Thursday, July 1, 2021

മണിയേട്ടനും വീഴ്ചയും

 


പുള്ളോട് കഥകൾ പറയുമ്പോൾ മണിയേട്ടനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അമ്പലത്തിൽ പൂ കെട്ടൽ ആണ് മണിയേട്ടന്റ ജോലി.


എന്ത് കാര്യവും വലിച്ചു നീട്ടി പറയുക എന്നതാണ് മണിയേട്ടന്റ പ്രത്യേകത.


സുഖമാണോ എന്ന് ചോദിച്ചാൽ സുഖം തന്നെ എന്ന് പറഞ്ഞാൽ പെട്ടു. തന്നെ യുള്ള സുഖം എന്നും ഉണ്ടായിരിക്കില്ല കുടുംബത്തോടൊപ്പം ജീവിക്കണം എന്നൊക്ക പറഞ്ഞു വെറുപ്പിക്കും.

ഇനിയിപ്പോ സുഖമായി പോകുന്നു എന്ന് പറഞ്ഞാലോ, പോകുന്നെങ്കിൽ ഊട്ടിക്ക് പോകണം എന്ന് പറഞ്ഞു തുടങ്ങും. അതുകൊണ്ട് തന്നെ സുഖമാണോ എന്ന ചോദ്യത്തിന് സുഖം എന്ന് ഒറ്റവാക്കിൽ മണിയേട്ടനോട് ഉത്തരം നൽകിയാണ് ഞാൻ ഒക്കെ രക്ഷപെടാറുള്ളത്.


മണിയേട്ടൻ പത്താം തരം തോറ്റത് ആണ്. അതിനെ കുറിച്ചുള്ള കഥകൾ എന്താണ് എന്ന് വച്ചാൽ, ഉദാഹരണത്തിനു ശ്രീരാമന്റെയും സീതയുടെയും കുഞ്ഞുങ്ങളുടെ പേര് ചോദിച്ചാൽ ഉത്തരത്തിൽ


 (a) ലവനും കുശനും

(b) ട്വിവൽവും കുശനും

(C) തെർട്ടീനും കുശനും

(d) ഫോർട്ടീനും കുശനും

എന്നിങ്ങനെ ഉണ്ടെങ്കിൽ പോലും മണിയേട്ടന് ഒറ്റയടിക്ക് ഉത്തരം എഴുതാൻ പറ്റില്ല. പുള്ളി ദശരദന്റെ കല്യാണം മുതൽ തുടങ്ങി രാമന്റെ കല്യാണം അടക്കം പറഞ്ഞേ മക്കളുടെ പേര് പറയൂ. അപ്പോളേക്കും ബാക്കി ഉത്തരം എഴുതാൻ ഉള്ള സമയം തീർന്നിരിക്കും. അങ്ങനെ ആണ് മണിയേട്ടൻ തോറ്റത്.


ഒറ്റ വക്കിൽ ഉത്തരം എഴുതാൻ കഴിയാത്തത് കൊണ്ട് തന്നെ മണിയേട്ടന് പി എസ് സി പരീക്ഷയോട് അലർജി ആയിരുന്നു. അതുകൊണ്ടാണ് അമ്പലത്തിൽ പൂ കെട്ടുന്ന ജോലിയിൽ പ്രവേശിച്ചത്.


ഒരു ദിവസം ഞാൻ പാലക്കാട്‌ നിന്നും പുള്ളോട് വരുമ്പോൾ ആശുപത്രിക്ക് മുന്നിൽ മണിയേട്ടൻ നിൽക്കുന്നു. കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഞാൻ മണിയേട്ടനെ വണ്ടിയിൽ കയറ്റി ചോദിച്ചു, കയ്യിൽ എന്ത് പറ്റി എന്ന്.


മണിയേട്ടൻ പറഞ്ഞു തുടങ്ങി, കേൾക്കാനായി ഞാൻ വണ്ടിയുടെ വേഗം കുറച്ചു.


"ഇന്നലെ കാലത്ത് നേരത്തെ എഴുന്നേറ്റു പുഴയിൽ കുളിക്കാൻ പോയി "


പുഴ അല്ലെ വഴുക്കി വീണു കൈ ഒടിഞ്ഞതാവും എന്ന് കരുതി. പക്ഷെ മണിയേട്ടൻ വീണില്ല.


"കുളി കഴിഞ്ഞു രണ്ട് ഇഡലിയും കഴിച്ചിരിക്കുമ്പോ അമ്മ ചക്ക ഇടാൻ പറഞ്ഞു"


മരത്തിൽ കയറിയപ്പോ വീണു കൈ ഒടിഞ്ഞതാവും എന്ന് കരുതി. പക്ഷെ മണിയേട്ടൻ വീണില്ല.


''ചക്ക ഇട്ടു കഴിഞ്ഞു അമ്പലത്തിൽ പോയി. അവിടെ സുര വന്നു, രമേശ്‌ വന്നു.... "


എന്തായാലും അമ്പലത്തിൽ ഇരിക്കുമ്പോൾ വീഴില്ലല്ലോ എന്ന് ഉറപ്പിച്ചു ഞാൻ സ്പീഡ് കൂട്ടി.


"അമ്പലത്തിലെ പണി കഴിയുമ്പോ സമയം ഒരു മണി ആവാറായി. വിശന്നിട്ടു ഒരു രക്ഷയും ഇല്ല. ഞാൻ സൈക്കിൾ എടുത്ത് പാഞ്ഞു "


സൈക്കിളിൽ പോകുമ്പോ വീണു കൈ ഒടിഞ്ഞത് ആവും എന്ന് കരുതി. പക്ഷെ മണിയേട്ടൻ വീണില്ല.


"വീടെത്തി ഊണ് കഴിഞ്ഞു നോക്കുമ്പോ ടി വി യിൽ നരസിംഹം സിനിമ. എത്ര തവണ തവണ കണ്ടാലും മടുക്കില്ല "


മണിയേട്ടൻ നരസിംഹം സിനിമയുടെ കഥ പറയാൻ തുടങ്ങിയപ്പോൾ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി. ടിവിയിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോ എന്തായാലും വീഴില്ലല്ലോ.


"സിനിമ കഴിഞ്ഞു അമ്പലത്തിൽ പോയി വന്ന് രാത്രിയായപ്പോ ഞാനും സുരയും കൂടി സുരന്റ വലിയ ടോർച്ചും എടുത്ത് ഒരു അര ലിറ്റർ ബ്രാണ്ടിയും വാങ്ങി ചിതല് മലയുടെ മുകളിൽ കയറി"


ടോർച് ഉണ്ടായിട്ട് എന്ത് കാര്യം ചിലപ്പോൾ മല ഇറങ്ങുമ്പോൾ വീണതാവും എന്ന് കരുതി.


പക്ഷെ മണിയേട്ടൻ വീണില്ല.


"അടിച്ചു വന്ന് വീടെത്തിയതും ഫുഡ്‌ കഴിക്കാതെ ഒറ്റ കിടപ്പ്."


ഇത് പറഞ്ഞു തീരുമ്പോളേക്കും ഞങ്ങൾ വണ്ടിയിൽ മണിയേട്ടന്റെ വീടിന്റെ മുന്നിൽ എത്തി. കുറച്ചു ഉയരത്തിൽ ആയിരുന്നു വീട്, ഒരു പത്ത് പന്ത്രണ്ടു സ്റ്റെപ് കാണും വീട്ടിൽ കയറാൻ.


എനിക്ക് പോയിട്ട് അത്യാവശ്യം ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞു


"എന്റെ മണിയേട്ട നിങ്ങൾ ഒന്ന് വീഴിൻ, എനിക്ക് പോയിട്ട് വേറെ കാര്യം ഉണ്ട്."


ഇത് കേട്ടപ്പോ മണിയേട്ടൻ പറഞ്ഞു


"ഇത് ഇന്ന് അമ്പലത്തിൽ പോകാൻ ഇറങ്ങുമ്പോ സ്റ്റെപ്പിൽ നിന്നും വീണത് ആണ് "


ഇന്ന് കാലത്ത് വീണത് പറയാൻ ആണ് മണിയേട്ടൻ ഇന്നലെ കാലത്ത് പുലർച്ചെ കുളിക്കാൻ പോയ കാര്യത്തിൽ നിന്നും തുടങ്ങിയത്

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...