Saturday, October 3, 2015

ചെറുകഥ::ചുവന്ന തൂവാലയും, ഒരു മരണ വാര്‍ത്തയും .

വളരെ താണു പറക്കുന്ന വിമാനം ..
അതിന്‍റെ ശബ്ദം കേട്ട് ഭയന്ന് വിറയ്ക്കുന്ന ജനക്കൂട്ടം !!
ഈശ്വരാ ഞാനിതെവിടെയാണ്‌ ..??
ദുസ്വപ്‌നങ്ങൾ  ഉറക്കത്തിലും സമാധാനം നഷ്ടപ്പെടുത്തുന്നു ....
ഈ രാത്രിക്കെന്താണിത്രെ നീളം .?
അല്ലെങ്കിലും ചിലപ്പോള്‍ ഇങ്ങനെയാണ് ,
ആരെയെങ്കിലും പ്രതീക്ഷിക്കുന്ന ദിവസത്തിന്‍റെ തലേന്ന് രാത്രിക്ക് ..
ആരെ പ്രതീക്ഷിക്കാന്‍ ...?

രാംസിംഗ് എവിടെ ?
പുലരും മുന്പേ എന്നെ വിളിച്ചുണർത്താറുള്ള  രാംസിംഗ് .
ചിലപ്പോള്‍ അടുത്ത ബന്ധുക്കൾക്ക്  അപകടം സംഭവിക്കുന്ന ദിവസത്തിന്‍റെ തലേന്ന്
രാത്രിക്കും ഇങ്ങനെ ദൈർഘ്യം  കൂടാറില്ലേ ?
ഹേയ് രാംസിംഗ് എന്‍റെ ബന്ധുവൊന്നുമല്ലല്ലൊ  !!
ആല്ലെങ്കിലും അയാള്‍ക്കെന്തു അപകടം പറ്റാന്‍ ...
രാംസിംഗ് അല്ലാതെ എനിക്കേത് ബന്ധു .
ടപ്പ്..!!
വെടിയൊച്ചയാണോ  കേള്‍ക്കുന്നത് ..
കാറ്റത്ത് മുന്നിലെ ജനല്‍ വലിഞ്ഞടഞ്ഞതാവണം .
നിലാവിന് നിറം പോര ..
ചീവീടുകളുടെ ശബ്ദം നിശബ്ധതയേയും എന്നില്‍ നിന്നകറ്റി .
വിമാനത്തിന്‍റെ ശബ്ദം നന്നേ കുറഞ്ഞിരിക്കുന്നു.
തൊണ്ട വരണ്ടു !!
ഒരു കൂട്ട നിലവിളി ..!!
പിന്നെ പാട്ടയിലടിക്കുന്ന താളത്തിലുള്ള ശബ്ദവും .
ഒറ്റയാനെ ഓടിക്കുന്ന ആദിവാസികള്‍ ആണ് .
അപകടത്തെ ആട്ടിയകറ്റാന്‍ കൊട്ടും കുരവയും വേണം .
അപകടം വരുമ്പോളും ഇവയൊക്കെ കാണും ...
വിവാഹം ..!!!
'എബി -സോന '
അവളിപ്പോള്‍ ..?
ഈശ്വരാ !!! എന്‍റെ കുഞ്ഞും ..?
സ്വസ്ഥത ഇല്ലാത്ത  ആറ്  വര്‍ഷത്തെ ദാമ്പത്യം ..
അവളിപ്പോള്‍ ആരോടോപ്പമായിരിക്കും ...?
Mr .സഞ്ജീവ് .?
Dr .വിജയ് .....?
ഗോമസ് .........?
.....................?
സപ്തംബർ 15
ഏഴു വര്‍ഷത്തെ പരിശുദ്ധമായ പ്രണയം സക്ഷാല്‍കരിച്ച സുദിനം ;
ഒപ്പം ഒരിക്കലും സമാധാനം കിട്ടാത്ത രാത്രിയുടെ ആരംഭത്തിന്റെ ദുര്‍ദിനവും.
Mr .സഞ്ജീവ് .
Dr .വിജയ് .
ഗോമസ് .
രജിസ്ട്രാര്‍ ഓഫീസിലെ സാക്ഷിക്കോളത്തിൽ  ഒപ്പുവച്ച എന്‍റെ സ്നേഹിതര്‍ ;സോനയുടെയും ..
-"വിഷ് യു എ ഹാപ്പി മാര്യേജ് ലൈഫ് "
Dr.വിജയുടെ കണ്ണുകള്‍ പോസ്റ്റ്‌മാർട്ടം  ചെയ്യുന്ന സൂക്ഷ്മതയോടെ സോനയുടെ ശരീരത്തില്‍ അരിച്ചിറങ്ങുന്നത്  കണ്ടില്ലെന്നു നടിച്ചു .
"ഹണിമൂണ്‍ യാത്ര ഉഷാറാക്കണം ചിലപ്പോള്‍ ഞങളും കാണും ഊട്ടിയില്‍ .."
അതോടൊപ്പം ,സോനയുടെ തോളത്തുനിന്നും  ഗോമസ്സിന്റെ കൈകള്‍ അവളുടെ മാറിടം ലക്ഷ്യം  വച്ചു..
എന്‍റെ നോട്ടം ആ സന്ജാരത്തിന് വിരാമമിട്ടു.
അവന്‍ പതറിയില്ല !!
അവളും !!
തകര്‍ന്നത് ഞാന്‍ ആണ് ..
എന്‍റെ സ്വപ്നങ്ങളും ....
ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘക്കീറുകള്‍ പുനര്‍ജ്ജന്മം പ്രതീക്ഷിച്ചു പെയ്തിറങ്ങി .
ഞാനും എന്‍റെ ബാക്കിയുള്ള  സ്വപ്നങ്ങളും  തനിച്ചായി .
ഞങ്ങളുടെ  ഹണിമൂണ്‍ യാത്രയില്‍ ഊട്ടിയിലെ മരംകോച്ചുന്ന തണുപ്പില്‍ അവള്‍ രതിയുടെ ചൂടറിഞ്ഞു
എന്‍റെ....
ഗോമസ്സിന്റെ...
സഞ്ജീവിന്റെ...
Dr.വിജയിന്റെ ..
അന്നുപേക്ഷിക്കണം എന്ന് കരുതിയതാണ് ..
പക്ഷെ ,അവളുടെ ഉദരത്തില്‍ വളരുന്ന എന്‍റെ കുഞ്ഞ്  ...
ഈശ്വര !! എന്‍റെ കുഞ്ഞ് 
അവളിപ്പോള്‍ !!?
പിന്നെയും സഹിച്ചു നാലരവര്‍ഷം ..
പുഞ്ചിരികൊണ്ട്  പൂമാലതീര്‍ക്കുന്ന പൊന്നുമോള്‍ക്ക് വേണ്ടി ..
ഒടുവില്‍ ..
അവളും !! അവളും !!!!
ഇല്ല!! ഞാന്‍ ഒരിക്കലും കാത്തിരുന്നിട്ടില്ല ..
കാത്തിരുന്നത് വിമലയാണ് ..
സുധീര്‍കുമാര്‍ മിശ്രയെ , പ്രയോജനമില്ലാത്ത കാത്തിരിപ്പ്‌ ..(*എം .ടി.യുടെ മഞ്ഞിൽ )
പിന്നെ എന്തേ ഈ രാത്രിക്കിത്ര  നീളം ...?
ആദിവാസികളുടെ ശബ്ദം നിലച്ചിരുന്നു .
വീണ്ടും ചീവീടുകളുടെ കരച്ചില്‍ മാത്രം  ..
ഇപ്പോള്‍ അവയ്ക്കൊരു താളമുണ്ട്...
പഴയ ക്രിസ്ത്യന്‍ ഗാനത്തിന്റെ താളം ..
സോനയുടെ ഗാനം....
വീണ്ടും സോന !!
ആ ഗാനമോർത്തപ്പോൾ  ആ താളത്തില്‍ അറിയാതെ ഉറങ്ങിപ്പോയി.
എത്രെനേരം ..
"സാബ് .."
"....."
"സാബ് .."
"മ്..."
അടഞ്ഞ ജാലകകത്തിന്റെ പഴുതിലൂടെ പുറത്തേക്ക് നോക്കി.
നിലാവ് വെളിച്ചത്തിന് വഴിമാറി പതുങ്ങി നില്‍ക്കുന്നു .
കണ്ണിനു വല്ലാത്ത നീറ്റല്‍..
"സാബ് "
രാംസിംഗ് .
അയാളും എഴുനേല്‍ക്കാന്‍ വൈകിക്കാണും ..
ഇന്നലത്തെ മദ്യത്തിന്റെ വീര്യം .
പതുക്കെ വാതില്‍ തുറന്നു .
രംസിങ്ങിന്റെ കണ്ണുകള്‍ വല്ലാതെ ചുവന്നിരുന്നു .
അയാള്‍ ഒരു ചുവന്ന കവര്‍ മുന്നോട്ടു നീട്ടി .
വാങ്ങി , തുറന്നു .
"പ്രിയമുള്ള എബിക്ക് "
പരിചയമുള്ള ഒരു കൈപ്പട .
അല്ല , പരിചയമുള്ള ഒരേ ഒരു കൈപ്പട .
"എന്നെ വെറുക്കരുത് . ഞാന്‍ എന്നും എബിയുടെതായിരുന്നു .
ഒരിക്കല്‍ അവര്‍ പിച്ചിച്ചീന്തിയ ശരീരം മാത്രമാണ് ഞാന്‍ പിന്നെയും പിന്നെയും
അവര്‍ക്ക് വച്ചു നീട്ടിയത് .എല്ലാം എബിയുടെയും നമ്മുടെ മോളുടെയും ജീവന്‍ ഓര്‍ത്തിട്ടയിരുന്നു.
എന്നോട് ക്ഷമിക്കുക ."
രംസിംഗ് അനങ്ങിയിരുന്നില്ല .
" എനിക്ക് വയസ്സായി പോരാത്തതിന് രോഗവും .
എന്‍റെ അടുത്ത് വരന്‍ പോലും അവര്‍ക്കിപ്പോള്‍ ഭയമാണ് .
അവര്‍ മാത്രമല്ല , എല്ലാവരും എന്‍റെ അടുത്ത് വരുമ്പോള്‍ ഭയന്ന് വിറക്കുകയാണ് .
അവരുടെ എല്ലാം അടുത്ത ലക്ഷ്യം നമ്മുടെ മകളാണ് .
ചിലപ്പോള്‍ അവളെ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞെന്നു വരില്ല .
കൂടെ കൊണ്ടു പോവാനും എനിക്ക് വയ്യ .
അതിനാല്‍ അവളെ , നമ്മുടെ മോളെ , ഞാന്‍ എബിയെ ഏല്പ്പിക്കുന്നു.
സസ്നേഹം, സോന ."
രാംസിംഗ് അകത്തേക്ക് പോയിരുന്നു .
അയാള്‍ നിന്നിടത്തു പതിനേഴു വയസ്സ് പ്രായമുള്ള ഒരു സുന്ദരി പെണ്‍കുട്ടി .
ഈശ്വരാ !!! എന്‍റെ കുഞ്ഞ്  ..!!!
ദൂരെ പറന്നു പോയ വിമാനം ഏതോ മലയിലിടിച്ചു 
****************

No comments: