Saturday, October 3, 2015

ചെറുകഥ::വിചിത്ര ജീവികളുടെ നഗ്നനൃത്തം

നേരം പുലര്‍ന്നു .
റോഡില്‍ വാഹനങളുടെ ഇരമ്പല്‍ കേട്ടു തുടങ്ങി.
രാമു എഴുനേറ്റു കട്ടിലില്‍ ഇരുന്നു .
അമ്മ ഇനിയും ഉണര്‍ന്നില്ലേ ..... ?
വിളിച്ചുണര്‍ത്തിയാലോ   ?
വേണ്ട !!!
പണ്ടൊരിക്കല്‍ ആ വാതിലില്‍ മുട്ടിയത്തിനു ഗോപനങ്കിളിന്റെ   കയ്യില്‍നിന്നും
കിട്ടിയതിന്റെ വേദന ഇനിയും മാറാത്തത് പോലെ ....
വല്ലാതെ വിശക്കുന്നു ..
ഇന്നലെ രാത്രിയും പട്ടിണി ആയിരുന്നില്ലേ.... !! അതുകൊണ്ടാവും .
അവന്‍ എഴുനേറ്റ് പതുക്കെ നടന്നു .
കടപ്പുറത്തെ ഒരു ഒഴിഞ്ഞ കോണില്‍ അവന്‍ ഇരുന്നു ..
ഇവിടെ ഈ തണുത്ത കാറ്റില്‍ ഇരിക്കാന്‍ വല്ലാത്ത സുഖമാണ് ..
പ്രത്യേകിച്ചും രാവിലെ .........
പക്ഷെ താനിവിടെ അധിക സമയവും ഇരുന്നിട്ടുള്ളത് ഉച്ചവെയിലില്‍ ആണെന്നുള്ളത്‌ അവന്‍ ഓര്‍ത്തു.
ഒരു കുഞ്ഞു കൂട് നിറയെ ജീരക മിട്ടായികളുമായി
സ്കൂള്‍ അവധി ദിനത്തില്‍ കയറി വരുന്ന മാത്യുസ് അങ്കിള്‍ ആയിരുന്നു
ഉച്ചവെയിലില്‍ ഇരിക്കാന്‍ പഠിപ്പിച്ചത് .
ഉച്ചവെയിലത്ത് കടപ്പുറത്ത് ഇരുന്നു ചിന്തിച്ചാലോ സ്വപ്നം  കണ്ടാലോ അത് ഫലിക്കുമത്രേ ...
അതും പറഞ്ഞാണ്‌ അങ്കിള്‍ തന്നെ ഇവിടെ ഇരിക്കാന്‍ പറഞ്ഞു വിടാറുള്ളത്‌ എന്ന്  അവന്‍ ഓര്‍ത്തു.
പിന്നീട് സൂര്യന്‍ പാതിയിലധികവും കടലിനടിയില്‍ ആയാല്‍ അമ്മ വന്നു കൊണ്ടു പോകും .
പക്ഷെ അന്നൊന്നും ഇല്ലാതിരുന്ന ക്ഷീണം ഇപ്പോള്‍ തോന്നുന്നു ..
ഈ തണുത്ത പ്രഭാതത്തിലും ,ഭക്ഷണമില്ലാഞ്ഞിട്ടാവും  .. അവന്‍ സമാധാനിച്ചു ..
അതുപോലൊരു ഉച്ചവേയിലിലല്ലേ ഞാന്‍ മേടിച്ച കാറില്‍ അമ്മയെ ഇരുത്തി
നഗരം ചുറ്റാന്‍ പോയ സ്വപ്നം  കണ്ടത് .
കടല്‍ തീരത്തിരുന്നു ഉച്ചവെയിലില്‍ കാണുന്ന സ്വപ്നം  ഫലിക്കുമെന്ന്
പറഞ്ഞ മാത്യുസ് അങ്കിളിനെ കാണുമ്പോള്‍ പറയണം എന്ന് കരുതിയതാണ് ..
പക്ഷെ പിന്നെ അങ്കിള്‍ വന്നില്ല ...
മാത്യുസ് അങ്കിള്‍ മാത്രമല്ല  ഇപ്പോള്‍ ആരും വരാറില്ല .
ഒരിക്കല്‍ എന്തൊരു അഹങ്കാരമായിരുന്നു തനിക്ക് ,അവന്‍ ഓര്‍ത്തു.
മനുവും ദീപുവും എല്ലാം ആഴ്ചയിലോ മാസത്തിലോ വന്നെത്തുന്ന അച്ഛന്‍ കൊടുക്കുന്ന
മിട്ടായികളുടെ അഥ പറയുമ്പോള്‍ പുച്ഛമായിരുന്നു തനിക്കെപ്പോഴും .
അച്ചനില്ലെന്കിലും എന്നും വില കൂടിയ മിട്ടായികളുമായെത്തുന്ന
ഒരുപാടു അങ്കിള്‍മാര്‍ തനിക്കുണ്ടെന്നും അവര്‍ തരുന്ന മിട്ടായികള്‍  നിങ്ങളുടെ അച്ഛന്‍ തരുന്നതിനെക്കാള്‍
വില കൂടിയതാണെന്നും വിളിച്ചു പറയണമെന്ന് തോന്നിയിട്ടുണ്ട് ..
പക്ഷെ അങ്കിള്‍മാരെ കുറിച്ചു ആരോടും പറയരുതെന്ന് അമ്മ പറഞ്ഞതോര്‍ത്തു
മിണ്ടാറില്ലായിരുന്നു 
എന്നാലുമെന്തേ അമ്മക്ക് ദീനമാനെന്നറിഞ്ഞിട്ടും ആരും വരാത്തത് ..?
ഒരുപാടു തവണ മിട്ടായികള്‍ക്ക് പകരമായി ഒരുപാടു ഉമ്മകള്‍ കൊടുത്ത തന്നെ എങ്കിലും അവരാരും ഓര്‍ക്കാത്തതു ??
"ഇവനാ യശോദയുടെ മകനല്ലേ ?"
വലയും കൂടയുമായി കടലിലേക്ക്‌ പോകുന്ന ചെറു സംഘത്തില്‍ ആരോ ചോദിച്ചു ..
"അതെ .അതെ. ഇവനോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞിരുന്നതാണല്ലോ ..പിന്നെയും മനുഷ്യനെ പേടിപ്പിക്കാന്‍ ഇവന്‍ .."
അവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നോട്ടു പോയി .
അവര്‍ പറഞ്ഞതു മുഴുവന്‍ രാമു കേട്ടു എങ്കിലും  അവന് ഒന്നും മനസ്സിലായില്ല .
"നീ പുറത്തേക്ക് ഒന്നും പോവരുത് ആളുകള്‍ വഴക്ക് പറയും ."
ഒരിക്കല്‍ അമ്മ ഇങ്ങനെ പറഞ്ഞതിനും അവര്‍ ഇപ്പോള്‍ പറഞ്ഞിട്ട് പോയതിനും എന്തോ ബന്ധമുണ്ടെന്നു മാത്രം അവന് തോന്നി.
യു.കെ.ജി. യില്‍ നിന്നും ജയിച്ചു ഒന്നാം ക്ലാസ്സില്‍ ആയപ്പോള്‍ എന്തൊരു ആവേശമായിരുന്നു പഠിക്കാന്‍ ...
കുറെ ചിത്രങ്ങളും  കഥകളും അടങ്ങിയ പുസ്തകം വലിയ ആവേശത്തോടെ ആയിരുന്നു എന്നും തുറന്നിരുന്നത്‌ .
"നീ ഇനി സ്കൂളിലൊന്നും പോവണ്ട .നിന്നെ കൊണ്ടു പോകാന്‍ ദൂരെ നിന്നും കുറച്ചുപേര്‍ വരും .അവരോടൊപ്പം പോയി അവിടെ വലിയ സ്കൂളില്‍ ചേർന്ന്  പഠിച്ചാല്‍ മതി ."
തന്റെ  എല്ലാ സ്വപ്നങ്ങളും  അമ്മയുടെ ആ വാചകത്തില്‍ തകര്‍ന്നില്ലേ ?
അമ്മയുടെ വാക്കു കേള്‍ക്കാതെ പുസ്തകസന്ജിയുമായി സ്കൂളില്‍ എത്തിയപ്പോള്‍ ടീച്ചര്‍ ക്ലാസ്സിനകത്തുപോലും കയറ്റാതെ  മടക്കി വിട്ടതും ,
സ്കൂളിന്റെ പരിസരത്തിരുന്നു വൈകുന്നേരം വരെ കരഞ്ഞതും അവന്‍ ഓര്‍ത്തു .
അമ്മയുടെ വാക്ക് കേള്‍ക്കാതെ സ്കൂളില്‍ പോയതിനു ടീച്ചര്‍മാര്‍ ഇത്ര  അധികം കോപിച്ചത് എന്തിനെന്ന് മാത്രം  അവന് മനസ്സിലായില്ല .
തന്നെ കണ്ടപ്പോള്‍ മനുവും ദീപുവുമെല്ലാം ഭയന്ന് നിലവിളിച്ചത് എന്തിന്നെന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവനില്‍ അവശേഷിച്ചു.
അമ്മ സ്‌കൂളില്‍ പോവണ്ട എന്ന് പറഞ്ഞ കാര്യം മാത്യുസ് അങ്കിളിനോടും ഉണ്ണി അങ്കിളിനോടും പറയണം എന്ന് കരുതി ഇരിക്കാന്‍ തുടങ്ങിയിട്ട് ദിവസമെത്രയായി  ..
പക്ഷെ ആരും വന്നില്ല .
വരുകയുമില്ലേ ..?
ആര് വന്നില്ലെങ്കിലും  രാജീവ് അങ്കിള്‍ വരും .
എന്നത്തെയും പോലെ പഠിച്ചു മിടുക്കനാവണം എന്ന് പറഞ്ഞു ഉമ്മ തരും .
അങ്കിളിനോട് പറയണം എല്ലാം.
അങ്കിള്‍ പറഞ്ഞാല്‍ അമ്മ കേള്‍ക്കും ,
പിന്നെ മനുവിന്റെം ദീപുവിന്റെം കൂടെ ഇരുന്ന് എനിക്കും പഠിക്കാം അവന്‍ ഓര്‍ത്തു ..
കടല്കരയിലിരുന്നു അവന്‍ പിന്നെയും ഒരുപാടു ചിന്തിച്ചു .
അവന്റെ നിഴലിനു കനം കൂടി വന്നു ..
നേരമെത്രെയായെന്നോ അമ്മ ഉണര്‍ന്നു കാണുമെന്നോ എന്നൊന്നും അവന്‍ ചിന്തിച്ചില്ല .
ചിന്തിച്ചിട്ട് കാര്യമില്ല ,
ആ വാതിലില്‍ മുട്ടാനുള്ള ധൈര്യം അവനില്ല.
ഒരിക്കല്‍ ഗോപനങ്കില്‍ തന്ന മിട്ടായികള്‍ മുന്നിലത്തെ ഒടിഞ്ഞ മരത്തിന്റെ
ചില്ലയില്‍ ഇരുന്നു തിന്നുമ്പോള്‍ അയല്‍പക്കത്തെ ശ്രീകുട്ടന്‍ തട്ടിപ്പറിച്ചത്‌ പറയാനായിരുന്നു
അവസാനമായി ആ വാതില്‍ തുറന്നത് .
അമ്മയുടെ നഗ്ന മേനിയില്‍ നിന്നും എഴുനേറ്റ് വന്ന ഗോപനങ്കില്‍
ഒരു മൃഗത്തെപ്പോലെ ചെവിക്കു പിടിച്ചതും കവിളത്ത് അടിച്ചതും
ഇപ്പോളും വേദനയോടെ ഓര്‍ക്കുന്നതിനാല്‍ ആ വാതിലില്‍ ചെന്നു മുട്ടന്‍ അവന് ധൈര്യം കിട്ടാറില്ല .
അന്ന് ആ വേദനയിലും അവന്‍ ഓര്‍ത്തത് ഈ തടിയനായ
അങ്കിള്‍ എന്തിനാ പാവം അമ്മയുടെ മേലെ കിടക്കുന്നതെന്തിനെന്നാണ് ,
അവിടെ ഇഷ്ട്ടം പോലെ സ്ഥലം ബാക്കി കിടപ്പുണ്ടായിരുന്നല്ലോ ..!!
എന്തോ അവനൊന്നും മനസ്സിലായില്ല , ഇപ്പഴും .
അതിന് ശേഷം ആ വാതില്‍ മുട്ടാറില്ല, അത്രേ തന്നെ .
നിഴലിന്റെ നീളം കുറഞ്ഞതും പിന്നെയും കൂടിയതും ഒന്നും അവന്‍ അറിഞ്ഞില്ല.എപ്പോഴെങ്കിലും എഴുനെല്‍ക്കുന്ന അമ്മ വരും എന്ന പ്രതീക്ഷയില്‍ ആയിരുന്നു അവന്‍.
പിന്നീടെപ്പോഴോ തളര്ന്നുറങ്ങിപ്പോയി.
ആരുടെയോ കൈകള്‍ തോളത്തു സ്പര്ശിച്ചപ്പോഴാണ് അവന്‍ ഉണര്‍ന്നത് .
നീണ്ട കുപ്പായം ധരിച്ച ആ മനുഷ്യന്‍ അവനെ എടുത്തു വാഹനത്തില്‍ കയറ്റി .
അമ്മ പറഞ്ഞ ,
ദൂരസ്ഥലത്തെ സ്‌കൂളില്‍ കൊണ്ടു പോകാന്‍ എത്തിയവരാവും അവര്‍ എന്ന് അവന് ബോധ്യമായി .
എന്നാലും അമ്മ ....?
അമ്മ ഇനിയും ഉണര്ന്നില്ലേ എന്ന ചോദ്യവും മനസ്സില്‍ പേറി നിരങ്ങി
നീങ്ങുന്ന വാഹനത്തില്‍ തളര്‍ന്നിരിക്കുമ്പോള്‍ അവന്‍ അറിഞ്ഞില്ല ,
മുന്നില്‍ പോകുന്ന വാഹനത്തില്‍ തിരിച്ചു വരാത്ത ഒരു യാത്രയില്‍ ആണ് അവന്റെ അമ്മയെന്നും
അമ്മയെ കാര്‍ന്നു തിന്ന അതെ വിചിത്ര ജീവികള്‍
അവന്‍റെ ശരീരത്തിലും നഗ്നനൃത്തം ചെയ്യുകയാണ്എന്നും .
*******************************************  

No comments: