്ദിയും ഇന്ഗ്ലിഷും കലര്‍ന്ന വാക്കുകള്‍ അധികമൊന്നും മനസ്സിലായില്ലെങ്കിലും
അഞ്ഞൂറിന്റെ നാല് മുഷിഞ്ഞ നോട്ടുകള്‍ അവളുടെ കയ്യില്‍ വച്ചു ഞാന്‍ മുറിയിലേക്ക് കേറിപ്പോയി .
കുറ്റബോധം തീര്‍ക്കാന്‍ , അല്ലെങ്കില്‍ അല്പം ധൈര്യത്തിനായി ദീപകിന്റെ കൈയില്‍ നിന്നും വാങ്ങിയിരുന്ന
ചാരായ ബോട്ടിലിന്റെ അടപ്പ് ഞാന്‍ തുറന്നു .
അല്പം വായ്ക്കകത്തേക്ക്  കമഴ്ത്തി .
പലതും മറക്കാന്‍ മദ്യം ഉപയോഗിച്ചാല്‍ മതി എന്നും ,
എന്തും മറപ്പിക്കാന്‍ മദ്യത്തിന് കഴിയും
എന്നും ആരോ എന്നെ പഠിപ്പിച്ചിരുന്നു ,
പക്ഷെ ആറ് വർഷം കൊണ്ടു എനിക്ക് സോനയെ പോലെ തന്നെ മദ്യത്തെയും മറക്കാന്‍ വയ്യാതായി ..

പന്മാസലയും , ചാപ്പ് ഘൈനികളും വിദേശ മദ്യവും നാടന്‍ ചാരായവും ബ്രാൻഡും അളവും നോക്കാതെ
അകത്താക്കുംബോളും പുകവലി ശീലമാവാതിരിക്കാന്‍ ശ്രമിച്ചത്‌  ,അല്ലെങ്കില്‍ അത് ഒരിക്കലെങ്കിലും
നോക്കാന്‍ ശ്രമിക്കാതിരുന്നത്  എന്തുകൊണ്ടാവും ..?
"പ്രശാന്ത് , എന്‍റെ അച്ഛന്‍ ഒരു ചെയിന്‍ സ്മോക്കെര്‍ ആയിരുന്നു ..അതുകൊണ്ട് , എനിക്ക് ഒരിക്കലും
ഇഷ്ട്ടപെടാത്തതും അത് മാത്രമാണ് , സ്മോക്കിംഗ്..
നിങ്ങള്‍ ഒരിക്കലും വലിക്കരുത് ..പുകവലി  ഇല്ലാത്ത 
ആദ്യ എഴുത്തുകാരനാവണം നിങ്ങള്‍ .."
ഒരിക്കല്‍ സോന അങ്ങനെ പറഞ്ഞതുകൊണ്ടാവും ഇപ്പോഴും വലിക്കാന്‍ തോന്നാതിരിക്കുന്നത് .
വീണ്ടും അവളുടെ ഓര്‍മ്മകള്‍ ..
മുഷിഞ്ഞ നോട്ടുകള്‍ കവാടത്തിലെ സ്ത്രീയുടെ കയ്യില്‍ പിടിപ്പിച്ചു ചാരായത്തിന്റെ ലഹരിയില്‍
ആസ്വദിക്കാനായി  വരാന്‍ പോകുന്ന പെണ്ണിനെ കാത്തിരിക്കുമ്പോഴും സോന നീ മാത്രം  എന്തെ
വീണ്ടും വീണ്ടും മനസ്സില്‍ കയറി വരുന്നു ...?
"ഭാഗ്യമുണ്ടെങ്കില്‍ ജീവിത വഴിത്താരയില്‍ വച്ചു എന്നെങ്കിലും കണ്ടുമുട്ടാം '
എന്ന് പറഞ്ഞു പോയ നീ ഇപ്പോള്‍ എവിടെ ആണ് സോന ?
ഈ മുംബൈ മഹാനഗരത്തിന്റെ അല്ലെങ്കില്‍ ബീഹാരിലെയോ
 മധ്യപ്രദേശിലേയോ ദല്‍ഹിയിലെയോ കൊടും തണുപ്പില്‍
 നവീന്‍ തൃപ്പാട്ടി എന്ന ഹിന്ദിക്കാരന്‍
ഭര്‍ത്താവിന്റെ പുതപ്പിനടിയില്‍ ചൂടു പിടിച്ചു കിടക്കുന്നുണ്ടാവും ,
പാവം ... ഉറങ്ങട്ടെ ..
സോന നീ എന്നോട് ക്ഷമിക്കുക ..
നീ എനിക്ക് നഷ്ട്ടപ്പെട്ടെ സപ്തംബർ  15 നു ശേഷമുള്ള ആറ് വര്‍ഷത്തെ ഓരോ രാത്രിയിലും
ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട് ..
ചാരായവും ബ്രാണ്ടിയും തലയ്ക്കു പിടിക്കുമ്പോഴും എനിക്ക് മറക്കാന്‍ കഴിയാത്ത മുഖം നിന്റേതു
മാത്രമായിരുന്നു .....
എന്നാല്‍ ഈ രാത്രിയില്‍ ഞാന്‍ നിന്നെ മറക്കാന്‍ പോകുന്നു ..
ദീപക്കിന്റെ ചാരായവും വരാന്‍പോകുന്ന പെണ്ണിന്റെ മാറിടവും നുകര്‍ന്ന് ഞാനും ആസ്വദിക്കട്ടെ  ഈ രാത്രി ..
ചാരായത്തിന്റെ ബോട്ടില്‍ തുറന്ന് അല്‍പ്പം കൂടി വായ്ക്കകത്തേക്ക് കമഴ്ത്തിയ ശേഷവും ലഹരി എന്നെ ബാധിച്ചില്ല ..
വാതില്‍ തുറന്ന് ഒരു പെണ്ണ് അകത്തേക്ക് വന്നു .
നോര്‍ത്ത് ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം  ധരിച്ചിരുന്ന അവളുടെ പൊക്കിള്‍ ചുഴി വരെ മാത്രമേ  ഞാന്‍
നോക്കിയുള്ളൂ ..
രണ്ടായിരം രൂപക്കുള്ളത് അവളില്‍ നിന്നും ലഭിക്കുമെന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ വീണ്ടും ചാരായത്തിന്റെ
ബോട്ടില്‍  തുറന്നു .
ആ ബോട്ടില്‍ കാലിയാക്കി കട്ടിലിനടിയിലേക്കു കയറ്റി വച്ചു ..
"നിങ്ങള്‍ മലയാളി ആണോ ?"
അവള്‍ ചോദിച്ചു .
വെറ്റിലകറപുരണ്ട പല്ലുകാട്ടി ചിരിച്ച് 'അതെ ' എന്ന് പറയാനാണ് തുനിഞ്ഞതെങ്കിലും ആ മുഖം
കണ്ടപ്പോള്‍ ആ ലഹരിയിലും അറിയാതെ കട്ടിലില്‍ നിന്നും എഴുന്നേറ്റു  പോയി ..
എന്നിട്ട് പതിയെ ചോദിച്ചു ..
"സോന നീ ഇവിടെ ?"
"സോറി പ്രശാന്ത് ഞാന്‍ ഇപ്പോള്‍ ഇവിടെയാണ് ..കൂടുതല്‍ ഒന്നും എന്നോട് ചോദിക്കരുത് പ്ലീസ് ....?"
അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. ..
" പതിനൊന്നു വർഷം പ്രണയിച്ചിട്ട് ആദ്യരാത്രിക്കായി കൊതിച്ചിരുന്ന എനിക്ക്
നിന്നോടോപ്പമുള്ള ഒരു രാത്രിക്ക് കൊടുക്കേണ്ടി വന്ന വില രണ്ടായിരം രൂപ ..
എന്നിട്ടും നിന്നോട് ഒന്നും ചോദിക്കരുത് അല്ലേ സോന ...?"
"പ്രശാന്ത് പ്ലീസ് !! ആ സ്നേഹം, ആത്മാർത്ഥത  എല്ലാം ഞാന്‍ മോഹിച്ചിരുന്നു ഒരിക്കല്‍ ...
പക്ഷെ എന്നെങ്കിലും എന്നെ അത് നേരിട്ടു അറിയിച്ചിരുന്നുവോ  ?
ഒരുപാടു പേരു എന്നോട് പറഞ്ഞിട്ടുണ്ട് ആ സ്നേഹത്തെ പറ്റി ,
ഒരുപാടു പേരു ചോദിച്ചിട്ടുമുണ്ട് പ്രശാന്തിന്റെ പെണ്ണല്ലേ എന്നും ?
എന്നിട്ടും ഒരിക്കലെങ്കിലും എന്തേ എന്നോട് ..?"
"നീ എനിക്കുള്ളതായിരിക്കുമെന്നു എന്‍റെ മനസ്സു പറഞ്ഞു ..
ഞാന്‍ പറയാതെ നീ എന്‍റെ മനസ്സു തിരിച്ചറിയാന്‍ ഞാന്‍ കൊതിച്ചു ..
പക്ഷെ നീ എന്നെ തോല്പിച്ചു, അന്ന് ..
ഇന്നു ഇപ്പോള്‍ രണ്ടാം തവണയും .."
"ഞാന്‍ ഒരിക്കലും പ്രശാന്തിനെ തോല്പ്പിച്ചിട്ടില്ല ..
മോഹിപ്പിച്ചു കടന്നു കളഞ്ഞിട്ടുമില്ല ..
പിന്നെ ഏതൊരു പെണ്ണും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പ്രശാന്ത് പറഞ്ഞില്ല ..
അതില്‍ ഞാന്‍ കുറ്റക്കാരിയവുന്നതെങ്ങനെ ?"
"നീ എങ്ങനെ ഇവിടെ എത്തി ..? നിന്റെ നവീന്‍ തൃപാട്ടി എവിടെ ?"
"ഹും !! ഇപ്പോഴും പ്രശാന്ത് ഓര്‍ക്കുന്നുവോ ആ പേര് ..?
ആറ് വര്ഷം കഴിഞ്ഞില്ലേ പ്രശാന്ത് ഞാന്‍ പോയിട്ട് ..?"
"വര്‍ഷങ്ങളുടെ കണക്കുകള്‍ നീ എന്നെ പഠിപ്പിക്കുന്നുവോ ?
കാലമെത്ര  കഴിഞ്ഞാലും നീ എന്‍റെ മനസ്സില്‍ ഉണ്ടാവും ..
നിന്നെ എന്‍റെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ എനിക്കാവില്ല ..
ഓരോ സപ്തംബർ 15 ഉം എന്‍റെ മനസ്സില്‍ ഒരായിരം സ്പോടനങ്ങള്‍ ഉണ്ടാക്കുന്നു ..
പറ നിനക്കെവിടെയാണ് പാളിപ്പോയത് ?"
"എവിടെ, ഇപ്പോളും അറിയില്ല പ്രശാന്ത് !!
പക്ഷെ ഒന്നെനിക്കറിയാം പാളിപ്പോയത് പ്രശാന്തിന്റെ കാര്യത്തില്‍ ആയിരുന്നു ..
ആ സ്നേഹത്തിനു നേരെ ഞാന്‍ വാശി പിടിക്കാന്‍ പാടില്ലായിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു .."
"സോന !! പറ നീ ഇവിടെ എങ്ങനെ എത്തി ..?"
"സപ്തംബർ 15 നു വീട്ടുകാരെയും പ്രശാന്തിനെയും എല്ലാം ഉപേക്ഷിച്ചു വരുമ്പോള്‍
എനിക്കറിയില്ലായിരുന്നു എന്‍റെ ജീവിതം ഇവടം വരെ എത്തുമെന്ന് ..
ഏതോ നേതാവിന് സമ്മാനിക്കാന്‍ മലയാളിയായ കന്നിപെണ്ണ് അന്വേഷിച്ചിറങ്ങിയ നവീന്‍ ത്രിപാട്ടിക്കു
മുന്നിലാണ് ഞാന്‍ അകപ്പെട്ടതെന്നു മുംബൈ മഹാനഗരത്തില്‍ എത്തിയ ശേഷമാണു ഞാന്‍ അറിഞ്ഞത് ..
അന്ന് നേതാവിന്റെ മുറിയിലേക്ക് എന്നെ കയറ്റിവിട്ട തൃപാട്ടിയെ പിന്നെ ഞാന്‍ കാണുന്നത് ഒരു മറാട്ടി
പത്രത്തിന്റെ ആദ്യ പേജില്‍ അച്ചടിച്ചു വന്ന ഫോട്ടോയില്‍ ആണ് ..
പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവായി തിരഞ്ഞെടുത്തു എന്ന വാര്‍ത്തയോടൊപ്പം ..
എന്നെ നേതാവിന് സമ്മാനിച്ചതിന് കിട്ടിയ പ്രതിഫലം ..
പിന്നെ കുറേക്കാലം ആ നേതാവിന് മാത്രമായി എന്നെ ഇവിടെ നിര്‍ത്തി ഇപ്പോള്‍ എല്ലാവരും .."
അവളുടെ തൊണ്ടയിടറി ..
നാടന്‍ ചാരായത്തിന്റെ അവസാന ബോട്ടിലിന്റെ അടപ്പും എനിക്ക് തുറക്കേണ്ടി വന്നു ..
"പ്രശാന്ത് ഒരുപാടു മദ്യപിച്ചിരിക്കുന്നു .."
അല്പം പരിഭവത്തോടെ പഴയ സോനയുടെ ഭാവത്തില്‍ അവള്‍ പറഞ്ഞു ..
"എന്തേ ഈ മദ്യത്തിന്റെ മണം നിനക്കു ഇഷ്ട്ടക്കേടുകള്‍ ഉണ്ടാക്കുന്നുവോ ?"
"സിഗാറിന്റെയും വിസ്കിയുടെയും മണമില്ലാത്ത ഒരു രാത്രിപോലും കഴിഞ്ഞ ആറ് വര്ഷമായി എന്‍റെ ജീവിതത്തില്‍ ഇല്ല ..
പിന്നെ അല്ലേ നാടന്‍ ചാരായത്തിന്റെ നേര്‍ത്ത ഗന്ധം എന്നെ അലോസരപ്പെടുത്താന്‍ ..
പിന്നെ സിഗരറ്റിന്റെ ഗന്ധം പ്രശാന്തില്‍ നിന്നും ഒരിക്കലും വരില്ലല്ലോ .."
ഒരു നേര്‍ത്ത പുഞ്ചിരിയോടെ ഞാന്‍ എന്‍റെ പഴയ കൂട്ടുകാരിയെ നോക്കി ..
അവള്‍ തുടര്‍ന്നു ..
"ആരും ചോദിച്ചില്ലേ പ്രശാന്ത് എന്തേ സിഗരറ്റ് വലിക്കാത്തത് എന്ന് .."
"ഹും !! ചോദിച്ചു .. ഒരുപാടു പേര്‍ ..ആര്‍ക്കും വെക്തമായ ഉത്തരം കൊടുക്കാതെ എന്‍റെ സ്വകാര്യ
രഹസ്യമായി ഞാനിപ്പോഴും അത് കൊണ്ടു നടക്കുന്നു ..."
"ലോകം ആരാധിക്കുന്ന ഒരു എഴുത്തുകാരനില്‍ നിന്നും ഒരു ദുശ്ശീലത്തെ 
ഒഴിവാക്കാന്‍ മാത്രമായിരുന്നു  എന്‍റെ നിയോഗം ..."
മനസ്സിന്‍റെ കടിഞ്ഞാണ്‍ നഷ്ട്ടപെടുന്ന പോലെ തോന്നിയപ്പോള്‍ ഞാന്‍
വീണ്ടും ചാരായത്തെ കൂട്ടുപിടിച്ചു ..
"സമയം പോകുന്നു ...പ്രശാന്ത് എന്താ ഞാന്‍ .......?"
കണ്ണുകള്‍ ഇറുക്കി അടച്ച് ഞാന്‍ പതിയെ വിളിച്ചു ,
"സോന "
"ഞാനിന്നു പഴയ സോന അല്ല ..എന്‍റെ ഒരു രാത്രിക്ക് രണ്ടായിരത്തില്‍ അധികം വിലവരും ..
വെറുതെ പണം ..."
" ഒരു ജീവിതം നിനക്കായ്‌ നഷ്ട്ടപെടുത്തിയവനാണ് ഞാന്‍ ..
നിന്‍റെ നഷ്ട്ടത്തെ ഓര്‍ത്തു ഇപ്പോളും ജീവിക്കുന്നവനാണ് ഞാന്‍ ..
പിന്നെ അല്ലേ നീ പറഞ്ഞ രണ്ടായിരം രൂപ .."
പിന്നെ കുറച്ചു സമയം അവള്‍ ഒന്നും പറഞ്ഞില്ല , ഞാനും ..
"ഈ മുംബൈ നഗരത്തില്‍ എന്തിന് വന്നു ..?"
കുറച്ചു നേരത്തെ മൌനത്തിനു ശേഷം അവള്‍ ചോദിച്ചു ..
"ഒരു അവാര്‍ഡ് ദാന ചടങ്ങ് ..നിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ എഴുതിക്കൂട്ടിയ വട്ടിനു എനിക്ക് കിട്ടിയ പ്രതിഫലം 
വാങ്ങാന്‍ വന്നതാണ്‌ ഞാന്‍ .."
"പ്രശാന്ത് ഒന്നും മറന്നില്ല ഇപ്പോളും .., ഈ ഒരുപാടു വൈകിയ വേളയിലും അല്ലേ ?"
"വൈകിയെന്നു ആരു പറഞ്ഞു ,നമുക്കു പോകാം ..
നിന്നെയും എന്നെയും തിരിച്ചറിയാത്ത ഏതെങ്കിലും ഒരു കോണിലേക്ക് .."
"ഒരുപാടു വലിയ ഒരു എഴുത്തുകാരന്റെ ഈ വാക്കുകള്‍ എന്നില്‍ പുച്ഛം ശ്രിഷ്ട്ടിക്കുന്നു ...!!"
"നീ പറഞ്ഞ എഴുത്തുകാരന്‍ എന്ന നിലയിലും
ലോക പരിചയം ഉള്ളതുകൊണ്ടും
തന്നെയാ മനസ്സില്‍ തട്ടി അങ്ങനെ പറഞ്ഞത് .
എന്നേക്കാള്‍ ലോക പരിചയമൊന്നും  നിനക്കില്ലലോ "
"ലോകപരിചയം!!!!! , കുത്തിനോവിക്കുന്ന ചോദ്യങ്ങളുമായി എത്തുന്ന മലയാളി ,
വെളുപ്പിനെ ആക്രാന്തത്തോടെ കാണുന്ന തമിഴന്‍ ,
സിഗാറും മദ്യവും പോലെ പെണ്ണും ലഹരിയാണെന്ന് കരുതുന്ന ഹിന്ദിക്കാരന്‍ ..
സെക്സില്‍ പുതിയ അടവുകളുമായെത്തുന്ന  വിദേശി ..
ഇവരോടൊപ്പം കിടന്ന ലോക പരിചയം പോരേ ...?"
കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ ബോട്ടില്‍   വായിലേക്ക് കമഴ്ത്തി  .
"ഒരു തരത്തില്‍ നോക്കിയാല്‍ വിദേശികള്‍ ആണ് നല്ലത് .
ഭാഷ അറിയില്ലെന്ന് പറഞ്ഞു യന്ത്രം  പോലെ കിടന്നു കൊടുത്താല്‍ മതി . ഇവിടുള്ളവ്ര്‍ക്ക്........."
"സോനാ !!"
അല്‍പ്പം ഉച്ചത്തില്‍ വിളിച്ചതുകൊണ്ടാവണം അവള്‍ ഇടയ്ക്ക് നിര്‍ത്തി ..
"നീ എന്നെ ഓര്‍ത്തിരുന്നുവോ എപ്പോഴെങ്കിലും ..?"
ഇല്ല പ്രശാന്ത് ... ഞാന്‍ നിങ്ങളെ ഓര്‍ക്കാന്‍ ശ്രേമിച്ചിരുന്നില്ല ..
ഒരിക്കലും ..ഞാന്‍ പറഞ്ഞില്ലേ എനിക്ക് പാളിപ്പോയതും അവിടെയായിരുന്നു ..
നീ എനിക്കെന്‍റെ കളിക്കൂട്ടുകാരന്‍ മാത്രമായിരുന്നു .."
"പണ്ടെപ്പോഴോ ഞാന്‍ ചോദിക്കാന്‍ മറന്നുപോയത് ,
അല്ലെങ്കില്‍ ചോദിക്കാന്‍ കഴിയാതെ പോയത് ,
ഇപ്പോള്‍ ഞാന്‍ ചോദിക്കട്ടെ ..
കഴിഞ്ഞതെല്ലാം ഒരു പാഴ്കിനാവുപോലെ മറന്നു വരുന്നോ എന്‍റെ കൂടെ ...?
കാരണം ഇപ്പോഴും ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു പഴയ സോനയോടുള്ള അതെ ഇഷ്ട്ടം ..."
"ഇല്ല പ്രശാന്ത് ഞാനില്ല ...
ഇനി ഒരിക്കലും ചോദിക്കുകയും അരുത് ..
അങ്ങനെ ചിന്തിക്കുകയും അരുത് ..
പ്രശാന്ത് ജീവിച്ച് തുടങ്ങണം ...എന്നെ മറന്ന് ..
എന്നെ ഒരിക്കലും ഓര്‍ക്കാതെ ..."
"ഇല്ല ഇനി ഇത്തരം ചോദ്യങ്ങളുമായി ഞാന്‍ വരില്ല ..
പിന്നെ നിന്നെ മറക്കാന്‍ കഴിയുമോ എന്ന് ഞാന്‍ ശ്രമിക്കട്ടെ  ..
എന്നാല്‍ ഇനി കണ്ടുമുട്ടില്ലെന്ന ഉറപ്പില്‍ ഞാന്‍ യാത്ര പറയട്ടെ ...."
പതിയെ എഴുനേറ്റ് വാതില്‍ക്കലേക്ക്‌ നടന്നു ..
ഒരു രാത്രി മുഴുവന്‍ ചുവരില്‍ ചാരി നിന്ന അവള്‍ അടുത്തേക്ക് വന്നു ..
"ഇതുവരെ വന്നതിലും വലിയ ദുരന്തങ്ങള്‍ ഇനി വരാനില്ല ..
എങ്കിലും മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ..
ജീവിതം മടുത്തെന്നു തോന്നുമ്പോള്‍ ...
അല്ലെങ്ങില്‍ ........."
അവളുടെ തൊണ്ടയിടറി .
"അല്ലെങ്കില്‍ ...?"
എന്‍റെ ചുണ്ടുകള്‍ അനങ്ങി .എങ്കിലും ശബ്ദം പുറത്തു വന്നില്ല ...
"... അല്ലെങ്കില്‍ ഒരിറ്റു സ്നേഹം വേണമെന്നു തോന്നുമ്പോള്‍ ഞാന്‍ വിളിച്ചോട്ടെ ,
എന്‍റെ ഈ പഴയ ചങ്ങാതിയെ ..?"
"നിനക്കു വിളിക്കാന്‍ വേണ്ടി മാത്രം  ,
അല്ലെങ്കില്‍ എന്നെങ്കിലും നീ വിളിക്കുമെന്ന് കരുതി മാത്രം  ..
ഞാന്‍ ഇപ്പോളും ആ പഴയ നമ്പര്‍ തന്നെ കൊണ്ടു നടക്കുന്നു ...
നിനക്കു വിളിക്കാം എപ്പോള്‍ വേണമെങ്കിലും ....."
അതും പറഞ്ഞു വാതില്‍ തുറന്ന് പുറത്തു കടന്നു ഞാന്‍ നടന്നു .
വാതില്‍ക്കല്‍ ഇരുന്ന കാവല്‍ക്കാരന്‍ ഒരു ചെറു പുഞ്ചിരിയോടെ കൈ നീട്ടിയപ്പോള്‍
പോക്കറ്റില്‍ നിന്നും ഒരു നോട്ട് എടുത്തു അയാള്‍ക്ക് കൊടുത്ത്
നടപ്പാതയിലേക്കു ഇറങ്ങുബോള്‍ മനസ്സിലെ സ്വപ്‌നങ്ങൾ  മുഴുവന്‍ മരിച്ചിരുന്നു ..
************************************* "

No comments: