Thursday, July 1, 2021

മിഥുന്റെ വികൃതികൾ

 


പുള്ളോട് സ്കൂൾ പണ്ട് ഓലമേഞ്ഞ കെട്ടിടമായിരുന്നു. അവിടെ പഠിക്കുന്നതും പാവപ്പെവർ ആയിരുന്നു. വളരെ കുറച്ചു പേര് മാത്രമേ അന്ന് പഠിക്കാൻ പോയിരുന്നുള്ളൂ.


ആ കൂട്ടത്തിൽ ഒരാൾ ആയിരുന്നു മിഥുൻ. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു സംഭവം നടക്കുന്നത്. അന്ന് മിഥുന്റെ ട്രൗസർ ന്റെ മുൻവശം കീറിയിരുന്നു. അതിലൂടെ ഇടയ്ക്കിടെ ജൂനിയർ മിഥുൻ പുറത്തു വരും അപ്പൊ മിഥുൻ അതിൽ പിടിക്കും ടീച്ചർ അടിക്കും മിഥുൻ കരയും. ഈ സംഭവം പലതവണ ആവർത്തിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ മിഥുൻ ടീച്ചർ അടിക്കാതെ തന്നെ ഇരുന്നു കരയുന്നു.

ഇത് കണ്ട് ടീച്ചർ കാര്യം ചോദിച്ചു, അപ്പൊ മിഥുൻ കരഞ്ഞു കൊണ്ട് പറയുകയാണ്

 "തല്ല് കൊള്ളിക്കാൻ വേണ്ടി വെറുതെ വെറുതെ വെളിയിൽ വരുവാണ് " എന്ന്.


മിഥുന് രണ്ട് അമ്മാവൻമാരുണ്ട്. ഒരാൾ പഠിച്ചു വലിയ ബാങ്ക് മാനേജർ ആയി ഒറ്റപ്പാലത്തു താമസിക്കുന്നു. വേറൊരു മാമൻ ഉള്ളത് സ്കൂളിന്റെ പടി പോലും കാണാതെ പെയിന്റ് പണിക്ക് പോയി ജീവിക്കുന്നു. ഒറ്റപ്പാലം ഏരിയയിൽ പെയിന്റർ മാമനെ കണ്ട് പോവരുത് എന്നാണ് ബാങ്ക് മാമന്റെ കല്പന.


നാലാം ക്ലാസ് കഴിഞ്ഞതോടെ മിഥുൻ പിന്നെ പഠിച്ചത് ഒറ്റപ്പാലത്തു ബാങ്ക് മാമന്റെ വീട്ടിൽ നിന്നാണ്. ഇന്നത്തെ കാലത്ത് അമേരിക്കയിൽ പഠിക്കാൻ പോയ പോലെ ആണ് അന്ന് മിഥുൻ ഒറ്റപ്പാലത്തു പഠിക്കാൻ പോയപ്പോൾ ലഭിച്ച സ്വീകാര്യത.


വെക്കേഷന് മിഥുൻ നാട്ടിൽ വരുമ്പോ കുട്ടികൾ മുഴുവൻ മിഥുന്റെ ചുറ്റും കൂടും. വിശേഷങ്ങൾ കേൾക്കാൻ. പുഴക്കരയിൽ ഇരുന്നാണ് മിഥുൻ ബഡായി കഥകൾ പറയുക.


ഒരിക്കൽ മിഥുൻ എട്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ പുഴക്കരയിൽ കൂട്ടുകാരും ഒത്ത് കഥ പറഞ്ഞിരിക്കുമ്പോൾ നേവിയുടെ പരീക്ഷണ പാറക്കൽ ആയി ഒരു ഹെലികോപ്റ്റർ അവിടെ വട്ടമിട്ടു പറന്നു. കുട്ടികൾ പേടിച്ചു ഓടാൻ തുടങ്ങിയപ്പോൾ മിഥുൻ കാര്യം അവരെ പറഞ്ഞു മനസിലാക്കി കൊടുത്തു. കുറച്ചു പേരെ ബോധവൽക്കരിച്ച സന്തോഷത്തിൽ മിഥുൻ വീട്ടിൽ എത്തുമ്പോൾ മുറ്റത്ത് നിറയെ അരിയും ഗോതമ്പും എല്ലാം വിതറിയിരിക്കുന്നു. കാര്യം മനസിലാവാതെ മിഥുൻ പെയിന്റർ മാമമോട് ചോദിച്ചു.


മാമൻ പറഞ്ഞു .

"എടാ കുറച്ചു മുൻപ് ഒരു വലിയ പക്ഷി ഇത് വഴി പറന്നു. അതെങ്ങാനും വന്നു തിന്നാലോ എന്ന് കരുതിയാ ഞാൻ അരി വിതറിയത്. അതിനെ കിട്ടിയിരുന്നെങ്കിൽ ഒരു മാസം വേറെ ഒന്നും കൂട്ടാൻ വെക്കാൻ വാങ്ങേണ്ടി വരില്ലായിരുന്നു."..


ചോദിച്ചാൽ അറിയില്ല എങ്കിലും എന്ത് കാര്യത്തിനും ഉത്തരം പറയുക മിഥുന്റെ ഹോബി ആയിരുന്നു. ഒരിക്കൽ അയൽവാസി വന്ന് പറഞ്ഞു പുള്ളിയുടെ റേഡിയോവിൽ ഇടുന്ന ബാറ്ററി പെട്ടന്ന് പെട്ടന്ന് ഫീസ് ആകുന്നു എന്ന്. ഉടനെ മിഥുൻ തിരിച്ചും മറിച്ചും നോക്കി ചോദിച്ചു, നിങ്ങൾ ഏത് സ്റ്റേഷൻ ആണ് വക്കുന്നത് എന്ന്. തിരുവനന്തപുരം എന്ന ഉത്തരം വന്നപ്പോൾ അണ്ണൻ പറഞ്ഞു..


"ചുമ്മാതല്ല ബാറ്ററി പെട്ടന്ന് കത്തി പോകുന്നത്. ഇത്രേം ദൂരത്തെ സ്റ്റേഷൻ ഒക്കെ വച്ചിട്ടാ. നിങ്ങൾ തൃശൂർ വക്കൂ. കുറെ കാലം ബാറ്ററി നിൽക്കും "


മിഥുൻ പത്താം ക്ലാസ്സ്‌ പാസായി വിജയം പറയാൻ വന്നപ്പോൾ പെയിന്റർ മാമൻ ഒരു ആഗ്രഹം പറഞ്ഞു, ട്രെയിൻ കാണണം എന്ന്.  ചാരായ വാറ്റ് പിടിക്കാൻ വരുന്ന പോലീസ് ജീപ്പും റേഷൻ കടയിൽ അരി കൊണ്ട് വരുന്ന ലോറിയും മാത്രമേ പെയിന്റർ മാമൻ കണ്ടിട്ടിണ്ടായിരുന്നുള്ളൂ.


പെയിന്റർ മാമനെ ഒറ്റപ്പാലം ഏരിയയിൽ കണ്ടു പോവരുത് എന്നാണ് ബാങ്ക് മാമൻ പറഞ്ഞിരിക്കുന്നത്. എന്നാലും റിസ്ക് എടുത്ത് മിഥുൻ പെയിന്റർ മാമനെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഒരു മണിക്കൂർ കാത്തിട്ടും ട്രെയിൻ ഒന്നും വന്നില്ല. ബാങ്ക് മാമൻ കാണുമോ എന്ന പേടിയിലും ട്രെയിൻ വരാത്ത നിരാശയിലും മിഥുൻ നിൽക്കുമ്പോൾ ഒരു ട്രെയിൻ വന്നു. അത് കണ്ട പെയിന്റർ മാമൻ ഉറക്കെ പറഞ്ഞു.


"വരാത്തപ്പോ ഒന്നും വരില്ല വരുമ്പോ എല്ലാം കൂടി വരും"

എന്ന്.. അത് വരെ ട്രെയിൻ കാണാത്ത മാമൻ കരുതിയത് ഓരോ ബോഗിയും ഓരോ ട്രെയിൻ ആണ് എന്നാണ്.


പഠിത്തം ഒക്കെ കഴിഞ്ഞു മിഥുൻ ഒരു കോപ്പറേറ്റീവ് ബാങ്കിൽ ജോലിക്ക് കയറി. തനിക്ക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് അറിയില്ല എന്ന് കരുതി സംസാരിക്കുക, അനാവശ്യ സമയത്ത് തന്റെ അറിവ് കാണിക്കാൻ ആവശ്യം ഇല്ലാത്ത പദങ്ങൾ ഉപയോടിക്കുക എന്നിവയായിരുന്നു മിഥുന്റെ കുഴപ്പം.


ഒരിക്കൽ ആലപ്പുഴയിൽ മിഥുൻ ഒരു പെണ്ണ് കാണാൻ പോയി. അവൾ ഒരു സഹകരണ സ്ഥാപനത്തിൽ ജോലിക്ക് കയറിയിട്ട് മൂന്നു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അവൾക്ക് പാലക്കാട്ടേക്കും മിഥുന് ആലപ്പുഴക്കും ട്രാൻസ്ഫർ കിട്ടില്ല എന്ന് മനസിലാക്കിയപ്പോ അണ്ണൻ ചോദിച്ചത് വി. ആർ. എസ്. എടുക്കാൻ പറ്റുമോ എന്ന്. ചുമ്മാ റിസൈൻ ചെയ്യാമോ എന്ന് ചോദിച്ചാൽ മതി ആയിരുന്നു. അവർ പയ്യന് എന്തോ കുഴപ്പം ഉണ്ടെന്ന് കരുതി ആ ആലോചന അവിടെ ഉപേക്ഷിച്ചു.


അടുത്തത് പോയത് ഒരു അർദ്ധസർക്കാർ ജോലിയുള്ള പെൺകുട്ടിയെ കാണാൻ ആയിരുന്നു. അവിടെ അണ്ണൻ ചോദിച്ചത് പെൻഷൻ ഉണ്ടായിരുക്കുമോ എന്നാണ്. അന്പത്തി അഞ്ചു വയസ് വരെ ശമ്പളം വാങ്ങിയെടുക്കുന്നതും പോരാഞ്ഞിട്ട് പെൻഷൻ ഉണ്ടോ എന്ന് അന്വേഷിക്കുന്നു എന്നും പറഞ്ഞു അവൾ ഓടിച്ചു എന്നാണ് അവസാനം കിട്ടിയ അറിവ്.


അങ്ങനെ മിഥുൻ ഇപ്പോളും അവിവാഹിതൻ ആയി തുടരുന്നു.

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...