Saturday, October 3, 2015

നർമം ::ഫേക്ക് ഐഡി അഥവാ വ്യാജ പ്രൊഫലുകള്‍ ഉണ്ടാവുന്നത് എങ്ങനെ?

സാധാരണ പിടിക്കപെടുന്ന എല്ലാ കുറ്റവാളികൾക്കും പറയാൻ കാണും ഒരു വലിയ ഫ്ലാഷ് ബാക്ക്. കുടുംബ പ്രശ്നങ്ങൾ , ദാരിദ്ര്യം ,വളർന്ന ചുറ്റുപാടുകൾ ... അങ്ങനെ പലതും . നിങ്ങൾ പുച്ചിച്ചു തള്ളുന്ന ഫേക്ക് ഐഡികൾക്കും ഉണ്ട് ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക്. കുറ്റവാളികളുടെയും ,നപുംസകങ്ങളുടെയും ഒക്കെ കഥ പറഞ്ഞ ആരും തന്നെ ഫേക്ക് ഐഡികളുടെ കാര്യത്തിൽ മൌനം പാലിക്കുക ആണ് ചെയ്തത്.
ആദ്യമായി ഇതാ അവരുടെ കഥ അവതരിപ്പിക്കുന്നു..
ഫേക്ക് ഐഡി അഥവാ വ്യാജ പ്രൊഫലുകള്‍ ഉണ്ടാവുന്നത് എങ്ങനെ?
മുഴുവൻ വായിക്കാതെ പോകരുത് ,കാരണം ഇവിടെ താങ്കളും പരാമർശിക്കപെടുന്നുണ്ടാവും .
----
ആദ്യം ആയി ഇന്റർനെറ്റ്‌ ഉപയോഗിച്ച് തുടങ്ങുമ്പോൾ എന്താണ്‌ ഫേസ് ബുക്ക്‌ എന്നൊന്നും ആർക്കും അറിഞ്ഞു കാണാൻ ഇടം ഇല്ല. അതുകൊണ്ട് തന്നെ ഒരു സാധാ പ്രൊഫൈൽ ഉണ്ടാക്കുകയാണ് ഇവരും ചെയ്യുന്നത്. തന്റെ പടങ്ങൾ ,കൂട്ടുകാരുടെ ഫോട്ടോകൾ ,തിരമാല,സൂര്യൻ, പ്രകൃതി അങ്ങനെയുള്ള ഫോട്ടോകൾ തന്റെ പ്രൊഫൈലിൽ ചേർക്കുക ആണ് അടുത്ത പണി. അതിനു ലൈക്ക് വരുന്നതും കാത്ത് ബലിക്കാക്കയെ പോലെ കാത്തിരിക്കും. അടുത്ത കൂട്ടുകാരും അമ്മായിടെ മക്കളും അടുത്ത വീട്ടിലെ ചേട്ടനും ഒക്കെ ലൈക്ക് അടിച്ചു ഒരു 30-40 ലൈക്ക് കിട്ടുന്നതോടെ താരം സന്തോഷത്തിൽ ആറാടാൻ തുടങ്ങും . ഈ വിവരങ്ങൾ ഒക്കെ കൂട്ടുകാരോട് പറഞ്ഞ് നെഞ്ചും വിരിച്ചു നിൽക്കും .
ആ സമയത്ത് ഏതെങ്കിലും അലവലാതി പറയും നമ്മുടെ ''മീനയുടെ '' പ്രൊഫൈൽ ഫോട്ടോ കണ്ടോ 743 ലൈക്ക് ആണ് . അവളെ സമ്മതിക്കണം എന്നൊക്കെ..
താരം വെറും ജൂനിയർ ആർടിസ്റ്റ് ആയി മാറുന്ന അവസ്ഥ. വീടെത്തിയ ഉടനെ തേടുന്നത് മീരയുടെ പ്രൊഫൈൽ ആയിരക്കും .ശരിയാണ് 743 ലൈക്ക് .4878 ഫ്രെണ്ട്സ് .. വിടില്ല ഞാൻ എന്ന മട്ടിൽ കണ്ണിൽ കാണുന്നവനോക്കെ റിക്വെസ്റ്റ് കൊടുക്കും. കുറെ എണ്ണം YES പറയും. പിന്നെ പോസ്റ്റ്‌ ഇട്ടാലും അവനൊന്നും തിരിഞ്ഞു നോക്കില്ല, റിസൾട്ട് വീണ്ടും 40 ലൈക്കിൽ ഒതുങ്ങും .
ആ സമയത്തായിരിക്കും ചങ്ങാതി മലയാളം ടൈപ്പ് ചെയ്യാൻ പഠിക്കുന്നത് . ലോകത്ത് ഇതു തെറ്റ് തെറ്റ് വരെ വായിച്ച ,പഠിച്ച ,കേട്ട എല്ലാ സാഹിത്യ പദങ്ങളും ചേർത്ത് ഒരു കാച്ചൽ ആണ് , ഒപ്പം ഒരു 30 ഗ്രൂപ്പിൽ പോസ്റ്റുകയും ചെയ്യും . എല്ലാത്തിലും കൂടെ ഒരു 1000 ലൈക്കും 300 കമന്റും പ്രതീക്ഷിച്ചിരിക്കുന്ന മാന്യദേഹം 30 ദിവസം കഴിയുമ്പോളും ലഭിച്ച 87 ലൈക്കിലും 17 കമെന്റിലും നോക്കി ഇരിക്കുമ്പോൾ ആകും മേൽ പറഞ്ഞ 'മീന ' യുടെ പ്രൊഫൈൽ കാണുക .വെറുതെ ഒരു മഞ്ഞ അപ്പി (സ്മൈലി എന്ന് നാട്ടു ഭാഷ) ചേർത്ത് ഇട്ട ഗുഡ് നൈറ്റ്‌ മെസ്സെജിനു 937 ലൈക്ക് .
ഇവിടെ ആരംഭിക്കും ഫേക്ക് ഐഡി അഥവാ വ്യാജ പ്രൊഫലുകള്‍ നിർമാണത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ .
ആദ്യം ഒരു പ്രൊഫൈൽ രൂപികരിച്ച് അതിന് ഒരു പേരിടൽ കർമം . അതിൽ സാധാരണ ആയി 'നായർ ' ,'മേനോൻ ','ആമി ',മിന്നു ','രാഘവൻ ' അങ്ങനെ അങ്ങനെ ഉള്ള ചില പേരുകൾ മഞ്ജു ,അഞ്ജലി ,ബീന ,പവിത്ര ,രോഷിനി തുടങ്ങിയ പേരുകൾക്കൊപ്പം ചേർത്ത് തയ്യാറെടുപ്പ് നടത്തും .ഇനി ഡി.പി.ഫോട്ടോ വക്കുന്ന പരിപാടി. ആദ്യ കാലങ്ങളിൽ ഇത് വല്ല സൂര്യൻ, കടൽ ,പുറം തിരിഞ്ഞു നിൽക്കുന്ന പെണ്ണ് എന്നിവ ഒക്കെ ആയിരിക്കും . ഇപ്പോളും ഈ പ്രൊഫൈൽ അപകടകാരി അല്ല എന്നതാണ് രസകരം .
ഈ പ്രൊഫൈലിൽ നിന്നും ധാരാളം റിക്വെസ്റ്റ് പാഞ്ഞു കൊണ്ടിരിക്കും . അതിനിടയിൽ എപ്പോൾ എങ്കിലും ആയിരിക്കും വളരെ അടുത്ത കൂട്ടുകാരന്റെ ഒരു റിക്വെസ്റ്റ് ഇങ്ങോട്ട് വരുന്നത്. അവനെ ഫ്രെണ്ട് ആക്കിയ ശേഷം ചാറ്റിംഗ് ആരംഭിക്കും . തന്റെ വളരെ അടുത്ത കൂട്ടുകാരനെ പോലും (ഇവന്റെ അല്ലെ കൂട്ടുകാരൻ അവനും ഞരമ്പ്‌ രോഗി തന്നെ ആയിരിക്കും ) സെക്സ് ചാറ്റിലൂടെ വശം കെടുത്തുന്ന ഈ വ്യാജ പ്രൊഫൈൽ ഉടമ ഇവിടെ ആണ് കരുത്ത് ആർജിക്കുന്നത് . തന്നെ ആർക്കും മനസ്സിലാവില്ല എന്ന ധാരണയിൽ മറ്റുള്ളവരെ റിക്വെസ്റ്റ് കൊടുത്ത് കൂട്ടത്തിൽ ചേർക്കും .
അതിനിടയിൽ എപ്പോളോ ഈ വിരുതൻ പെണ്‍ പ്രൊഫൈലിനു വേണ്ട എല്ലാ ഗുണങ്ങളും പഠിച്ചിട്ടുണ്ടാവും. നമ്മൾ റിക്വെസ്റ്റ് കൊടുത്താൽ അപ്പ്രൂവ് ചെയ്യാൻ മൂന്ന് നാല് ദിവസം എടുക്കുക , അങ്ങോട്ട്‌ കയറി ഇൻബോക്സിൽ എത്രെ ഹായ് പറഞ്ഞാലും കുറച്ചു ദിവസം മിണ്ടാതെ ഇരിക്കുക, ഒടുവിൽ സംസാരിച്ച് തുടങ്ങുമ്പോൾ 'നമുക്ക് 37 മ്യൂച്ചൽ ഫ്രെണ്ട്സ് ഉണ്ടല്ലോ ?' എന്ന സംഭാഷണത്തോടെ ചാറ്റിംഗ് തുടങ്ങും .പിന്നെ പതിയെ പതിയെ അവനെ നെറ്റിൽ പിടിച്ചിരുത്തുക എന്ന പണിയാവും എടുക്കുക. മൊബൈൽ നമ്പർ ചോദിച്ചാൽ അച്ഛൻ അടുത്ത മാസം വാങ്ങി തരും ഇപ്പോൾ ഇല്ല എന്ന് പറയുകയും ചെയ്യും, ഇതിൽ എന്താണ് തെറ്റ് എന്നല്ലേ ,ചാറ്റ് ചെയ്യുന്നത് മൊബൈലിൽ നിന്നാണ് എന്ന് മറു തലക്കൽ ഉള്ള ആൾ അറിയില്ല എന്നാണ് ഈ മഹാൻ മാരുടെ വിചാരം .
കുറച്ചു കൂടി കഴിയുമ്പോൾ ഫോട്ടോ മാറ്റുന്ന ചടങ്ങ് ആയി. സിനിമ നടിമാരെ ഉപയോഗിക്കാൻ ഇഷ്ടം ഇല്ലാത്ത ഇവർ കഴിവതും ഗൂഗിൾനെ ആശ്രയിച്ച് ഒറ്റ പെട്ട ഏതെങ്കിലും ഫോട്ടോ വക്കുക ആണ് പതിവ് . ആ പെണ്‍കുട്ടി ഇത് അറിയുകയേ ഇല്ല .
24 മണിക്കൂറും ഓണ്‍ലൈനിൽ ഉള്ള ഇവർ അതിനെ പറ്റി ചോദിച്ചാൽ 'നെറ്റ് ഓഫ്‌ ചെയ്യാൻ മറന്നതാണ് കേട്ടോ ' എന്ന പതിവ് മറുപടിയും ആയി എത്തും.അനാവശ്യം ആയി എന്തേലും പറഞ്ഞാൽ സ്കീൻ ഷോട്ട് എടുത്ത് പോസ്റ്റും എന്നൊക്കെ ഭീഷണിപെടുത്തി പെണ്ണാണ്‌ എന്ന് ഉറപ്പിക്കാൻ ശ്രേമിച്ചു കൊണ്ടേയിരിക്കും
കുറച്ചുക്കൂടി മൂക്കുമ്പോൾ ഇവര് തീവ്രവാദത്തിലേക്ക് തിരിയും. ഖുറാനും, ബൈബിളും,ഗീതയും ഒക്കെ കത്തിക്കണം എന്ന ആഹ്വാനം ഒക്കെ ചിലപ്പോൾ ചെയ്തു കളയും . ഇവരെ സൂക്ഷിക്കേണ്ടത് ആണ്. ഇവര് നമ്മുടെ ലിസ്റ്റിൽ ഉണ്ടെങ്കിൽ ചിലപ്പോൾ സൈബർ സെല്ലിന്റെ പണി നമുക്കും വരാൻ ഇടയുണ്ട് .
പണ്ട് ഓർക്കുട്ട് ഉണ്ടാകുന്ന സമയത്ത് കമ്മ്യുനിട്ടി വളർത്താൻ ആയിരുന്നു വ്യാജന്മാരെ ഉപയോഗിച്ചിരുന്നത് . ജെനിറ്റ് ,പ്രേം ,സൂരജ് (ഇവര ഒക്കെ ആരാണെന്നു അവർക്ക് അറിയാം ,അവർ എന്തായാലും ഇത് വായിക്കും എന്ന് ഉറപ്പും ഉണ്ട് ) ഇവർക്കൊക്കെ ഐ ഡി യും പാസ്സ്‌വേർഡ്‌ ഉം സൂക്ഷിക്കാൻ തന്നെ ഒരു ഡയറി ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് .
ഈ ഇടെ നമ്മുടെ ദാസേട്ടൻ ഒരു രാത്രി സമയത്ത് പച്ച ഉണ്ട കത്തി കിടന്ന ഒരു 'പെണ്‍ പ്രൊഫൈലിനൊട് കുശലം (ചോദിച്ചത് എന്താണോ ആവോ ) ചോദിക്കാൻ ഇറങ്ങിയപ്പോൾ ആണ് പയ്യൻ സാഷ്ടാംഗം കീഴടങ്ങിയത് . ദാ ,ഇത് എഴുതി കൊണ്ടിരിക്കുമ്പോൾ തന്നെ ഒരുഇന്റർ നെറ്റ് കാൾ വരുകയും ചെയ്തു. ആ പ്രൊഫൈലിനെ കുറിച്ച് ഇവിടെ പറയാതെ പറഞ്ഞിട്ടും ഉണ്ട് .
ഇപ്പോൾ ഇവര് കുറച്ചു കൂടി മോഡേണ്‍ ആയി . 'മഞ്ഞു തുള്ളി ' ',നിള ', നദി ',കാട്ടു ചെമ്പകം' ,നീല കുറിഞ്ഞി ' ഇങ്ങനെ ആണോ പെണ്ണോ എന്നറിയാൻ പാടില്ലാത്ത പ്രൊഫൈലുകളിൽ ആണ് വരവ് .എന്റെ ലിസ്റ്റിൽ ഇങ്ങനെ ഒരുപാട് പേര് കിടപ്പുണ്ട് , ആരാണെന്ന് അറിഞ്ഞേ ഞാൻ ചാറ്റ് ചെയ്യാറുള്ളൂ ..
പിന്നെ എനിക്ക് സമയം പോകാൻ ആണോ പെണ്ണോ എന്ന വകതിരിവ് വേണം എന്നില്ല എന്ന് എന്നെ അറിയുന്നവർക്ക് അറിയാം എന്ന് വിശ്വസിക്കുന്നു.
വാൽകഷണം : 2G,3G,4G അങ്ങനെ എല്ലാം G യിൽ ആണല്ലോ. G എന്നാൽ ഗേൾസ്‌ എന്നാണ് എന്ന് വിശ്വസിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാലോ ....
കാരണം , ഫേസ് ബുക്കിലെ ചില ഉദാഹരണങ്ങൾ ഇതാ ..
ഒരുത്തി ആറ്‌ പെണ്ണുങ്ങളും ചേര്‍ന്ന് ടൂര്‍ പോയതിന്റെ പടം ഇട്ടു , ഫേസ് ബുക്കില്‍ . അതില്‍ ഒരെണ്ണത്തിന്റെ കാപ്ഷന്‍ ഇങ്ങനെ :-"ഇടതു നിന്നും അഞ്ചാമത് ഞാന്‍, പിന്നെ മഞ്ജു,ദീപ,ശാലിനി , ഗോപിക"
പിന്നാലെ വന്ന കമന്റ്സ് കേള്‍ക്കണ്ടേ ?!!!!
"വവ് !! നൈസ് ഡാ ...!"
"യു ലുക്ക്‌ സ്മാര്‍ട്ട്‌ ഇന്‍ ദിസ്‌ ഡാ.."
"നൈസ് ടു സീ യു ഹിയര്‍.. യു ആരെ ലൈക്‌ ഐശ്വോര്യറായ് ഡാ"
അങ്ങനെ പോകുന്നു കുറെ എണ്ണം.. ഇതില്‍ ഇപ്പോള്‍ എന്താ ഉള്ളെ എന്നാണോ ?
ആ ഫോട്ടോയില്‍ ആകെ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളൂ .. കമെന്റ് ഇടും മുന്നേ കാപ്ഷന്‍ എങ്കിലും വായിചൂടെ ഇവന്മാര്‍ക്ക് ..
ഇനി ഒരെണ്ണം :
ഒരുത്തന്‍ കഷ്ട്ടപെട്ട് ഒരു ബ്ലോഗ്‌ എഴുതി . നന്നായിട്ടുണ്ടെന്ന് കൂട്ടുകാര്‍ പറഞ്ഞു . ബ്ലോഗിന്റെ ലിങ്ക് ഫേസ്ബുക്കില്‍ കൊടുത്തു . ബലിക്കാക്ക വരുന്നതും നോക്കി കടല്‍ തീരത്ത് ഇരിക്കും പോലെ ഷെയറും ലൈക്കും വരുന്നതും നോക്കി ഇരുപ്പായി ... എവിടെ? ആര് വരാന്‍ ?
ഒടുവില്‍ ആശാന്‍ തന്നെ ഒരു 'ഫീമൈല്‍ പ്രൊഫൈല്‍" ഉണ്ടാക്കി അവന്റെ ബ്ലോഗിന്റെ താഴെ ഉള്ള കമന്റില്‍ ക്ലിക്ക് ചെയ്ത്‌ ഒന്ന് "അപ്പി" ഇട്ടു . മനസ്സിലായില്ലേ ..? ഒരു മഞ്ഞ ഉണ്ട , സ്മൈലി..
ദാ വരുന്നു അതിനു ആയിരം ലൈക്കും മുന്നൂറു കമന്റും . അവന്റെ ബ്ലോഗിന് അല്ല ആ മഞ്ഞ ഉണ്ടക്ക്‌. അതിനു ശേഷം അവന്‍ നെറ്റില്‍ കേറി ഇല്ല എന്നാണ് അറിവ് .
വാൽകഷണം 2 : 2000 ഫ്രണ്ട്സും 9000 ഫോളോവേര്സും ഉള്ള എന്റെ വ്യാജ പ്രൊഫൈൽ ഞാൻ എന്നെ കൊന്നാലും പറഞ്ഞു തരില്ല..

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...