Thursday, July 1, 2021

സോമന്റെ വൈകിയുള്ള ഉത്തരങ്ങൾ


ഒരു ദിവസം ഞാനും സോമനും നാല് സുഹൃത്തുക്കളും കൂടി ഒരു മരണ വീട്ടിലേക്ക് പോകുക ആയിരുന്നു. അടുത്ത ബന്ധു ഒന്നും അല്ലാത്തത് കൊണ്ട് അല്പം തമാശയൊക്കെ പറഞ്ഞാണ് പോകുന്നത്.


മരണ വീട് എത്തുന്നതിന്റെ ഏതാണ്ട് പത്തു മിനുട്ട് മുൻപ് ഞാൻ ഒരു തമാശ പറഞ്ഞു. അത് കേട്ട് ബാക്കി മൂന്ന് പേരും ഭയങ്കര ചിരി. സോമൻ മാത്രം ചിരിക്കുന്നില്ല. അവൻ ഏതാണ്ട് സിദ്ദിഖിനു ലാലിൽ ഉണ്ടായ മോനെ പോലെ ഇതൊക്കെ എന്ത് നിലവാരമാടെ എന്നും പറഞ്ഞ് ഇരിക്കുന്ന പോലെ തോന്നി. എന്റെ തമാശക്ക് ചിരിക്കാത്ത സോമനോട് എനിക്ക് കടുത്ത ദേഷ്യം തോന്നി.


ഞങ്ങൾ മരണ വീട് എത്തി. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്തിന്റ നടുക്ക് ആയാണ് വീട്. പറമ്പ് മുഴുവൻ ആളുകൾ ഉണ്ട്. ഞങ്ങൾ ഗേറ്റ് കടന്ന് അകത്ത് പ്രവേശിച്ചു.


അവിടെ കൂടിയിരുന്ന ആളോട് എങ്ങനെ ആണ് മരിച്ചത് എന്ന് ചോദിച്ചു. രാത്രി ടിവി കണ്ട് ഉറങ്ങാൻ കിടന്നതാണ്, രാത്രിയിൽ ഉറക്കത്തിൽ ആണ് മരിച്ചത്. ഹാർട്ട് അറ്റാക്ക് ആയിരുന്നു എന്ന് തോന്നുന്നു. ഇത് കേട്ടതും സോമൻ ചിരിക്കാൻ തുടങ്ങി. ഒരു രക്ഷയും ഇല്ലാത്ത ചിരി. ഞാൻ അടുത്ത് പോയി ചിരി നിർത്താൻ നോക്കി. അളിയാ എന്നും പറഞ്ഞ് എന്റെ പുറത്തടിച്ചു പിന്നെയും ചിരി. ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസന്റെ ചിരി പോലെ തുടർന്നപ്പോൾ ദൂരെ ഉള്ള വീടിനു മുന്നിൽ നിന്നവർ വരെ നോക്കാൻ തുടങ്ങി. സംഭവം പന്തിയല്ലന്ന് മനസിലാക്കിയ ഞങ്ങൾ സോമനെ മെല്ലെ കാറിൽ കയറ്റി.


ഇനി ഞങ്ങൾക്കും അങ്ങോട്ട് കയറാൻ പറ്റില്ല എന്ന് ഉറപ്പായ കൊണ്ട് ഞങ്ങൾ കാർ തിരിച്ചു.


പോകുന്ന വഴി സോമനോട് എന്തിനാ ചിരിച്ചത് എന്ന് ഞാൻ ചോദിച്ചു. എന്റെ കോമഡി കെട്ടിട്ടാണ് അവൻ ചിരിച്ചത് എന്നായിരുന്നു അവന്റ മറുപടി.


അതായത് പത്ത് മിനുട്ട് മുൻപ് പറഞ്ഞ കോമഡിക്കാണ് അവൻ മരണവീട്ടിൽ വച്ച് ചിരിച്ചത്. അതായത് സോമൻ എല്ലാ കാര്യത്തിലും ഒരു പത്ത് മിനുട്ട് സ്ലോ ആണ്. അന്നാണ് ഞങ്ങൾക്ക് അത് മനസിലായത്. അന്ന് തന്നെ സോമൻ എന്ന അവന്റ പേര് മാറ്റി സ്ലോമൻ എന്നാക്കി.


പിന്നീട് ഒരു ദിവസം ഞങ്ങൾ റോഡിന്റെ വശത്ത് വണ്ടിയൊക്കെ നിർത്തി സംസാരിച്ചു ഇരിക്കുകയായിരുന്നു. അപ്പൊ ആ വഴി വെള്ളമടിച്ചു രണ്ടു പിള്ളേർ പാഞ്ഞു വന്ന് സ്ലോമന്റെ ബൈക്കിൽ ഇടിച്ചു. ഹെഡ് ലൈറ്റ് ഒക്കെ പൊട്ടി വണ്ടി മറിയുകയും ചെയ്തു. അവന്മാർ കൊണ്ട് വന്ന് ഇടിച്ചതു ആണെങ്കിലും അവന്മാർ വെള്ളം ആയത് കൊണ്ട് അവന്മാർ തന്നെ സ്ലോമനെ അവിടെ എന്തിന് വണ്ടി വച്ചു എന്നും പറഞ്ഞ് ചീത്ത വിളിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ഒക്കെ തരിച്ചു കേറി, അവന്മാരെ അടിക്കണം എന്ന് തോന്നി. പക്ഷെ സ്ലോമൻ ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിൽക്കുന്നു. പിന്നെ ഞങ്ങൾ എന്തിന് ഇടപെടണം എന്ന് കരുതി ഞങ്ങളും മിണ്ടിയില്ല. അവന്മാർ ചീത്തയും പറഞ്ഞു പോയി. അവർ പോയി രണ്ടു മിനിറ്റ് കഴിഞ്ഞതും സ്ലോമൻ ദേഷ്യം കൊണ്ട് കണ്ണ് ഒക്കെ ചുമന്ന് തെറി വിളിക്കാൻ തുടങ്ങി "എന്റെ നാട്ടിൽ വന്ന് എന്റെ വണ്ടിയിൽ ഇടിച്ചു എന്നെ തെറി വിളിച്ചിട്ട് പോയ കള്ള പന്നികളെ വിടില്ല" എന്നും പറഞ്ഞു വണ്ടി എടുത്ത് അവന്മാർക്ക് പുറകെ വിട്ടു.


എന്തൊക്കെ ആണെങ്കിലും പഠിക്കാൻ മിടുക്കൻ ആയിരുന്ന സ്ലോമൻ ഡിഗ്രി ഒക്കെ കഴിഞ്ഞു ബി എഡും എടുത്ത് നാട്ടിൽ ഒരു ട്യൂടോറിയൽ കോളേജ് തുടങ്ങി. സ്ലോമന് കഴിഞ്ഞ ഏഴു വർഷമായി ശരണ്യ എന്നൊരു പെൺകുട്ടിയോട് പ്രേമം ഉണ്ടായിരുന്നു. അവൾ അത് വരെ സമ്മതം മൂളിയിരുന്നില്ല. സ്ലോമൻ ട്യൂടോറിയൽ കോളേജ് ഒക്കെ തുടങ്ങിയപ്പോൾ അവൾക്കു തിരിച്ചും ഇഷ്ടമായി. അങ്ങനെ ഒരു ദിവസം സ്ലോമനെ ഒറ്റക്ക് കിട്ടിയപ്പോ അവൾ പറഞ്ഞു

 " ഇനിയും സോമേട്ടന്റെ ഇഷ്ടം കാണാതിരുന്നാൽ ദൈവം പൊറുക്കില്ല. എനിക്കും സോമേട്ടനെ ഒരുപാട് ഇഷ്ടമാണ്. ഇനിയെല്ലാം സോമേട്ടന്റ ആഗ്രഹം പോലെ നടക്കട്ടെ "

ഇത് പറഞ്ഞതും സ്ലോമൻ കണ്ണടച്ച് ദൈവത്തിനു നന്ദി പറഞ്ഞു. എന്നിട്ട്

"കാലങ്ങൾ ആയി നീ എന്റെ മനസ്സിൽ ഉണ്ട്. നീ ഇല്ലാത്ത ജീവിതം എനിക്ക് സങ്കൽപിക്കാൻ പോലും ആവില്ല. നീ വീട്ടിൽ അച്ഛനോട് പറഞ്ഞ് നമ്മുടെ കല്യാണം ഉടനെ നടത്തിക്കണം. എനിക്ക് പൂർണ സമ്മതം "


ഇത് പറഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോ മാഷുടെ മോൾ ശരണ്യ ഇല്ല, പകരം മുന്നിൽ കറവക്കാരൻ കണാരന്റ മോൾ ജാനു.(സ്ലോമൻ മറുപടി പറയാൻ പത്തു മിനുട്ട് എടുക്കുമല്ലോ... ആ സമയം ശരണ്യ പോയി ജാനു വന്നു )

അവൾ വീട്ടിൽ പോയി കാര്യം പറഞ്ഞു. പട്ടാപകൽ ഒരു പെണ്ണിന്റ മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞ സ്ലോമന് അതിൽ നിന്നും പിന്തിരിയാനും കഴിഞ്ഞില്ല. അങ്ങനെ മാഷുടെ മോൾ ശരണ്യക്ക് പകരം എട്ടാം ക്ലാസ് തോറ്റ ജാനു സോമന്റെ ഭാര്യയായി.


ഒരു ദിവസം ഞാൻ സോമന്റെ ട്യൂടോറിയൽ കോളേജിൽ പോയി. സ്ലോമൻ അടുത്തിടെ ഒരു സെക്കന്റ്‌ ഹാൻഡ് ബൈക്ക് എടുത്തിരുന്നു. ഞാൻ ട്യൂടോറിയലിൽ കയറി ചെല്ലുമ്പോൾ സോമൻ ഇരിപ്പുണ്ട്.

"എങ്ങനെ ഉണ്ട് സ്ലോമാ നിന്റ വണ്ടി?" എന്ന് ഞാൻ ചോദിച്ചു. സോമൻ ഉണ്ടോ ഉടനെ എങ്ങാനും മറുപടി പറയുന്നു. ഞാൻ മൊബൈൽ എടുത്ത് മെസേജ് നോക്കിയിരുന്നു.


ആ സമയത്ത് ആണ് ദാസപ്പൻ അങ്ങോട്ട് കേറി വന്നത്. ആള് നാട്ടിലെ ചെറിയ ഗുണ്ട കൂടി ആയിരുന്നു. പത്താം ക്ലാസ് തോറ്റ തന്റെ മകളെ സ്ലോമന്റെ ട്യൂടോറിയൽ കോളേജിൽ പഠിക്കാൻ ചേർത്തിരുന്നു ദാസൻ. അവൾ എങ്ങനെ ഉണ്ട് എന്ന് അറിയാൻ വന്നതായിരുന്നു പുള്ളി.


ദാസൻ വന്ന പാടെ ചോദിച്ചു

"എങ്ങനെ ഉണ്ട് സോമാ എന്റെ മോൾ?"


ഉടനെ വന്നു സോമന്റെ മറുപടി.


"ഫ്രണ്ട് ന്നു നോക്കിയാലും ബാക്കിൽ നിന്ന് നോക്കിയാലും നൂറു മാർക്ക്. എത്ര നേരം അതിന്റ മേലെ കേറി ഇരുന്നാലും മതി വരില്ല. ശരിക്കും ഇരിക്കുന്നതിനേക്കാൾ അതിന്റ മേലെ കിടക്കാൻ ആണ് തോന്നുക. കുറ്റം പറയാൻ ഒന്നും ഇല്ല. അടിപൊളി സാധനം"


പറഞ്ഞു തീർന്നില്ല. ദാസന്റെ അടി കൊണ്ട് സ്ലോമന്റെ രണ്ട് പല്ല് തെറിച്ചു.


പത്ത് മിനുട്ട് മുൻപ് ഞാൻ ചോദിച്ച വണ്ടിയെങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരമാണ് സ്ലോമൻ ഇപ്പൊ പറഞ്ഞത് എന്ന് ദാസൻ ഉണ്ടോ അറിയുന്നു. പാവം സ്ലോമൻ

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...