Saturday, October 3, 2015

നർമം ::ആഭാസനും ഞാനും

ഒരു ദിവസം , പതിവുപോലെ ഫേസ്ബുക്കും മെയിലും എല്ലാം നോക്കുന്നതിനിടയിൽ വന്ന "ശങ്ക" തീർക്കാൻ പോയി തിരിച്ചു വരുന്നതിനിടയിൽ എന്റെ ഭാര്യ എന്റെ ഫേസ് ബുക്ക് നോക്കുന്നു .ഒരു ലോകകപ്പിൽ ഇന്സമാമിനെ റണ്‍ഔട്ട്‌ ആക്കാൻ ജോണ്ടി റോഡ്സ് ചാടിയതിനെക്കാൾ ഭീകരമായി  ഞാൻ ചാടി വീണ് ലാപ്ടോപ് സ്വന്തം ആക്കി .
അഞ്ചാം മന്ത്രി കസേര പിടിച്ചടക്കിയ മഞ്ഞളാംകുഴി അലിയുടെ അഹങ്കാരത്തോടെ അവളെ നോക്കിയപ്പോൾ ,
പത്രസമ്മേളനം നടത്തുന്ന സുകുമാരാൻ നായരുടെ ഗൌരവത്തിൽ അവളുടെ ചോദ്യം " നിങ്ങൾ ഇത്തരക്കാരനാണോ മനുഷ്യാ?"
എന്റെ മനസ്സിൽ കതിന പൊട്ടി . അവളുടെ മുഖത്ത് യാമിനി തങ്കച്ചിയുടെ ഭാവം .

"മ ...മ ...മ.. മനസ്സിലായില്ല " പണ്ട് പഠിച്ച ഇൻഫിനിട്ടി യെക്കാൾ വലിയ സംഖ്യ ഉണ്ടെന്നു എന്റെ മ ..മ.. എണ്ണിയാൽ മനസ്സിലാവും .

"ഈ കണ്ട ആഭാസൻ മാരെ ഒക്കെ ആണോ നിങ്ങൾ ഫ്രണ്ട് ആക്കി വച്ചിരിക്കുന്നത് ?" അതും പറഞ്ഞ് അവള് അടുക്കളയിലേക്കു പോയി..

ഹാവു...!!! ഇത്രേ ഉള്ളല്ലേ.... !പണ്ട് പാക്കിസ്ഥാൻ കാർഗിൽ പിടിച്ചപ്പോൾ നമുക്ക്  ജീവിക്കാൻ  ഉള്ള ബാക്കി  ഇന്ത്യ അവര് പിടിചില്ലല്ലോ എന്നോർത്ത്  നെടുവീർപ്പിട്ട സാധാരണക്കാരനെ പോലെ ഞാൻ ഇരുന്നു .

എന്നാലും ആരാണ് ആ ആഭാസൻ ?
അത് ഒരു ചോദ്യ ചിഹ്നം ആയി മനസ്സിൽ കിടന്നു ഞെരിപിരി കൊണ്ടു .

ലിസ്റ്റിൽ ഉള്ള എല്ലാരേയും പരിശോദിക്കാൻ തീരുമാനിച്ചു. ഓരോന്നു നോക്കുമ്പോളും  ഉറപ്പിക്കും ,ഇവൻ  തന്നെ ആ ആഭാസൻ.പക്ഷെ അടുത്തത്‌ നോക്കുമ്പോൾ അത് മാറി പുതിയ ആൾ ആകും . അങ്ങനെ ആദ്യം മുതൽ അവസാനം വരെ പരിശോധിച്ചപ്പോൾ അവസാനത്തെ ആളും തിരിച്ചു അവസാനം മുതൽ ആദ്യം വരെ നോക്കിയപ്പോൾ ആദ്യത്തെ  ആളെയും ആണ് ഉത്തരം ആയി കിട്ടിയത്..

അത്രെക്ക് ആഭാസന്മാർ !!!
ഉത്തരം കിട്ടാത്ത ചോദ്യവും ആയി കുറെ നേരം ഉലാത്തി . ആ നടത്തം നേരെ നടന്നിരുന്നു എങ്കിൽ ലിസ്റ്റിൽ ഉള്ള എല്ലാവരുടെയും വീട് കയറി ഇറങ്ങാം ആയിരുന്നു.

എന്നാലും ആരാണ് ആ ആഭാസൻ ?
തല പുകഞ്ഞു കൊണ്ടേ ഇരുന്നു .

"നിങ്ങൾ എന്താ മനുഷ്യ അടുത്ത പണി ആർക്ക്  കൊടുക്കാം എന്നാലോചിച്ചു നടക്കുന്ന പി.സി.ജോർജിനെ പോലെ ഉലാത്തുന്നത്‌ ?"
ഭാര്യയുടെ ചോദ്യം

"എന്നാലും ആരാണ് ആ ആഭാസൻ ?" ധൈര്യം സംഭരിച്ച് ചോദിച്ചു .

"നിങ്ങള് , ആ ഫേസ്ബുക്ക്‌ പാസ് വേർഡ്‌ ഇങ്ങോട്ട് താ.. ഞാൻ എടുത്തു തരാം ആ പ്രൊഫൈൽ "

വേണ്ട. ഭസ്മാസുരന്  വരം കൊടുത്ത കഥ അച്ഛൻ പറഞ്ഞത് മനസ്സിൽ ഓർമ വന്നു. മാത്രമല്ല ,ഭാര്യ എന്ത് ചോദിച്ചാലും കൊടുക്കുന്ന ഭർത്താവ്  പോലും കൊടുക്കാത്ത ഒന്നാണ് ഫേസ് ബുക്ക്‌ പാസ് വേർഡ്‌ . അത് കൊടുത്ത് കുടുംബം തകർക്കാൻ ഞാൻ തയ്യാറല്ലായിരുന്നു .

"വേണ്ടെങ്കിൽ വേണ്ട !!! ആഭാസൻ എന്ന പേരിൽ തന്നെ ഒരുത്തൻ  അവിടെ കിടപ്പുണ്ട് വേണേൽ നോക്ക് "

ലങ്ക ചാടിയ ഹനുമാനെ പോലെ (അനാവശ്യ കാര്യങ്ങൾക്കു ഹനുമാനെ വലിചിഴചെന്നും പറഞ്ഞ് "മോഡി " പുത്രന്മാർ വരല്ലേ !!) ലാപ്‌ ടോപ്പിന്റെ മുന്നിലേക്ക്‌ ചാടി ..
ഒടുവിൽ കണ്ടെത്തി ...
"ആഭാസൻ .കെ.ബാബു " ശോ!! അല്ല!!!  ശരിക്കും നോക്കി ..
"Abyson.K.Babu"(http://www.facebook.com/abyson.kbabu?ref=ts&fref=ts)

കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം കിട്ടിയ പോലെ ഞാൻ അകത്തേക്ക് വിളിച്ചു പറഞ്ഞു ...
"എടി പാറു , അത് ആഭാസൻ അല്ല !! എബിസണ്‍ ആണ് , എന്റെ കൂടെ ടെക്നോപാർക്കിൽ ഉണ്ടായിരുന്ന എബിസണ്‍..
നീ പെട്ടന്ന് Abyson എന്നത് ആഭാസൻ എന്ന് വായിച്ചതാ "



വാൽകഷണം : എന്റെ എബിസാ കുറച്ചു നേരത്തേക്ക് നീ എന്നെ തീയും പുകയും ചാരവും തീറ്റിച്ചു. പക്ഷെ നീ കാരണം അഞ്ഞൂറോളം ആഭാസാൻമാരെ ഒരു കുടക്കീഴിൽ കാണാൻ എനിക്ക് പറ്റി .. അതിനു ആഭാസാ സോറി  എബിസാ നിനക്ക് ഒരായിരം നന്ദി ....

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...