Thursday, April 14, 2016

നർമം : .എൻ.യു.വിൽ സംഭവിച്ചത് എന്ത്.? പാർട്ടികളിലൂടെ.....

"എന്ത് സംഭവം ഉണ്ടായാലും നമ്മൾ മറ്റുളളവരുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ട് വിശകലനം നടത്തണം എന്നാണ് അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത് "

ഏതോ ഒരു സിനിമയിൽ ദിലീപ് പറയുന്ന ഈ വാചകത്തിൻറെ അടിസ്ഥാത്തിൽ ജെ.എൻ.യു.സംഭവം ഓരോ പാർട്ടിയുടേയും ഭാഗത്ത് നിന്നുകൊണ്ട് ചിന്തിച്ച് പറയട്ടെ....


ബി.ജെ.പി:::- രാജ്യത്ത്‌ ആകെ 281 ലോകസഭാ മണ്ഡലങ്ങളിലേ രാജ്യസ്നേഹികൾ ഉള്ളു എന്നും ബാക്കി ഉള്ള എല്ലാ ഇടത്തും പാക്കിസ്ഥാൻ ചാരന്മാർ ആണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന പാർടി ആണ് ബി.ജെ.പി. അതുകൊണ്ട് തന്നെ രാജ്യദ്രോഹം എവിടെ കണ്ടാലും പാർട്ടിയുടെ സാധാരണ മെമ്പർ മുതൽ പ്രധാനമന്ത്രി വരെ എല്ലാവരും പ്രതികരിക്കും. പണ്ടൊക്കെ രാമനെ കുറിച്ച് ആരെങ്കിലും പറയുമ്പോൾ ആയിരുന്നു ഈ ആവേശം..അന്നൊക്കെ മിസ്ക്കോൾ അടിച്ചും അടിക്കാതേയും പാർട്ടി മെമ്പർ ആയ എല്ലാരുടേയും കീശയിൽ മിനിമം ഒരു രാമൻറെ ഫോട്ടോ എങ്കിലും കാണുമിയിരുന്നു.അന്ന് രാമന് സ്വന്തമായി ഒരു കിടപ്പാടം ഇല്ലാത്തകൊണ്ടായിരുന്നു അത്. ബാബറുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്ഥാവര ജംഗമ വസ്തുക്കൾ ഒക്കെ എടുത്ത് പുറത്തിട്ട് ശ്രീരാമനെ കുടിയിരുത്തിയതോടെ ആ പ്രശ്നത്തിന് പരിഹാരം ആയി, അധികാരവും കിട്ടി.പിന്നെ തൊട്ടതെല്ലാം പൊളളി. ഡൽഹിയും ബീഫും ദളിതപ്രശ്നങ്ങളും അച്ഛുമാമയെ പോലെ തിരിഞ്ഞ് കുത്താൻ തുടങ്ങി.
അപ്പോൾ പാർട്ടി പുറത്തെടുത്ത പുതിയ ആയുധമാണ് രാജ്യസ്നഹവും പാക്കിസ്ഥാൻ വിരോധവും.
നമീബിയയോട് ക്രിക്കറ്റിൽ പാക്കിസ്ഥാൻ ജയിച്ചാൽ പോലും സാംഘികൾ ഉറക്കമില്ലാതെ ഉലാത്തി, സണ്ണി ലിയോൺ ഉണ്ടെങ്കിൽ പോലും ഖാൻ സിനിമകൾ കാണില്ലെന്ന് പ്രതിജ്ഞ ചെയ്തു.എന്നിട്ടൊന്നും ആ വികാരം ജനങ്ങളിൽ എത്തിക്കാൻ കഴിയാതെ വിഷമിച്ച് നിൽക്കുമ്പോൾ ആണ് ശ്രീരാമൻ കാനയ്യ കുമാറിന്റെ രൂപത്തിൽ അവതരിച്ചത്, അതും ജെ.എൻ.യു.വിന്റെ അകത്തളത്തിൽ.ഒന്ന് ആഞ്ഞ് പിടിച്ചാൽ മറ്റേ സർവകലാശാലയിൽ ഉണ്ടായ പ്രശ്നം കൂടി തീർക്കാൻ കഴിയുമെന്ന് പാർട്ടി കരുതിയതിൽ തെറ്റുണ്ടോ.?
അതിനാണ് കാനയ്യകുമാറിനെ തിടുക്കപ്പട്ട് അറസ്റ്റ് ചെയ്യിച്ചത്. കൂട്ടത്തിൽ രണ്ടണ്ണം കൊടുക്കണം എന്നും ഉണ്ടായിരുന്നു, പോലീസോ,സാംഘികളോ ആര് തല്ലിയാലും ഏതെങ്കിലും വക്കീല് വന്ന് കേസെടുക്കും അതുകൊണ്ടാണ് വക്കീലന്മാരെകൊണ്ട് തന്നെ തല്ലിച്ചത്.
അതും ചിലപ്പോൾ മിസ്ഡ്കോൾ വിദദ്ധൻറെ ആശയം ആയിരിക്കും.
.
കമ്മ്യൂണിസ്റ്റ് പാർട്ടി:::- പണ്ടൊക്കെ കർഷകരുടെ പ്രശ്നങ്ങൾ തീർത്തിട്ട് മറ്റ് പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചാൽ മതി എന്നായിരുന്നു പാർട്ടി നിലപാട്. കാലം മാറി, ഇന്ന് കൃഷിയുമില്ല കർഷകനും ഇല്ല.
പക്ഷേ പ്രശ്നങ്ങൾക്ക് ഒരു കുറവും ഇല്ല, ഉളളത് എല്ലാം പാർട്ടിയിൽ തന്നെ ആണന്ന് മാത്രം.
ബംഗാളിൽ കൂട്ട് ബംഗാൾ കോൺഗ്രസ്സുമായി പറ്റില്ല വേണൽ കേരളത്തിൽ കേരളാ കോൺഗ്രസ്സുമായി കൂട്ട് ആവാം, ആര് മുഖ്യൻ ആവണം,വല്ല്യേട്ടൻ ചെറിയേട്ടൻ പ്രശ്നം.....അങ്ങനെ ആകെ മൊത്തം പ്രോബ്ളംസ് ആണ്.
പക്ഷേ ഇതൊക്കെ മനോരമയിലും വീക്ഷണത്തിലുമേ വരൂ, നമ്മടെ പത്രത്തിൽ വരണം എങ്കിൽ വേറെ എന്തിലെങ്കിലും കേറി ഇടപെടണം.വല്ല ബി.ജെ.പി .ക്കാരന്റെം മൂക്കിടിച്ച്‌ ചോര വരുത്തി അണികളിൽ ആവേശം ഉണ്ടാക്കാം എന്ന് വച്ചാലോ, അപ്പൊ വരും ആപ്പയും ഊപ്പയും ഒക്കെ, അതും നടപ്പില്ല . സി.എം.ആകാൻ കാത്തിരിക്കുന്ന പിണറായിയെ പോലെ പാർട്ടിയും 'ഇടപെടാൻ' ഒരു വിഷയം കാത്തിരിക്കുമ്പോളാണ് ജെ.എൻ.യു.വിൽ കാഷ്മീരി പിളേളര് എന്തോ ഒപ്പിക്കുന്നുണ്ട് എന്നറിഞ്ഞത്, കേറി 'ഇട'പെട്ടു 'ഉടൽ' അകത്തുമായീ.ഡൽഹിയിലെ എ.ഐ.എസ്.എഫ്. നേതാവാണ്, നേരേ ചൊവ്വേ മുദ്രാവാക്ക്യം വിളിക്കാൻ പോലും അറിയാൻ വഴിയില്ല പിന്നെ അല്ലേ രാജ്യദ്രോഹ മുദ്രാവാക്ക്യം... എന്താലേ......!!!
പക്ഷേ പാർട്ടിക്ക് ഗുണം കിട്ടിയത് വേറേ രീതിയിൽ ആണ്, ഏതോ ''രാജ്യസ്നേഹി ഭീകരന്മാർ" ഡൽഹിയിലെ പാർട്ടി ബോർഡിൽ കേറി കരിഓയിലൊഴിച്ചു....ഇതുകൊണ്ടുളള നേട്ടമെന്താണന്നോ ഇനി ആരെങ്കിലും കളിയാക്കുമ്പോൾ പറയാല്ലോ, ബംഗാളിലുംകേരളത്തിലും ത്രിപുരയിലും മാത്രമല്ലടാ അങ്ങ് ഡൽഹിയിലും ഉണ്ടടാ ഞങ്ങടെ ആപ്പീസ് എന്ന്..
.
കോൺഗ്രെസ്സ്:::- "പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം? " എന്ന പഴഞ്ചൊല്ല് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ വന്ന ശേഷം ആണ് ആരെങ്കിലും ഉണ്ടാക്കിയതെങ്കിൽ കോടതി സോമേധയാ കേസ് എടുത്തേനെ, അങ്ങേരെ അപമാനിക്കാൻ ഉണ്ടാക്കിയതാണ് എന്നും പറഞ്ഞ് . അങ്ങനെ തന്നെ ആണ് പുള്ളിയുടെ കാര്യങ്ങൾ , എന്തേലും വാർത്ത‍ കേട്ടാൽ അവിടെ എത്തും ... നിരാഹാരം ആണോ ,കുത്തിയിരുപ്പ് ആണോ എന്താണെന്ന് ഒന്നും നോക്കില്ല കൂടെ കൂടും . അത് തന്നെ ആവണം ജെ.എൻ .യു.വിലും സംഭവിച്ചിട്ടുണ്ടാവുക . കാനയ്യകുമാർ ഇടതുപക്ഷക്കാരൻ ആണ് എന്ന് അറിഞ്ഞത് തന്നെ അവിടെ ചെന്നിട്ടാവും .അതെങ്ങനെ, പറഞ്ഞു കൊടുക്കാൻ ഡൽഹിയിൽ വിവരമുള്ള കോൺഗ്രസ്‌കാർ വല്ലോം വേണ്ടേ ? അങ്ങേ അറ്റം വിവരം ഉള്ള കോൺഗ്രസ്‌കാർ മുഴുവൻ കേരളത്തിൽ ആണ് താനും . രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പുള്ളി ഏതെങ്കിലും പ്രശ്നത്തിൽ കേറി ഇടപെട്ട് ഇമേജ് കൂട്ടിയില്ലെങ്കിൽ സംഗതി പുലിവാലാവും . ഇപ്പോൾ സൊമാലിയ മുതൽ അമേരിക്ക വരെ അറിയപെടുന്ന ഒരേ ഒരു കോൺഗ്രസ്‌ കാരൻ ഉമ്മൻചാണ്ടി ആണ് . ചാണ്ടി സാറിന്റെ പേരില്ലാത്ത ഒരു പത്രവും ,ഒരു ദിവസവും ,ഒരു ഭാഷയിലും പ്രിന്റ്‌ ചെയ്യുന്നില്ലത്രേ .. അങ്ങനെ എങ്കിൽ രാഹുൽ സാർ ഇമേജ് കൂട്ടാതെ അടങ്ങിയിരിക്കാൻ നോക്കിയാൽ ഉമ്മനും സംഘവും 'ഹൈക്കമാണ്ട് ' ആവും .. പിന്നെ എല്ലാ കാര്യത്തിനും മദാമ്മയും മക്കളും കേരളത്തിലേക്ക് വണ്ടി കയറണ്ടി വരും . അതുകൊണ്ടാണ് രാഹുൽ സാറും പ്രശ്നങ്ങൾ ഉണ്ടോ ഇടപെടാൻ എന്നും നോക്കി നടക്കുന്നത്. പുള്ളോട് സിറ്റിയിലെ കള്ള് ഷാപ്പിൽ സി.സി.ടി.വിയും ലൈവ് ടെലികാസ്റ്റും ഇല്ലത്തകൊണ്ട് പുള്ളി അവിടുത്തെ കാര്യങ്ങൾ അറിയുന്നില്ല. ഇല്ലെങ്കിൽ ഞാനൊക്കെ കാലത്ത് എഴുനേറ്റു നോക്കുമ്പോൾ പ്രശ്ന പരിഹാരത്തിനായി വെളുത്ത ജുബ്ബയും ഇട്ടു ഷാപ്പിലേക്ക് കേറി പോകുന്ന ഗാന്ധി സാറിനെ കണി കാണേണ്ടി വന്നേനെ .

No comments: