Wednesday, February 22, 2017

സർകാസം എബൌട്ട് ലാൽ

നായരാണ് അയാൾ , മോഹൻലാൽ നായർ.
നായരിൽ കുറഞ്ഞ ഒരു കഥാപാത്രം അയാള് ചെയ്യില്ല,
ദളിതൻ ആയി അഭിനയിച്ച അയാളുടെ ഒരു സിനിമ പറയാമോ?
കഴിയില്ലാ , സവർണ്ണ വർഗ്ഗത്തിന്റെ അഭ്രപാളിയിലെ പ്രതിനിധി ആണയാൾ !!!
മോഹൻലാൽ കമ്മ്യുണിസ്റ് ആയി അഭിനയിച്ച ഒരു സിനിമ പറയാമോ?
ലാൽസലാം എന്ന് പറയാൻ വരട്ടെ, സിനിമയുടെ തിരക്കഥ തിരുത്തി ഇടവേളയ്ക്കു ശേഷം നെട്ടൂരാൻ മുതലാളി ആയി കുതികാൽ വെട്ടുകാരനാണ് അയാൾ. സിനിമയിൽ പോലും ഒരു രണ്ടര മണിക്കൂർ കമ്മ്യുണിസ്റ് ആയി അഭിനയിക്കാൻ കഴിയാത്ത വർഗ വഞ്ചകനാണ് അയാൾ !!
ലോകത്തുള്ള എന്തും തരാം എന്ന് സായികുമാർ പറഞ്ഞപ്പോൾ, കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങി കുറച്ചു തൊഴിലാളികൾക്ക് ജോലി കൊടുത്ത് അവരുടെ കുടുംബം പോറ്റണം എന്നല്ല മോഹൻലാൽനായർ പറഞ്ഞത് കോവിലകം വാങ്ങി ആറാം തമ്പുരാൻ ആയി ജീവിക്കണം എന്നാണ്, അധികാര മോഹിയാണ് അയാൾ .
ഒരുപാടു സമരങ്ങൾക്കിടയിൽ പോലീസിന്റെ തല്ലു കൊണ്ടിട്ടും തിരിച്ചു നൽകാതെ എല്ലാം സഹിച്ച നമ്മുടെ പിള്ളേരെ പോലെ അല്ല അയാൾ , എത്രെ എത്രെ പൊലീസുകാരെ ആണ് അയാൾ തല്ലിയിട്ടുള്ളത് . സിദ്ധിക്കും, ഭീമൻ രഘുവും ഒക്കെ എന്ന് പോലീസ് യൂണിഫോം ഇട്ടാലും ഇയാള് തല്ലും. അധികാര വർഗത്തെ പേടി ഇല്ലാത്ത റിബൽ ആണ് അയാൾ.
ചെയ്യാത്ത കുറ്റത്തിന് ആറു വര്ഷം ജയിലിൽ കിടന്നവനാണ് ഇന്ദുചൂഡൻ എന്ന് പറഞ്ഞു ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തന്നെ അധിക്ഷേപിച്ച കോടതി വിരോധിയാണ് അയാൾ.
തൊഴിലാളികളെ ഇല്ലായ്മ ചെയ്യാൻ എന്തും മടി ഇല്ലാത്ത മുതലാളി പ്രമാണിയാണ് അയാൾ. ആന്റണി പെരുമ്പാവൂർ എന്ന സ്വന്തം ഡ്രൈവർ തൊഴിലാളിയെ മുതലാളി ആക്കി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വരുത്തിയ തൊഴിലാളി വിരുദ്ധൻ ആണ് അയാൾ.
മുപ്പതു ദിവസവും ബീവറേജിന്റെ ക്വീവിൽ നിന്ന് സാധനം വാങ്ങിക്കൊടുത്ത ആളെ മറന്ന് ഏതോ ഒന്നാം തിയതി ഫ്രീ ആയി സാധനം കൊടുത്ത പട്ടാളക്കാരനെ കുറിച്ച് ബ്ലോഗ് എഴുതി മണിയടിച്ച നന്ദിയില്ലാത്ത ആളാണ് മോഹൻലാൽ നായർ .
മിസ്റ്റർ മോഹൻലാൽ നായർ, ഞങ്ങൾക്കാണ് തെറ്റ് പറ്റിയത്. പത്തനാപുരത്ത് നിങ്ങൾ പ്രചാരണത്തിന് വന്നപ്പോൾ ഞങളുടെ ആള് ആണ് എന്ന് തെറ്റിദ്ധരിച്ചു . പിണങ്ങിപോയെ ഭാര്യയെയും , വീട്ടിൽ പണിക്ക് വന്ന ബംഗാളിയെയും വരെ ഞങ്ങൾ സഖാക്കള് കൊണ്ട് പോയി പുലിമുരുഗൻ കാണിച്ചു കൊടുത്തത് അതുകൊണ്ടാണ്.
താങ്കൾ എന്ത് വിചാരിച്ചു മി. ഞങൾ അന്തം കമ്മികളും ഇടയ്ക്കു ഇടയ്ക്കു മണ്ടന്മാർ ആക്കാൻ പറ്റുന്നവരും ആണെന്നോ? തന്റെ ഒക്കെ അടുത്ത പടം ഇറങ്ങട്ടെ. ടിക്കറ്റും വാങ്ങി തന്റെ മോന്ത കാണണ്ട എന്ന് പറഞ്ഞു തീയേറ്ററിന് അകത്തു പോലും കയറാതെ തിരിച്ചു നടക്കും ഞങ്ങൾ , നോക്കിക്കോ!!
വൽക്കഷണം : ഏയ് ഒന്നും പട്ടീട്ടില്ല. മൊബൈലിന്റെ ചാർജ് തീർന്നപ്പോ ഒരു കമ്മ്യുണിസ്റ് കാരൻ കൂട്ടുകാരന്റെ മൊബൈലിൽ സിം ഇട്ടതാ ... എന്റെ മൊബൈല് ശരി ആയ പഴയ പോലെ സഖാക്കള് പറയും പോലെ ഖദർ ഷർട്ടും, കാക്കി പാന്റും ഇട്ടു തിരിച്ചു വരാം ... ലാൽസലാം .

No comments: