Saturday, October 3, 2015

ചെറുകഥ :: പ്രണയവും ജീവിതവും

ഡിസംബറിലെ ഒരു പ്രഭാതത്തില്‍ ...

"കഴിഞ്ഞ ആഴ്ചയിലെ കേരളപ്പിറവി  ആഘോഷത്തിനിടയിലാണ്  ഞാന്‍ നിന്നെ ആദ്യമായി കണ്ടത് .മനസ്സുകള്‍ തമ്മില്‍ ഒരുപാടു പരിചയം ഉള്ളതായി തോന്നി .എന്നിട്ടുമെന്തേ ഇത്രയും നാള്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നിട്ടും തമ്മില്‍ കാണാഞ്ഞത് എന്ന് അറിയാതെ ചിന്തിച്ചു പോയി .ജീവിത യാഥാര്‍ഥ്യം തേടിയുള്ള പരക്കം പാച്ചിലിനിടയില്‍ സ്വന്തം  ഇണയെ അരുകില്‍ എത്തിച്ചാലും കണ്ടെത്താനും തിരിച്ചറിയാനും ഏറെ സമയമെടുക്കുമെന്ന് എവിടെയോ വായിച്ചതു അറിയാതെ ഓര്‍ത്തു പോയി .നിന്നെ കണ്ടത് മുതല്‍ നിന്നെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ഞാന്‍ .നിന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു ,ഞാനിപ്പോള്‍ വന്നത് നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാനാണ് .ങ്ഹാ !! പറഞ്ഞില്ലാലോ , ഞാന്‍ അശോക് .ഇവിടെ നിന്നെ പോലെ തന്നെ ഞാനും എം .എ . ഫൈനല്‍ ഇയര്‍ ആണ് .ഒരു വ്യത്യാസം  മാത്രം.വിഷയം മലയാളം .അതുകൊണ്ട് തന്നെ ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കുറച്ചു പുസ്തകങ്ങള്‍ എഴുതാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞ അല്‍പ്പം അറിയപെടുന്ന എഴുത്തുകാരന്‍ കൂടി ആണ് .അധികം സാമ്പത്തിക  പ്രാരാബ്ധങ്ങളോ ബാധ്യതകാളോ ഇല്ലാത്ത ഇടത്തരം കുടുംബം .പിന്നെ അടുത്ത് തന്നെ വളരെ പ്രസിദ്ധമായ ഒരു വാരികയില്‍ ജോലി ലഭിക്കുമെന്നും ഉറപ്പായിട്ടുണ്ട് ..കോളേജ് പയ്യന്മാരുടെ നാലാംകിട പ്രണയമല്ല ,ജീവിതം മുഴുവന്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ആത്മാര്‍ത്ഥ പ്രണയവും ജീവിതവുമാണ് ഞാന്‍ ഉദേശിക്കുന്നത് .."


ജൂണിലെ മഴപെയ്യുന്ന ഒരു സായാഹ്നത്തില്‍ ...

" നിന്നെ ആദ്യമായി കണ്ടതും നിന്നോട് എന്റെ മനസ്സിലെ വികാരങ്ങള്‍ മുഴുവന്‍ പറഞ്ഞതും ഇന്നലെ കഴിഞ്ഞപോലെ ഞാന്‍ ഓര്‍ക്കുന്നു .എഴുത്തും വായനയും മാത്രമുളള  എന്റെ ജീവിതത്തില്‍ നീ ഇത്രെപെട്ടന്നു കയറി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല .ഞാന്‍ അറിയാതെ എന്റെ കഥയിലെ കഥാപാത്രങ്ങൾക്ക്  നിന്റെ മുഖഛായ വരുമ്പോളും എന്റെ എല്ലാ കഥകളും പ്രണയ കഥകള്‍ ആയി മാറുമ്പോളും  ഞാന്‍ അറിയുന്നു നീ എന്നെ കീഴ്പെടുത്തി കഴിഞ്ഞു എന്ന്. മനസ്സിലെ ചിന്തകളും വികാരങ്ങളും പുസ്തകതാളുകളിലേക്ക് പകര്‍ത്തുന്നതിനെക്കാള്‍ നിന്നില്‍ അര്‍പ്പിക്കാനാണ് ഞാന്‍ ഇപ്പോള്‍ കൊതിക്കുന്നത് .നീ എനിക്ക് കൂട്ടായി വരുന്ന ദിവസം മാത്രമാണ്  ഇപ്പോള്‍ എന്റെ സ്വകാര്യ   സ്വപ്നം .ബാക്കിയെല്ലാം വായനക്കാരന്‍ അല്ലെങ്കില്‍ നീയുമായി ഞാന്‍ പങ്കുവെച്ചു കഴിഞ്ഞു .ഈ മഴ പെയ്തു തീരും മുന്പേ , അല്ലെങ്കില്‍ അടുത്ത മഴ പെയ്തിറങ്ങും മുമ്പേ  നീ എന്റെതാവണം എന്ന് ഞാന്‍ ആശിക്കാറുണ്ട് , ഓരോ മഴയിലും ..നിന്നെ  സ്വപ്നം കാണാന്‍ തുടങ്ങിയത് മുതലാണ് എന്റെ ദിവസങ്ങൾക്ക്  നീളം കൂടിയത് .നീ എന്ന് എനിക്ക് മാത്രം ആയി തീരും ??"


സപ്തംബറിലെ  ഒരു രാത്രി ..

" സപ്തംബർ 15 ലെ ഈ രാത്രി നമുക്കു മറക്കാനാവില്ല , നമുക്കെന്നല്ല ഒരു ദമ്പതികള്‍ക്കും മറക്കാനാവില്ലല്ലോ അവരുടെ ആദ്യ രാത്രി .പത്തു മാസത്തെ പ്രണയത്തിനിടയില്‍ ഒരിക്കല്‍ പോലും ഒരു ശരാശരി കാമുകന്റെ ആവേശത്തോടെ ഒന്നു ചുംബിക്കാന്‍ പോലും മുതിരാതിരുന്ന ഞാന്‍ എല്ലാ തടസ്സങ്ങളും നീങ്ങിയ ഈ നിമിഷത്തില്‍ തുടുപ്പാര്‍ന്ന നിന്റെ കവിളില്‍ ഒരു ചുംബനം നല്കുന്നു .ഒരുപാടു സ്വപ്നങ്ങളും പ്രതീക്ഷകളുമായി എന്റെ ജീവിതത്തിലേക്ക് കാമുകിയില്‍ നിന്നും ഭാര്യ എന്ന സ്ഥാനക്കയറ്റം കിട്ടി വന്ന നിന്നോട് എനിക്കെന്തും പറയാമല്ലോ !!ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനിടയില്‍ പരസ്പരമുള്ള ശരീര ശാസ്ത്രം ഒഴികെ മറ്റെല്ലാം കൈമാറിയ നമുക്കിടയില്‍ ആമുഖത്തിന്റെ ആവശ്യകഥ എന്തിന് അല്ലേ ?വിവാഹത്തിന്റെ തിരക്കിനിടയില്‍ മറ്റന്നാള്‍ പുറത്തിറങ്ങാനുള്ള വാരികക്ക് ലേഘനം എഴുതാന്‍ വിട്ടുപോയി .നാളെ കാലത്തു അത് ശേഖരിക്കാന്‍ എത്തുന്നവരെ നിരാശരാക്കാന്‍ പറ്റില്ലെന്ന് എഴുത്തുകാരനായ എന്നേക്കാള്‍ നിശ്ചയം വായനക്കാരിയായ നിനക്കു ഉണ്ടാവുമല്ലോ !!അതുകൊണ്ട് നീ ഉറങ്ങിക്കോ !!എനിക്കല്‍പ്പം എഴുത്ത് ബാക്കിയുണ്ട് .. എനിക്ക് നിന്നെ നിരാശപ്പെടുത്താന്‍ നിന്റെ സമ്മതം പോലും വേണ്ടല്ലോ ! "


ഡിസംബറിലെ ഒരു തണുത്ത രാത്രി

"സാഹിത്യ സദസ്സുകളില്‍ നിന്നും സാഹിത്യ സദസ്സുകളിലേക്ക് ആണ് എന്റെ യാത്ര ..ഒരു വലിയ എഴുത്ത്കാരന്‍ ആവുക എന്നതായിരുന്നു കുട്ടിക്കാലം മുതല്‍കേ ഉള്ള എന്റെ സ്വപ്നം .ആ സ്വപ്നം ഒരു കിടാ വിളക്കായി ഇപ്പോളും കൊണ്ടു നടക്കുന്നു ..അതുകൊണ്ട് തന്നെ എന്റെ യാത്രക്കിടയില്‍ ഏതെങ്കിലും മഹാനായ സാഹിത്യ കാരനോടൊപ്പം അല്പം മദ്യം സേവിചെന്നു വരും ..
അതല്ലെങ്കില്‍ സർഗ്ഗ വേദനയിൽ മനസ്സില്‍ പടരുന്ന തീ അണക്കാന്‍ അല്‍പ്പം മദ്യം ..ഒരു വർഷം  അടുത്ത് കഴിഞ്ഞിട്ടും നീ അശോക് എന്ന എഴുത്തുകാരനെ അറിയാന്‍ ശ്രമിച്ചില്ല  ..നിനക്കു ഒരു കുറവും വരുത്താതെ ഞാന്‍ നോക്കുന്നില്ലേ  ?വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും  അണിയിച്ചു മറ്റു സ്ത്രീകളെ പോലെ നിന്നെയും ഞാന്‍ അലങ്കരിച്ചു നിർത്താറില്ലേ ?പിന്നെ എന്തിന് എപ്പോഴും ഈ പരിഭവം ?നിനക്കു വല്ലാതെ ബോര്‍ അടിക്കുന്നുവെങ്കില്‍ എന്റെ സുഹൃത്തിന്റെ ഫിനാന്‍സ് കമ്പനിയില്‍ ഒരു ജോലി വാങ്ങിത്തരാം. ഈ രാത്രിയെങ്കിലും എന്നെ വെറുതെ വിടുക ഒരു ചെറുകഥയുടെ അവസാന രൂപം തേടി ഒരാഴ്ചയായി മനസ്സു പിടയുന്നു .."


മാര്‍ച്ചിലെ ഒരു സന്ധ്യ ...

" നിന്നെ കമ്പനിയില്‍ ജോലിക്ക് ചേര്‍ത്തത് നിന്റെ ബോറടി മാറ്റാനാണ് . അല്ലാതെ നിന്‍റെ ശമ്പളം കൊണ്ടു കുടുംബം പോറ്റാനോ , നിന്‍റെ കഴിവ് കൊണ്ടു കമ്പനി രക്ഷപെടാനോ അല്ല .അവധി ദിവസത്തിലും നീ ഓഫീസിലേക്ക് പോകുന്നത് നീ ഭര്‍ത്താവിനോടുള്ള കടമ മറന്നു കൊണ്ടാണ് .നഗരത്തിലെ ശീതികരിച്ച സിനിമാശാലകളില്‍ നിന്നെയും നിന്‍റെ ഓഫീസിലെ രമേഷ് എന്ന ചെറുപ്പക്കാരനെയും പലവട്ടം കണ്ടെന്നു പലരും എന്നോട് പറഞ്ഞിരുന്നു . പത്തുമാസത്തെ പ്രനയത്തിനിടക്ക്‌ ഒരു ചുംബനം പോലും ആഗ്രഹിച്ചിട്ടില്ലാത്ത  നീ സ്വകാര്യ സുഖത്തിനായി നീതീകരിക്കാത്തതോന്നും ചെയ്യില്ലെന്ന എന്റെ മനസ്സിലെ ഉറപ്പും സത്യത്തെ ഒളിച്ചുവെക്കാന്‍  കഴിവില്ലാത്തവൾ  ആയിരുന്നു നീ എന്ന  സത്യവും എനിക്കറിയാവുന്നത് കൊണ്ട്  അവരുടെ വാക്കുകള്‍ വെറും വാക്കുകള്‍ മാത്രമായി  കാതില്‍ മുഴങ്ങുന്നു ,അത് എന്‍റെ മനസ്സില്‍ കയറാന്‍ ഇടം കിട്ടാതെ അവിടെ തന്നെ വട്ടമിട്ടു പറക്കുന്നു .എന്തായാലും കഴിക്കാന്‍ ഭക്ഷണവും അണിഞ്ഞൊരുങ്ങാന്‍ ആവശ്യത്തിന്  വസ്ത്രങ്ങളും സഞ്ചരിക്കാന്‍ വാഹനവും വിനോദത്തിനു ഒരുപാടു ചാനലുകളും ഉള്ള നമ്മുടെതായ ഈ ലോകത്തില്‍ ബോറടി മാറ്റാന്‍ നീ ജോലിക്ക് പോകണമെന്നില്ല . "


മേയ് മാസത്തിലെ ഒരു മദ്ധ്യാഹ്നം ...

ഒരു ചെറുകഥവഴി ഒരു എഴുത്തുകാരന്റെ മനസ്സറിയാം ഒരു നോവല്‍ വഴി അയാളുടെ ജീവിതവും..എന്നറിയാവുന്ന എനിക്ക് ഒരു സ്ത്രീയുടെ മനസ്സു അറിയാന്‍ കഴിയാതെ പോയി .ഏതാണ്ട് ഒരു വർഷം  പ്രണയിച്ച കാമുകിയെ ഞാന്‍ പൂര്‍ണമായും മനസ്സിലാക്കിയിരുന്നു .പക്ഷെ എന്‍റെ ജീവിത പങ്കാളി ആയ ശേഷം നിന്നെ മസ്സിലാക്കാന്‍ കഴിയാതെ പോയി ..നിന്നെ മനസ്സിലാക്കിയിരുന്നു എങ്കില്‍ , തേടിയെടുത്ത വസ്ത്രങ്ങളും കയ്യില്‍ പിടിച്ചുകൊണ്ടു പുറം വാതിലിലൂടെ ആ ചെറുപ്പക്കാരന്‍ ഓടിയ സംഭവം ഒഴിവാക്കാമായിരുന്നല്ലോ ..നീ എന്ന സത്യത്തെ നീ മറന്നു ..ഇനി യാന്ത്രികമായി നീ തെറ്റില്‍ നിന്നും തെറ്റിലേക്ക് വഴുതി വീഴും .എഴുത്തിനും വായനക്കുമിടയില്‍ ഇനിയും ഞാന്‍ ഭാര്യയെ കണ്ടില്ലെന്നു വരാം . അത് പിന്നെയും ചെറുപ്പക്കാരെ വീട്ടിലേക്ക് വിളിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാനും നിനക്കു പ്രേരണയാവും .അതുകൊണ്ട് പരസ്പരം കൈമാറിയ എല്ലാ സ്വപ്നങ്ങളും തിരിച്ചു നല്കി നമുക്കു പിരിയാം .ഞാനും നീയും ഒരുമിച്ചുള്ള കേരളപ്പിറവി ആഘോഷത്തിന്റെ തലേ ദിവസങ്ങളിലെത് പോലുള്ള ദിനചര്യകളിലേക്ക്‌ നമുക്കു തനിയെ മടങ്ങാം ... ശുഭയാത്ര .. "
****************************************

No comments: